ലഡാക്കില്‍ എല്ലായിടത്തും പച്ച നീല വെള്ള ചുകപ്പ് മഞ്ഞ എന്നിങ്ങനെ നിറങ്ങള്‍ ഉള്ള കൊടികള്‍ കാണാം അതില്‍ എഴുതി വെക്കാറുള്ള മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് ഓം മണി പ ദ് മേ ഹും . വാഹനങ്ങളില്‍ വീടുകളില്‍ സ്ഥാപനങ്ങളില്‍ കല്ലുകളില്‍ പിന്നെ പ്രാര്‍ത്ഥന ചക്രങ്ങളില്‍ ഒക്കെ ഈ മന്ത്രം കാണാം . അത് ജപിക്കുമ്പോള്‍ മാത്രമല്ല അത് എഴുതി വച്ച ഇടങ്ങളില്‍ പോലും ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാക്കും എന്നാണ് വിശ്വാസം. ഇത് എഴുതി വെക്കുന്നതും ജപിക്കുന്നതും ഒരുപോലെ പ്രാധാന്യത്തോടെയാണ് ബുദ്ധമതസ്ഥര്‍ കാണുന്നത് .
ആയിരക്കണക്കിന് നാഴിക യാത്ര ചെയ്ത് ലഡാക്കില്‍ എത്തിക്കഴിഞ്ഞിട്ടും അതൊന്നും വിശ്വസിക്കാന്‍ പറ്റാത്ത ഒരു മനസികാവസ്ഥയിലായിരുന്നു. ..നടക്കുന്നതും കാണുന്നതും ഒക്കെ ഒള്ളതാണോ എന്ന് മനസ്സ് വീണ്ടും വീണ്ടും ഉറപ്പുവരുത്തുന്ന ഒരവസ്ഥ. നമ്മളീ നാട്ടില്‍ ഊട്ടി കൊടൈക്കനാല്‍ മൈസൂര്‍ ബാംഗ്ലൂര്‍ അങ്ങനെ യാത്ര ചെയ്തു നടന്നവരല്ലേ ..ആദ്യമായി ഇത്രയും ദൂരെ അതും എത്രയോ പേര് ഊണിലും ഉറക്കത്തിലും ആഗ്രഹിക്കുന്ന ഇടം
വെയില് ചാഞ്ഞു തുടങ്ങിയ ഒരു വൈകുന്നേരം. മലകളാല്‍ ചുറ്റപ്പെട്ട ലെ പട്ടണം . ഒരു സാധാരണ വടക്കേ ഇന്ത്യന്‍ നഗരത്തില്‍ നിന്നും വ്യത്യസ്തമായി ഒന്നും ഇവിടെയും ഇല്ല .നല്ല തണുപ്പൊഴികെ
തിരക്കേറിയ പട്ടണ വഴികള്‍ നിറയെ ടൂറിസ്റ്റ് വണ്ടികള്‍.. ആളുകള്‍ വന്നു നിറയുന്ന ഹോട്ടല്‍ മുറ്റങ്ങള്‍.. നാളത്തെ നുബ്ര പാന്ഗോങ് യാത്രയ്ക്കായി ആളെ കൂട്ടി കൊണ്ടിരിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍.. ആകെ തിരക്കാണ്. അതിലൂടെ ആദ്യമായി ദേശം നോക്കി കാണുന്ന ഞങ്ങള്‍.
വൈകാതെ ഞങ്ങള്‍ ലേയിലെ പുതിയ മാര്‍ക്കറ്റ് പരിസരത്തു എത്തി ചേര്‍ന്നു. മെയിന്‍ റോഡിന്റെ ഒരു വശത്തേക്കാണ് പുതിയ മാര്‍ക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത് നല്ല ഒരു നാലുവരി പാതയുടെ വീതിയുള്ള വഴികള്‍ ഇരു വശവും കെട്ടിടങ്ങള്‍ പല നിലകളില്‍ അവയിലെല്ലാം ലഡാക്കിന്റെ വില്പന വസ്തുക്കള്‍… തുണിത്തരങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍ ഉണക്കിയ പഴങ്ങളും മറ്റും പിന്നെ സുവനീര്‍ ഷോപ്പുകള്‍ അങ്ങനെ ഒരു ടൂറിസ്റ്റ് സ്ഥലത്തു കാണുന്ന തനതു കാഴ്ചകള്‍ തന്നെ . മാര്‍ക്കറ്റ് പാതയെ രണ്ടായി പകുത്തു കൊണ്ട് ഇരിക്കാനുള്ള ബെഞ്ചുകളും മറ്റും ഒരുക്കിയിരിക്കുന്ന വഴിയോരത്തെ ഭക്ഷണ ശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങി അവിടെയിരുന്നു കഴിക്കുന്നവര്‍.. വെറുതെ സൊറ പറഞ്ഞിരിക്കുന്ന കുട്ടികളും ചെറുപ്പക്കാരും പുതിയ കാഴ്ചകള്‍ പഴയ കണ്ണിലൂടെ കാണുന്ന വൃദ്ധര്‍ വെറുതെ കാഴ്ച കണ്ടു നടക്കാന്‍ നല്ല രസം തോന്നി. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടന്നു.
