ജിഞ്ചിക്കോട്ടയുടെ മുകളില്‍

ജിഞ്ചിക്കോട്ടയുടെ മുകളില്‍

7.9.19
ശനി 5.30 pm

ജിഞ്ചിക്കോട്ടയുടെ മുകളിലേക്ക് ഞങ്ങള്‍ 4 പേര്‍ വാ പൊളിച്ച് നോക്കി നിന്നു. പിന്നെ , പരസ്പരം നോക്കിയുള്ള ഇളിഭ്യ ചിരിയും. മൂന്ന് കുന്നുകളിലായി ‘ഉയര്‍ന്നു പരന്നു’ കിടക്കുന്ന കിഴക്കിന്റെ ട്രോയ് ഞങ്ങളെ നോക്കി പരിഹസിക്കുന്നതു പോലെ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ട കീഴടക്കാന്‍ വന്ന ഓരോ രാജാവും ഇതു പോലെ സ്തംഭിച്ചു നിന്നിരിക്കണം.

കോട്ടയുടെയും പരിസരത്തിന്റെയും സായാഹ്ന ദൃശ്യം അതിമനോഹരമാണ്. ജിഞ്ചി പട്ടണത്തില്‍ നിന്ന് അല്‍പം മാറി ഗ്രാമീണ പശ്ചാത്തലത്തില്‍ മഹാമേരുവിനെ പോലെ നില്‍ക്കുന്ന കോട്ട. ചുറ്റും പച്ചപ്പ്. അങ്ങ് വിദൂരതയില്‍ പോലും ദൃശ്യമാവുന്ന കോട്ട മതിലുകള്‍ . അതിനുമപ്പുറം കുന്നുകളും സമതലങ്ങളും.

പുലര്‍ച്ചെ 4 മണിക്ക് മലപ്പുറത്ത് നിന്ന് തുടങ്ങിയ യാത്രയാണ്. ഇപ്പോള്‍ 536 കിലോമീറ്ററും പത്ത് പന്ത്രണ്ട് മണിക്കൂറും പിന്നിട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ജിഞ്ചിക്കോട്ട, മഹാബലിപുരം ആന്ധ്രയിലെ ഗണ്ഡിക്കോട്ട, ബേലം ഗുഹ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ദക്ഷിണേന്ത്യന്‍ പര്യടനത്തിലൂടെ ഈ ഓണാവധി ആഘോഷിക്കാമെന്ന് തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു.

അങ്ങനെ ഇന്ന് പുലര്‍ച്ചെ 4 മണിക്ക് ഞങ്ങള്‍ നാല് പേരും ( സലീം ഫൈസല്‍, നജീബ്, അര്‍സല്‍ പിന്നെ ഞാനും) പുറപ്പെട്ടു. വഴികാട്ടിയായി ചങ്ക് ബ്രോ ഗൂഗുവും!

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ‘അതിവേഗം ബഹുദൂരം ‘ എന്നതായിരുന്നു ഞങ്ങളുടെയും മുദ്രാവാക്യം. പക്ഷെ, കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കാമറക്കണ്ണുകള്‍ ഞങ്ങളുടെ കോളറിന് പിടിച്ചു കൊണ്ടേയിരുന്നു. തമിഴ്‌നാട്ടിലേക്ക് കാലെടുത്തു വെച്ചതോടെ കളി മാറി. കാമറക്കണ്ണില്ലാത്ത സ്വപ്ന പാത ഞങ്ങളുടെ മുന്നില്‍ മലര്‍ക്കെ തുറന്നു. കോയമ്പത്തൂര്‍, ഈറോഡ് ജില്ലകള്‍ പിന്നിട്ട് അതിവേഗം ഞങ്ങള്‍ സേലത്തെത്തി. ചെറിയ ‘ നട്ടം തിരിയലുകള്‍ക്ക് ‘ ശേഷം NH 79 ലേക്ക്. ഇനി 129 കി.മീ. ഈ മനോഹര പാതയിലൂടെയാണ്. സുന്ദരമായ പാത. ഇടതു വശത്ത് ഇടക്ക് ഓരം ചേര്‍ന്നും ഇടക്ക് അകലെയുമായി ചെറിയ കുന്നുകളും മലനിരകളും. പൂര്‍വ ഘട്ടമായിരിക്കണം. വലതു വശത്ത് വിശാലമായ സമതലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിവിധ കൃഷികള്‍. നീണ്ടു കിടക്കുന്ന റോഡ്.

