ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലേക്ക് നടത്തിയ യാത്രയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ വായിക്കാം
സിറ്റി ഓഫ് ജോയ് (കൊല്‍ക്കത്തയില്‍)
കൊല്‍ക്കത്തയിലാണ് ഇന്നത്തെ ദിവസം. (കൊല്‍ക്കത്തയില്‍ എത്തിപെട്ടതിനെ കുറിച്ച് ഇവിടെ എഴുതിയിരുന്നു). മഴ വിട്ടിട്ടില്ല, നേരത്തെ പറഞ്ഞത് പോലെ മഴയുള്ള ദിവസം കൊല്‍ക്കത്തയില്‍ നടക്കാനിറങ്ങുകയെന്നത് സാഹസമാണ്. ഹൗറ ബസ് സ്റ്റേഷനില്‍ നിന്നൊരു കാലിയടിച്ചാട്ട് നടത്തം തുടങ്ങിയത്. മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയൊരു കപ്പിലാണ് ചായ ലഭിക്കുന്നത്. അഞ്ച് രൂപയ്ക്ക് നല്ല അടിപൊളി ചായ. തുടക്കം എന്തായാലും ഗംഭീരമായി..
ഹൗറ!
ഷെഡ്യൂള്‍ പ്രകാരം ഒരു ദിവസം മാത്രമാണ് കൊല്‍ക്കത്തയിലുള്ളത്. പക്ഷെ, ഒരു ദിവസം കൊണ്ട് കാണുന്നത് പോയിട്ട് മനസ്സില്‍ ആലോചിക്കാന്‍ പോലുമാകാതത്ര വിശാലമാണീ നഗരം. കൊല്‍ക്കത്ത ജില്ലയ്ക്ക് പുറത്താണെങ്കിലും ഹൗറ കൂടി ഉള്‍പെടുന്നതാണ് കൊല്‍ക്കത്ത മഹാനഗരം. ഗംഗയുടെ കൈവഴിയായ ഹുഗ്ലി നദിയുടെ കിഴക്ക് തീരത്താണ് കൊല്‍ക്കത്ത കോര്‍പറേഷന്‍. ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്നത് രബീന്ദ്രസേതുവെന്ന ഹൗറ പാലമാണ്. (1943ല്‍ പണി പൂര്‍ത്തിയായ പാലത്തിന് 1965ലാണ് രബീന്ദ്ര സേതുവെന്ന് നാമകരണം ചെയ്തത്). വ്യവസായങ്ങള്‍ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഹൗറയിലാണ്. 650 മീറ്ററാണ് ഈ ഉരുക്കുപാലത്തിന്റെ നീളം. കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. അറിയണമെന്നുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. howrahbridgekolkata.nic.in. (സന്ദര്‍ശിക്കാം എന്നല്ല, നിര്‍ബന്ധമായും സന്ദര്‍ശിക്കണം). പാലത്തില്‍ ഫോട്ടോയെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളെല്ലാം ചിത്രം പകര്‍ത്തുന്നുണ്ട്. ചെറിയൊരു ലൈവ് ഷഹബാസിന്റെ വക ഉണ്ടാവുകയും ചെയ്തിരുന്നു. അതിനിടയില്‍ നടന്ന് പോകുന്ന ആരോ പറഞ്ഞ സമയത്താണ് ചിത്രം പകര്‍ത്തുന്നതിന് നിരോധനമുണ്ടെന്നത് ശ്രദ്ധയില്‍പെട്ടത്.
വരുന്ന ബസിന്റെ ബോഡുകള്‍ വായിക്കാന്‍ ശ്രമിച്ച്‌കൊണ്ടിരുന്നെങ്കിലും നടന്നില്ല. ചോറ് തിന്നണത് കൊണ്ട് തന്നെ ബംഗാളി ഞങ്ങള്‍ക്ക് അറിയില്ലല്ലോ (ഹരിശ്രീ അശോകന്‍.jpg). ബസില്‍ സാള്‍ട് ലൈക്ക് എന്നൊക്കെ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. രാവിലെ പറ്റിയ അക്കിടി പറ്റാതിരിക്കാന്‍ ചോദിച്ച് കയറാന്‍ തന്നെ തീരുമാനിച്ചു. അരമണിക്കൂറിന് ശേഷമാണ് നമ്മുടെ ബസ് വന്നത്. നഗരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കൊല്‍ക്കത്തയിലെ ബസ് യാത്ര സഹായിക്കും. പഴയ കെട്ടിടങ്ങള്‍ക്കിടയിലൂടെയാണ് യാത്ര. പൊതു ടാപ്പില്‍ നിന്നും കുളിക്കുന്നവര്‍, അലക്കുന്നവര്‍ റോഡരികില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍, ഇതൊന്നും ശ്രദ്ധിക്കാതെ ഉറങ്ങുന്നവര്‍.
