താരകങ്ങള്‍ക്ക് താഴെയൊരു രാത്രി

താരകങ്ങള്‍ക്ക് താഴെയൊരു രാത്രി

ചില യാത്രകൾ അങ്ങനെയാണ്… വീണ്ടും വീണ്ടും നമ്മെ അങ്ങോട്ട് തന്നെ പോകാൻ കൊതിപ്പിക്കും. ചില കാഴ്ചകളും അങ്ങനെയാണ്… വീണ്ടും വീണ്ടും നമ്മെ ആ കാഴ്ചകളിലേക്ക് തന്നെ കൊണ്ടെത്തിക്കും. അതുപോലെ ഒരു കാഴ്ചയുടെയും യാത്രയുടെയും പിറകെയായിരുന്നു കഴിഞ്ഞ മൂന്ന് മാസങ്ങളായിട്ട്.

എഴുത്ത്‌ : നൗഫൽ കാരാട്ട്
ഫോട്ടോ : മുഹ്‌സിന്‍ പള്ളിക്കല്‍

Milkyway… ആകാശത്തിന് കീഴെ താരകങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന മനോഹരമായ പ്രതിഭാസം.. പണ്ടെങ്ങോ കണ്ട ഫോട്ടോയിൽ നിന്നാണ് ഇതിനെ പറ്റി അറിയുന്നത്. എനിക്കും അത് നേരിൽ ഒന്ന് കാണണമെന്ന് ആഗ്രഹം തോന്നിയിരുന്നെങ്കിലും മനസ്സിൽ കൊണ്ട് നടന്നു എന്നല്ലാതെ അതിനു വേണ്ടി ശ്രമിച്ചില്ല എന്നത് യാഥാർത്ഥ്യം.

സുഹൃത്ത് Shafimon Ummer ന്റെ ഫോട്ടോയിലൂടെയാണ് പിന്നെയും മിൽക്കിവേ മനസ്സിൽ പതിയുന്നത്. UAE യിലെ പ്രവാസ ജീവിതത്തിനിടയിൽ കണ്ട ഈ ഫോട്ടോ എടുത്തത് യുഎഇയിൽ നിന്നാണ് എന്ന് കൂടി അറിഞ്ഞതോടെ ഈ ആഗ്രഹം ഒരു അത്യാഗ്രഹം ആയി മാറാൻ കൂടുതൽ സമയം വേണ്ടി വന്നില്ല..

മരുഭൂമിയിലെ യാത്രകൾക്ക് എന്നും കൂട്ടിനുള്ള മുഹ്സിനോട് നോട് ഈ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ യാത്രയും അതിലേറെ ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്ന അവനും സമ്മതം. കൂടെ മരുഭൂമിയിലെ സഹയാത്രികനായ Shabeeb ഉം. പിന്നീട് ക്ഷീരപഥത്തിനെ കുറിച്ചുള്ള പഠനമാണ്. ചോദിച്ചും വായിച്ചും മനസ്സിലാക്കി യാത്രക്കുള്ള പ്ലാനുകൾ തയ്യാറാക്കി..

അമാവാസി ദിവസമാണ് ഇത് കാണാൻ ഏറ്റവും അനുയോജ്യമായ ദിവസം. അതായത് ചന്ദ്രന്റെ അഭാവം കാരണം നക്ഷത്രങ്ങളെ കൂടുതൽ ഭംഗിയായി കാണാൻ സാധിക്കുന്നു എന്നതാണ് ഇതിന് പിറകിൽ ഉള്ള കാര്യം. അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ അമാവാസി ദിവസം എത്തിയപ്പോഴേക്കും യുഎഇയിലെ ഒരു നല്ല സ്ഥലം മുഹസിൻ കണ്ടെത്തിയിരുന്നു.
വളരെ പ്രതീക്ഷയോടെ പുറപ്പെട്ട ദിവസം സമ്മാനിച്ചത് വളരെ നിരാശ മാത്രമായിരുന്നു.. വാനിൽ കുറച്ച് നക്ഷത്രങ്ങളെ കണ്ടു എന്നതല്ലാതെ മനസ്സിലെ ആ ചിത്രം കാണാൻ കഴിഞ്ഞില്ല.

മിൽകിവേ എന്ന ആ കാഴ്ച വീണ്ടും ഒരു സ്വപ്നമായി അവശേഷിച്ച് ആ രാത്രി അവിടെ നിന്ന് ഇറങ്ങിയപ്പോൾ അടുത്ത മാസത്തെ ലീവ് മാത്രമായിരുന്നു മനസ്സിൽ. പിന്നെയും കാത്തിരിപ്പുകൾ… ഓഗസ്റ്റ് മാസത്തിലെ അമാവാസി ദിവസം കാഴ്ചകൾക്ക് ഇരുട്ട് സമ്മാനിച്ച് യാത്രയാക്കിയപ്പോൾ അടുത്ത കാത്തിരിപ്പ് ഓഗസ്റ്റ് മാസത്തിലെ തന്നെ അവസാനത്തിലുള്ള അടുത്ത അമാവാസി ദിവസത്തിന് ആയിരുന്നു .

