പ്രകൃതിയുടെ മനം കുളിർപ്പിക്കുന്ന തീരങ്ങൾ തേടി ബംഗാൾ ഉൾകടലിലൂടെ ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് ഒരു യാത്ര.
( part – 1 )
ഇന്ത്യയുടെ ഭാഗമാണെങ്കിലും ചെന്നൈയിൽ നിന്ന് 1300 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിന്റെയും ആൻഡമാൻ കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ആൻഡമാൻ-നിക്കോബാർ ദ്വീപ്
ആൻഡമാൻ യാത്ര മനസ്സിൽ കൂടുകൂട്ടിയിട്ടു ഒത്തിരി നാളുകളായി, ഒരവസരം കാത്തിരിക്കുകയായിരുന്നു ഞാൻ . ഇതിനിടയിലാണ് സുഹൃത്ത് അസ്ലം മാലി ദ്വീപിലേക്ക് പോകണമെന്ന ആഗ്രഹവും കൊണ്ട് എന്റെ അടുത്ത് വന്നത്. അവസാനം യാത്ര ആൻഡമാനിലേക്ക് പിടിക്കാമെന്നേറ്റു. മാസങ്ങൾക്കു മുൻപ് തന്നെ ചുരുങ്ങിയ ചാർജിൽ ഇൻഡിഗോയുടെ ചെന്നൈ ടു പോർട്ട്ബ്ലയർ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു ആൻഡമാൻ യാത്രക്ക് വേണ്ടി കാത്തിരുന്നു.
പലരും ചോദിച്ചു കേൾക്കാറുണ്ട് ആൻഡമാനോ. അത് എവിടെയാ ? കപ്പലിലാണോ അതോ ഫ്ലൈറ്റിലാണോ പോവുക ?. ആൻഡമാനിൽപോകാൻ പാസ്പോർട്ട് ആവശ്യമുണ്ടോ ?
പേക്കേജ് എടുക്കണോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ. അതൊക്ക വഴിയേ ഞാൻ കണ്ട കാഴ്ചകളും അനുഭവങ്ങളും കോർത്തിണക്കി എഴുതുന്ന ആഡമാൻ യാത്രാ കുറിപ്പിലൂടെ അറിഞ്ഞിരിക്കാം.
ആൻഡമാനിലേക്ക് പോകുന്നതിനു മുൻപ് ആൻഡമാനിലുള്ള ഉമ്മയുടെ റിലേറ്റീവ്സ് ആയ ഇക്കാനോട് യാത്രയുടെ ഷെഡ്യൂളും മറ്റും വിളിച്ചു പറഞ്ഞു.
നിങ്ങൾ ധൈര്യമായിട്ട് വരൂ അവിടെ എല്ലാം സെറ്റ് ചെയ്യാമെന്ന് ഇക്ക ഏറ്റു.
പിന്നെ ഒന്നും നോക്കിയില്ല. സെപ്റ്റംബർ 9 ൻ
കുറ്റിപ്പുറത്തു നിന്നും വൈകിട്ട് 6:15 ന്റെ ചെന്നൈ ട്രെയിനിൽ അസ്ലം, ഷിബിലി ഷിജിൻ ഞങ്ങൾ നാലുപേരും യാത്ര തിരിച്ചു .
കാലത്ത് 6 മണിക്ക് ചെന്നൈ സെട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി. അവിടുന്ന് എയർപോർട്ടിലേക്ക് മെട്രോ പിടിച്ചു ഒരാൾക്ക് 50 രൂപ ടിക്കറ്റ്. അരമണിക്കൂർ മെട്രോ യാത്രയും അഞ്ചു മിനുട്ട് എയർപോർട്ടിലേക്കുള്ള നടത്തവും കഴിഞ്ഞപ്പോൾ സമയം 8 മണി കഴിഞ്ഞിരുന്നു . എയർപോർട്ടിനുള്ളിൽ കയറി ചെക്കിങ് കഴിഞ്ഞു 9:30 നുള്ള ഫ്ളൈറ്റിന് വേണ്ടിയുള്ള കാത്തിരിപ്പാണ്..