സാള്‍ട്ട്‌ലൈക്കില്‍
സാള്‍ട്ട് ലൈക്ക് റെസിഡന്‍ഷ്യല്‍ ഏരിയ ആണ്. പൊതുവെ വൃത്തിയുള്ളൊരു സ്ഥലം. മെച്ചപ്പെട്ട ജീവിതം നയിക്കുന്നവര്‍. ഒരു പക്ഷെ, മിഡില്‍ ക്ലാസിന് മുകളിലുള്ളവരാവണം്. ബസിറങ്ങി 15 മിനിറ്റോളം നടക്കണം സ്‌റ്റേഡിയത്തിലേക്ക്. കൗമാര ലോകകപ്പിന് വേണ്ടിയുള്ള ഒരുക്കം തന്നെ സ്‌റ്റേഡിയത്തെ സുന്ദരി ആക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നിന്നും ഒരു വ്യത്യാസം കൂടെ സ്‌റ്റേഡിയത്തിലുണ്ട്. (ഇവിടെ മാത്രമല്ല, ബംഗളൂരുവിലും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലും അങ്ങനെ തന്നെ). കടമുറികളുണ്ടാക്കി വാടക കൊടുത്ത് വരുമാനമുണ്ടാക്കുന്ന ഏര്‍പ്പാട് ഇല്ലെന്ന് തോന്നുന്നു. ഒരു ഹോട്ടലും യൂത്ത് ഹോസ്റ്റലും ഒന്നു രണ്ട് സര്‍ക്കാര്‍ ഓഫീസുകളും സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലമെല്ലാം വിവിധ കായിക അസോസിയേഷനുകളുടെ ഓഫീസായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
കൊല്‍ക്കത്ത വരെ വന്ന സ്ഥിതിക്ക് നമ്മുടെ കളിക്കാരെ കൂടെ കണ്ടിട്ട് പോകാമെന്ന് റിയാസ് പറഞ്ഞു. ബംഗാളി പത്രം റിപ്പോര്‍ട്ട് ചെയ്തത് പോലെ വീണ്ടുമൊരു വിജയനും അഞ്ചേരിയും തിമിര്‍ത്താടുന്ന സമയാമണ് കൊല്‍ക്കത്തയില്‍. ജോബിയെ വിളിച്ച് താമസസ്ഥലത്തിന്റെ ലൊക്കേഷന്‍ വാങ്ങി ഊബര്‍ വിളിച്ചു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ നിലവിലെ ഗോള്‍കീപര്‍ രഹനേഷ്, ജാക്കി ചാന്‍ സിങ് തുടങ്ങി നിരവധി അന്താരാഷ്ട്ര താരങ്ങള്‍ താമസിച്ച മുറിയിലാണ് ജോബി ജസ്റ്റിന്‍, മിര്‍ഷാദ്, വിപി സുഹൈര്‍, സികെ ഉബൈദ് എന്നിവരുടെ താമസം. ( ജോബി ഐ ലീഗിലെ ആദ്യ ഗോള്‍ നേടിയ സമയത്താണ് ഇതെഴുതുന്നത് ) ഒരിടവേളയ്ക്ക ശേഷം മലയാളികള്‍ ഏറ്റവും കൂടുതലായി കൊല്‍ക്കത്തയില്‍ പന്ത് തട്ടാനിറങ്ങയി സമയം കൂടിയാണിപ്പോള്‍. (താരങ്ങളെ കണ്ടതും സംസാരിച്ചതുമെല്ലാം റിയാസിന്റെ ബൈലൈനില്‍ അടുത്ത ദിവസത്തെ പത്രത്തിലുണ്ടായിരുന്നു.കൂടുതല്‍ വിവരം ദാ ഇവിടെയുണ്ട്, https://goo.gl/qrtemy ആവശ്യക്കാര്‍ വായിച്ചാല്‍ മതിയല്ലോ)
പന്ത് കളിയുടെ തറവാട്ടില്‍
