അനന്തപുരിയിലേക്കൊരു പിറന്നാള്‍ യാത്ര

ഏപ്രിൽ 22 എന്റെ ജീവിതത്തിലെ അനുഗ്രഹീത ദിവസം.. അന്നാണ് എനിക്ക് ആദ്യ കൺമണി പെണ്ണായി പിറന്നത്.. എന്റെ പ്രിയ മകൾ ആയിഷ നഷ്‌വയുടെ ജന്മദിനം.. ഈ ദിവസം സാധാരണ വല്യ ആഘോഷമാക്കാർ പതിവില്ല.. ഇത്തവണ ആ പതിവ് തെറ്റിച്ചു, അതിന് കാരണം ഉണ്ട്, ഇന്നവൾക്ക് 6 വയസ്സ് തികഞ്ഞു, അതായത് യു.കെ.ജി  കഴിഞ്ഞു സ്കൂളിൽ ഒന്നാം ക്ലസ്സിലേക്ക് ചേർത്തു…..

എഴുത്തും ചിത്രവും ലത്തീഫ് കരിപ്പുര്‍

എന്നാ പിന്നെ അവൾക്ക് വേണ്ടി ഒരു സർപ്രൈസ് യാത്ര ആക്കാം എന്ന് തീരുമാനിച്ചു.. അതിനുള്ള ഒരുക്കങ്ങൾ എല്ലാം സ്വകാര്യമായിട്ട് 2 ആഴ്ച മുൻപ് തന്നെ തുടങ്ങിയിരുന്നു.. ഭാര്യയും കുട്ടികളുമായി കൊഴിക്കോട് നിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരം പോയി ഒരു ദിവസം അവിടെ കാഴ്ചകൾ കണ്ടാസ്വദിച്ചു പിറ്റേ ദിവസം വിമാന മാർഗം സ്വദേശമായ കരിപ്പുരിലേക്ക് പറക്കുക എന്നതായിരുന്നു സർപ്രൈസ് യാത്ര. യാത്രയുടെ തലേ ദിവസം മാത്രമാണ് യാത്ര പോകുന്ന വിവരം അവരെ അറിയിച്ചത്.. എല്ലാ ആഴ്ചയും ഇന്ന് നിങ്ങൾ ഏതു കാട്ടിലേക്കാ എന്ന് ചോദിക്കുന്ന ഭാര്യ ഇന്ന് നമ്മൾ എങ്ങോട്ടാ എന്ന് ചോദിച്ചപ്പോ ആ മുഖത്ത്‌ സന്തോഷത്തിന്റെയും ആകാംഷയുടെയും മിന്നായം മാറി മറിയുന്നത് കാണാമായിരുന്നു..


വൈകുന്നേരം ബൈക്കിൽ നാല്‌പേരും കൂടി കരിപ്പൂർ എയർപോർട്ടിൽ ബൈക്ക് പാർക്ക് ചയ്‌ത് ബസ്സിന് നേരെ കോഴിക്കോട്ടേക്ക് പിടിച്ചു. ആറുമണിക്ക് തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി കുറച്ചു നേരം കാത്തിരിപ്പ്. അപ്പോഴേക്കും 2വയസ്സുകാരൻ റിസ്‌വിയുടെ കണ്ണുകൾ കോഫി ബാറിൽ ഉടക്കി, ഫ്രൂട്ടി, പൊരിച്ച പത്തിരി, അതാണവന്റെ ഡിമാൻഡ്.. അങ്ങനെ അവന്റെ തീറ്റയും ഞങ്ങളുടെ യാത്രയും ഒരേ സമയം ആരംഭിച്ചു..

രാത്രിയായത് കൊണ്ട് മായാകാഴ്ചകൾ ഒന്നും അവർക്കായി ട്രെയിൻ സമ്മാനിച്ചില്ല.. നേരത്തെ തന്നെ വീട്ടിൽ നിന്നും ഉണ്ടാക്കിയ ചപ്പാത്തിയും മുട്ടക്കറിയും കഴിച്ചു ഞാനും നഷ്‌വയും മുകളിലും ഭാര്യയും റിസ്‌വിയും താഴെയുമായി നിദ്രയിലേക്ക്. അപ്പർ ബർത്തിൽ തണുപ്പിനെ പുൽകാൻ ഫാനും ഞാനും പാടുപെടുമ്പോൾ താഴെ തുറന്നിട്ട ജാലകം ആവാഹിച്ച തണുപ്പിനെ പുൽകാൻ അവർക്ക് ഒരു പുതപ്പ് മതിയായില്ല. പുലർച്ചെ 4.50 അനന്തപുരിയിൽ പ്രഭാ കിരണങ്ങൾ ഉണരും മുമ്പെ ഞങ്ങൾ ഉണർന്നു.