ഇടക്ക് ഉറക്കമാമന്‍ വന്ന് തലോടിയപ്പോള്‍ വഴിയില്‍ കണ്ട ഒരു സ്‌കൂളിലിറങ്ങി. മൗണ്ട് ഫോര്‍ട്ട് സ്‌കൂള്‍ , വില്ലുപുരം ജില്ല. ഒരു മുട്ടന്‍ വടി കൊണ്ട് കുട്ടികളെ തെളിച്ച് കൊണ്ട് പോകുന്ന ഗുണമേന്മയുള്ള ജീവനക്കാര്‍. നല്ല ‘ അച്ചടക്കമുള്ള ‘ വിദ്യാര്‍ഥികള്‍. അല്‍പസമയം സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചതിനു ശേഷം വീണ്ടും വണ്ടിയില്‍ . വില്ലുപുരം ജില്ലയില്‍ തന്നെയാണ് ജിഞ്ചിയും. എര്‍ട്ടിഗ ചെന്നൈ ട്രിച്ചി ഹൈവേയിലേക്കും തുടര്‍ന്ന് ജിഞ്ചി റോട്ടിലേക്കും പ്രവേശിച്ചു.

വഴിയരുകില്‍ കൂടപ്പുര പോലെ ചെറിയ കുടിലുകള്‍. ഞങ്ങള്‍ പുറത്തിറങ്ങി. വീട്ടുകാരുമായി സംസാരിച്ചു. ഭൂനിരപ്പില്‍ നിന്ന് അല്‍പം ഉയര്‍ത്തിയ തറ, ചുമരുകള്‍ക്ക് പകരം വലിച്ചു കെട്ടിയ സാരി, ഓല മേഞ്ഞ മേല്‍ക്കൂര, പരമാവധി രണ്ട് മുറികള്‍. ഇസ്തിരിയിടലാണ് മുഖ്യ തൊഴില്‍. കുടിലുകളില്‍ സ്ത്രീകളും കുട്ടികളും മാത്രമേയുള്ളൂ. ആദ്യം കണ്ട കുട്ടിക്ക് 10 രൂപ കൊടുത്തു. അല്‍പ നേരം കൊണ്ട് പരിസരം കുട്ടികളെ കൊണ്ട് നിറഞ്ഞു. ഇനി ജിഞ്ചിയിലേക്ക്…..

ഭൂപ്രകൃതിയില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. റോഡിനിരുവശവും കുന്നുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. വലിയ ഉരുളന്‍ കല്ലുകള്‍ അടുക്കി വെച്ച പോലെ കുന്നുകള്‍. മൂന്ന് കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ജിഞ്ചി. ചെന്നൈ നിന്നും 160 കി.മീ. മാത്രം അകലെയാണ് ഈ പട്ടണം. ടിണ്ടിവനമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഞങ്ങള്‍ ജിഞ്ചിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ജിഞ്ചിയുടെ അഭിമാന സ്തംഭമായ കോട്ട ഞങ്ങളെ കണ്ണിറുക്കിക്കാണിച്ചു. കോട്ടയുടെ പരിസരത്തു പോയി വിവരശേഖരണം നടത്തി. കോട്ട കീഴടക്കുന്നത് നാളെയാണ്. ഇനി റൂമെടുക്കണം. ജിഞ്ചിയുടെ രാത്രി ജീവിതം അനുഭവിച്ചറിയണം.

ചെറുതെങ്കിലും തിരക്കുള്ള പട്ടണം. കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന കൊടുത്ത് ഒതുങ്ങി നീങ്ങുന്ന വാഹനങ്ങള്‍ . ഒരു ഘോഷയാത്ര വധൂവരന്മാരെ ആനയിച്ചു കൊണ്ടു വരുന്നു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്നു ഓഡിറ്റോറിയത്തിലേക്ക് നീങ്ങി. യുവമിഥുനങ്ങളെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും സ്വീകരിച്ചു. ഇനി ജീവിതം മുഴവന്‍ പൊട്ടലും കത്തലുമായിരിക്കുമല്ലോ…… പ്രതീകാത്മക സ്വീകരണം തന്നെ! ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും ഭക്ഷണ ഹാളിലേക്ക് നീങ്ങി. നേരത്തെ പൊട്ടlയ പsക്കങ്ങളും കത്തിയ പൂത്തിരികളും മനസ്സിലേക്ക് വന്നത് കൊണ്ട് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ നിന്നില്ല.