നേരത്തെ പറഞ്ഞത് പോലെ പന്ത് കളിയാണ് കൊല്‍ക്കതയുടെ മതം, കാറ്റ് നിറച്ച തുകല്‍പന്താണ് അവരുടെ ദൈവം. ലോകത്തെ തന്നെ മൂന്ന് പഴക്കം ചെന്ന ഫുട്‌ബോള്‍ ക്ലബ്ബ് കൊണ്ടും നൂറ്റാണ്ട് പഴക്കമുള്ള ലീഗ് ടൂര്‍ണമെന്റ് കൊണ്ടും അനുഗ്രഹീതമാണീ നാട്. അപ്പൊ പിന്നെ മോഹന്‍ബഗാനും, ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സുമൊക്കെ കാണാതെ പോകുന്നതെങ്ങനെ. നേരെ ഊബര്‍ വിളിച്ചു ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിലേക്ക്. അതിനടുത്ത് തന്നെയാണ് മോഹന്‍ബഗാനും മുഹമ്മദന്‍സുമെല്ലാമുള്ളത്. തൊട്ടടുത്ത് മറ്റു ചെറിയ ക്ലബ്ബുകളുമുണ്ട്. മുഹമ്മദന്‍സിന്റെ ആരാധകനാണ് കാര്‍ ഡ്രൈവര്‍. അത്യാവശ്യം ദൂരം യാത്ര ചെയ്യാനുണ്ട്. ഈസ്റ്റ് ബംഗാളിന്റെ കവാടത്തില്‍ എത്തിയപ്പോള്‍ തന്നെ ഇരുട്ട് പരന്ന് തുടങ്ങിയിട്ടുണ്ട്. മഞ്ഞയും ചുവപ്പും ചായം പൂശിയ ഗാലറിയില്‍ ഇരുന്ന് അല്‍പ്പ സമയം ഗ്രൗണ്ടില്‍ നോക്കിയിരുന്ന് പോയി. സമയം വൈകിയിട്ടുണ്ട്. വിക്ടോറിയ മ്യൂസിയത്തില്‍ കയറാന്‍ കഴിയുമോയെന്നറിയില്ല. എന്തായാലും പോയി നോക്കാം. നിര്‍ഭാഗ്യവശാല്‍ അകത്തേക്ക് കയറാന്‍ സാധിച്ചില്ല. സമയം വൈകിയത് തന്നെ കാരണം. എന്നിരുന്നാലും നിരാശയില്ല. നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യമായതിനാല്‍ തന്നെ കൊല്‍ക്കത്ത കാണണമെന്ന വാശിയുണ്ടായിരുന്നില്ല. ഇവിടേക്ക് എപ്പോഴും വരാമല്ലോ.
ഹോട്ടലിന്റെ അടുത്തൊരു ബാറുണ്ട്. റൂമിലിരുന്നാല്‍ അവിടുത്തെ കാഴ്ചയെല്ലാം രസകരമായി കാണാം. നമ്മുടെ നാട്ടിലേത് പോലുള്ള അലമ്പൊന്നും അവിടെ ഇല്ലെന്ന് തോന്നുന്നു. പാട്ടും ഡാന്‍സുമെല്ലാം റൂമിലിരുന്നാല്‍ തന്നെ ആസ്വദിക്കാം. വല്ല്യ താല്‍പര്യമൊന്നുമില്ലാത്തതിനാല്‍ ഞങ്ങള്‍ കിടന്നു. രാവിലെ ആറിനായിരുന്നു ട്രെയന്‍ ഉണ്ടായിരുന്നത്. അത് ഒമ്പത് മണിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന മെസേജ് വന്നു. മൂന്ന് പേര്‍ക്ക് തത്കാല്‍ എടുത്തതില്‍ ഒരാളുടേത് മാത്രം കണ്‍ഫേം ആയി. ബാക്കിയുള്ളത് വെയ്റ്റിങ് ഒന്നും രണ്ടും. ടിടി യെ കണ്ടാല്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നേരത്തെ എടുത്ത സിറ്റിങ് സീറ്റ് കാന്‍സല്‍ ചെയ്തു. അത് പക്ഷെ, പണിയായി.