ഒരു ജാക്കറ്റ് വാങ്ങാന്‍ ഉണ്ടായിരുന്നു . ഇവിടന്നു കൊണ്ട് പോയതൊക്കെ ഹിമാലയന്‍ തണുപ്പില്‍ വെറും തുണികളായി അവശേഷിച്ചു . 2000 രൂപക്ക് നല്ലതൊന്നു വാങ്ങി. കോഴിക്കോട് ആണെന്ന് പറഞ്ഞതും കടയിലെ സെയില്സ്മാന് കൂടുതല്‍ കമ്പനിയായി. അവന്റെ കൂട്ടുകാരന് കോഴിക്കോട്ടെ മജ്ലിസ് ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ട്. എനിക്ക് വളരെ അതിശയം തോന്നി. അത്രയും ദൂരെ നിന്നും ഹോട്ടല്‍ ജോലിക്ക് .കുറച്ചു കടുത്തു പോയില്ലേ എന്ന്.. ഇവനെയും കൂട്ടുകാരന് ക്ഷണിക്കുന്നുണ്ട് പോലും കടലാണ് പ്രലോഭനം പിന്നെ മീനും .. ഞാനും പറഞ്ഞു പോരാന്‍.

ഡോള്‍മ ആന്റിയോടൊപ്പം
നല്ല വിശപ്പ് ഹോട്ടലില്‍ അത്താഴം ഉണ്ടെന്നു പറഞ്ഞെങ്കിലും ഞങ്ങള്‍ ഒരു ടിബറ്റന്‍ സ്റ്റൈല്‍ റെസ്റ്റോറന്റില്‍ കയറി. താഷി റെസ്റ്റോറന്റ്. ചെറിയ ഒരു മുറി.നാലു മേശകള്‍. പരിമിതമായ അലങ്കാരങ്ങള്‍ ജുലെ എന്ന് പറഞ്ഞു കയറി ചെന്നപ്പോള്‍ ഒരു അമ്മച്ചി ..യോദ്ധായിലെ ഡോള്‍മ അമ്മായിയെ പോലുണ്ട് .( പിന്നെ ഓരോരുത്തരുടെ പേര് ചോദിച്ചു വന്നപ്പോളല്ലേ നമ്മള് പേര് ചോദിക്കുന്ന മൂന്നാമത്തെയോ നാലാമത്തെയോ പുരുഷന് താഷി ആയിരിക്കും , സ്ത്രീ ഡോള്‍മയും ) കഴിക്കാന്‍ എന്തുണ്ട് എന്ന് ചോദിച്ചു തുക്പ പിന്നെ മാഗി . മാഗി നമ്മുടെ മാഗി തന്നെ. എന്തായാലും ഇ വിടെ തുക്പ ഓര്‍ഡര്‍ ചെയ്തു. നൂഡില്‍സ് ന്റെ കൂടെ പച്ചക്കറികളോ ചിക്കനോ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു തരം സൂപ്പ് ആണ് സാധനം. അതിന്റെ കൂടെ പലതരം ചമ്മന്തിയോ അല്ലെങ്കില്‍ സോസുകളോ ഉണ്ടാകും . അടുക്കളയില്‍ കുക്ക് ഒരു പുരുഷനാണ് അമ്മച്ചിയുടെ അധികാരസ്വരം കേട്ടിട്ടു അത് അവരുടെ ഭര്‍ത്താവ് ആണെന്ന് തോന്നി . തുക്പ കഴിച്ചാല്‍ പിന്നെ മറ്റൊന്നും കഴിക്കേണ്ടതില്ല. എട്ടു മണി കഴിഞ്ഞെങ്കിലും നന്നായി ഇരുട്ടിയിട്ടില്ല കുറച്ചു കൂടി കറങ്ങി നടന്നു തണുപ്പിന്റെ ആക്രമണം അധികരിച്ചപ്പോള്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് നടന്നു.
