മട്ടാഞ്ചേരി.. ഫോര്‍ട്ട് കൊച്ചി.. മലപ്പുറത്തിന്റെ വലിയൊരു ഭാഗം.. മലബാറിന്റെ തീരദേശ മേഖല… ഇവയെല്ലാം ഒരു ഞാണില്‍ കോര്‍ക്കപ്പെടേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവിടങ്ങളിലെ മുസ്ലിം പശ്ചാത്തലമായിരിക്കാം ഒരു പക്ഷേ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. മാപ്പിള സംസ്‌കാരം.., കല.., ഭക്ഷണം.., ധൃതി പിടിച്ചുള്ള സംസാര ശൈലി ഇവയെല്ലാം അതിസൂക്ഷ്മമായി പരിശോധിച്ചാല്‍ തോന്നലുകള്‍ക്ക് ശക്തിയും കുടും.
അടുത്ത് കാലത്ത് ഇറങ്ങിയ മലയാള സിനിമകളും ഇത്തരം തോന്നലുകള്‍ സത്യമാണെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. അങ്ങനെ ഒന്നാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ. സംവിധായകനാണ് നല്ല സിനിമകളിലെ നായകനെന്ന് തെളിയിച്ച സിനിമ. എല്ലാതരം ആളുകള്‍ക്കും ഇഷ്ടപ്പെടുമെങ്കിലും, മലബാറുകാര്‍ക്ക് ഇത് വെറും സിനിമ മാത്രമായിരിക്കില്ല. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അനുഭവം തന്നെയാണ്.
പ്രാവിനെയും മീനിനേയും പൂച്ചയേയും വളര്‍ത്താത്ത ബാല്യം മലബാറിലെ ജനങ്ങള്‍ക്കുണ്ടാവില്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഞാനടക്കമുള്ള മലപ്പുറത്തുകാര്‍.., മലബാറുകാര്‍… അത്തരമൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്.
ഒരു പ്രാവിന്റെ ജീവനറ്റാലോ… പറന്നു പോയാലോ.., രാവിലെ അക്വൊറിയത്തിലെ മീന്‍ ചത്ത് കിടന്നാലോ ഉണ്ടാകുന്ന വേദന എത്രയെന്ന് എനിക്കറിയാം. എന്റെ മുഴുവന്‍ സുഹുത്തുക്കള്‍ക്കും അറിയാം. ഇത്തരം ചെറിയ വലിയ വികാരങ്ങളുടെ വരച്ചുകാട്ടലാണ് പറവ.
സ്വന്തം വീട്ടിലെ അടുക്കളയിലുണ്ടാക്കുന്നതും തീന്‍മേശയില്‍ വിളമ്പുന്നതും കൂട്ടുകാരന് കൂടി അവകാശപ്പെട്ടതാണ്. എന്റെ ഉമ്മയുണ്ടാക്കിയ സ്‌പെഷ്യല്‍ ആഹാരം അയല്‍വക്കകാര്‍ക്ക് കൂടി കഴിക്കാനുള്ളതാണ്. പത്തിരിയോ, ബീഫോ, നെയ്‌ച്ചോറോ എന്തോ ആയിക്കോട്ടെ. ഒരു ചെറിയ പാത്രത്തില്‍ അത് അടുത്ത വീട്ടില്‍ കൊടുത്തയക്കുന്നത് ഏറെ സന്തോഷമുള്ള കാര്യം. ഇത്തരം ചെറിയ എന്നാല്‍ വലിയ സന്തോഷങ്ങള്‍ പറവയില്‍ ചര്‍ച്ചയാകുമ്പോള്‍ എന്റെയും സുഹൃത്തുക്കളുടേയും ജീവിതമല്ലേ ആ വരച്ച് വച്ചിരിക്കുന്നത് എന്ന് തോന്നിപോകുന്നു. തോന്നലല്ല…. പറവ എന്റെകൂടി സിനിമയാണ്. ഷെയ്‌നിലും ഇച്ചാപ്പിയിലും ഹസീബിലും എവിടെയോ പൂര്‍ണ വിരാമമിട്ട് വച്ച എന്റെ കൂടി ബല്യമുണ്ട്…
COMMENTS