വീണ്ടും തെളിഞ്ഞ ആകാശവും തെളിഞ്ഞ മനസ്സും… നേരത്തെതന്നെ പുറപ്പെട്ട യാത്രയിൽ കൂടെ Hazel Piz Pastrana യും ഉണ്ട്. ഇപ്രാവശ്യവും സ്ഥലം Al mussili dam ( Ras al khaimah ) തന്നെയാണ് തിരഞ്ഞെടുത്തിരുന്നത്. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഇതേ ആവശ്യത്തിനു വേണ്ടി വന്ന നാല് പേരെ കൂടി കാണാനിടയായി. പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിയില്ല , താരകങ്ങൾ തിങ്ങിനിറഞ്ഞ വാനിൽ ക്യാമറയിൽ ISO കുട്ടി എടുത്ത ചിത്രങ്ങളിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കൊതിച്ചിരുന്ന ആ കാഴ്ചകൾക്ക് ഞങ്ങൾ അവിടെ സാക്ഷ്യംവഹിച്ചു…

തിരിച്ചുവരുമ്പോൾ കഥകളേറെ ഉണ്ടായിരുന്നു പറയാൻ. വർഷങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിന്റെ സന്തോഷം എങ്ങനെ പ്രകടമാക്കണം എന്ന് പോലും അറിയാതെ വാനത്തിലേക്ക് നോക്കി കാഴ്ചകൾ പിന്നിലേക്ക് മറയുന്നതും കണ്ടു ഷാർജ നിരത്തുകളിലൂടെ തിരിച്ചു റൂമിലേക്ക്.

ഒരു ഭ്രാന്ത് എത്ര പെട്ടെന്നാണ് മറ്റൊരാളിലേക്ക് പടരുന്നത്.. അതായിരുന്നു പിന്നീട് സംഭവിച്ചത്.
ഫോട്ടോഗ്രാഫിൽ ഏറെ പ്രിയം കണ്ടെത്തിയിരുന്ന മുഹസിൻ പിന്നീട് മിൽകിവേ യുടെ പിന്നാലെയായിരുന്നു. യുഎഇ യിലെ തന്നെ മിൽകിവേ യുടെ കാഴ്ചക്ക് ഏറ്റവും നല്ല സ്ഥലമായ razeen desert ൽ പോകാം എന്ന അവന്റെ മെസ്സേജ് വീണ്ടും കണ്ടതോടെ സെപ്റ്റംബർ മാസത്തിലെ കറുത്തവാവ് ഒരു വെളുത്ത വാവ് പോലെ മനസ്സിൽ പ്രകാശം പരത്തി…

അബുദാബിയിലെ റസീൻ മരുഭൂമി ഗൂഗിളിൽ നോക്കിയപ്പോൾ തന്നെ കാണിച്ചത് മിൽകിവേ യുടെ പല ഫോട്ടോകളാണ്. ഒരിക്കൽ കൂടി ആ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു സെപ്റ്റംബർ27 ന്.
മൂന്നു മണിക്കൂറിനടുത്ത് യാത്ര ചെയ്ത് അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച പറഞ്ഞറിയിക്കാനോ എഴുതി വിവരിക്കാനോ കഴിയാത്തതായിരുന്നു.. ഇതുവരെ നഗ്നനേത്രം കൊണ്ട് ഞങ്ങൾക്ക് കാണാൻ സാധിക്കാതിരുന്ന ക്ഷീരപഥ കാഴ്ച കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നു . അതും ഒരു പ്രത്യേക കളറിൽ ഉരുണ്ടുകൂടിയ ആ നക്ഷത്രക്കൂട്ടങ്ങളെ ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ ഏറെ നേരം നോക്കി നിന്നു…

പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിയാണ് അപ്രതീക്ഷിതമായി ആ കറുത്തവാവ് ഞങ്ങളിലേക്ക് ഇരുട്ട് നിറച്ചത്. ക്യാമറ സെറ്റ് ആക്കി തയ്യാറെടുത്തപ്പോഴേക്കും ചെറിയ മഴക്കാറുകൾ നിറഞ്ഞിരുന്ന വാനം മിൽകിവേയുടെ ആ കാഴ്ചയെ ഞങ്ങളിൽ നിന്ന് മറച്ചു കൊണ്ടുപോയി…
നിരാശ കൈവിടാതെ ഞങ്ങളുടെ കാത്തിരിപ്പുകൾ തുടർന്നെങ്കിലും മുഖത്ത് ഉറ്റിവീണ മഴത്തുള്ളികളുടെ കനം കൂടി വന്നപ്പോൾ കാറിൽ കയറാൻ നിർബന്ധിതരായി.
കനത്ത കാറ്റോടുകൂടി വന്ന മഴ ഈ വർഷത്തെ ശൈത്യകാലത്തെ വിളിച്ചോതുന്നതായിരുന്നു..

