മസിനഗുഡിയിൽ ഒരു മഴക്കാലത്ത്

മസിനഗുഡിയിൽ ഒരു മഴക്കാലത്ത്

സഞ്ചാരികൾക്ക് മഴ ഒരു പ്രശ്നമേ അല്ലെന്ന് സോളോ യാത്രകളുടെ ഭൈമീകാമുകൻ(ആരോ പറഞ്ഞത് കണ്ടു ) പറഞ്ഞപ്പോ ന്നാ അങ്ങനെ ആയിക്കോട്ടേന്ന് ആയി ഞാനും… മഴ കുപ്പായവും ബാഗ് കവറുമൊക്കെയായി മഴ പ്രതിരോധ സാമഗ്രികൾ എല്ലാം എടുത്തു പോകുന്നതിനു മുന്നേ തീരുമാനിച്ച ‘മസിനഗുഡിയിൽ ഒരു മഴക്കാലത്ത് ‘ എന്ന പേരിന് ഒരു കോട്ടവും വരരുതെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങടെ വൈരുധ്യമായ യാത്ര തുടങ്ങി….

കോഫി ബീൻസിലെ പുലർകാല കാഴ്ചകൾ കണ്ടു കൊണ്ട് വയനാടൻ തണുപ്പിനെ വകഞ്ഞു മാറ്റി എന്റെ സ്വപ്ന യാത്ര ആരംഭിച്ചു.. ശെരിക്കും പറഞ്ഞാ ഇതു പോലെ ഒരു യാത്ര പോവണോന്ന് സ്വപ്നം കാണാൻ തുടങ്ങീട്ട് കാലം മ്മിണി ആയി.. സൂര്യന്റെ വെളിച്ചം അങ്ങിങ്ങായി പൊടിഞ്ഞു കിടക്കുന്ന പ്രഭാതം, മൂടൽ മഞ്ഞിന്റെ പാളികൾ കൊണ്ട് കാണാത്ത വഴി, അതിലൂടെ ഒരു ബുള്ളറ്റിൽ ബാക്കിൽ ബാഗൊക്കെ വരിഞ്ഞു കെട്ടി… ആഹാ….. ബുള്ളെറ്റിനോട് എല്ലാ പെങ്കുട്ട്യോളേം പോലെ മൊഹബത് തുടങ്ങിയ കാലത്ത് കാണാൻ തുടങ്ങിയ ആ യാത്ര ഇന്ന് യാഥാർഥ്യമാകാൻ പോകുന്നു..

വയനാടൻ പ്രഭാതങ്ങൾക്കൊക്കെ ഒരു പാൽമയമാണ്. അതിരാവിലെ ആയതു കൊണ്ട് തന്നെ ക്ഷീര കർഷകർ പാലും പിടിച്ചു കാത്തു നിൽക്കുന്ന വയനാടിന്റെ ഗ്രാമീണ തുടിപ്പുള്ള കാഴ്ചകളായിരുന്നു ആദ്യമായി കണ്ണിന്മുന്നിലേക്കെത്തിയത് .

മീനങ്ങാടിയിലൂടെ സുൽത്താൻ ബത്തേരി വഴി മുത്തങ്ങയിലേക്ക് കടന്നപ്പോഴാണ് മോർണിംഗ് വൈബ് വിളിച്ചോതി കൊണ്ട് നിൽക്കുന്ന ഒരു തട്ടുകട കണ്ടത്.. ഒന്നും നോക്കിയില്ല വണ്ടി സൈഡാക്കി ഓരോ ചായ പറഞ്ഞു. ഒരിത്തയും ഇക്കയുമാണ് കട നടത്തുന്നത്.. അതിന്റെ പുറകിൽ കാടാണ്. കടയുടെ ഒരറ്റത്തു കവുങ്ങ് കൊണ്ടുള്ള ഇരിപ്പിടം ഉണ്ട്.. അതിന്റെ മേലെ കയറിയിരുന്ന് ചായേം പഴം പൊരിയും കഴിച്ചു മോർണിംഗ് വൈബ് എന്നൊരു സ്റ്റാറ്റസ് ഒക്കെ ഇട്ട്
യാത്ര മുത്തങ്ങ വന്യ ജീവി സങ്കേതത്തിലേക്ക് കടന്നു.