9.40 ഓട് കൂടി വിമാനം പതിയെ മേഘക്കീറിനുള്ളിലേക്ക് ഉയർന്നു.
രണ്ടുമണിക്കൂർ ആകാശപ്പറക്കലിന് ശേഷം പോർട്ട്ബ്ലൈർ തീരത്തോട്ട് അടുത്തിരിക്കുന്നുവെന്ന് അനൗൺസ്മെന്റ് വന്നു. ഫ്ലൈറ്റിന്റെ വിൻഡോയിലൂടെ പതിയെ ഞാൻ താഴേക്കു നോക്കി. നീലക്കടലിൽ ഹരിതാഭമായ കുറെ ദ്വീപുകൾ എനിക്കു കാണാൻ കഴിഞ്ഞു. ഇത്രെയും ദൂരം ഞങ്ങളെയും വഹിച്ചു ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പറന്ന വിമാനം പതിയെ കുറേ അധികം കെട്ടിടങ്ങളുള്ള ഒരു വലിയ തുരുത്തിൻ മുകളിൽ ഒരു കഴുകനെപോലെ ചിറകു വിരിച്ച് പച്ചത്തുരുത്തിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി .
അനിശ്ചിതത്വങ്ങൾക്ക് വിരാമമെന്നോണം വെൺതിരമാലകൾ അതിരിടുന്ന ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട്ബ്ലെയറിലെ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ടി’ന്റെ റൺവേയെ വിമാനം ചുംബിച്ചു.
വളരെ ചെറിയൊരു എയർപോർട്ട് ആണിത്. ആഭ്യന്തര സർവീസുകൾ നടത്തുന്ന ഫ്ലൈറ്റുകൾ മാത്രമാണ് അവിടെ കാണാനിടയായത്. കൂടാതെ രണ്ടു മൂന്ന് ആർമി ഹെലികോപ്റ്ററും മറ്റും കിടപ്പുണ്ട് . ഉച്ചയ്ക്ക് 2.30 വരെ യാത്രാ വിമാനങ്ങൾക്ക് പോർട്ട്ബ്ലെയറിൽ പ്രവേശനാനുമതിയുള്ളൂ. അതിനു ശേഷം പൂർണ്ണമായും സൈനികാവശ്യങ്ങൾക്കായാണ് എയർപോർട്ട് റൺവേ ഉപയോഗിക്കുന്നത്. ആൻഡമാനിലെ ഒരേയൊരു എയർപോർട്ടും ഇതു മാത്രമാണ്, പക്ഷെ ഇതിന്റെ പേരോ ഇന്റർനാഷണൽ എയർപോർട്ട് എന്നും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിക്ക് മുൻപ് ബ്രീട്ടിഷ് എയർവെയ്സ് കോർപ്പറേഷന് സിംഗപ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് സർവീസുണ്ടായിരുന്നു. ആ യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാനായി പോർട്ട്ബ്ലെയർ എയർപോർട്ടിൽ നിർത്തുന്ന പതിവുണ്ടായിരുന്നു… ഈ സർവീസ് രണ്ടാം ലോക മഹായുദ്ധക്കാലം വരെ തുടർന്നു. സ്വതന്ത്രാനന്ത ഭാരതത്തിനു മുൻപ് ആ സർവീസ് നിലക്കുകയും ചെയ്തു. അക്കാലത്തെ സർവീസ് കൊണ്ടായിരിക്കും ഇപ്പോഴും ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ മാത്രം ഇറങ്ങുന്ന പോർട്ട്ബ്ലെയർ എയർപോർട്ടിനെ ഇന്റർനാഷണൽ എയർപോർട്ട് എന്നു വിളിക്കുന്നത്.
നിലവിൽ ഇന്ത്യയുടെ പ്രധാനപ്പെട്ട വളരെ ചുരുക്കം നഗരങ്ങളിലേക്കു മാത്രമേ ഇന്ന് വിമാന സർവീസ് ഉള്ളൂ, എങ്കിലും പുതിയ എർപോർട്ടിന്റെ പണികൾ തകൃതിയായി എർപോർട്ടിനോട് ചേർന്ന് പുരോഗമിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇന്റർനാഷണൽ ലെവലിലുള്ള ഫ്ലൈറ്റുകൾ പോർട്ട്ബ്ലെയറിനെ ചുംബിക്കാതിരിക്കില്ല.