ഒമ്പത് മണിക്കാണെന്ന് പറഞ്ഞിരന്നെങ്കിലും വീണ്ടും ട്രെയ്ന്‍ ട്രാക്കില്‍ ഇട്ടിട്ടില്ലായിരുന്നു. രണ്ട് പേര്‍ക്ക് ജനറല്‍ ടിക്കറ്റെടുക്കണം, ടിടിഇ യെ കണ്ട് അപ്‌ഗ്രേഡ് ചെയ്യാം അതായിരുന്നു മനസ്സില്‍. ജനറല്‍ ടിക്കറ്റിന് വരി നില്‍ക്കാന്‍ പോലും തോന്നിയില്ല. അത്രയും വലിയ ക്യൂ. എന്ത് ചെയ്യും.. ആദ്യം കണ്ട ടിടിഇ യോട് കാര്യം അന്വേഷിച്ചു. നമ്മുടെ ഹിന്ദി കേട്ടതും മൂപ്പര്‍ തിരിച്ച് ചോദിച്ചു. എന്ത് വേണം. ആവശ്യം പറഞ്ഞു. ഒരു കാര്യം ചെയ്യു. ജനറല്‍ ടിക്കറ്റിന് പകരം ഫൈനിട്ടതായി ഞാന്‍ എഴതി നല്‍കാം. നിങ്ങള്‍ ട്രെയ്‌നിലെ ടിടിഇ യെ കണ്ട് സീറ്റ് ഒപ്പിക്കാന്‍ നോക്കു. തമിഴ്‌നാട് സ്വദേശിയാണ് ടിടിഇ. സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം ലഭിച്ചപ്പോള്‍ കൊല്‍ക്കത്തയിലാണ് ലഭിച്ചത്. അങ്ങനെ ചെറിയൊരു ഫൈനടച്ച് ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
11 മണിയോടടുത്ത സമയത്താണ് ട്രെയന്‍ വരുന്നത്. ട്രെയ്‌നില്‍ കയറുന്നതിന് മുമ്പ് തന്നെ ടിടിയെ പോയി കണ്ടു. രണ്ട് സീറ്റ്, അറിയാവുന്ന ഭാഷയിലൊക്കെ പറഞ്ഞ് നോക്കി. മൂപ്പര്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണോ അതോ സത്യം പറഞ്ഞതാണോ എന്നറിയില്ല. സീറ്റ് തരാന്‍ ഒരു നിലക്കും കഴിയില്ല. വണ്ടിയില്‍ സീറ്റില്ല. എന്ത് ചെയ്യും… അവസാനം മൂന്ന് പേരും ഒരു തീരുമാനത്തിലെത്തി. കിട്ടിയ സീറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്യാം. ട്രെയ്ന്‍ കയറിപ്പോള്‍ സമാന സ്ഥിതിയിലുള്ള മറ്റൊരു ചെറു സംഘത്തെയും കണ്ടു. അവര്‍ മിസോറാമില്‍ നിന്നുള്ളവരാണ്. ഹോമിയോ കോളേജ് വിദ്യാര്‍ഥിനികള്‍, സൈന്യത്തില്‍ ജോലി ചെയ്യുന്നവര്‍, ബിസിനസ് ചെയ്യുന്നവര്‍ അങ്ങനെയൊരു ചെറുസംഘം. കൊല്‍ക്കത്തയില്‍ നിന്നും ഐസ്വാളിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവസാന നിമിഷത്തില്‍ വിമാനം റദ്ദാക്കി. പിന്നെ ട്രെയ്ന്‍ തന്നെ ശരണം. വിമാനത്തിലല്ലാതെ ഐസ്വാളിലേക്കുള്ള യാത്ര കഠിനമാണ്. ഗുവാഹത്തി വരെ ട്രെയ്‌നും അവിടെ നിന്നും റോഡ് മാര്‍ഗവും വേണം ഐസ്വാളിലെത്താന്‍. ഒരു മണിക്കൂറിന്റെ ദൂരം റോഡ് മാര്‍ഗമാണെങ്കില്‍ രണ്ടു ദിവസത്തിനടുത്തെടുക്കും. ട്രെയ്ന്‍ വൈകുകയും കൂടെ ചെയ്താല്‍ പിന്നെയും വൈകും. ഞങ്ങളുടെ ട്രെയ്ന്‍ തന്നെ പത്ത് മണിക്കൂറിനടുത്താണ് വൈകിയത്.