പെട്ടെന്ന് പണ്ട് എന്നോ പഠിച്ച ‘കാടുണരുന്നു’ എന്ന പാഠമാണ് മനസ്സിലേക്ക് വന്നത്. മരങ്ങൾക്കിടയിലൂടെ പതിക്കുന്ന സൂര്യ രശ്മികൾ,കിളികളുടെ കളകൂജനം, കൂട്ടത്തോടെ മേയുന്ന മാൻ കൂട്ടങ്ങൾ,ഇടയ്ക്ക് ഒറ്റപെട്ടു കാണുന്ന മയിലുകൾ. ‘കണ്ടതുമല്ല കേട്ടതല്ല കാണാ കാനന കാഴ്ചകൾ ‘ ആ വരി എത്ര മാത്രം അർത്ഥവത്താണ്..!

അങ്ങനെ കാടിന്റെ പ്രഭാത ഭംഗി ആസ്വദിച്ചു കൊണ്ട് ഞങ്ങൾ പതിയെ മുന്നോട്ട് നീങ്ങി.. അപ്പോഴാണ് നീല ബോർഡിൽ ‘you are leaving from kerala’ എന്ന് എഴുതിയത് കണ്ടത് … അപ്പൊ മ്മൾ കേരളം വിട്ട് കർണാടകയിലേക്ക് കയറിന്ന് മനസ്സിലായി.

 

രാവിലെ തന്നെ ആയതു കൊണ്ട് ചെക്ക് പോസ്റ്റിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു . അതിനിടയിലൂടെ തേരാളി തന്ത്ര പൂർവ്വം തേരോടിച്ചതു കൊണ്ട് മ്മള് കൈച്ചിലായി.കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ പരന്നു കിടക്കുന്ന പാടങ്ങൾ മഞ്ഞിൽ വിടർന്നു നിൽക്കുന്നത് കണ്ടു തുടങ്ങി.. ഗുണ്ടുൽ പേട്ട അതിന്റെ അങ്ങേയറ്റത്തെ പ്രതാഭത്തോടെ തലയുയർത്തി നിൽക്കുന്നു..


പാടങ്ങളിൽ മുളച്ചു പൊന്തിയ ജമന്തിയും ചെട്ടിയും മറ്റു ഭക്ഷ്യ വിളകളും സൂര്യന്റെ വെളിച്ചത്തിൽ മന്ദഹസിച്ചു നിൽക്കെയാണ് . ഓണം വരുമ്പോഴേക്കും ഈ പാടമെല്ലാം പൂക്കൾ കൊണ്ട് അലംകൃതമാകും . ഇരു വശങ്ങളിലും നോക്കെത്താ ദൂരത്തോളം പര പരാ പരന്നു കിടക്കുന്ന സ്ഥലങ്ങളാണ് .പാടവക്കത്തിരുന്നു ഒത്തിരി സ്ത്രീകൾ ചെറിയുള്ളി വൃത്തിയാക്കി കൊണ്ടിരിക്കുന്നതും കണ്ടു.,മണ്ണിനെ സ്നേഹിക്കുന്ന മക്കൾ.

ഗുണ്ടിൽപേട്ടയിലെ പ്രധാന കാഴ്ച സൂര്യ കാന്തി പൂക്കൾ തന്നെയാണ്.
കവി പറഞ്ഞത് ഒട്ടും തെറ്റിയില്ല.., സൂര്യ കാന്തിക്ക് സൂര്യനോട് ഒടുക്കത്തെ പ്രേമമാണ്,എന്നിട്ടാണല്ലോ അവര് സൂര്യനെ നോക്കി ഇങ്ങനെ വിടർന്നു നിൽക്കുന്നത്. സൂര്യകാന്തി ചെടികൾ ധാരാളമുള്ളത് ഗോപാല സ്വാമിപേട്ട റോഡിലാണ് . അവിടെ ആളുകൾ കുറവായതിനാൽ നമുക്ക് ഇറങ്ങി ഫോട്ടോ എടുക്കാനും അത് കണ്ട് ആസ്വദിക്കാനും ഏറെ സൗകര്യമാണ്..