റൂം മുൻകൂട്ടി ബുക്ക് ചെയ്യാത്തതിന്റെ ബുദ്ധിമുട്ടുകൾ ശരിക്കറിഞ്ഞ നിമിഷങ്ങൾ സമ്മാനിച്ചത്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ദയനീയ മുഖങ്ങൾ.. കുട്ടികളെയും കൊണ്ട് ഇരിക്കാൻ ഒരിടം തേടി അലഞ്ഞ വരാന്തയിൽ എല്ലാം, ചുരുണ്ടുകൂടി ഉറങ്ങുന്ന യാത്രികരും, യാചകരും. അവസാനം ഒരു തിണ്ടിൽ അഭയം പ്രാപിച്ചു, പുറത്തു ഒരു ഉന്തുവണ്ടിയിൽ ആവി പറക്കുന്ന ചായ കണ്ടപ്പോൾ വല്ലാത്ത ഒരു കൊതി, ചായ വാങ്ങി വന്നപ്പോഴുണ്ട്‌ മക്കൾ അനന്തപുരിയിലെ മായാ കാഴ്ചകൾ കണ്ടു അമ്പരന്നു നിൽക്കുന്നു.. പൂച്ചയോളം വലിപ്പമുള്ള എലികൾ.. അതും പച്ച മൂത്രത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ.. മനസ്സില്ലാ മനസ്സോടെ ആ ചായ കുടിക്കുമ്പോൾ ഭാര്യയും മക്കളും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.. ഇതാണോ തിരുവന്തപുരം എന്ന ചോദ്യം ആ നോട്ടത്തിൽ ഇല്ലാതില്ല..

പിന്നെ വേഗം ഒരു ഓട്ടോ പിടിച്ചു ഒന്ന് രണ്ടു ഹോട്ടൽ തപ്പി അവസാനം ചുറ്റിത്തിരിഞ്ഞു അരിസ്റ്റോ ജംഗ്ഷൻ തന്നെ എത്തി ഒരു റൂം തരപ്പെടുത്തിയപ്പോഴേക്കും അനന്തപുരിയിലെ ഓട്ടോകാരുടെ പെരുമ ശരിക്കും അറിഞ്ഞു.. ഓട്ടോ കയറുന്നതിന്ന് മുൻപ് ഇവിടെ റേറ്റ് ചോദിക്കണം എന്ന് ആ പ്രഭാതത്തിലെ ആദ്യപാഠം.. റൂമിലെത്തി കുളിച്ചു ഫ്രഷ് ആയി അരിസ്റ്റോ ജംഗ്ഷനിൽ തന്നെയുള്ള ഷാഹി ദർബാർ ഹോട്ടലിൽ നിന്നും മസാലദോശ കഴിച്ചപ്പോഴേക്കും ആ ഹോട്ടലിൽ ഉള്ളവർ ചില പടപ്പാട്ടുകൾ ഒക്കെ റിസ്‌വിയിലൂടെ കേട്ടറിഞ്ഞു.. അവൻ നല്ല ഫോമിലാണെന്നു അവൾ പറഞ്ഞപ്പോ ഇത് ഒരു പൊളിച്ചടുക്കലിനുള്ള തുടക്കാണെന്നു ഞാൻ മനസ്സിലാക്കി..

