ഏറെ നാളായി പൊന്നാനിയും പരിസരവും ഒന്ന് കണ്ട് തീര്‍ക്കണമെന്ന് വിചാരിച്ചിട്ട് (കണ്ട് തീര്‍ക്കുകയല്ല, അനുഭവിച്ച് തീര്‍ക്കുക). കിസ്മത്ത് കണ്ടതോടെ വീണ്ടും ആഗ്രഹം മുളപൊട്ടി. അതിനിടയിലാണ് ഔദ്യോഗിക ജോലിയുടെ ഭാഗമായി പൊന്നാനിയില്‍ പോകേണ്ടി വന്നത്. ഞാനും സുഹൃത്ത് അസീസുമാണ് യാത്രയിലുണ്ടായിരുന്നത്. പൊന്നാനിയുടെ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ലക്ഷ്യം. നെയപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ പോലെ പൊന്നാനിയും കാണാം ഫോട്ടോയും പിടിക്കാം.
ഒമ്പത് മണിക്ക് ചങ്കുവട്ടിയില്‍ എത്താമോ? തലേന്ന് രാത്രി അസീസ് വിളിച്ചു എത്താമെന്ന് ഞാന്‍ വാക്കും കൊടുത്തു. രാവിലെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ഒമ്പത് മണി കഴിഞ്ഞിരിന്നു. ഞാന്‍ അവിടെ എത്തിയപ്പോഴേക്കും മൂന്ന് നാല് പ്രാവശ്യം ഗെയിം ഓവര്‍ ആയെങ്കിലും വിട്ട് കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് മൊബൈലിലേക്ക് തല താഴ്ത്തിയിരിക്കുകയാണ് അസീസ്. യാത്ര തുടങ്ങിയപ്പോള്‍ ഏകദേശം പത്ത് മണി ആയിരുന്നു.
ഇടക്ക് മറ്റു ചില സ്ഥലങ്ങള്‍ കൂടി കയറിയിറങ്ങി പൊന്നാനിയില്‍ എത്തിയപ്പോള്‍ 12 കഴിഞ്ഞിരുന്നു. അങ്ങിനെ മലബാറിന്റെ മക്കയിലേക്ക്. ‘കൂട്ടുകൃഷി’ ക്ക് വിത്തിട്ട ഇടശ്ശേരിയും ഉറൂബും ജീവിച്ച നാട്. കേരളത്തിലെ ആദ്യ ചരിത്ര കൃതിയായി അറിയപ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹദീന്‍ (പോരാളികള്‍ക്കുള്ള സമ്മാനം) പിറന്ന നാട് … പൊന്നാനിയുടെ കിസ്സ പറഞ്ഞാല്‍ ഒരിക്കലും തീരില്ല
പ്രാചീനകേരളത്തിലെ പ്രമുഖ തുറമുഖമായ തീണ്ടീസ് പൊന്നാനിയാണെന്ന് പറയപ്പെടുന്നു. മൂസരീസ് കൊടുങ്ങല്ലൂരും. പൊന്നാനിക്ക് ആ പേര് വന്നതിന് പിന്നില്‍ നിരവധി കഥകള്‍ കേള്‍ക്കുന്നുണ്ട്. കേരളത്തില്‍ ആദ്യം പൊന്‍ നാണയം പ്രചരിപ്പിച്ച പട്ടണം, ആഴ് വഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് ക്ഷേത്രത്തിലേക്ക് പൊന്‍ ആനകളെ സമര്‍പ്പിച്ചത്, പൊന്നന് എന്ന രാജാവ് ഭരിച്ച നാട്, നിള നദി അറബിക്കടലില്‍ ലയിക്കുമ്പോള്‍ പൊന്‍ വര്ണമാകുന്ന കാഴ്ച അങ്ങനെ നിരവധി കഥകള്‍ കേള്‍ക്കുന്നു. എങ്ങിനെയാണെങ്കിലും മഹത്തായ സംസ്കാരവും പൈതൃകവും പറയാനുള്ള നാടാണ് പൊന്നാനി. ഇവിടുത്തെ കാഴ്ചകള്‍ കണ്ട് തീര്‍ക്കാന്‍ ഒരു ദിവസം തികയില്ല.
കിസ്മത്ത് സിനിമയിലെ ടൈറ്റില്‍ സോങില്‍ കാണുന്നത് പോലെ കളര്‍ഫുള്ളാണ് പൊന്നാനിയുടെ ജീവിതവും. ഓരോ തെരുവിന് ഇവിടെ ഒരായിരം കഥകള്‍ പറയാനുണ്ട്. അറബികളുമായും വിദേശികളുമായും കച്ചവടം ചെയ്ത കഥകള്‍. സുന്ദരമായ കഴിഞ്ഞ കാലത്തിന്റെ തീരാത്ത കഥകള്‍ പറയുന്നതാണ് പൊന്നാനിയുടെ ഓരോ കെട്ടിടങ്ങളും. 23.32 ച. കിമീറ്റര്‍ വിസ്തൃതിയിലുള്ള പൊന്നാനി നഗരസഭയില്‍ 86 പള്ളികളുണ്ട്.