അപ്പൊ അടുത്ത സ്ഥലം ഏതാണെന്ന് പറയണ്ടല്ലോ… ഗോപാല സ്വാമി പേട്ട തന്നെ. അവിടേക്കുള്ള റോഡ് കിടുവാണ്. തികഞ്ഞ ഗ്രാമീണതയും ശാന്തതയും.പോകുന്ന വഴി രണ്ട് കാള വണ്ടികളെ കണ്ടു.

നമ്മൾ ഗൂഗിളിൽ ഗോപാൽ സ്വാമിപേട്ട എന്ന് സെർച്ച്‌ ചെയ്യുമ്പോ കാണുന്ന പച്ചപ്പിനു നടുവിലെ നീണ്ട പാതയിലൂടെ എന്റെ ചിരകാലാഭിലാശമായ ബുള്ളറ്റ് ഓടിക്കുക എന്ന സ്വപ്നം പൂവണിഞ്ഞതും ഈ യാത്രയുടെ ഹൈലൈറ് ആണ് ട്ടോ.

ഒറ്റപെട്ട് മാത്രം വാഹനം പോവുന്നത് കൊണ്ട് തിരക്ക് വളരെ കുറഞ്ഞ ആ നെടുനീളൻ പാതയിലൂടെ മലയുടെ അടിവാരത്ത് എത്തിയപ്പോ ഒരു കർണാടക സ്റ്റേറ്റ് ബസ് മല കേറാനുള്ള എല്ലാ തയ്യാറെടുപ്പുകളോടെ നിൽക്കുന്നത് കണ്ടു. വണ്ടി പാർക്ക്‌ ചെയ്ത് അതിലേക്ക് ഓടി കയറി വിൻഡോ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു .ഏറ്റവും മുന്നിലായി തള്ളി മറിക്കുന്ന ഒരു പറ്റം മലയാളികൾ ഉണ്ടായിരുന്നു.. പിറകിലൊക്കെ ഹിന്ദിയും കന്നഡയും സംസാരിക്കുന്നവരാണ്. കർണാടക ആനവണ്ടി പതിയെ അതിന്റെ പ്രയാണം ആരംഭിച്ചു.

ഈ മലയുടെ മുകളിലാണ് ഹിമവദ് ഗോപാല സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ബന്ദിപ്പൂർ വനമേഖലയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ ഒന്നാണിത് . ഹിമവദ് എന്നാൽ മഞ്ഞുതുള്ളികൾ എന്നാണർത്ഥം. പേരുപോലെ തന്നെ നട്ടുച്ചക്കും മഞ്ഞു മൂടിയ ഇവിടെ സദാസമയവും വീശിയടിക്കുന്ന കാറ്റ് സഞ്ചാരികളെ ആകർഷിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള വനയോര പാതയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്തത് കൊണ്ട് തന്നെ താഴെ വാഹനം വെച്ച് കർണാടക സ്റ്റേറ്റ് ബസിലാണ് മല കയറുക.. യാത്രയിൽ കാട്ടു മൃഗങ്ങളെ കാണാൻ കഴിയും എന്നതും ഈ യാത്രയുടെ പ്രത്യേകതയാണ്.

ബസ് വലിഞ്ഞു കേറി തുടങ്ങിയപ്പോഴാണ് ഒരാൾ മുന്നിൽ നിന്ന് കന്നഡയിൽ എന്തോ പറഞ്ഞ് പുറത്തേക്ക് കൈ ചൂണ്ടിയത് . ദാണ്ടെ മേലൊന്നായിട്ട് രോമത്തിൽ കുളിച്ച ഒരു കരടി…!!. ആദ്യായിട്ടാണ് ഞാൻ ഒരു കരടിയെ കാണുന്നത്,അത് ബസിന്റെ ശബ്ദം കൊണ്ട് ഒന്ന് ഓടി ചാടി കാട്ടിലേക്ക് വലിഞ്ഞു കളഞ്ഞു. സുഗു പറഞ്ഞ പോലെ ബാലരമയിലെ ബാലു കരടിയെ ആണ് ഓർമ വന്നത്.. ന്നാലും ഈ ജീവനുള്ള കരടിക്ക് എന്തോ ഒരു കൃതിമത്വം ഉള്ള പോലെ തോന്നി….