തുടക്കം തന്നെ ബീമാപള്ളിയിലേക്ക് ആകട്ടെ.. ഓട്ടോ വിളിച്ചു റേറ്റ് ഉറപ്പിച്ചു.. 200, 150 അവസാനം 120 ഉറപ്പിച്ചു, നേരെ വലിയതുറ കടലോരത്തിലൂടെ സെയ്യിദുന്നിസ ബീമാ ബീവിയുടെയും, മകൻ സയ്യിദ് ശുഹദാ മഹീൻ അബൂബക്കറിന്റെയും സവിതത്തിൽ.. നിറയെ ചെറുതും വലുതുമായ മിനാരങ്ങളും താഴികക്കുടങ്ങളും നിറഞ്ഞ ആ ദർഗ ഒരു വിസ്മയം തന്നെ.. ചുറ്റു ഭാഗവും നടന്നു കണ്ടു അകത്തു കയറി അല്ലാഹുവിനോട് പ്രാർത്ഥിച്ചു, അവിടത്തെ സേവകാരോട് ഭീവിയെ കുറിച് ചോദിച്ചറിഞ്ഞു. പ്രവാചക കുടുംബാംഗമായ മഹതി മത പ്രബോധനാർത്ഥം കേരളത്തിൽ എത്തുകയും, അവരുടെ സത്യസന്ധതയും, സൽസ്വാഭാവവും, ദിവ്യ ശക്തിയും കണ്ടനുഭവിച്ച ജനങ്ങളുടെ പ്രീതിക്ക് അവർ പാത്രീഭവിക്കുകയായിരുന്നു. ഇന്നും മഹതിയുടെ ദിവ്യ ശക്തിയിൽ പ്രതീക്ഷ അർപ്പിച്ചു നാനാ ജാതി മതസ്ഥർ അവിടെ വന്നുകൊണ്ടിരിക്കുന്നു എന്നത് അത്ഭുതമാണ്, രോഗശമനത്തിന് വേണ്ടി വെള്ളം എടുത്ത് ഉപയോഗിക്കുന്ന മരുന്ന് കിണർ അവിടത്തെ മറ്റൊരു ആകർഷണമാണ്, പുണ്യത്തിന് വേണ്ടി നൽകുന്ന ആവിടത്തെ പട്ടും പൂവും കൈപ്പറ്റി നേരെ ധർഗ്ഗയുടെ മുറ്റത്തു നിന്ന് തന്നെ കെ.എസ്.ആര്‍.ടി.സി ബസിൽ കിഴക്കേ കോട്ടയിലേക്ക്..

കിഴക്കേ കോട്ടയിൽ ബസ്സിറങ്ങി നേരെ ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആയ നിയമസഭാ മന്തിരം ലക്ഷ്യമാക്കി നീങ്ങി.. സന്ദർശക ഗാലറിയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ എം.എല്‍.എ യുടെ കത്തുണ്ടായിരുന്നു കയ്യിൽ. പക്ഷേ, ഞായർ ആയത് കൊണ്ട് അകത്തേക്ക് പ്രവേശനം കിട്ടിയില്ല.. പുറത്തു നിന്നും മന്ദിരം നോക്കിക്കണ്ടു, നിയമസഭയെ കുറിച്ചും പുറത്തുള്ള പ്രതിമകളെ കുറിച്ചും എല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു, കൂട്ടത്തിൽ നമ്മൾ ജയിപ്പിച്ചു വിടുന്നഎം.എല്‍.എ മാർ തല്ലുകൂടുന്നതും, തെറി വിളിക്കുന്നതും, കസേരകൾ തല്ലിപൊളിക്കുന്നതും എല്ലാം ഇതിനകത്താണെന്നും തമാശയിൽ കാര്യം പറഞ്ഞു കൊടുത്തു.

അവിടെ നിന്നും യാത്ര നേരെ മൃഗശാലയിലേക്ക്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപെട്ടതും, അവർ കാണാൻ ആഗ്രഹിച്ചതും മൃഗശാല ആയിരുന്നു. എന്റെ കാനന യാത്രകളും വന്യ മൃഗങ്ങളുടെ ചിത്രങ്ങളും അവരെ പ്രചോദിപ്പിച്ചു എന്നതാണ് സത്യം.. ഈ യാത്ര ഇങ്ങോട്ട് ആക്കാനുള്ള ഒരു കാരണവും ഈ മൃഗശാല തന്നെ.  മെയിൻ ഗേറ്റിൽ തന്നെ അന്തം വിട്ടു നിൽക്കുന്ന ഒരു ആൾക്കൂട്ടം ഞാൻ കണ്ടു.. ബിരിയാണി കൊടുക്കുന്നുണ്ടോ എന്നറിയാൻ ഞാനും ചെന്ന് എത്തി നോക്കി.. സംഗതി ബിരിയാണി അല്ല, ഓട്ടമാറ്റിക് ടിക്കറ്റ് പ്രിന്റിങ് മെഷീൻ ആണ്. 100 ന്റെയും 500 ന്റെയും നോട്ടുകൾ ഇട്ട് കുത്തിക്കൊണ്ടിരിക്കാ വല്യ വല്യ മുതലാളിമാർ, 20 രൂപയാണ് ടിക്കറ്റ് നിരക്ക്, കൃത്യമായ ചില്ലറ നോട്ട് ഉണ്ടെങ്കിലേ അതിൽ ടിക്കറ്റ് എടുക്കാൻ പറ്റു എന്ന് ഒരു ട്രയൽ ഇട്ടു കൊടുത്തു ഞാൻ സ്റ്റാർ ആയി, 40 രൂപ ചില്ലറ ഉണ്ടായിരുന്നത് ഭാഗ്യം. ടിക്കറ്റ് എടുത്ത് പ്രവേശന കവാടത്തിൽ ചെന്നപ്പോഴാ ഞമ്മളെ 40 രൂപ ചില്ലറയുടെ വില മനസ്സിലായത്, ചില്ലറയില്ലാത്തവരുടെ വരി അത്രക്ക് വലുതായിരുന്നു എന്ന് സാരം.