ലഡാക് എന്ന വാക്ക് ഉണ്ടായത് la +dakh എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നിട്ടാണ് la എന്നാല്‍ ചുരം എന്ന് dakh എന്നാല്‍ ധാരാളം എന്നും അര്‍ഥം അതായത് നിരവധി ചുരങ്ങളുടെ ഇടം എന്ന് പറയാം. പണ്ട് കാലത്തു ആളുകള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക് പോകുമ്പോള്‍ ഓരോ പര്‍വത നിരകള്‍ കടക്കുന്ന ഉയരം കൂടിയ ഇടങ്ങളെയാണ് ചുരം എന്ന് പറയുന്നത്. ഓരോ പര്‍വ്വതനിരകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍.. അപകട കരമായ യാത്രകളാണ് ഓരോ ചുരങ്ങളിലും സഞ്ചാരികളെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ ചുരങ്ങളിലും പ്രാര്‍ത്ഥന മണികള്‍, മന്ത്രങ്ങള്‍ എഴുതിയ കൊടികള്‍ തോരണങ്ങള്‍ എല്ലാം തൂക്കിയിട്ടുണ്ടാവും, മിക്കവാറും എല്ലാ ബുദ്ധ മൊണാ സ്റ്ററികളും വളരെ ഉയരത്തിലാവും പണിയുക.
ഞങ്ങളുടെ ലഡാക്കി സാരഥി പറഞ്ഞത് ദൈവത്തിനെ ഏറ്റവും ഉയരത്തില്‍ വേണ്ടേ സ്ഥാപിക്കാന്‍ എന്നാണ് . നമുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ക്ക് ദൈവത്തിന്റെ ഒരു കൈസഹായം കൂടി തേടുക . ഒന്ന് തീര്‍ത്തു പറയാം അസാധാരണമായ ശ്രദ്ധയും കൂര്‍മ്മതയും വേണം ഹിമാലയത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക്. ഖാര്‍ദുങ് ലാ ആണ് ഏറ്റവും ഉയരം കൂടിയ ചുരം 18380 അടി ഉയരത്തില്‍ . ലോകത്തിലെ ഉയരം കൂടിയ വാഹനം ഓടിക്കാവുന്ന ഇടം എന്ന് കൂടി അതിനു വിശേഷണം കണ്ടു. പക്ഷെ അതൊക്കെ ശരിയാണോ എന്ന് സംശയമുണ്ട്. പിന്നെ ചാങ് ലാ സോജിലാ ഫോട്ടു ലാ , നാമികാ ലാ ഇതൊക്കെയാണ് ഞങ്ങള്‍ വന്ന വഴികളിലെ പാസുകള്‍.
ഭൂമിശാസ്ത്ര പരമായി ചൈന, , പാകിസ്ഥാന് എന്നിവയാണ് ലഡാക്കിന്റെ അതിര്‍ത്തികള്‍. ചൈനീസ് മുഖമാണ് അവിടത്തെ ആളുകള്‍ക്ക്. പിന്നെ നിരവധിയായ ബുദ്ധ സ്തൂപങ്ങളും മൊണാസ്റ്ററി കളും എല്ലാം കൂടി കാണുമ്പോള്‍ ലഡാക് ഇന്ത്യയുടെ ഭാഗമാണെന്നു മറന്നു പോകും ടിബെറ്റോ ഭുട്ടാനോ ഒക്കെ ആണെന്ന് തോന്നും. അതികഠിനമായ കാലാവസ്ഥയും കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ള ഭൂപ്രദേശവും എല്ലാം കൂടി അടുത്ത കാലം വരെ സഞ്ചാരികള്‍ക്ക് എത്തി ചേരാന്‍ ബുദ്ധി മുട്ടുള്ള ഒരിടമാക്കി നിര്‍ത്തിയിരുന്നു ലഡാക്കിനെ . എന്തിനെയും കീഴടക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനെ തടുക്കാന്‍ അതിനൊന്നും കഴിയില്ല എന്ന ലഡാക്കില്‍ എത്തി നില്ക്കുന്ന ഏതൊരു യാത്രികനും മനസിലാകും. കാലാവസ്ഥയുടെ ഭീകരത കാരണം ലഡാക്കികളുടെ തൊലി ഭയങ്കര കട്ടി കൂടിയും പരുപരുത്തും കാണാം പക്ഷെ അവരുടെ ഹൃദയങ്ങള്‍ എത്രയോ തരളമാണെന്ന് അടുത്ത് പെരുമാറുമ്പോള്‍ മനസിലാകും വളരെ സൗമ്യരും സന്തുഷ്ടരുമായ ജനത.പുഞ്ചിരിച്ചു കൊണ്ടല്ലാതെ ഒരു ലഡാക്കിയെയും നമുക്ക് കാണാനാവില്ല . ഭാഗ്യമോ നിര്‍ഭാഗ്യമോ അവര്‍ ജനിച്ചത് ജീവിച്ചു പോകാന്‍ ഇത്രയും ബുദ്ധിമുട്ടുള്ള ഇടം വര്‍ഷത്തിന്റെ പകുതിയും മഞ്ഞു മൂടി കിടക്കുന്ന ഭീകരന്മാരായ പര്‍വത നിരകള്‍ .