ബസ് വീണ്ടും മുന്നോട്ട് ആഞ്ഞു കുതിച്ചു. താഴെ ഗുണ്ടൽപേട്ടയുടെ സാറ്റലൈറ്റ് വ്യൂ
അത് കിടു കാഴ്ച തന്നെയായിരുന്നു. അമ്പലത്തിൽ എത്തുമ്പോൾ സമയം പത്ത് ഒക്കെ കഴിഞ്ഞു.ബസിൽ നിന്ന് ഇറങ്ങിയതേ ഓർമയുള്ളൂ,പിന്നെ അവിടുത്തെ കാറ്റിൽ ലയിച്ചു അങ്ങ് ഇല്ലാതാവുകയായിരുന്നു .

അത്രയ്ക്ക് കാറ്റ്… അമ്പലത്തിന്റെ ഇടതു വശത്തെ കുന്നുകളിൽ നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റ്… ഒരു സ്ഥലത്ത് തന്നെ നിൽക്കുമ്പോ കാറ്റ് നമ്മളെ പിറകോട്ടു തള്ളുന്ന പോലെ തോന്നും… അമ്പലത്തിന് ചുറ്റും ഒരു പ്രദക്ഷിണം നടത്തി കൊറേ ഫോട്ടോസും എടുത്ത് കാറ്റ് ആവോളം ആസ്വദിച്ചു അങ്ങനെ നടന്നു. അപ്പോഴാണ് സോളോ ട്രിപ്പർ മറ്റൊരു സോളോയെ കണ്ടത്.. രാമനാട്ടുകരകാരനായ നവാസ്.. പ്രത്യേകിച്ച് ഒരു ഡെസ്റ്റിനേഷൻ ഇല്ലാത്ത ആ സോളോ സഞ്ചാരി കറങ്ങി കറങ്ങി ഈ മലമുകളിൽ എത്തിയതാണ്.

ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം AD 1300 കളിൽ ഉണ്ടാക്കിയതായി കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും വലിയ പാറക്കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.പണ്ടുകാലത്തെ സാക്ഷാൽ വീരപ്പനോക്കെ ഇവിടെ പൂജ ചെയ്യാൻ വന്നിരുന്നു എന്നൊക്കെ കെട്ട്യോൻ വലിയ വായിൽ തട്ടിവിടുന്നുണ്ടായിരുന്നു, ഉള്ളതാണോ ആവോ !!

ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞു വന്ന ബസിൽ തന്നെ തിരികെ കുന്നിറങ്ങി. മാങ്ങ കൂട്ടിവെച്ച് നിൽക്കുന്ന ഒരണ്ണന്റെ അടുത്തിന്ന് ഒരെണ്ണം വാങ്ങി,അയാൾ അത് ചീളുകളാക്കി അതിനുള്ളിൽ മുളക് പൊടി ഇട്ടു തന്നു..റൊബ്ബ ടേസ്റ്റ് ആയിരുന്നു.

 

അത് കഴിഞ്ഞ് ഒരു വിരലിന്റെ വലിപ്പം പോലുല്ലാത്ത ഗ്ലാസിൽ അവിടത്തെ സ്പെഷ്യൽ ടീ കുടിച്ചു.
രുചി അറിയുന്നതിന് മുന്നേ തീർന്നു പോകുന്ന പ്രത്യേക തരം ചായ. അടുത്തതായി ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ ഉള്ള യാത്രയാണ്. ആ കാനന യാത്രയും ഉഷാറായിരുന്നു..കടുവ സങ്കേതമാണെന്നു പറഞ്ഞിട്ട് ഒരു കടുവയെയൊ എന്തിനേറെ ഒരാനയെ പോലും കാണാൻ കഴിഞ്ഞില്ല എന്നത് ഏറെ സങ്കടകരമായിരുന്നു.

പിന്നെയും വണ്ടി മുന്നോട്ടു കുതിച്ചു . കർണാടക അതിർത്തി കടന്ന് നമ്മുടെ അയലോക്കാരായ തമിഴ്നാട്ടിലേക്ക് കയറി…. അടുത്ത യാത്രയും ഒരു കടുവ സങ്കേതത്തിലൂടെയാണ്, മുതുമലൈ. അവിടെ പോലീസ് ചെക്കിങ് ഒക്കെ നന്നായിട്ട് നടക്കുന്നുണ്ട്.. പ്രധാനമായും പ്ലാസ്റ്റിക്‌ വസ്തുക്കൾ ആണ് നോക്കുന്നത്. വന സംരക്ഷണത്തിന് തമിഴ്നാട് ഗവണ്മെന്റ് സ്വീകരിക്കുന്ന ഇത്തരം നടപടികൾ ഏറെ പ്രശംസനീയം തന്നെ .

