സ്‌കോട്ടിഷ് പട്ടണമായ ഗ്ലാസ്‌ഗോയില്‍ ഒരു വസന്തകാലത്തിന്റെ അവസാനം. വെസ്റ്റ് ഒഫ് സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടായ ഹാമില്‍ട്ടണ്‍ ക്രസന്റില്‍ വേനലില്‍ കൊഴിഞ്ഞ ഇലകള്‍ പതിഞ്ഞ് കിടപ്പുണ്ട്. ഇലകളുടെ അസ്ഥികൂടങ്ങളാല്‍ മണ്ണ് പുതച്ച് കിടക്കുകയാണ്. തണുപ്പ്കാലത്തിന്റെ തുടക്കം. നേരിയ മഞ്ഞ് വീഴ്ച. മണ്ണ് നന്നായി നനഞ്ഞിരിക്കുന്നു. വെള്ള കുപ്പായമിട്ട ഒരുകൂട്ടം ആളുകള്‍ നനഞ്ഞമണ്ണില്‍ ഒരുഭാഗത്ത് കൂട്ടമായി നില്‍ക്കുന്നു. എതിര്‍വശത്ത് കടും നീല കുപ്പായമിട്ട മറ്റൊരു കൂട്ടം. 4000 വരുന്ന ജനക്കൂട്ടം അവര്‍ക്ക് ചുറ്റുമുണ്ട്. കൂടിനിന്നവരുടെ ചുണ്ടുകള്‍ ഊതിവിട്ട സിഗരറ്റ്പുക അന്തരീക്ഷത്തില്‍ ഗതികിട്ടാതെ അലയുകയാണ്. ആള്‍ക്കൂട്ടത്തിന് നടുക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള ഒരു തുകല്‍പന്തുണ്ട് അവരുടെ കാല്‍കീഴില്‍. അതൊരു കാല്‍പ്പന്തുകളി മാമാങ്കമാണ്.
രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന ആദ്യത്തെ ഫുട്‌ബോള്‍ മത്സരം. കടുംനീലയില്‍ സ്‌കോട്ട്‌ലന്‍ഡും തൂവെള്ള നിറത്തില്‍ ഇംഗ്ലണ്ടും. ഇരു ടീമുകളും ഗോളൊന്നും നേടാതെ മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ അതൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. ഡി സ്റ്റാഫാനോ, പെലെ, മറഡോണ, ജോര്‍ജ് ബെസ്റ്റ്, റൊണാള്‍ഡീഞ്ഞോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി… എണ്ണിയാല്‍ ഒടുങ്ങാത്ത കാല്‍പ്പന്തുകളിയുടെ കലാകാരന്മാരെ ലോകത്തിന് പരിചയപ്പെടുത്തിയ കായികോത്സവത്തിന്റെ തുടക്കം. 1872 നവംബര്‍ 30നായിരുന്നു അത്. ഇന്നലെ, നവംബര്‍ 30ന് 145 വര്‍ഷം പൂര്‍ത്തിയായി ചരിത്രത്തിന്.
കാണികള്‍ സ്‌കോട്ടിഷ് കറന്‍സിയായ ഒരു ഷില്ലിങ് നല്‍കണമായിരുന്നു മത്സരം കാണാന്‍. സ്‌കോട്ടിഷ് ക്ലബ് ക്വീന്‍സ് പാര്‍ക്ക് എഫ്‌സിയുടെ താരങ്ങളാണ് സ്‌കോട്ട്‌ലന്‍ഡിനായി കളിച്ചത്. അന്ന് ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ കീഴില്‍ തന്നെയാണ് അവര്‍ ലീഗ് കളിച്ചിരുന്നത്. രാജ്യത്തെ ഒമ്പത് ക്ലബില്‍ നിന്നുള്ള താരങ്ങളാണ് അന്ന് ഇംഗ്ലിഷ് ടീമിന് ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇംഗ്ലിഷ് ടീമിലെ എട്ട് പേരും മുന്നേറ്റക്കാര്‍. ഒരു ഗോള്‍ കീപ്പര്‍, രണ്ട് പ്രതിരോധ താരങ്ങള്‍. സ്‌കോട്ടിഷ് നിരയില്‍ ആറ് പേരും കളിച്ചത് മുന്നേറ്റത്തിലാണ്. നാല് പേര്‍ പ്രതിരോധത്തിലും ഒരാള്‍ ബാറിന് കീഴിലും.