മൈനസ് ഇരുപത് വരെ താഴ്ന്ന താപനില.മഞ്ഞുരുകി തുടങ്ങുമ്പോള്‍ വെള്ളം കുത്തിയൊലിച്ചു മലകള്‍ അപ്പാടെ ഇളകി വീഴുന്ന അവസ്ഥ. കൃഷിയും കാലിവളര്‍ത്തലും ആയിരുന്നു ഈ അടുത്ത കാലം വരെ അവരുടെ പ്രധാന ജീവനോപാധി.നല്ല തണുപ്പുള്ള, പതിനായിരത്തിനു മേല്‍ അടി ഉയരത്തില്‍ ജീവിക്കുന്ന പശ്മിന എന്ന പ്രത്യേക ഇനം ആടുകള്‍ അവരുടെ സാമ്പത്തിക നിലയെ വളരെ സ്വാധീനിക്കുന്നു. പശ്മിന ആടുകളുടെ ദേഹത്ത് നിന്നും എടുക്കുന്ന രോമത്തില്‍ നിന്നാണ് പ്രസിദ്ധമായ പശ്മിന കമ്പിളി വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത്.കഴുത്തു വയര്‍ പുറം എന്നിങ്ങനെ ആടിന്റെ വിവിധ ഭാഗത്തു നിന്നുമെടുക്കുന്ന രോമത്തിന്റെ ഗുണം അനുസരിച്ചാണ് പശ്മിന വസ്ത്രങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്നത് എന്നാല്‍ ഇപ്പോള്‍ ടൂറിസവും അവര്‍ക്ക് നല്ല വരുമാനം നേടി കൊടുക്കുന്നു . നമ്മള് ചെന്ന ജൂണ്‍ മാസമാണ് സീസണ് തുടക്കം അപ്പോള്‍ തന്നെ ഹോട്ടലുകളും എല്ലാ ബുക്കിംഗ് കഴിഞ്ഞിരിക്കുന്നു . ജൂണ്‍ ജൂലായ് ആഗസ്ത് സെപ്റ്റംബര്‍ ഇത്രയും മാസങ്ങളാണ് സീസണ്. ഒക്ടോബര്‍ തുടങ്ങുമ്പോള്‍ തണുപ്പും മഞ്ഞും തുടങ്ങുംവഴികള് മഞ്ഞു വീഴ്ച മൂലം അടയും പിന്നെ പ്രകൃതിയുടെ മുഖം മങ്ങി തുടങ്ങും ജോലികള്‍ മാറ്റി വച്ച് അവരൊക്കെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങും ഹോട്ടെലു കളും റിസോര്‍ട്ടുകളും അടച്ചിടും താഴ്വരയില് നിന്നും ജോലികള്‍ക്ക് വന്ന എല്ലാവരും നാടുകളിലേക്ക് മടങ്ങും.