 

ചെക്കൻ ആദ്യമേ പറഞ്ഞു കഴിഞ്ഞു, ഇവിടെ കുരങ്ങന്മാരും സിംഹവും ഒക്കെ ഉള്ളതാ ഞാൻ നടക്കില്ല.. എന്നെ എടുക്കണം എന്ന്.. ഏകദേശം 2 മണിക്കൂർ അവൻ ആ പറഞ്ഞ വാക്കു പാലിച്ചു. കടുവയും, സിംഹവും, ഹിപ്പപ്പൊട്ടാമസും, റിനോസറും, മാനും, കാട്ടുപോത്തും, അന്നകൊണ്ടയും എല്ലാം കണ്ടു കഴിഞ്ഞു പുറത്തു വന്നപ്പോൾ എന്റെയും ഭാര്യയുടെയും കയ്യും, ഷോള്‍ഡറും തളർന്നത് മിച്ചം.. ദയനീയമായി എന്നെ നോക്കിയ അവളോട് ഞാൻ പറഞ്ഞു അവൻ പൊളിക്കട്ടെ. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ.. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാല എന്ന പേര് ശരിക്കും ഇത് അന്ന്വർഥമാക്കുന്നുണ്ട്ട്ടോ.. പുതുതായിട്ട് ഒന്നും തന്നെ ഇല്ല, കാലപ്പഴക്കം കൊണ്ട് ആന, ജിറാഫ് പോലോത്ത പലതും അപ്രത്യക്ഷമായിട്ടും ഉണ്ട്. ഒരു തുള്ളി വെള്ളം കുടിക്കാൻ ഉള്ള സൗകര്യം അകത്തില്ല എന്ന് മാത്രമല്ല പുറത്തുള്ള കടയിൽ 4 ഗ്ലാസ് ലൈം ജ്യൂസ് കിട്ടാൻ ടോക്കൺ എടുത്ത് അര മണിക്കൂർ വരിനിൽക്കേണ്ടി വന്നു എന്നത് ആ ജ്യൂസിന്റെ സ്വാദ് ഇരട്ടിയാക്കി, താങ്ക്സ് മൃഗശാല&മ്യൂസിയം വകുപ്പ് മന്ത്രി.. താങ്ക്സ് ആ കൂൾബാർ..

 

മൃഗശാല കണ്ട ക്ഷീണം മാറ്റാൻ 4 ഐസ്ക്രീമും വാങ്ങി മ്യൂസിയത്തിന്റെ മുന്നിൽ ഗാർഡനിൽ അല്പനേരം മയക്കം. വിശപ്പിന്റെ വിളി അടിവയറ്റിൽ മുട്ടി ഉണർത്തിയപ്പോൾ പിന്നെ അവിടെ നിന്നില്ല, കോർപറേഷൻ ഓഫീസിന്റെ പിന്നിലുള്ള ഇന്ത്യൻ കോഫി ഹൌസിൽ കയറി ചിക്കൻ ബിരിയാണി അടിച്ചു പുറത്തിറങ്ങി ആ ഗോവണിപ്പടിയിൽ അല്പം വിശ്രമത്തിനിടെ അടുത്ത ലക്ഷ്യത്തിനായി കൈവിരൽ ഗൂഗിൾ പരതുകയായിരുന്നു. ഒരു ബോട്ടിംഗ് ആകാം എന്ന ചിന്തയിൽ, ഏറ്റവും അടുത്ത സ്ഥലം എന്ന നിലയിൽ അന്വേഷണം ചെന്നെത്തിയത് വേളി ടൂറിസം വില്ലേജിൽ.. ഇപ്പൊ വെള്ളം ഉണ്ടാകുമോ, ബോട്ടിംഗ് ഉണ്ടാകുമോ എന്ന അവളുടെ ചോദ്യത്തിന് മറുപടി നൽകാതെ ഞാൻ അപ്പോൾ ടൂറിസം വില്ലേജിലേക്ക് കാൾ ചയ്തുകൊണ്ടിരിക്കുകയായിരുന്നു..
പക്ഷെ പൊതുവെ ഉത്തരവാദിത്വബോധം കുറവായിട്ടുള്ള ഡി.ടി.പി.സി ആ കോൾ കേട്ടതോ കണ്ടതോ ഇല്ല..