റൂമിലേക്ക് മടങ്ങുമ്പോള്‍ ബസ് സ്റ്റാന്റിനു എതിര്‍വശത്തൊരു ഹോട്ടല്‍. വസന്തഭവന്‍ ശുദ്ധ സസ്യാഹാരം . നല്ല ഭക്ഷണം. പിന്നീട് ജിഞ്ചിയിലെ ഞങ്ങളുടെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം വസന്ത ഭവനിലായിരുന്നു.

8.9.19
ഞായര്‍ 8.50 am

ഞങ്ങള്‍ രാജഗിരി കുന്നിനു താഴെയെത്തിയിരിക്കുന്നു. മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച സാദത്തുല്ല ഖാന്‍ മോസ്‌ക് ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങള്‍ കോട്ടവാതില്‍ ലക്ഷ്യമാക്കി നടന്നു.

രാജഗിരി, കൃഷ്ണഗിരി , ചന്ദ്രഗിരി എന്നീ മൂന്ന് കുന്നുകളിലായാണ് ജിഞ്ചിക്കോട്ട സ്ഥിതി ചെയ്യുന്നത്. മൂന്ന് കുന്നുകളെയും ബന്ധിപ്പിച്ച് സ്ഥിതി ചെയ്യുന്ന കോട്ട മതിലിനു 13 കി. മീ. നീളമുണ്ട്. ഓരോ കുന്നിനോടുമനുബന്ധിച്ചുള്ള നിര്‍മിതികള്‍ സന്ദര്‍ശകരുടെ മനം കവരുന്നവയാണ്.

കോട്ടവാതില്‍ കടന്ന് ടിക്കറ്റെടുത്ത് പ്രവേശിച്ചത് വിശാലമായൊരു മൈതാനത്തേക്കായിരുന്നു. പുല്ല് പതിച്ച മനോഹരമായൊരിടം. കൊട്ടാരാവശിഷ്ടങ്ങള്‍, കല്യാണ മഹല്‍, ആനൈക്കുളം, ജിംനേഷ്യം, സംഭരണ ശാലകള്‍ തുടങ്ങി ധാരാളം നിര്‍മിതികള്‍ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. കൂടാതെ വലിയ തണല്‍ മരങ്ങളും. മൈതാനത്തിന്റെ അങ്ങേയറ്റത്തു നിന്നും രാജഗിരിയിലേക്കുള്ള പടവുകള്‍ തുടങ്ങുകയായി.

മൈതാനത്തിന്റെ വലതു വശത്തായി സ്ഥിതി ചെയ്യുന്ന കല്യാണ മഹലിലേക്കു ഞങ്ങള്‍ നീങ്ങി. കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട ഏഴുനില മന്ദിരമാണ് കല്യാണ മഹല്‍ . ഒരാള്‍ക്കു മാത്രം കയറാവുന്ന ചുറ്റു ഗോവണിയിലൂടെ ആര്‍ത്തിയോടെ നുഴഞ്ഞു കയറി. കോട്ടമൈതാനത്തിന്റെയും രാജഗിരി, കൃഷ്ണഗിരി കുന്നുകളുടെ യും മനോഹര ദൃശ്യം കല്യാണമഹലില്‍ നിന്ന് ലഭിക്കും.

ഞങ്ങള്‍ രാജഗിരിയിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. AD പതിനൊന്നാം നൂറ്റാണ്ടില്‍ കോനാര്‍ വംശത്തിലെ ആനന്ദ കോനാറാണ് കോട്ട നിര്‍മിതിക്ക് തുടക്കം കുറിച്ചത്. പിന്നീട് വിജയനഗരം, ബീജാപൂര്‍, മറാത്ത, മുഗളര്‍, കര്‍ണാടിക് നവാബ്, ഫ്രഞ്ച്, ബ്രിട്ടീഷ് തുടങ്ങി കോട്ട കീഴടക്കിയവരില്‍ പലരും തങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി.