ആദ്യം എത്തിയത് വെളിയങ്കോട് ജുമാ മസ്ജിദില്‍. പൊന്നാനിയും വെളിയങ്കോടും തമ്മില്‍ ആറ് കിലോമീറ്റര്‍ ദൂരത്തിന്റെ വ്യത്യാസമാണുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വീറുറ്റ അധ്യായം രചിച്ച ഉമര്‍ഖാദിയുടെ ഖബറിടം സ്ഥിതി ചെയ്യുന്നത് വെളിയങ്കോട്ടാണ്. അവിടെ നില്കുമ്പോഴാണ് പൊന്നാനിയില്‍ പെട്ടെന്ന് എത്തണമെന്നാവശ്യപ്പെട്ട് വിളി വരുന്നത്. പള്ളി ഭാരവാഹികള്‍ ഞങ്ങളെ കാത്ത് നില്‍ക്കുകയാണ്.
പള്ളിയുടെ ഗേറ്റില്‍ തന്നെ ഞങ്ങളെ കാത്തിരിക്കുകയാണ് അവര്‍. അഞ്ച് നൂറ്റാണ്ടിലധികം പഴക്കമുള്ള പൊന്നാനി പള്ളിയുടെ പടിപ്പുരയും കാണേണ്ട കാഴ്ച തന്നെയാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഒരു പടിപ്പുര ഒഴിച്ച് ബാക്കിയെല്ലാം പുതുക്കി പണിത് ‘സൗന്ദ്യരം’ കൂട്ടിയിരിക്കുന്നു. നിരവധി പണ്ഡിതന്മാര്ക്ക് ജന്മനം നല്കിയ സ്ഥലം. ബ്രിട്ടീഷുകാരെ വിറപ്പിച്ച മലബാറിന്റെ പോരാളികള്‍ക്ക് ആവേശം നല്കിയ ഇടം. അങ്ങനെ ഒരുപാട് ചരിത്രം കഥപറയുന്ന കാഴ്ചയിലേക്കാണ് കാലെടുത്ത് വെച്ചത്.
വെള്ളിയാഴ്ചയും വല്ല്യപെരുന്നാളും ഒപ്പം വന്നിട്ടും പള്ളിയില്‍ പോകാത്തവരാണെങ്കിലും
പൊന്നാനി പള്ളി ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കണം. മൂന്ന് നിലകളോട് കൂടി തലയുയര്‍ത്തി നില്ക്കുന്ന പള്ളി, മരത്തിലാണ് തറ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മിതി ഇന്നും നമുക്ക് അത്ഭുതമാണ്. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും പ്രത്യേക അനുഭവം ഈ പള്ളി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. പള്ളിയോട് ചേര്‍ന്ന് ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ നിരവധി രചനകളും ലൈബ്രറിയിലുണ്ട്.
പള്ളിയുടെ അകത്ത് ഒരു തൂക്ക് വിളക്കുണ്ട്. മഗ് രിബ് നമസ്കാരത്തിന് ശേഷം ഇത് കത്തിക്കും. ഇതിന് സമീപത്തിരുന്ന് പള്ളി ദര്‍സിലെ വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. പ്രഭാത നമസ്കാരത്തിന്റെ സമയത്താണ് വിളക്ക് അണക്കാറുള്ളത്. പള്ളിയുടെ സമീപത്ത് തന്നെയാണ് മഊനത്തുല്‍ ഇസ്ലാം സഭയും സ്ഥിതി ചെയ്യുന്നത്. പൊന്നാനിയുടെ വിദ്യാഭ്യാസ വിപ്ലവത്തില്‍ വലിയ മാറ്റം വരുത്തുന്നതില്‍ ഏറെ പങ്ക് വഹിച്ച സ്ഥാപനമാണിത്. 1908 ല്‍ സ്ഥാപിതമായ സഭയുടെ കീഴില്‍ കോളേജ്, സ്കൂള്‍, അനാഥ- അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇസ് ലാമിലേക്ക് കടന്ന് വരുന്നവര്‍ക്ക് അറിവ് നല്‍കുക എന്ന ലക്ഷ്യവും സഭ നിര്‍വഹിക്കുന്നുണ്ട്.