ഈസ്ററ് ഇന്ത്യാ കമ്പനി ഇന്ത്യ പിടിച്ചടക്കും മുമ്പ് ആൻഡമാനിനെ ഡെന്മാർക്കുകാർ തങ്ങളുടെ കോളനിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഡെന്മാർക്കിനെക്കാൾ കൂടുതൽ കരുത്തരായ ഇഗ്ളീഷുകാർ ഇന്ത്യയിലും, മ്യാൻമാറിലും മറ്റും കണ്ണുവെച്ചു തുടങ്ങിയപ്പോൾ ആൻഡമാനെ ബ്രിട്ടീഷുകാർക്ക് വിറ്റിട്ട് ഡെന്മാർക്ക് പതിയെ പിൻവാങ്ങി.
അങ്ങിനെ സൂര്യനസ്തമിക്കാത്ത കൊളോണിയൻ ആധിപത്യത്തിലൂടെ കൂറേ വർഷം കടന്നു പോയി….. ശേഷം 1942 മുതൽ 45 വരെ ഉദയ സൂര്യന്റെ നാട്ടുകാർ ( ജപ്പാൻ ) അടക്കി വാഴുകയും, വീണ്ടും ബ്രിട്ടീഷ് ജപ്പാനെ തുരുത്തുകയും ചെയ്തു. 1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി ഈ ആൻഡമാനും മാറി.
ഇന്ന് ഗോവ പോണ്ടിച്ചേരി പോലെ കേന്ദ്ര ഭരണ പ്രാദേശമായി നിലകൊള്ളുന്നു. പെട്രോളിന്റെയും മദ്യത്തിന്റെയും വിലക്കുറവ് ഒഴിച്ച് നിറുത്തിയാൽ ബാക്കി എല്ലാ സാധനങ്ങൾക്കും തീ വിലയാണ്. ഒട്ടുമിക്ക ചരക്ക് സാധനങ്ങളും ഇന്ത്യൻ തീരങ്ങളിൽ നിന്ന് കടൽ കടന്നു വേണം ആൻഡമാൻ വിപണിയിലെത്താൻ. കൊൽക്കത്ത, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് ചെറിയ നോട്ടിക്കൽ മൈൽ വിത്യാസം മാത്രമാണ് ആൻഡമാനിലേക്കുള്ളത്.
8250 ചതുരശ്ര കിലോമീറ്ററിൽ 200 ൽ പരം ദ്വീപുകളുള്ള ആൻഡമാൻ-നിക്കോബാർ ദ്വീപിൽ മനുഷ്യവാസമുള്ളു ദ്വീപുകൾ 20 ൽ താഴെയാണ് . അതിനു കാരണം ദ്വീപുകളുടെ കിടപ്പുവശം അങ്ങനെയാണ്
കൊടുങ്കാടുകളും, മലമ്പ്രദേശങ്ങളും പുഴകളും, കടൽത്തീരങ്ങളുമായി വിന്യസിച്ചു കിടക്കുന്ന ആൻഡമാൻ ദ്വീപുകളിൽ ഒന്നാണ് നമുക്കെല്ലാം സുപരിചിതമായ ആദിമ മനുഷ്യർ വസിക്കുന്ന സെന്റിനൽ ദ്വീപ്. വളരെ അപകടകാരിയായ സെന്റിനൽസ് മനുഷ്യനുമായി യാതൊരു ബദ്ധവുമില്ലാതെ ഇന്നും ഒറ്റപ്പെട്ടു കിടക്കുകയാണ്.