കുത്തനെയുള്ള കയറ്റം. 1350 പടികളും 9 വാതിലുകളും കടന്ന് വേണം മുകളിലെത്താന്‍. കയറ്റത്തിന്റെ ഗിയര്‍ തേര്‍ഡിലേക്കും സെക്കന്റിലേക്കും പിന്നെ അതിവേഗം ഫസ്റ്റിലേക്കും വീണു. വെറുതെയല്ല ബ്രിട്ടീഷുകാര്‍ ഇതിനെ Troy of East എന്ന് വിളിച്ചത്. ഇന്ത്യയില്‍ കീഴടക്കാന്‍ ഏറ്റവും പ്രയാസമുള്ള കോട്ട എന്നാണ് ശിവജി മഹാരാജ് ജിഞ്ചിയെ പ്രശംസിച്ചത്.

സമാധാനം. ചെറിയ ഒരു നിരപ്പിലെത്തിയിരിക്കുന്നു. വലതു ഭാഗത്ത് മെരുങ്ങാതെ നില്‍ക്കുന്ന രാജഗിരി. ഇടതുഭാഗത്ത് ഒരു വനത്തിന്റെ പ്രതീതി. അവിടെ കണ്ട ഊടുവഴിയിലൂടെ മുന്നോട്ടു പോയി. ഒന്ന് രണ്ട് ജലസംഭരണികളും അസ്ഥിപഞ്ജരമായ ചില നിര്‍മിതികളും. പുരാവസ്തു വകുപ്പ് കാലത്തിനു വിട്ടു കൊടുത്തതാവാം.

ഞങ്ങള്‍ കോട്ടവാതിലുകള്‍ മറികടന്നു കൊണ്ടിരുന്നു. ഓരോ കയറ്റവും ജിഞ്ചിയുടെ മനോഹരമായ ദ്യശ്യങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഞങ്ങള്‍ ഏഴാം വാതിലിനടുത്തെത്തി. ഒരു കിടങ്ങ് . മറികടക്കാന്‍ ചെറിയൊരു പാലം. വീശിയടിക്കുന്ന കാറ്റ്. പാലം കടന്നാല്‍ വീണ്ടും കുത്തനെയുള്ള പടികള്‍.

പാലം കടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി. ജിഞ്ചി എന്ന സുന്ദരി ഞങ്ങളെ നോക്കി ചിരിക്കുന്ന പോലെ. വിശാലമായ കൃഷിയിടങ്ങളും നേര്‍ത്ത വര പോലെയുള്ള ഗ്രാമീണ പാതകളും കുന്നകളും തടാകങ്ങളും ഒക്കെയുള്ള സുന്ദര പ്രദേശം. വീണ്ടും മുന്നോട്ട്. മുകളിലെത്തിയതിന്റെ സൂചനകളായി ചില നിര്‍മിതികള്‍. സംഭരണശാല, മീറ്റിംഗ് ഹാള്‍, ട്രഷറി ഹാള്‍, Watch tower, രംഗനാഥ ക്ഷേത്രം, കൂറ്റനൊരു പീരങ്കി തുടങ്ങിയവയാണ് മുകളിലെ പ്രധാന നിര്‍മിതികള്‍.

ഞങ്ങള്‍ വാച്ച് ടവറിലേക്ക് ഓടിക്കയറി. ഇതു വരെയുള്ള പ്രയാസങ്ങളെയെല്ലാം ആവിയാക്കുന്ന ദൃശ്യഭംഗി. താഴെ അഗാധതയില്‍ ഒരു കാന്‍വാസിലെന്ന പോലെ കോട്ട മൈതാനവും കല്ല്യാണ മഹലടക്കമുള്ള നിര്‍മിതികളും. ഇടതുഭാഗത്ത് കല്ലില്‍ തീര്‍ത്ത വിസ്മയമായ കൃഷ്ണഗിരി. വലതു ഭാഗത്ത് ചന്ദ്രഗിരി. രണ്ട് തടാകങ്ങള്‍, ഒരു പെരുമ്പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന കോട്ടമതില്‍. അതിനുമപ്പുറം അനന്തതയിലേക്ക് നീണ്ടു പോകുന്ന തമിഴ് മണ്ണ്…….