 

വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി റോഡിൽ ഇറങ്ങി ആദ്യം കണ്ട ഓട്ടോക്ക് കൈ കാണിച്ചു, സ്നേഹമുള്ള ചേട്ടൻ ഓട്ടോ ഒരു തണലിലേക്ക് ഒതുക്കി നിറുത്തി തല പുറത്തിട്ടു മാടി വിളിച്ചു.. ചേട്ടാ വേളി ടൂറിസം വില്ലേജ് എത്രയാ ചാർജ്? 300, കുറയോ? ലാസ്റ്റ് 250, എന്നാ ചേട്ടൻ വിട്ടോ.. ഞാൻ സാവധാനം വന്നോളാം.. തിരക്കില്ല.. കുട്ടികളെയും കൂട്ടി അൽപ്പം നടന്നു ഒരു ബസ് സ്റ്റോപ്പിൽ അഭയം പ്രാപിച്ചതും, ദേ വരുന്നു നമ്മുടെ കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്ലോർ ബസ് കാലിവയറുമായി, കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക്, രാജകീയമായ ഈ ഒരു യാത്ര സ്വപ്നങ്ങളിൽ മാത്രം, ഞാനും വൈഫും 2 മക്കളും, പിന്നെ കണ്ടക്ടർ, ഡ്രൈവർ. കെ.എസ്.ആര്‍.ടി.സി എങ്ങനെ ലാഭത്തിലാവും എന്ന് ഞാൻ മനസ്സിൽ പറഞ്ഞപ്പോഴേക്കും മോൻ ചോദിക്കുവാ ഉപ്പച്ചീ ഈ ബസ് നമ്മുടേതാണോ എന്ന്, അതെ മോനെ ഇത് നമ്മുടെ വണ്ടിയാട്ടോ.. എന്നാ ഇനി നമുക്ക് എന്നും ഇതിൽ കയറാം എന്നവനും.. അങ്ങനെ എങ്കിൽ ഇത് ലാഭത്തിലാകും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

അഞ്ചുരൂപ ടിക്കറ്റ് എടുത്ത് വേളി ടൂറിസം വില്ലേജിനകത്ത് കയറി നേരെ ബോട്ടിംഗ് പോയിന്റിലേക്ക്.. വരവ് കണ്ടപ്പോഴേ ആ സെക്യൂരിറ്റി വിളിച്ചു പറഞ്ഞു ബോട്ടിംഗ് ഇല്ല.. തൽക്കാലം നിർത്തിവെച്ചിരിക്കുന്നു.. കായലിൽ ഒരു തരം പായൽ നിറഞ്ഞതാണ് ബോട്ടിംഗ് നിർത്താൻ കാരണം. കുറെ നേരം ആ പാർക്കിലൊക്കെ അന്തം വിട്ട് നടന്നിട്ട് ഒരു കുന്തവും കിട്ടാതായപ്പോ നേരെ ഫ്ലോട്ടിങ് പാലം കടന്നു ബീച്ചിലേക്ക്.. വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കുന്ന ഹോട്ടലും, ഈ പാലവും ഒരു പുതിയ കാഴ്ച തന്നെ.. പാലം കടന്ന ഉടനെ തന്നെ കുട്ടികൾക്കായി ഒരുക്കിയ സാഹസിക പാർക്ക് കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകമൂറി, ഓരോ ചോക്കോബാർ വാങ്ങി നുണഞ്ഞു കൊണ്ട് തണലിൽ ഇത്തിരിനേരം വിശ്രമം..

