ലോകത്ത് റസ്റ്റോറന്റുകള്‍ പലതരത്തിലുണ്ട്. എന്നാല്‍ മരിച്ചവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കുന്ന ഒരേയൊരു ഇടം മാത്രമേ ഉണ്ടാകു.
അവധി കഴിഞ്ഞ് തിരിച്ചു ദുബായിലേക്കുള്ള യാത്രയില്‍ അഹമ്മദാബാദില്‍ 5 മണിക്കൂര്‍ ലേ ഓവര്‍.. കൊച്ചിയില്‍ നിന്ന് തന്നെ ബോര്‍ഡിംഗ് പാസ്സ് കിട്ടിയതിനാല്‍ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് ചാടി 10 മിനിറ്റ് കൊണ്ടൊരു കിടിലന്‍ സിറ്റി ടൂര്‍ പ്ലാന്‍ ചെയ്തു.. ഗാന്ധിജിയുടെ സബര്‍മതി യും പ്രസിദ്ധമായ സീദി മസ്ജിദും പുരാതന അഹമ്മദാബാദ് ടൗണിന്റെ തിരക്കും കണ്ടു കഴിഞ്ഞ് വിശന്നു തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ നേരെ ഓള്‍ഡ് സിറ്റിയിലെ ലാല്‍ ദര്‍വാജ യിലേക്ക് വണ്ടി വിട്ടു..ദി ന്യൂ ലക്കി റെസ്റ്റോറന്റ്.
റെസ്റ്റോറെന്റിലേക്ക് കയറിയ ഞങ്ങള്‍ ഒന്ന് വിളറി.. കയറിയത് റെസ്റ്റോറെന്റിലേക്കാണോ അതോ ഖബറിസ്ഥാനിലേക്കാണോ എന്നൊരു സംശയം എല്ലാവരുടെയും മുഖത്ത്.. ഇരുമ്പ് കമ്പികള്‍ക്കൊണ്ട് ഉയര്‍ത്തിക്കെട്ടി പച്ച പെയിന്റടിച്ച ഇരുപത്തിയാറോളം കല്ലറകള്ള്ക്കിടയിലൂടെ ഡൈനിങ്ങ് ടേബിളിലേക്ക്. എല്ലാത്തിനും നടുവിലായി വലിയൊരു മരം വളര്‍ന്നു പന്തലിച്ചു നില്ക്കുന്നു. ഒരു സെമിത്തേരിക്ക് സമീപം താമസിക്കുന്നത് പോലും ദോഷകരവും നിര്‍ഭാഗ്യകരവുമായി കാണപ്പെടുന്ന ഒരു രാജ്യത്ത് ഇങ്ങനൊരു സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുക എന്നത് തന്നെ അത്ഭുതകരമായി തോന്നുന്നു.
ഈ റെസ്റ്റോറന്റ് ഒരു പഴയ മുസ്ലീം ഖബറിസ്ഥാനില്‍ കല്ലറകള്‍ നടുവില്‍ പൊക്കിക്കെട്ടിയതാണ്. ഒരു ചെറിയ ‘ചായ് സ്റ്റാളായി’ ശ്രീ കൃഷ്ണന് കുട്ടി ഇതാരംഭിക്കുമ്പോള്‍ ഇങ്ങനെയൊരു വലിയ പ്രസ്ഥാനമായി മാറുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ഇതിഹാസ ചിത്രകാരന് എം എഫ് ഹുസൈന്റെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായിരുന്നു ന്യൂ ലക്കി റെസ്റ്റോറന്റ്. തന്റെ പെയിന്റിംഗുകളിലൊന്ന് സമ്മാനിച്ചു കൊണ്ടാണ് അതുല്യനായ ഈ ചിത്രകാരന് തന്റെ സ്നേഹം കാണിച്ചത്. ആ ചിത്രം ഇന്നുമവിടെ റെസ്റ്റോറന്റിന്റെ ചുവരുകളിലൊന്നില്‍ അഭിമാനത്തോടെ ഇരിക്കുന്നത് കാണാം.
എല്ലാ ദിവസവും രാവിലെ റെസ്റ്റോറന്റ് ജീവനക്കാര്‍ ഈ കല്ലറകള്‍ തുടച്ചു വൃത്തിയാക്കുകയും തുണികൊണ്ട് മൂടുകയും റോസാപ്പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ശവക്കുഴികളുടെ പവിത്രത സംരക്ഷിക്കുന്നതിനും, ആളുകള്‍ ശവക്കുഴികളോട് വളരെ അടുത്ത് പോകുന്നത് ഒഴിവാക്കുന്നതിനും, ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഇല്ലാതിരിക്കാനും ശവക്കുഴികള്‍ക്ക് ചുറ്റും ഉരുക്ക് ബാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കല്ലറകള്‍ ആരുടേതാണെന്ന് ആര്‍ക്കും ഉറപ്പില്ലെങ്കിലും, 16ആം നൂറ്റാണ്ടില്‍ സമീപത്ത് താമസിച്ചിരുന്ന ഒരു സൂഫി വിശുദ്ധനായ സീദി സയ്യിദ് അനുയായികളുടെതായിരിക്കാം ഈ ഖബറിടങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്നു.
ജീവനുള്ളവരെ ബഹുമാനിക്കുന്നത് പോലെ മരിച്ചവരെയും ബഹുമാനിക്കുക എന്നതാണ് ഇത്തരമൊരാശയത്തിന്റെ പിറകില്‍. ജീവിതവും, മരണവും രണ്ടല്ല, ഒന്നാണ് ശ്വാസോച്ഛ്വാസങ്ങള്‍ പോലെ, ഒന്നില്‍നിന്നും മറ്റതിനെ ഇഴ പിരിച്ചെടുക്കാനാവില്ല.
COMMENTS