ഉച്ച ആയതു കൊണ്ട് വിശപ്പ് കത്തി കയറുകയാണ് . മുതുമലൈ യിലെ ഫോറെസ്റ്റ് ഓഫീസിന്റെയടുത്ത് ഒരു മര ചുവട്ടിലിരുന്ന് തലേന്ന് ഉണ്ടാക്കിയ കാട ബിരിയാണി ചുറ്റിലും ശ്രദ്ധ കൊടുക്കാതെ വേഗം അകത്താക്കി… ശെരിക്കും ഒരടിപൊളി വൈബ് ആയിരുന്നു..

വിശപ്പ്‌ കൊണ്ടാണോ .. കെട്ട്യോൻ ഉണ്ടാക്കിയത് കൊണ്ടാണോ എന്നൊന്നും അറിയില്ല.. സംഭവം കാട ബിരിയാണി കിടിലോൽ കിടിലം ആയിരുന്നു. ഭക്ഷണം കഴിഞ്ഞ് രണ്ട് മിനിറ്റ് റെസ്റ്റ് എടുത്ത് യാത്ര പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചു.

അടുത്തത് മ്മടെ മസിനഗുഡി ആണ്.. രണ്ട് ആഴ്ച മുന്നേ കേൾക്കാൻ തുടങ്ങിയ പേര്… മസിനഗുഡിയിൽ മഴക്ക് പകരം കുത്തുന്ന വെയിലായിരുന്നു ഞങ്ങളെ വരവേറ്റത്.കോരിചെരിയുന്ന മഴയത്തു മസിനഗുഡി വനപാതയിലൂടെ മഴയും കൊണ്ടുള്ള ആ ബുള്ളറ്റ് യാത്ര എന്റെ സ്വപ്നത്തിൽ മാത്രമായൊതുങ്ങി. മസിനഗുഡി കഴിഞ്ഞാ കൊറേ ഒഴിഞ്ഞ ഭൂമിയാണ്. അധികം വലിപ്പം വെക്കാത്ത ഒരു തരം മരം വളർന്നു കിടക്കുന്നത് കാണാം..

ഇനിയുള്ള ലക്ഷ്യ സ്ഥാനം അങ്ങ് മലമേലെ ഉദഗമണ്ടലം ആണ്. മസിനഗുഡി വഴി മുപ്പത്തിയാറ് ഹെയർപിൻ വളവുകൾ കയറിയാൽ അവിടെയെത്താം. അങ്ങനെ മുപ്പത്താറിൽ നിന്ന് ഞമ്മൾ ഓരോന്ന് ആയി കയറാൻ തുടങ്ങി…

സംഭവം അതിന്റെ ഇരു വശങ്ങളിലെ കാഴ്ചകളും കാറ്റുമെല്ലാം ആസ്വദിച്ചു പോകാൻ കിടു ഫീൽ തന്നെയാണ്… ഇടയ്ക്ക് വൻ പാറ കല്ലുകൾ ഉന്തി നിൽക്കുന്നതും കാണാം… ഈ വഴി കയറാൻ എളുപ്പമാണെങ്കിലും ഇറക്കം ഇത്തിരി അപകടം പിടിച്ചത് ആയതു കൊണ്ട് തന്നെ ഇറക്കത്തിന് വിലക്കുകൾ ഉണ്ട്.. മുപ്പത്താറിൽ നിന്ന് ഒന്ന് എത്തും തോറും ഊട്ടിയിലെ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി.. മലയുടെ മുകളിൽ തണുപ്പിന്റെ പറുദീസയായ ഊട്ടി ആണല്ലോ. വലതു വശത്ത് പ്രത്യേക രീതിയിൽ കൃഷി ചെയ്ത ഊട്ടിയുടെ കൂടപ്പിറപ്പായ കാരറ്റ് തോട്ടങ്ങളും കാണാൻ തുടങ്ങി…