എങ്ങനെലും വൈകുന്നേരം ആയാ മതി എന്നായി പിന്നെ, അതിനു വേണ്ടി ആ പാർക്കിന്റെ മുക്കുമൂലകൾ ഒന്നു കൂടി ചുറ്റിയടിച്ചപ്പോയാണ് ചെറിയ ശില്പങ്ങൾ കണ്ണിലുടക്കിയത്. പിന്നെ അതിനെ കുറിച്ചുള്ള റിസെർച്ചായി.. അവസാനം ആ പാർക്ക് രൂപകൽപ്പന ചയ്തത് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ സാർ ആണെന്നും അദ്ദേഹത്തിന്റെ പ്രശസ്തമായ ആട്ടം എന്ന ശിൽപം ഈ പാർക്കിന്റെ വലത്തേ അറ്റത്ത് ഉണ്ടെന്നും അറിഞ്ഞു, അത് ചെന്ന് കണ്ടപ്പോൾ തന്നെ ഒരു സന്തോഷം.. അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ശൈലിയിൽ സ്ത്രീയുടെ നഗ്ന ശരീരത്തിൽ തന്നെ ഈ ശില്പവും. കമിഴ്ന്നും നിവർന്നും രണ്ടുടലുകൾ.. കണ്ടപാടെ ഭാര്യയുടെ മുഖം ചുളിഞ്ഞു.. പല പൊസിലും നിന്ന് ഞാൻ ചിത്രങ്ങൾ പകർത്തുന്നത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.. കാനായി കുഞ്ഞിരാമൻ ആരാ എന്ന് നിനക്ക് അറിയാഞ്ഞിട്ടാ.. വല്യ ശില്പിയാണ്.. നീ കണ്ടിട്ടില്ലേ മലമ്പുഴ പാർക്കിലെ യക്ഷി.. അത് ഇദ്ദേഹത്തിന്റെ ശില്പമാണ്.. ആര് കണ്ടു? കൊണ്ടുപോയി കാണിച്ചു തന്നാലല്ലേ?.. അത് എന്നെതന്നെ തിരിച്ചുകുത്തി.. എന്നാ ഞാൻ ഇപ്പൊ കാണിച്ചു തരാം മൊബൈൽ എടുത്ത് ഗൂഗിൾ തപ്പി സാധനം സ്‌ക്രീനിൽ.. ഒന്ന് നോക്കിയിട്ട് അവൾ എന്നെ തന്നെ നോക്കി.. ഇയാൾക്ക് ഇങ്ങനത്തെ ശിൽപം മാത്രമേ ഉണ്ടാക്കാൻ അറിയൂ..? ആ ചോദ്യത്തിന് മുമ്പിൽ ഞാൻ പകച്ചുപോയി.. ശരിയാണല്ലോ.. ഇയാൾ ഇനി ഇതിൽ ആണോ സ്പെഷ്യലൈസ്‌ ചയ്തത്..? എന്റെ ഉള്ളിൽ അതൊരു സദാചാര ചോദ്യമായി കിടന്നു..

 