താഷിയും കാറും
നമ്മുടെ ഡ്രൈവര്‍ താഷി അടുത്ത് തന്നെ യുള്ള സ്റ്റോക് ഗ്രാമത്തില്‍ നിന്നും ഉള്ള ആളാണ്.നന്നായി ഹിന്ദി സംസാരിക്കുന്ന തഷിയുമായി ഗ്രാമജീവിതത്തെ പറ്റി നിറയെ സംസാരിച്ചു. സീസണ് കാലത്തു താഷിക്ക് എ പ്പോഴും ജോലി ഉണ്ടാകും വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും ഉണ്ട് . താഷിയുടെ ഭാര്യ തുന്നല്‍ ജോലി ചെയ്തും അല്പം പണം സമ്പാദിക്കുമത്രേ . പക്ഷെ ലഡാക് പോലെ ഒരിടത്തു പുതിയ പുതിയ ഉടുപ്പുകള്‍ തുന്നിക്കുന്നവര് കുറവായിരിക്കും എന്നെന്റെ മനസ് പറഞ്ഞു.എന്തായാലും അവിടെ പുരുഷന്മാര്ക്ക് ഒപ്പം തന്നെ സ്ത്രീകളും എല്ലാ ജോലികളും ചെയ്യുന്നു. ഹോട്ടല്‍ നടത്തിപ്പ് കച്ചവടങ്ങള്‍ അങ്ങനെ എല്ലാം .എന്ത് സമ്പാദിക്കുന്നുവോ അതിന്റെ നല്ലൊരു ഭാഗം മഞ്ഞു കാലത്തേക്ക് വേണ്ടി സംഭരിച്ചു വെക്കുകയും വേണം. കാരണം മഞ്ഞു കാലത്തു കൈയില്‍ പണം ഉണ്ടായിട്ടും കാര്യമില്ല എല്ലാ സാധനങ്ങളും സംഭരിച്ചു വെക്കണം . പച്ചക്കറികലും പഴങ്ങളും ഉണക്കി സൂക്ഷിക്കും . ആട്ട അല്ലെങ്കില്‍ അരി മറ്റു ധാന്യങ്ങള്‍ വിറക് അങ്ങനെ എല്ലാം സൂക്ഷിക്കണം. മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ഗ്രാമീണ ഭവനങ്ങളുടെ ടെറസുകളില്‍ നിറയെ ഉണങ്ങിയ പുല്ല് വൈക്കോല്‍ ചുള്ളിക്കമ്പുകള്‍ എല്ലാം സംഭരിച്ചു വെക്കുംആ സമയത്തു ഉണങ്ങിയ പച്ചക്കറികളും ആട്ട കൊണ്ടുള്ള നൂഡില്‍സ് എല്ലാം കൂടി ചേര്‍ത്തുണ്ടാക്കുന്ന തുക്പ ആണ് അവരുടെ പ്രധാന ഭക്ഷണം. പിന്നെ പച്ചക്കറികള്‍ നിറച്ചു പുഴുങ്ങി എടുക്കുന്ന മോമോസ് എന്ന പലഹാരം. ഞങ്ങള്‍ യാത്രയിലുടനീളം രുചികരങ്ങളായ മോമോസ് നിറയെ കഴിച്ചിരുന്നു.
കുറെ കാലം മുമ്പേ ബൈക്കില്‍ ഹിമാലയത്തില്‍ പോകണമെന്നായിരുന്നു ആശ. പക്ഷെ പല കാരണങ്ങളാല്‍ അത് നടക്കില്ല എന്നത് കൊണ്ടാണ് കാര്‍ യാത്ര തെരഞ്ഞെടുത്തത്. എങ്കിലും ഹിമാലയത്തിലെ ബെക്കര്മാര് ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. പാക്കേജ് ടൂറിനടയിലെ അവധി ദിവസം പക്ഷെ ഞങ്ങള്‍ ബൈക്കില്‍ കറങ്ങുക തന്നെ ചെയ്തു. ലേയില്‍ ബൈക്ക് റെന്റിന് കൊടുക്കുന്ന നിരവധി സ്ഥലങ്ങള്‍ ഉണ്ട് . ഒരു ദിവസത്തേക്ക് ബുള്ളറ്റ് വാടകക്ക് എടുത്തു ആയിരത്തി ഇരുനൂറ് രൂപ. എന്തെങ്കിലും ഒരു ഗ്യാരണ്ടീ കൊടുക്കണം പാന്‍ കാര്‍ഡ് എടിഎം കാര്‍ഡ് അങ്ങനെ എന്തെങ്കിലും ബൈക്കും നൂറു രൂപയുടെ പെട്രോളോട് കൂടി തരും . ബാക്കി നമ്മുടെ ആവശ്യത്തിന് പെട്രോള്‍ അടിച്ചാല്‍ മതി .രാവിലെ എട്ടിന് എടുത്താല്‍ രാത്രി എട്ടിന് തിരിച്ചു കൊടുക്കണം. നമ്മള് ലഡാക്കിലെ ലോക്കല്‍ സ്ഥലങ്ങളിലേക്ക് ബൈക്കില്‍ പോയി ശാന്തി സ്തൂപം. ഷെയ് പാലസ്. സമോ കോട്ട സമോ ഗോമ്പ (ബുദ്ധമത വിഹാരങ്ങള്ക്ക ഗോമ്പ എന്നും പറയും). പിന്നെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലഡാക്കി ഗ്രാമീണ ജീവിതം അടുത്തറിയുക എന്നത് . അതിനു നിമ്മു , ഫെ, ഉംല എന്നിങ്ങനെ മൂന്നു ഗ്രാമങ്ങളില്‍ പോയി.