ഇന്ത്യയിൽ ഇതുവരെ കാണാത്ത സസ്യലതാദികളും, ജീവജാലങ്ങളും വളരുന്നതും . മ്യാൻമാർ
തായ്ലന്റ്, മലേഷ്യ, എന്നീ രാജ്യങ്ങളിൽ കണ്ടു വരുന്ന സസ്യജാലങ്ങൾ ആണ് ദ്വീപിൽ കൂടുതലും. അത് കൊണ്ട് തന്നെ ദ്വീപ് സമൂഹത്തിന്റെ 80 ശതമാനവും നിത്യഹരിതവനങ്ങളാണ്.
വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗ്ഗങ്ങൾ കൊണ്ടും ഇനിയും മനുഷ്യസ്പർശമേൽക്കാത്ത ഒത്തിരി ദ്വീപുകളാലും സവിശേഷതകൾ ഏറെ നിറഞ്ഞു നിൽക്കുന്ന ദ്വീപ് സമൂഹമാണ് ആൻഡമാൻ-നിക്കോബാർ ദ്വീപ്.
വ്യത്യസ്ത തരം സസ്തനികളും 200ൽ പരം ചിത്രശലഭങ്ങളും, അനേകായിരം പക്ഷികളും , യഥേഷ്ടം വൈൽഡ്ബോർ (കാട്ടുപന്നി ), മാൻ എന്നിവ വിരഹിക്കുന്ന ആൻഡമാനിൽ ഇവയ്ക്കെല്ലാം തങ്ങനായി വന്യ മൃഗസംരക്ഷണകേന്ദ്രങ്ങളും സംരക്ഷിത വനപ്രദേശങ്ങളും ധാരാളം ദ്വീപുകളിലുണ്ട്. ദ്വീപിലെ ജനസംഖ്യ 5 ലക്ഷ്യത്തിൽ താഴെയാണ്.
1947ൽ സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഭയാർത്ഥി പ്രവാഹമുണ്ടായപ്പോൾ ഏറ്റവുമധികം പേർ എത്തിച്ചേർന്നത് പശ്ചിമബംഗാളിലേക്കാണ്. ജനബാഹുല്യം മൂലം ബംഗാൾ വീർപ്പുമുട്ടി. ഇതിനു പരിഹാരമെന്നോണം അഭയാർത്ഥി കുടുംബങ്ങളെ സർക്കാർ ആൻഡമാൻ ദ്വീപുകളിലേക്ക് മാറ്റി പാർപ്പിച്ചു . അത് കൊണ്ട് ഇന്നും ആൻഡമാൻ ദ്വീപ് സമൂഹത്തിൽ കൂടുതൽ ബംഗാളികളെ കാണാം.
എന്താണ് ആൻഡമാൻ ദ്വീപു സമൂഹത്തെ ഇന്ത്യ ഇത്രയധികം സുരക്ഷയോടെ കാത്തുസൂക്ഷിക്കുന്നതെന്നു ചോദിച്ചാൽ അതിനുത്തരം
സെല്ലുലാർ ജയിലിനപ്പുറത്ത്, ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ബീച്ചുകളും വനങ്ങളും , ജീവവൈവിധ്യങ്ങളും ആദിമഗോത്ര സംസ്കാരങ്ങളും, ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിൽ എവിടെയും കാണാൻ കഴിയാത്ത ഒരു മിക്സഡ് കൾച്ചറും ഈ ദ്വീപുകൾ ഉൾക്കൊള്ളുന്നുണ്ട്. സൗത്ത് ഇന്ത്യൻ മുതൽ, നോർത്ത് ഇന്ത്യൻ മുതൽ, സൗത്ത് ഈസ്റ്റിൽ പെട്ടവർ വരെ ഉൾകൊള്ളുന്ന ഒരു വലിയ കൾച്ചർ ഇവിടെ കാണാനാകും.
ഭൂമി ശാസ്ത്ര പരമായി ഒത്തിരി വൈവിധ്യങ്ങങ്ങൾ കുടിൽ കൊള്ളുന്ന ആന്ഡമാനിലേക്ക് ഇന്ത്യയിൽ നിന്ന് 1300 കിലോമീറ്റർ ദൂരമുണ്ടെങ്കിൽ, തായ്ലന്റിലേക്ക് വെറും 300 കിലോമീറ്റർ താഴെയേ ദൂരമുള്ളൂ. ഏതാണ്ട് അത്ര തന്നെ ദൂരം കാണും മ്യാൻമറിലേക്കും.