ശെരിക്കും പറഞ്ഞാ ഊട്ടിലെ തണുപ്പാണ് തണുപ്പ്. ഒരു റൂമെല്ലാം എടുത്ത് ബാഗൊക്കെ വെച്ച് ഊട്ടി പട്ടണം കറങ്ങാൻ ഇറങ്ങി.. ആദ്യം പോയത് ഊട്ടി ലൈകിലേക്കാണ്. വൈകുന്നേരം ആയതു കൊണ്ട് നല്ലോണം ആൾക്കാർ ഉണ്ട്. രണ്ട് പേർക്ക് ചവിട്ടി പോവാൻ പറ്റിയ പെഡൽ ബോട്ടിൽ കേറാൻ ടിക്കറ്റ് എല്ലാം എടുത്ത് ലൈഫ് ജാകെറ്റെല്ലാം ഇട്ട് റെഡി ആയി നിന്നു. ഒത്തിരി കാത്ത് നിക്കേണ്ടി വന്നെന്ന് മാത്രം.ആ ചവിട്ടി യാത്ര കോമഡി ആർന്നു.. ആകെ അരമണിക്കൂർ സമയം.. അതിൽ കൂടിയാൽ പൈസ പോവുന്ന കേസ് ആയതു കൊണ്ട് മ്മൾ ഓവർ തോണി തുഴയാതെ അഞ്ചു മിനിറ്റ് മുന്നേ വളരെ ആസ്വദിച്ചു സാഹസികമായി തിരിച്ചെത്തി. പിന്നെ ഒത്തിരി സമയം ഊട്ടിയുടെ തണുപ്പ് ആസ്വദിച്ചു കൊണ്ടുള്ള ഒരു സായാഹ്‌ന റൈഡ് .

അവിടുത്തെ തട്ടുകട വൈബിനോട് അത്ര താല്പര്യം ഇല്ലാത്തതു കൊണ്ട് ഒരു റെസ്റ്ററന്റിൽ കയറി ഫുഡ്‌ അടിച്ചു, ഊട്ടിയുടെ നിശാ സൗന്ദര്യം ആവോളം ആസ്വദിച്ച് ആ തണുത്ത രാത്രി പെട്ടെന്ന് വെളുത്തു. പിന്നെ മടക്ക യാത്ര ആയിരുന്നു.. വരുന്ന വഴി പൈൻഫോറസ്റ്റിൽ ഒന്ന് കയറി.സുന്ദരമായൊരിടം.ചെരിഞ്ഞു കിടക്കുന്ന സ്ഥലമായതു കൊണ്ട് സ്ലിപ് ആവാൻ ചാൻസ് വളരെ കൂടുതലാണ്. നാലഞ്ചു അടി വെച്ചപ്പോഴേക്കും ചെരിപ്പ് സ്ലിപ്പ് ആയി ഞാൻ നിലം പതിച്ചു… ആ നിസ്സഹായ അവസ്ഥ ആവോളം ആസ്വദിച്ചു പൊട്ടിച്ചിരിച്ചു ജനശ്രദ്ധയാകർഷിച്ച കെട്ടിയോനെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു.പൈൻഫോറസ്റ്റിനടിയിൽ പച്ച കളർ കലക്കിയ പോലുള്ള വെള്ളം നിറഞ്ഞ തടാകം ഉണ്ട്.. അവിടെ കുതിര സഫാരി ചെയ്യാൻ കുറെ പേര് കാത്തു നിൽക്കുന്നു. അപ്പോഴാണ് രണ്ട് മിനുട്ടിനുള്ളിൽ എടുക്കുന്ന ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടത്, ഇതൊന്നും ഇഷ്ടമില്ലാത്ത പച്ചയായ മനുഷ്യനെ ഒരു വിധം പിടിച്ചു കൊണ്ട് വന്ന് ഫോട്ടോക്ക് പോസ് ചെയ്യിപ്പിച്ചു. ആഹാ… കൊല്ലങ്ങളായി തുടർന്ന് പോരുന്ന അതേ പോസിൽ തോളിൽ കൈ വെച്ചും മരത്തിൽ പിടിച്ചും നാല് ഫോട്ടോ…. ഈ ക്ലീഷേ ചെയ്യുമ്പോ ഉണ്ടാകുന്ന വൈബ് ആസ്വദിക്കാൻ വേണ്ടി തന്നെയാണ് ഞാൻ ഇതൊന്ന് പരീക്ഷിച്ചേ…എന്നാലും ഇവർക്ക് ആ പോസുകൾ എങ്കിലും ഒന്ന് മാറ്റിപിടിച്ചൂടേ? !