ലെ എത്തുന്നതിനു ഒരു മുപ്പതു കിലോമീറ്റര്‍ മുമ്പാണ് നിമ്മു എന്ന ഗ്രാമം , അതിനടുത്താണ് സംഗം പോയിന്റ് . അവിടെ റാഫ്റ്റിങിനു വരുന്ന ആളുകള്‍ക്ക് താമസിക്കാനും മറ്റും സൗകര്യം ഉള്ള സ്ഥലം . പ്രധാന റോഡില്‍ നിന്നും ഉള്ളിലേക്ക് കുറെ ദൂരം പോയി.ഗ്രാമീണ വഴികള്‍ ഇരു വശങ്ങളിലും കല്ലുകള്‍ അടുക്കി വച്ച് അതിര്‍ത്തി തിരിച്ച കൃഷിയിടങ്ങള്‍.കൃഷിയിടങ്ങള്‍ക്ക് അതിരിട്ടു ആപ്രികോട് മരങ്ങള്‍ പൂക്കള്‍ പോയി ചെറുതായി കായ് പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇടയ്ക്കിടെ സുന്ദരങ്ങളായ കൊച്ചു ലഡാക്കി ഭവനങ്ങള്‍. മിക്കവയും ഒറ്റ നിലയില്‍ മണ്‍കട്ടകള്‍ അടുക്കി വച്ച് ഉണ്ടാക്കിയവ.എങ്കിലും അങ്ങിങ് ഇരു നില വീടുകളും കണ്ടു.
വിശേഷപ്പെട്ട കൊത്തു പണികളോടെ കൂടിയ ജനല്‍ മാത്രമാണ് ഒരു ആര്‍ഭാടമായി തോന്നിയത് .ഒരു വീടിന്റെ മുറ്റ ത്ത ഒരു സാന്‍ട്രോ കാറും കണ്ടു. വീ ടുകള്‍ക്ക് മുകളിലൊക്കെ മന്ത്രം എഴുതിയ പതാകകള്‍ തൂക്കിയിരിക്കുന്നു. ടെറസില്‍ പുല്ലും വിറകും മറ്റും പിന്നെ വീടിനോടു ചേര്‍ന്ന് തന്നെ കല്ല് മതില് കൊണ്ട് ഒരു മുറി പോലെ ഉണ്ടാക്കിയിരിക്കുന്നു അതില്‍ കന്നുകാലികള്‍ താമസിക്കും . പാടത്തു ചിലരൊക്കെ പണിയെടുക്കുന്നു. ചീര പറിക്കുന്ന ഒരു അമ്മൂമ്മ, ജൂലെ പറഞ്ഞു കേറിചെന്നു. അധികം സംസാരിക്കാന്‍ അമ്മൂമ്മയ്ക്ക് സമയമില്ല ചെറിയ കുശലങ്ങള്‍ക്ക് ശേഷം അവര്‍ ധൃതിയില്‍ തന്റെ ജോലിയിലേക്ക് മടങ്ങി. അവിടെ സാമാന്യം വലിയ ഒരു അരുവിയും കണ്ടു അതിനു കുറുകെ ഒരു പാലവും.അതും കടന്നു ചെല്ലുമ്പോള്‍ ഗ്രാമത്തിന്റെ ഗോമ്പ . എല്ലായിടത്തും ശാന്തതയും നിശബ്ദതയും . ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ കുറെ നേരം കണ്ണടച്ചിരുന്നു. നിശബ്ദത്തില് വെയിലിന്റെ ശബ്ദം കേട്ടിട്ടുണ്ടോ …നിശബ്ദമായ് ഉച്ച നേരങ്ങളില്‍ ശ്രദ്ധിച്ചാല്‍ വെയിലിനും ഒരു ശബ്ദമുണ്ടാകും. കേള്‍ക്കാന്‍ ശ്രമിച്ചു നോക്കൂ നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ദൂരെ. അ വിടെയും നമ്മുടേത് പോലെ കുടുംബങ്ങള്‍ അച്ഛന് ‘അമ്മ കുട്ടികള്‍ സ്കൂള്‍ . അങ്ങനെ ആലോചിക്കുമ്പോള്‍ എല്ലാം ഒന്ന് തന്നെയല്ലേ നമ്മുടെ നാട് അവരുടെ നാട് അങ്ങനെയൊക്കെ ഉണ്ടോ . ഒരു യാത്രക്കാരന് എവിടെ എത്തുന്നുവോ അവിടവുമായി വല്ലാത്ത ഒരു താദാത്മ്യം പ്രാപിക്കുന്നതായി തോന്നുന്നു. തിരിച്ചു ചെല്ലാന്‍ ഒരു വീട് നമ്മെ കാത്തിരിക്കുന്നത് കൊണ്ടാണ് യാത്രകള്‍ക്ക് ഇത്രയും മനോഹാരിത എന്ന് മനസ് തിരുത്തി.