” മരുഭൂമിയിലെ മഴ ” എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും കൺകുളിർക്കെ കണ്ടതും നന്നായി മഴനനഞ്ഞ് അനുഭവിച്ചതും നന്നായിരുന്നു. ആ മഴക്കുളിരിൽ ആ മിൽകിവേയുടെ ചെറിയ സങ്കടം അങ്ങനെ പെയ്തൊഴിഞ്ഞു. വീണ്ടും ദിവസങ്ങൾ കടന്നു പോയി.. ഒരിക്കൽ കിട്ടിയ ആ ഫോട്ടോകളിൽ ആഗ്രഹങ്ങളെ അടക്കി വെച്ച് കഴിയുമ്പോഴാണ് വീണ്ടും അപ്രതീക്ഷിതമായി ഒക്ടോബർ 25ന് റസീൻ ഡെസേർട് തന്നെ ഒരു പ്രോഗ്രാം നടക്കുന്നതായി അറിയുന്നത്. UAE Astronomy group , Emirates astronomy group , ISO Hunters , Nikon school , Astronomers without borders തുടങ്ങിയവർ പങ്കെടുക്കുന്ന മിൽകിവേ ഫോട്ടോഗ്രഫി പ്രോഗ്രാമിനെ കുറിച്ച് മുഹസിന്റെ സുഹൃത്ത് Muhammad Lukhmanul Hakkeem പറയുന്നത്.

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്ന് എന്ന് പറഞ്ഞപോല മുഹസിന്റെ ക്ഷണം വീണ്ടും എത്തി. ഇത്തവണ ഈ യാത്രയുടെ കാരണക്കാരൻ ലുക്മാൻ ന് നിർഭാഗ്യവശാൽ യാത്രയുടെ സമയം എത്തിയപ്പോൾ വരാൻ സാധിക്കാത്തത് ചെറിയ ദുഃഖം ആദ്യമേ സമ്മാനിച്ചു..  വീണ്ടും അബുദാബിയിലെ ആ മരുഭൂമിയിലേക്ക്… ഒരിക്കൽ മേഘങ്ങൾ കരിനിഴൽ വീഴ്ത്തിയ കാഴ്ചകൾക്ക് ഇത്തവണ അങ്ങനെ സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസം മനസ്സിലുണ്ടായിരുന്നു..

വലിയ വാനനിരീക്ഷണ ഉപകരണങ്ങളും ക്യാമറകളുമായി ഒരു ഗ്രൂപ്പ് ആളുകളെ കാറിന്റെ വെളിച്ചത്തിൽ ഞങ്ങൾ മുൻപിലായി കണ്ടു. കാറിൽ നിന്നിറങ്ങി ആ മരുഭൂമിയിൽ കണ്ണുകൾ മേലോട്ട് ഉയർത്തിയപ്പോൾ ഒന്ന് ആർത്ത് വിളിക്കണം എന്നുണ്ടായിരുന്നു… മൂന്നുമാസത്തെ യാത്ര… ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ… ആഗ്രഹങ്ങൾ… അതെല്ലാമാണ് ഇന്ന് ഞാൻ ആ വാനിൽ കണ്ടത്..

മരുഭൂമിയുടെ മുകളിൽ താരകങ്ങൾ കൊണ്ട് തീർത്ത ആ മാജിക് നഗ്നനേത്രം കൊണ്ട് തന്നെ മതിവരുവോളം കണ്ടാസ്വദിച്ചു. അവിടെ വന്നവരുടെ അടുത്ത് പോകാതെ ഞങ്ങൾ മാത്രമായി ആ മരുഭൂമിയിലെ മറ്റൊരു സ്ഥലത്തേക്ക് മാറി ഫോട്ടോകൾ പകർത്തി. മനസ്സ് നിറയുന്നത് വരെ കാഴ്ചകൾ കണ്ടും ചിത്രം പകർത്തിയും അവിടെ നിന്ന് തിരിച്ച് വരുമ്പോൾ മൂന്ന് മാസമായി തേടിയിരുന്ന ആ കാര്യം സ്വന്തമായിരുന്നു….

 

COMMENTS

WORDPRESS: 0
DISQUS: 0