വെയിലിന്റെ കാഠിന്യം ഒരൽപം കുറഞ്ഞു.. വൈകുന്നേരത്തെ ഏതോ ഒരു ട്രെയിൻ കൊച്ചുവേളി സ്റ്റേഷനിലേക്ക് ആ പഴയ പാലത്തിലൂടെ കുതിക്കുന്ന ശബ്ദം ആ ശാന്തമായ അന്തരീക്ഷത്തെ തകർത്തെറിഞ്ഞു.. കട..കട..കട.. റോഡിലിറങ്ങി ആദ്യം കണ്ട ബസിൽ കയറി നേരെ ശംഖുമുഖം ബീച്ചിലേക്ക്.. വെളുത്ത മാനത്ത്‌ ചെഞ്ചായം വാരി വിതറി ആദിത്യ ഭഗവാൻ വിടപറയുമ്പോൾ ആ ചെഞ്ചായം മാറി ഇരുട്ട് പരക്കും വരെ ആ തീരത്ത് തിരയെണ്ണിയിരിക്കണം. ശംഖുമുഖം ജംഗ്ഷനിൽ ബസ് ഇറങ്ങി നേരെ ബീച്ചിലേക്ക്.. പെട്ടെന്ന് അവളുടെ ഡയലോഗ്, ദാ കിടക്കണ് ഇങ്ങളെ വേറെയൊരു കുഞ്ഞിരാമൻ.. ങേ.. കുഞ്ഞിരാമനോ..? അവൾക്ക് തെറ്റിയിട്ടില്ല.. ദേ മലർന്നു കിടക്കുന്നു നമ്മുടെ കാനായി കുഞ്ഞിരാമന്റെ സാഗര കന്യക, പടു കൂറ്റൻ ശില്പം, പതിവ് പോലെ തന്നെ നിറഞ്ഞ മാറും നഗ്നമേനിയും.. ഹോ വല്ലാത്തൊരു ശില്പം.. കുട്ടികൾ കണ്ടപാടെ ഏറ്റുപറഞ്ഞു അയ്യേ.. എന്റെയുള്ളിലെ കപട സദാചാര മൂർത്തി ചാടിയെണീറ്റു.. ഞാൻ കേട്ടുപടിച്ച കഥകളിൽ എല്ലാം മൽസ്യ കന്യകക്ക് ഉടുപ്പുണ്ടല്ലോ.. ഞാൻ കണ്ട യക്ഷികൾക്കെല്ലാം സാരിയുണ്ടല്ലോ.. ഞാൻ കണ്ട ആട്ടങ്ങൾക്കെല്ലാം ഉടയാടയുണ്ടല്ലോ.. ഇതെന്തു മായ.. ആ ശില്പത്തിന് ചുറ്റും നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന അമ്മമാരെയും, ചേച്ചിമാരെയും, യുവതികളെയും കണ്ടപ്പോൾ എന്റെ സദാചാര ബോധവും അവളുടെ നാണവും അലിഞ്ഞില്ലാതായി. കുറച് ചിത്രങ്ങൾ എടുത്ത് ബീച്ചിലേക്ക് നടക്കവേയാണ് ആ ചെറിയ മൺതിട്ടയിൽ ജിറാഫിനെ പോലെ കഴുത്ത് നീണ്ട ഒരാൾകൂട്ടം ശ്രദ്ധയിൽ പെട്ടത്.. അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് വിമാനം കാണാൻ നിൽക്കുകയാണെന്ന് മനസ്സിലായത്.. ഞമ്മള് അതെത്ര കണ്ടതാ.. വിമാനങ്ങൾ ഊളിയിട്ടിറങ്ങുന്ന കരിപ്പൂരിൽ നിന്നാ ഞങ്ങൾ വരുന്നത് എന്ന് ഉണ്ടോ അവർക്കറിയുന്നു..

 

ഞമ്മളെ കോഴിക്കോട്ടെ ആ ഒരു സുഖം ഇല്ലെങ്കിലും ബീച്ചും, സൂര്യാസ്തമയവും ഞങ്ങൾ ശെരിക്കും ആസ്വദിച്ചു.. ഇരുട്ടി തുടങ്ങിയപ്പോൾ അല്പം പാനീപൂരി കഴിച്ചു നേരെ ബസ് സ്റ്റോപ്പിലേക്ക്.. നീണ്ട ഇടവേളക്ക്‌ ശേഷം വരുന്ന ബസ്സിൽ കയറിപറ്റാൻ മാത്രം എന്റെ മസിലുകൾ കരുത്താർജിക്കാത്തത് കൊണ്ട് പിന്നാലെ വന്ന ഓട്ടോക്ക് കൈ കാണിച്ചു, സെൻട്രൽ റയിൽവേ സ്റ്റേഷൻ എത്രയാ ചേട്ടാ ചാർജ്? ഈ ചേട്ടൻ ആ ടൈപ്പ് അല്ല, മീറ്റർ വാടക തന്നാൽ മതി സാറേ, തിരുവനന്തപുരത്ത് മാന്യന്മാരായ ഓട്ടോക്കാരും ഉണ്ട് എന്നത് ആ സന്ധ്യ തന്ന പാഠം.. വിമാനത്താവള റോഡിലെ ബ്ലോക്കൊക്കെ കഴിഞ്ഞു രാത്രി 8.30ന് റൂമിലെത്തി കുളിച്ചു ഫ്രഷ് ആയി രാത്രി ഭക്ഷണം കഴിച്ചു, രാവിലെ 4 മണിക്കുള്ള അലാറം വെച്ച് കിടന്നതെ പിന്നെ ഓർമയുള്ളൂ.. കൊച്ചിയിലെ അത്ര കൊതുകില്ലാഞ്ഞിട്ടാവണം ഇടക്കൊന്നു എണീറ്റ് സമയം നോക്കേണ്ടി വന്നില്ല..
കൃത്യസമയത്ത് തന്നെ എല്ലാരും ഉണർന്നു.. കാരണം ഇന്നലത്തെ കിനാവ് മുഴുവൻ ഇന്നത്തെ വിമാന യാത്രയായിരുന്നല്ലോ.