മനസില്ല മനസോടെയാണ് ആ മരച്ചുവട്ടില്‍ നിന്നും എണീറ്റത്. ഒരേ ഒരു കാര്യം ഞങ്ങളുടെ മൊബൈലിന് റേഞ്ച് ഇല്ല …ആരെയും വിളിക്കാന്‍ പറ്റില്ല . ഇരുട്ടുന്നതിന് മുമ്പ് മെയിന്‍ റോഡില്‍ എത്തണം. അടുത്തത് ഉംല എന്ന ഗ്രാമം . പഥാര് സാഹേബ് ഗുരുദ്വാര കഴിഞ്ഞു കുറച്ചു മുന്നോട്ട് പോകുമ്പോള്‍ ഇടത്തേക്ക് തിരിഞ്ഞു ഒരു പത്തു പന്ത്രണ്ടു കിലോമീറ്ററോളം നേര് രേഖയില്‍ വണ്ടി ഓടിക്കാവുന്ന സ്ഥലം. രണ്ടായിരത്തി പത്തിലെ ലഡാക് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു പോയ ഒരു ഗ്രാമമാണ് അത്.അവിടവിടെ തകര്‍ന്ന വീടുകള്‍ പൊളിഞ്ഞ മതിലുകള്‍ പാലങ്ങള്‍. പക്ഷെ അതിനെല്ലാം പകരം ഗ്രാമം തന്നെ പുനര്‍ നിര്‍മിച്ചിരിക്കുന്നു പുതിയ വീടുകളും പാലവും റോഡും എല്ലാം പക്ഷെ എത്ര ഉള്ളിലേക്ക് ചെന്നിട്ടും കുറച്ചു കന്നുകാലികളെ അല്ലാതെ ഒരു മനുഷ്യ ജീവിയെ പോലും കാണുന്നില്ല. ഞങ്ങളാ വഴിയോരത്തു ബൈക്ക് നിര്‍ത്തി നടക്കാന്‍ തുടങ്ങി അവിടെയും ഗ്രാമത്തിന്റെ മുഖം ഒക്കെ ഒന്ന് തന്നെ കൃഷിയിടങ്ങളും അതിനപ്പുറത്തു പര്‍വത നിരകളും. വലിയ ഒരു ബംഗ്ലാവും പരിസരവും കണ്ടു ഗ്രാമത്തിലെ പണക്കാരന്റെ വീടായിരിക്കും . പക്ഷെ ഒന്നും ചോദിക്കാനും പറയാനും
ആരെയും കാണുന്നില്ല. ഒരു ചായക്കട പോലും കാണുന്നില്ല. ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി നമ്മുടെ ചേട്ടന്മാരൊന്നും അറിഞ്ഞില്ലേ വന്നൊരു ചായക്കട തുടങ്ങാന്‍.????