വലിയ ചെക്കിങൊന്നും ഇല്ലാതെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങളെയും കാത്ത് ഇക്ക വെളിയിൽ ഇരിപ്പുണ്ടായിരുന്നു.
അങ്ങിനെ ഇക്കാന്റെ വീട്ടിലേക്ക് പോവാൻ ഒരു ടാക്സി കാർ വിളിച്ചു. ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പഴയൊരു അംബാസിഡർ കാർ ആണ് കിട്ടിയത്. ഡ്രൈവർ ഡിക്കി തുറന്നു. മണ്ണെണ്ണ ക്യാൻ ഇരിക്കുന്ന ഡിക്കിയിൽ ലഗേജ് വെക്കേണ്ട എന്ന് ഇക്ക പറഞ്ഞു. ലഗേജ് ഡിക്കിയിൽ വയ്ക്കാതെ കയ്യിൽ പിടിച്ചോണ്ട് സീറ്റിൽ ഇരുന്നു. രണ്ട് മിററും ഇല്ലാത്ത ഒരു വണ്ടിയുടെ സെൻട്രൽ ഗ്ലാസ് ആണ് ഡ്രൈവറുടെ എല്ലാമെന്ന് തോന്നുന്നു.
വണ്ടിയുടെ എഞ്ചിൻ ബോൾട്ട് മുതൽ സകല ഞെട്ട് ബോട്ടുകളും മറ്റും വണ്ടിയുടെ ഫ്രണ്ട് ക്യാബിനിൽ കിടപ്പുണ്ട്…
ഇക്ക എന്തൊക്കയോ ഹിന്ദിയിൽ ഡ്രൈവറോട് സംസാരിക്കുന്നുണ്ട്. ഒന്നുറപ്പാണ് !. വണ്ടിക്ക് ഇനിയെന്തെങ്കിലും ഞെട്ട് ബോൾട്ട് ബാക്കി കിടപ്പുണ്ടോ, അതോ എഞ്ചിനോക്കെ ഒകെ അല്ലെ എന്നായിരിക്കണം ഇക്ക ചോദിച്ചിട്ടുണ്ടാവുക.
എന്തായാലും ഡ്രൈവറും വണ്ടിയും പൊളിയെ പൊളി. റോഡ് പിന്നിട്ട് നഗരത്തിരക്കിലെത്തി. ബംഗാളിലെ ചില നഗരങ്ങളുടെ കെട്ടുംമട്ടുമാണ് പോർട്ട്ബ്ലെയറിന്. ഇന്ത്യൻ നഗരങ്ങളുടെ പ്രത്യേകതയായ ഓട്ടോറിക്ഷകളും അവയുടെ മരണപ്പാച്ചിലുമെല്ലാം ഇവിടെയും കാണാം .
പോകുന്ന വഴിയിലെ ഓരോ ബിൽഡിങ്ങുകളും പാർക്കുകകളും ഒരു ഗൈഡിനെക്കാൾ ഉപരി ഇക്ക ചൂണ്ടികാണിച്ചു തന്നു കൊണ്ടിരുന്നു
ഈ കാറിലെ യാത്രയും തിരക്ക് പിടിച്ച പോർട്ട്ബ്ലൈർ ടൗണും അതിലുപരി ഞങ്ങൾ സഞ്ചരിക്കുന്ന കാറും ഒരു പഴയ നൊസ്റ്റു ഈ യാത്രയിലുടനീളം ഫീൽ ചെയ്തു. അരമണിക്കൂർ യാത്രക്ക് ശേഷം
കാർ ചെന്നു നിന്നത് ചാത്തം ചെട്ടിയിൽ 200 രൂപ ടാക്സിക്ക് കൊടുത്തു. ഇനി ഇവിടുന്നങ്ങോട്ട് ബാംബൂ ഫാറ്റിലേക്ക് ഫെറി പിടിക്കണം .
COMMENTS