അവിടത്തെ സവാരി അവസാനിപ്പിച്ച് വണ്ടി മെല്ലെ നീങ്ങി. അപ്പഴാണ് റോഡരികിൽ ഒരു ചേച്ചി ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഷീറ്റ് മേഞ്ഞ കടയിൽ ഇരിക്കുന്നത് കണ്ടത്.. രണ്ട് ചായയും ഒരു പാക്കറ്റ് ബിസ്ക്കറ്റും വാങ്ങി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. ചേച്ചിയോട് ചുമ്മാ സംസാരിച്ചപ്പോഴാണ് ആൾ എറണാകുളംകാരി ആണെന്ന് മനസ്സിലായെ .. പേര് തങ്കമണി..

എനിക്ക് സ്നേഹത്തോടെ തങ്കു എന്ന് വിളിക്കാൻ ആണ് ഇഷ്ട്ടം.. മുപ്പത്തഞ്ചു കൊല്ലായി തങ്കു ചേച്ചി ഇവിടെ വന്നിട്ട്., പതിനെട്ടു കൊല്ലായി ഈ കട നടത്താൻ തുടങ്ങീട്ടും.

ആ നിഷ്കളങ്കയായ ചേച്ചിയോട് യാത്ര പറഞ്ഞ് മെല്ലെ മുന്നോട്ട് നീങ്ങി..
തണുപ്പിന് ഒരു മാറ്റവും ഇല്ല. എല്ലാരും രോമകുപ്പായം ഒക്കെ ഇട്ട് ഓരോ പണിയിലേക്ക് കടന്നിരുന്നു. കാരറ്റ് വിൽക്കുന്ന ഒരു ചേച്ചിയുടെ കയ്യിൽ നിന്നും ഒരു കെട്ട് കാരറ്റ് വാങ്ങി ബൈക്കിന്റെ പിറകിൽ തൂക്കിയിട്ടു .(അവിടെ പോയി തണ്ടുള്ള കാരറ്റ് വാങ്ങില്ലേൽ മോശല്ലേ… )

നീൽഗിരി കുന്നിന്റെ താഴ്‌വരയിലൂടെ ഗുഡല്ലൂർ ലക്ഷ്യം വെച്ചാണ് ഇപ്പൊ പോയി കൊണ്ടിരിക്കുന്നത് .വരുന്ന വഴിയിൽ തന്നെയാണ് നീഡിൽ റോക്ക് വ്യൂ പോയിന്റുള്ളത്. വെള്ളിയാഴ്ച ആയതു കൊണ്ട് തന്നെ എവിടെയും അധിക നേരം ചിലവഴിക്കാൻ നിന്നതുമില്ല.
ഗുഡല്ലൂരിലേക്ക് ഉള്ള വഴി അധികവും പൈൻ മരങ്ങൾ നിറഞ്ഞതും മനോഹരമായതുമാണ്.

കാഴ്ചകൾ ആസ്വദിച്ചുള്ള ആ യാത്രയുടെ ഇടക്കാണ്‌ പെട്ടെന്ന് ബൈക്കിന്റെ പുറകിൽ ഒരു പിടുത്തം പോലെ തോന്നിയത്.. നോക്കുമ്പോ അതാ ഒരു വാനരൻ തൂക്കിയിട്ട കാരറ്റിൽ നിന്നും ഒന്നെടുത്തു അടുത്തെടുക്കാനായി പുറകിൽ ഓടി വരുന്നു. ഞാൻ ഒന്നാകെ പേടിച് കാരറ്റെടുത്തു എടുത്ത് എറിയാൻ നോക്കി പക്ഷെ ബൈക്ക് വേഗത്തിൽ പോയപ്പോ അവര് ഓട്ടവും നിർത്തി..