പള്ളികുളത്തിന്റെ ഫോട്ടോ എടുക്കുന്ന സമയത്താണ് ഹനീന ഹോട്ടല്‍ ഞങ്ങളുടെ കണ്ണിലുടക്കിയത്. മാല്‍പ്പൊരി, പഴം പൊരി, ഉള്ളിവട, പരിപ്പുവട അങ്ങനെ എല്ലാ മലബാര്‍ ഐറ്റംസും ചില്ലലമാരയിലിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നു. ഫോട്ടോ എടുക്കല്‍ പെട്ടെന്ന് അവസാനിപ്പിച്ച് കടയില്‍ കയറി. ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധനെ പോലെ എല്ലാം രണ്ട് പ്ലേറ്റ് വീതം പോരട്ടെയന്ന് അസീസിന്റെ വക ഓര്‍ഡര്‍. കടയുടമയായ ഖാദര്‍ക്കയുടെ മുഹബ്ബത്ത് കൂടിയായപ്പോള്‍ ചായക്കും കടിക്കും ഡബ്ള്‍ രുചി.
ചായ കുടിച്ച് നേരെ ബീയ്യം കായലിന്റെ കാഴ്ചകളിലേക്ക്. മനോഹരമാണ് കായലിന്റെ തീരവും കാഴ്ചയും. അടുത്ത ലക്ഷ്യം പൊന്നാനി അഴിമുഖമാണ്. മലയാളത്തിന്റെ പൈതൃകം പേറുന്ന നിളയും, പൊന്നാനി – തിരൂര്‍ പുഴയും കടലിനോട് ചേരുന്നത് ഇവിടെയാണ്. അഴിമുഖത്തേക്കുള്ള യാത്രയില്‍ കണ്ണിലുടക്കുന്ന മറ്റൊരു കാഴ്ചയാണ് കോടതി. ബ്രിട്ടീഷുകാരുടെ നിര്‍മിതിയാണിത്. പൊന്നാനി വിദ്യാഭ്യാസ ഓഫീസ് അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനോട് ചേര്‍ന്നാണ് സബ് ജയിലും.
ഇതുവഴി പോകുമ്പോള്‍ കാണേണ്ട മറ്റൊരു കാഴ്ച കൂടിയുണ്ട്. പൊന്നാനിയുടെ പൈതൃകം പേറുന്ന പാണ്ടികശാല. പഴയ പൊന്നാനിത്തുറമുഖത്തിന്റെ ശേഷിപ്പാണിത്. ഗുജറാത്തി വ്യാപാരികളായ സേഠുമാര്‍ അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണിത്. ആല്‍മരത്തിന്റെ വേരുകള്‍ ഇറങ്ങി പ്രേതാലയം പോലെ അത്ഭുതമായി ശേഷിക്കുന്നു ഇന്നീ ബില്‍ഡിങ്. പുതിയ തുറമുഖം വരുന്നതോടെ ഈ ബില്‍ഡിങ് ചരിത്രമാവും. വലിയ കണ്ടെയ്നറുകള്‍ക്ക് കടന്ന് വരാന്‍ പാകത്തില്‍ വഴികള്‍ വികസിപ്പിക്കും. ഒരു സംസ്കാരത്തിന്റെ ശേഷിപ്പ് കൂടെ ഇതോടെ ചരിത്രമാവും. പാണ്ടികശാല മാത്രമല്ല. പൊന്നാനിയിലെ പല പഴയ കെട്ടിടങ്ങളും ചരിത്രമാവും.
അഴിമുഖത്ത് നിന്നും അക്കരെ പടിഞ്ഞാറേക്കര ബീച്ചിലേക്ക് ബോട്ട് സര്‍വീസുണ്ട്. 10 രൂപയാണ് ചാര്‍ജ്. പടിഞ്ഞാറേക്കര ബീച്ചും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുക. സംസ്ഥാനത്തെ തന്നെ മികച്ച ബീച്ചുകളിലൊന്നാണിത്. കാറ്റാടി മരങ്ങള്‍ക്കിടയിലൂടെയുള്ള അസ്തമയം ബീച്ചിന്റെ മനോഹരമായ കാഴ്ചകളിലൊന്നാണ്.
പടിഞ്ഞാറേക്കര ബീച്ചിലെ അസ്തമയം കണ്ട്ഞങ്ങള്‍ തിരികെ യാത്രക്കൊരുങ്ങി. കപ്പലണ്ടിയും കൊറിച്ച് ഞങ്ങള്‍ ബോട്ട് കയറി. നേരെ ബൈക്കില്‍ മലപ്പുറത്തേക്ക്
*** പൊന്നാനിയോട് ചേര്‍ന്ന് സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് ചമ്രവട്ടം പാലം, സ്നേഹതീരം പാര്‍ക്ക്. ചരിത്രം കഥപറയുന്ന മാമാങ്കം സ്മാരകങ്ങള്‍. നിള തീരത്തിലൂടെയുള്ള യാത്ര. കുറ്റിപ്പുറം എന്നിവ ****
COMMENTS