താഴെയിറങ്ങി വിജയനഗര നിര്‍മിതിയായ രംഗനാഥ ക്ഷേത്രത്തില്‍ കയറി. പ്രതിഷ്ട ആരോ അടിച്ചു മാറ്റിയിരിക്കുന്നു. ഇനി പടിയിറക്കം…… വീണ്ടും മൈതാനത്തെത്തി. നേരത്തെ കയറാതിരുന്ന സംഭരണ ശാലകള്‍ , ജിംനേഷ്യം, ആനെക്കുളം തുടങ്ങിയവ സന്ദര്‍ശിച്ചു. സമയം ഒരു മണിയായിരിക്കുന്നു. ഞങ്ങളുടെ സ്വന്തം വസന്തഭവനില്‍ പോയി രണ്ട് മണിക്കു മുന്നെ കൃഷ്ണ ഗിരിയുടെ താഴെയെത്തി.

ജിഞ്ചി കോട്ട സമുച്ചയത്തിലെ രണ്ടാമത്തെ കുന്നാണ് കൃഷ്ണഗിരി. എഴുനൂറിലധികം പടികളുണ്ട്. മുകളിലെത്തുന്നത് വരെ Non stop പടികള്‍. നിറഞ്ഞ വയര്‍, ഉച്ച സൂര്യന്‍. വലിയ ആവേശമൊന്നുമില്ലാതെ കയറാന്‍ തുടങ്ങി. മുകളിലെത്തിയതോടെ ഊര്‍ജം തിരിച്ചു കിട്ടി. രണ്ട് സംഭരണ ശാലകള്‍, പടിക്കെട്ടുകളോടു കൂടിയ കിണര്‍, രണ്ട് ക്ഷേത്രങ്ങള്‍ , ഹവാമഹല്‍ എന്നിവയാണ് മുകളിലുള്ളത്.

 

ഹവാമഹലാണ് കൃഷ്ണഗിരിയെ മനോഹരിയാക്കുന്നത്. കരിങ്കല്ലില്‍ തീര്‍ത്ത ഇരുനില മന്ദിരം. ഒരു വിശ്രമകേന്ദ്രം പോലെ തോന്നുന്നു. കരിങ്കല്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന മേല്‍ക്കൂര. മുകളില്‍ ഇന്റോ ഇസ്ലാമിക് ശൈലിയിലുള്ള ഗോപുരം. ഇവിടെയായിരിക്കും രാജാക്കന്മാര്‍ വിശ്രമിച്ചിരുന്നത്. ഇന്നത്തെ രാജാക്കന്മാര്‍ ഞങ്ങളാണ്. കുറെ സമയം അവിടെയിരുന്നു. നനുത്ത കാറ്റ് ജിഞ്ചിയുടെ കഥ പറഞ്ഞ് കൊഞ്ചിക്കുഴയുന്നു. കാറ്റൊന്ന് ചിണുങ്ങിയോ ? അതെ കാറ്റിപ്പോള്‍ പറയുന്നത് മഹാരാജാ ദേശിംഗന്റെ കഥയാണ്. തന്റെ ഇരുപത്തി രണ്ടാം വയസ്സില്‍ കീഴടങ്ങാന്‍ തയ്യാറാവാതെ കോട്ടക്ക് വേണ്ടി നവാബിനോട് യുദ്ധം ചെയ്ത് ജീവത്യാഗം ചെയ്ത ദേശിംഗ രാജനും പ്രിയ കൂട്ടുകാരന്‍ മെഹ്ബൂബ് ഖാനും. ഓരോ കോട്ടക്കുമുണ്ടാകും ഇത്തരത്തില്‍ നൊമ്പരമുണര്‍ത്തുന്ന കഥകള്‍. വിട പറയാന്‍ സമയമായിരിക്കുന്നു. 11 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഈ കോട്ട ഒരിക്കല്‍ കൂടി സന്ദര്‍ശിക്കണം.

ധ്യതിയില്‍ താഴെയിറങ്ങി. സമയം 5.15. ഇന്ന് തന്നെ മഹാബലിപുരത്തെത്തണം. പല്ലവ സ്മരണയുണര്‍ത്തുന്ന മാമല്ലപുരത്തേക്ക് കാര്‍ ഞങ്ങളെയും കൊണ്ട് കുതിച്ചു.
(തുടരും)

COMMENTS

WORDPRESS: 0
DISQUS: 0