മഞ്ചേരി മുതല്‍ മഞ്ചസ്റ്റര്‍ വരെ
ബുക്ക് ചെയ്ത സീറ്റും അടുത്തുള്ള മറ്റു സീറ്റുകളിലുമായി ഞങ്ങളിങ്ങനെ അഡ്ജസ്റ്റ് ചെയ്ത് പോയി. രണ്ട് സ്‌റ്റേഷന്‍ കഴിഞപ്പോള്‍ ഒരു സംഘം ചെറുപ്പക്കാര്‍ കയറി. ഞങ്ങളിരുന്ന സീറ്റും അവര്‍ കയ്യടക്കി (അവരുടെ സീറ്റ് ഞങ്ങള്‍ കയ്യടക്കിയതായിരുന്നു, അതവര്‍ തിരിച്ചെടുത്തു) പന്ത് കളിക്കാന്‍ പോകുകയാണവര്‍. 15 പേരുണ്ട്. കൊല്‍ക്കത്തയില്‍ നിന്നും അഞ്ഞൂറിലധികം കിലോമീറ്റര്‍ അകലെയുള്ള സിലിഗുരിയിലാണ് യാത്ര. പന്ത്കളിയെന്ന വികാരം അവരെയും ഞങ്ങളെയും എളുപ്പത്തില്‍ സുഹൃത്തുക്കളാക്കി. പിന്നെ ചര്‍ച്ച ഫുട്‌ബോളിലേക്കായി. നയന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് പോകുന്നത്. നമ്മുടെ നാട്ടിലെ സെവന്‍സ് പോലെ നയന്‍സ് ടൂര്‍ണമെന്റുകള്‍ കൊല്‍ക്കത്തയില്‍ ധാരാളമായി നടക്കാറുണ്ടത്രെ.
കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ കളിക്കാര്‍ക്ക് ഏറെ ഇഷ്ടം. ഐ.എം വിജയനെയും ജോപോള്‍ അഞ്ചേരിയേയും അനസ് എടത്തൊടികയെയും കുറിച്ച് ചോദിച്ചറിഞ്ഞു. ഈസ്റ്റ് ബംഗാളിന് വേണ്ടി ഇപ്പോള്‍ കളിക്കുന്ന വി.പി സുഹൈറിനെയും ജോബി ജസ്റ്റിനെയും പോലും ഇവര്‍ക്ക് നന്നായറിയാം. കൂട്ടത്തിലുള്ള ഐവറികോസ്റ്റുകാരന്‍ ബണ്ടിക്കും ഒരുപാട് പറയാനുണ്ടായിരുന്നു കേരളത്തെക്കുറിച്ച്. മലപ്പുറത്തെപ്പറ്റി പറഞ്ഞപ്പോള്‍ ബണ്ടി ഒരുവേള എന്തോ ആലോചിച്ചു. പിന്നെ മുഹമ്മദന്‍സ് മഞ്ചേരി പയ്യനാട്ട് ഫെഡറേഷന്‍ കപ്പ് കളിച്ചത് ഓര്‍ത്തെടുത്തു. ആ സമയത്ത് ക്ലബ്ബില്‍ ജോയിന്‍ ചെയ്‌തേ ഉള്ളൂവെന്നതിനാല്‍ ഇറങ്ങാനായില്ല. തന്റെ അടുത്ത സുഹൃത്തുക്കള്‍ മലപ്പുറത്ത് വിവിധ ക്ലബ്ബുകള്‍ക്കായി സെവന്‍സ് കളിക്കുന്നുണ്ടെന്നും ബണ്ടി പറഞ്ഞു.
ചര്‍ച്ച ഫുട്ബാളാണെന്ന് മനസ്സിലായപ്പോള്‍ മിസോറാംകാരായ വിദ്യാര്‍ഥിനികളും കൂടി. ഐലീഗില്‍ അദ്ഭുതം സൃഷ്ടിച്ച ഐസോള്‍ എഫ്.സിയുടെ നാട്ടുകാരാണെന്ന് തങ്ങളെന്ന് പരിചയപ്പെടുത്തി. കൊല്‍ക്കത്തയില്‍ ഹോമിയോ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികള്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ഓരോ ചലനങ്ങളെ കുറിച്ചുമുള്ള കൃത്യമായ വിവരം ഇവര്‍ക്കുണ്ട്. മിസോറാമുകാരുടെ ജീവിതം തന്നെ പന്ത് കളിയാണ്. ഐസോളിന്റെ കളിയുള്ള ദിവസം അവിടെ ഹര്‍ത്താല്‍ പ്രതീതി ആയിരിക്കുമത്രെ. എല്ലാവരും കളി കാണാനായെത്തും. ടിക്കറ്റ് ലഭിക്കാനായി മണിക്കൂറുകള്‍ വരി നില്‍ക്കണം. പന്ത് കളി വെറുമൊരു വിനോദമല്ലെന്നും രക്തത്തില്‍ അലിഞ്ഞ വികാരമാണെന്നും ഇവര്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലും മലയാളി താരങ്ങളുണ്ടല്ലോയെന്ന് പറഞ്ഞ വിദ്യാര്‍ഥിനികളോട് രഹ്നേഷിന്റെ ഹക്കുവിന്റെയും പേര് പറഞ്ഞപ്പോള്‍ അതേയെന്ന് തലയാട്ടി.