അങ്ങനെ നടന്നു തളര്‍ന്ന് നമ്മള് ഒരു പ്രാര്‍ത്ഥന ചക്രത്തിനരികില്‍ എത്തി അതിന്റെ തറയില്‍ കുറച്ചു നേരം ഇരുന്നു . പിന്നെ ഞാന്‍ പതിയെ ചക്രം തിരിക്കാന്‍ തുടങ്ങി .ഓം മണി പദ് മേ ഹും
കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയുടെ അറ്റത്തു ഒരു ആളനക്കം… ശ്രദ്ധിച്ചപ്പോള്‍ ബ്രൗണ്‍ നിറത്തില്‍ ലഡാക്കി കുപ്പായം ധരിച്ച ഒരു വൃദ്ധന്. മൂപ്പരെ കയ്യില്‍ വലിയ ഒരു വടിയും ചവറു വാരണ്ടിയും ഉണ്ട് പാടത്തു പണി കഴിഞ്ഞുള്ള വരവാണ് ..കണ്ട പാടെജൂലെ എന്നും പറഞ്ഞു .. കുഞ്ഞുങ്ങളെ പോലെ മന്ദഹസിച്ചു കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു സംസാരിക്കാന്‍ തുടങ്ങി ഹിന്ദിയില്‍.പേര് രഞ്ജന്‍ കുട്ടുപ്പ് നമുക്ക് കുട്ടമ്മാവാ എന്ന് വിളിക്കാന്‍ തോന്നുന്ന ഒരു ഓമനത്തം കേരളം എന്നൊന്നും ആശാന് കേട്ടിട്ട് പോലുമില്ല എണ്പത്തിയാറു വയസായത്രേ. ഇപ്പോഴും പാടത്തു പണിയെടുക്കും ജോലി കഴിഞ്ഞു പോകുന്ന വഴിയാണ്. അവിടെ നൂറില്‍ താഴെ ആളുകള്‍ മാത്രമേ ഉള്ളു എന്ന് പറഞ്ഞു. ചക്രം രണ്ടു മൂന്നു തിരി തിരിച്ചിട്ട് അമ്മാവന് പൊയി. ഫോട്ടോക്കും പോസ് ചെയ്തു ഞങ്ങളും ഗ്രാമത്തില്‍ നിന്നും തിരിച്ചു ….
വീണ്ടും ലെ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ….
അടുത്തതായി ഫേയ് എന്ന ഒരു ഗ്രാമം .. വളരെ സുന്ദരമായ രമണീയമായ ഒരു ഗ്രാമം ആണിത്. ഇരു വശങ്ങളിലും വില്ലോ മരങ്ങള്‍ അതിരിട്ടിരിക്കുന്നു. അപ്പുറത്തു കൂടി
സിന്ധുവിന്റെ ഒരു കൈവഴി സൗമ്യമായി ചിരിച്ചു കൊണ്ട് ഒഴുകിപോകുന്നു വഴിയില്‍ നിറയെ നല്ല വാര്‍പ്പ് വീടുകള്‍ മുറ്റത്തു സൈക്കിള്‍ ചവിട്ടുന്ന കുട്ടികള്‍. അവിടെ സൈന്യത്തിന്റെ ഒരു ക്യാമ്പ്കാണുന്നു കൂടാതെ ബ്രോയുടെ എന്തോ സൈറ്റും ഉണ്ട് അവരുടെ താമസ സ്ഥലങ്ങളാണ് ഞങ്ങള്‍ കണ്ട വീടുകള്‍ .ലഡാക്കികള്‍ അല്ലാത്ത കുറെ ആളുകളെ വഴിയിലെല്ലാം കണ്ടു. ഗ്രാമത്തിനു ചുറ്റും പുഴക്കരയിലൂടെ വണ്ടി ഓടിച്ചു ഞങ്ങള്‍ മെയിന്‍ റോഡില്‍ തന്നെ എത്തിച്ചേര്‍ന്നു, അവിടെ ഡോള്‍മ എന്ന ഒരു ചേച്ചിയുടെ ചായക്കട. നല്ല മസാലച്ചായയും ഗുഡെ ബിസ്കറ്റും കഴിച്ചു മുന്നോട്ട് ബൈക് തിരിയെ ഏല്പിക്കാന് ഇനി അര മണിക്കൂര്‍ മാത്രമേയുള്ളു …രാത്രി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ ലെ പട്ടണം ലക്ഷ്യമാക്കി മുന്നോട്ട് …
പകല്‍ മുഴുവനും ഉള്ള യാത്ര നല്ല ക്ഷീണം ഉണ്ടാക്കിയിരിക്കുന്നു . ഹോട്ടലില്‍ ലാവിഷായി ചൂട് വെള്ളം ഉണ്ട്. നല്ല ഒരു കുളി പാസാക്കി. ഹോട്ടല്‍ മറിയുളില് പേരറിയാത്ത ഒരുഗ്രന്‍ കുക്ക് ഉണ്ട്. അയാള്‍ക്ക് മനസ്സില്‍ ഒരു പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഉറങ്ങാന്‍ കിടന്നു.
COMMENTS