അങ്ങനെ കുന്നുകളും മലകളും താഴ്‌വാരങ്ങളും താണ്ടി ഗുഡല്ലൂർ എത്തിയപ്പോ കറക്റ്റ് ജുമാ സമയം. അവിടെ നിന്ന് ഒരു പള്ളിയിൽ നിന്ന് നിസ്കാരമെല്ലാം കഴിഞ്ഞ് നാടുകാണി ചുരത്തിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴി ഗൂഡല്ലൂരിൽ നിന്നും സ്പെഷ്യൽ ഊട്ടി ചോക്ലേറ്റ് വാങ്ങാനും മറന്നില്ല..

 

ഗുഡല്ലൂർ എത്തിയപ്പോ തന്നെ തണുപ്പ് ഏകദേശം കഴിയാൻ തുടങ്ങിയിരുന്നു.
നാടുകാണിയിൽ നിന്ന് വലത്തോട്ട് പോയാൽ വയനാടിലേക്കും ഇടത്തോട്ട് പോയി ചുരമിറങ്ങിയാൽ നിലമ്പൂരിലേക്കും പോകാം. ചുരത്തിൽ പല സ്ഥലത്തും പണി നടന്നു കൊണ്ടിരിക്കുകയാണ്. ചിലയിടത്ത് ഘോരമായ നിശബ്ദത തങ്ങി കിടപ്പുണ്ട്..

ചില ലോറി ഡ്രൈവർമാർ വണ്ടി സൈഡാക്കി കുളിക്കാൻ ഇറങ്ങിയതും കണ്ടു. ചുരം ഇറങ്ങി പോകുമ്പോഴാണ് ഒരാൾ അല്ലിയുമായി ഇരിക്കുന്നത് കണ്ടത്. ഒരെണ്ണം അങ്ങു വാങ്ങി കഴിക്കാൻ തുടങ്ങി. ന്റമ്മോ കാഞ്ഞിരത്തിന് ഇത്രമാത്രം കയ്പ്പ് കാണത്തില്ല.. അജ്ജാദി കയ്പ്പ് ..

ചുരത്തിലെ ഒരു ഹോട്ടലിൽ കയറി ചോറും സാമ്പാറും രസോം ചിക്കൻ പൊരിച്ചതെല്ലാം കൂട്ടി ഒരു ബാലഭേഷ്‌ ഊണും തട്ടി വീണ്ടും ചുരമിറങ്ങാൻ തുടങ്ങി . ചുരത്തിന്റെ അടിത്തട്ടിൽ എത്തിയപ്പോ തേരാളിക്ക് അസഹനീയമായ ഉറക്കം വന്നു.. വണ്ടി ഒരു വൻ മരത്തിനു ചുവട്ടിൽ നിർത്തി മൂപര് കെടന്ന് ഒറങ്ങി.ഞാൻ പാതി വഴിയിൽ പാഥേയം നഷ്ട്ടപ്പെട്ട പഥിതയെ പോലെ ആടെ നെലത്ത് അങ്ങട് ഇരുന്നു.. വഴിയിലൂടെ പോകുന്ന ലോറി ഡ്രൈവർ ഒക്കെ എന്നെ നിസ്സഹായതയോടെ നോക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.പത്തിരുപത് മിനുറ്റത്തെ ഉറക്കം കഴിഞ്ഞ് നേരെ തേക്കുകളുടെ നാട്ടിലേക്ക്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്തോട്ടം ഇവിടെയാണ്.നിലമ്പൂർ ഷൊർണൂർ ട്രെയിൻ യാത്രയൊക്കെ പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും സമയം ഒത്തിരി വൈകിയത് കൊണ്ട് എവിടെയും കയറാൻ നിന്നില്ല. അങ്ങനെ മാനന്തവാടിയിൽ നിന്ന് തുടങ്ങി ഒരു വന്യജീവി സങ്കേതവും രണ്ടു കടുവ സങ്കേതങ്ങളും മൂന്നു സംസ്ഥാനങ്ങളും കടന്നു ഞങ്ങളുടെ സ്വപ്ന യാത്ര നിലമ്പൂരിൽ അവസാനിച്ചു. ഒരു വലിയ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ അനന്ദ തുന്ദിലയായി ഈ ഞാനും….

COMMENTS

WORDPRESS: 0
DISQUS: 0