 

ഒരു ഓട്ടോ വിളിച്ചു നേരെ തിരുവന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെർമിനലിലേക്ക്. വിമാന ടിക്കറ്റ്‌ ആദ്യം തന്നെ  സൈറ്റിൽ നിന്നും ടിക്കറ്റ് ഒന്നിന് 1835 രൂപ നിരക്കിൽ ബുക്ക് ചയ്‌തിരുന്നു, നിമിഷനേരം കൊണ്ട് ചെക്കിൻ ചയ്തു, ബോർഡിങ് പാസ്സ്‌ എടുത്തു കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകൾ എല്ലാം കഴിഞ്ഞു വെയ്റ്റിംഗ് ഗാലറിയിലേക്ക്.. കുട്ടികൾക്ക് എന്തെന്നില്ലാത്ത സന്തോഷം, അവർ നാലുപാടും ഓടിക്കളിച്ചുകൊണ്ടിരിന്നു.. ഇംഗ്ലീഷ് മാഗസിൻ തിരിച്ചും മറിച്ചും വായിച്ചും, വിമാനങ്ങൾ വന്നു പാർക്ക് ചെയ്യുന്നതും, പറന്നുയരുന്നതും എല്ലാം നോക്കി നിന്നും സമയം തള്ളി നീക്കി.. അതിനിടയിൽ റിസ്‌വി ആ കഫ്റ്റീരിയ കണ്ടുപിടിച്ചു, പിന്നീടവന് വിശപ്പോട് വിശപ്പ്, തല്ക്കാലം 100 രൂപ കൊടുത്തു 2 ചായ വാങ്ങി ഷെയർ ചയ്തപ്പോഴാ അവന്റെ ഫേവറേറ്റ് കോലുമുട്ടായി കണ്ണിലുടക്കിയത്, മൂന്നു രൂപയുടെ മിഠായി 30 രൂപ, എന്ത് ചെയ്യാൻ വാങ്ങികൊടുത്തില്ലേൽ ആ CISF കാരുടെ തോക്കു മതിയാവില്ല അവനെ പിടിച്ചു കെട്ടാൻ.. ഭാഗ്യത്തിന് ഉടൻ തന്നെ വിമാനത്തിലേക്കുള്ള വിളി വന്നു, വിമാനത്തിൽ കയറിയിരുന്നു, വിമാനാപകടങ്ങളിൽ ചെയ്യേണ്ട രക്ഷാ മാർഗങ്ങളും, സീറ്റ് ബെൽറ്റ് ഇടുന്ന വിധവും ഒക്കെ വിമാന യാത്രകരെ സംബന്ധിച്ചു അതി പ്രധാനമാണ്, അത് വെറും ചടങ്ങിന് വേണ്ടി എന്തൊക്കെയോ ആർക്കോ വേണ്ടി കാട്ടികൂട്ടി പോകുന്നത് കണ്ടപ്പോൾ ഒരു സഹതാപം തോന്നി, കൃത്യം 7.10ന് Air India Express IX 373 വിമാനം ഞങ്ങളെയും കൊണ്ട് ജന്മദേശമായ കരിപ്പൂരിലേക്ക് പറന്നുയർന്നു, കൃത്യം ഒരു മണിക്കൂർ കൊണ്ട് വിമാനം കരിപ്പൂർ എത്തി ഞങ്ങളുടെ സ്വന്തം ചെറുപ്പടി മലയും, മിനി ഊട്ടിയും വലയം വെച്ച് വിമാനം താഴ്ന്നു പറന്നു റൺവേയിൽ ഇരുന്നമർന്നതോടുകൂടി ഞങ്ങളുടെ ആ സ്വപ്ന യാത്ര സ്വപ്‌നങ്ങൾ ഭേദിച്ചിരുന്നു..

COMMENTS

WORDPRESS: 0
DISQUS: 0