എവിടെയാണ് കാല്‍പ്പന്തുകളിയുടെ ഉറവിടം എന്നത് ചര്‍ച്ച ചെയ്താല്‍ തീരാത്ത വിഷയമാണ്. ചൈനയിലെ ഹാന്‍ രാജവംശത്തിന്റെ ഭരണകാലത്ത്…, ഇംഗ്ലണ്ട് ഹെന്റി നാലാമന് കീഴില്‍ ഭരിക്കപ്പെടുമ്പോള്‍…, പുരാതന ഗ്രീസിലെ എപ്പിസ്‌കിറോസ് (പന്തുകൊണ്ടുള്ള ഒരുതാരം കായികവിനോദം)… പലരുടേയും വിശ്വാസം പലതാണ്. വ്യക്തമായ ഉത്തരം നല്‍കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ലോകം മുഴുവന്‍ ഒരു തുകല്‍പ്പന്തിനെ പിന്നാലെ സഞ്ചരിക്കുമ്പോള്‍ ഇത്തരം ചരിത്രങ്ങളിലേക്കൊന്നും ആരും ചികഞ്ഞ് നോക്കാറുമില്ല.
ആദ്യ അന്താരാഷ്ട്ര മത്സരം സ്‌കോട്ട്‌ലന്‍ഡില്‍ അരങ്ങേറിയിട്ടും സ്‌കോട്ട്‌ലന്‍ഡിന് ഫുട്‌ബോള്‍ ഭൂപടത്തിന് വ്യക്തമായ അടുയാളമൊന്നുമില്ല. ഇന്ന് ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എവര്‍ട്ടണ്‍, ആസ്റ്റണ്‍ വില്ല തുടങ്ങിയ ടീമുകള്‍ 1870കളില്‍ രൂപം കൊണ്ടതാണ്. പിന്നീടങ്ങോട്ട് മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ടോട്ടന്‍ഹാം എന്നിങ്ങനെ നീണ്ടു നിര. എന്നാല്‍, സ്‌കോട്ട്‌ലന്‍ഡ് എന്തുകൊണ്ട് ഇങ്ങനെയൊരു നിലയിലേക്ക് വളര്‍ന്നില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം ആദ്യ ഫുട്‌ബോള്‍ മാച്ചിന്റെ 150ാം വാര്‍ഷികമാണ് വരുന്നത്. ഗ്ലാസ്‌ഗോയേയും സ്‌കോട്ട്‌ലന്‍ഡിനേയും ഫുട്‌ബോള്‍ ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമയം.
കാലം കടന്നു. ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കാര്‍ ഉപയോഗിച്ചത് മഞ്ഞിനെ അതിജീവിക്കാന്‍ ഉപയോഗിച്ചിരുന്ന ബൂട്ടായിരുന്നു. കാല്‍മുട്ടോളം ഉയരമുള്ള ഷൂസുകള്‍. ഷോര്‍ട്‌സിന് പകരം നീളന്‍ പാന്റുകള്‍. ഇന്ന് കാണുന്ന കൃത്യം വൃത്താകൃതിയിലുള്ള പന്തില്ല. ഇരുമ്പ് പോസ്റ്റുകള്‍ക്ക് ചുറ്റും വലയില്ല. ഇന്ന് ഒരു കായികവിനോദം എന്നതിലുപരി ഫുട്‌ബോള്‍ ഒരു പ്രൊഫഷനാണ്. താരങ്ങളുടെ സ്ഥാനം ആരാധകരുടെ മനസില്‍ ദൈവത്തിനും മുകളിലാണ്. കാല്‍പന്തുകളി അതിര്‍ത്തി കടന്നു. ലോകത്തിന്റെ ഏതൊരു മൂലയിലും ഒരു തുകല്‍പന്തുണ്ട്. ലോകത്തെ ഒരു ചങ്ങല പോലെ ബന്ധിപ്പിക്കുന്ന ഒരു തുകല്‍പന്ത്.
COMMENTS