കളിക്കാരോട് സൗഹദത്തിലായതിനാല്‍ അവരുടെ സീറ്റും ഞങ്ങളുടെ സീറ്റുമെല്ലാം പങ്ക് വച്ചാണ് യാത്ര. കിട്ടിയ സീറ്റില്‍ ചെറുതായൊരു ഉറക്കവും. സിലിഗുരിയില്‍ നിന്നും കളിക്കാര്‍ ഇറങ്ങിയതോടെ ധാരാളം സീറ്റ് ഒഴിഞ്ഞ് കിട്ടി. കിട്ടിയ സീറ്റില്‍ ചാടികയറി ഞങ്ങള്‍ ഉറക്കവും തുടങ്ങി. പുലര്‍ച്ച നാല് മണിയോടുടത്ത സമയം ഏതോ ഒരു സ്‌റ്റേഷനില്‍ നിന്നും ഞങ്ങളെ വീണ്ടും കുടിയിറക്കി. പിന്നെ മൂന്ന് പേരും ഒരൊറ്റ സീറ്റില്‍ അടിച്ച് പൊളിച്ച് കിടന്നു. പുലര്‍ച്ചെ വീണ്ടും ടിടിഇ യുടെ ശല്യം. ഫൈന്‍ ലഭിച്ച ടിക്കറ്റ് കാണിച്ചതും അവര്‍ അവിടെ നിന്നും പോയി. ഉടല് നിറയെ കൈകളുള്ള സുബദ്രയെപോലെയാണ് മൂന്ന് പേരും കൂടെ ഒരു സീറ്റില്‍ കിടക്കുന്നത്. രാവിലെ ആറ് മണിയോടെ ഗുവാഹത്തിയില്‍ എത്തേണ്ട ട്രെയ്ന്‍ എത്തിയത് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഞങ്ങളുടെ കണക്ക് കൂട്ടല്‍ എല്ലാം തെറ്റിച്ചെങ്കിലും ട്രെയന്‍ യാത്ര ഞങ്ങള്‍ നന്നായി ആസ്വദിച്ചു.
ഗുവാഹത്തി സ്റ്റേഷന് പുറത്തുള്ള കാന്റീനിലായിരുന്നു ഉച്ചഭക്ഷണം. കാന്റീനില്‍ നിന്നും കേട്ട മലയാളം അന്വേഷിച്ച ഞങ്ങള്‍ കണ്ടത് തൃശൂര്‍ സ്വദേശി. പട്ടാളക്കാരനാണ്, നാട്ടില്‍ പോവാന്‍ വേണ്ടി നില്‍ക്കുകയാണ്. നിരവധി മലയാളികള്‍ ഗുവാഹത്തിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനോട് ചേര്‍ന്ന് തന്നെ പട്ടാള ക്യാംപ് ഉണ്ട്. അവിടെയും ധാരാളം മലയാളികള്‍ ഉണ്ടത്രെ. കാശ്മീരം, യുവതുര്‍ക്കി തുടങ്ങിയ സുരേഷ് ഗോപി സിനിമകള്‍ പോലെ നഗരം ആസാം റൈഫിള്‍സിന്റെ കയ്യില്‍ ആണ്. ആദ്യമായി കാണുമ്പോള്‍ വല്ല യുദ്ധ ഭൂമിയിലും പെട്ട പ്രതീതിതിയിലാവും നമ്മളുണ്ടാവുക. ഷില്ലോങാണ് ലക്ഷ്യം. ഖനാപാറയില്‍ നിന്നും ഷില്ലോങിലേക്കുള്ള ഷെയര്‍ ടാക്‌സി കിട്ടും. റെയില്‍വെ സ്‌റ്റേഷനോട് ചേര്‍ന്ന പല്‍ത്താന്‍ ബസാറിലും കിട്ടുമെങ്കിലും കൂടുതല്‍ വാഹനങ്ങള്‍ ഖനാപാറയിലാണുണ്ടാവുക. 10 രൂപ നല്‍കി നേരെ ഖനാപാറയിലേക്ക്.
ഖനാപാറയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഷയര്‍ ടാക്‌സികള്‍ ലഭിക്കും. തവാങില്‍ പോകേണ്ടവര്‍ക്കും ഇവിടെ നിന്നാണ് ടാക്‌സി ലഭിക്കുക. ഒരാള്‍ക്ക് മൂന്നൂറ് രൂപയാണ് ടാക്‌സി ചാര്‍ജ്. സുമോയാ പോലുള്ള വലിയ വണ്ടികളാണെങ്കില്‍ ഒരാള്‍ക്ക് 150-200 രൂപയ്ക്ക് യാത്ര ചെയ്യാം. ചെറിയ വാഹനമാണെങ്കില്‍ 300 മുതല്‍ 350 വരെ ആവും. ഞങ്ങള്‍ മൂന്ന് പേരും കയറിയതും ചേട്ടന്‍ പുറപ്പെട്ടു. (ചെറുപ്പക്കാരനാണ്, ചേട്ടന്‍ എന്ന് പറയാന്‍ മാത്രം പ്രായമുണ്ടെന്ന് തോന്നുന്നില്ല). ഖനാപാറയില്‍ നിന്നും 90 കിലോമീറ്ററുണ്ട് ഷില്ലോങിലേക്ക്. ഏതാണ്ട് മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്. നല്ല റോഡ്, അതിനനുസരിച്ച് സ്പീഡില്‍ വാഹനം പോകുന്നുണ്ട്. ഇടക്ക് ഒരു കടയില്‍ നിര്‍ത്തി നമ്മുടെ ഡ്രൈവര്‍. ഇരുന്ന ഇരുപ്പില്‍ നിന്നും മോചിതനാവാന്‍ ഞങ്ങളും ഒന്നും പുറത്തിറങ്ങി. തണുപ്പ് പരന്ന് തുടങ്ങുന്നു. മേഘാലയയിലെ കടകള്‍ക്കെല്ലാം ഒരു പ്രത്യേക രൂപമാണ്. മരം കൊണ്ടുണ്ടാക്കിയ ചുമരുകളാണ് വീടുകള്‍ക്കും കടകള്‍ക്കും ഉപയോഗിക്കുന്നത്. കോട്ടക്കുന്നിലേത് പോലെ പലതരം വസ്തുക്കള്‍ അച്ചാറിട്ടതും ഫ്രൂട്ട്‌സുമുണ്ട് കടയില്‍. കട നടത്തുന്നതെല്ലാം സ്ത്രീകളാണ്. പുരുഷന്‍മാര്‍ പൊതുവെ മറ്റു ജോലികളാണ് തെരഞ്ഞെടുക്കുന്നതെന്ന് തോന്നുന്നു.
ഷില്ലോങ്ങില്‍
എട്ട് മണിയോടെ ഞങ്ങള്‍ ഷില്ലോങിലെത്തി. പോലീസ് ബസാറാണ് ഷില്ലോങിലെ പ്രധാന ടൗണ്‍. അടുത്ത് തന്നെ യൂത്ത് ഹോസ്റ്റലുണ്ട്. നേരെ അവിടെ പോയി. നെഹ്‌റു യുവകേന്ദ്രയുടെ പരിപാടി നടക്കുന്നതിനാല്‍ റൂം ഒഴിവില്ല. പടച്ചോനെ വീണ്ടും പെടുമോ.. എന്ന ചിന്തയില്‍ നില്‍ക്കുമ്പോള്‍ അരബിന്ദാസ്രമത്തില്‍ പോവാന്‍ ജീവനക്കാരന്‍ പറഞ്ഞു. റൂം ലഭിച്ചില്ലെങ്കിലും നമ്മുടെ ചേട്ടന്റെ സ്വഭാവം അടിപൊളി. റോഡില്‍ കിടന്നാലും വേണ്ടില്ല. (മേഘാലയയില്‍ പൊതുവെ നിഷ്‌കളങ്കരും സ്‌നേഹമുള്ളവരുമാണ്). 10 മിനിറ്റ് ദൂരമുണ്ട് യൂത്ത് ഹോസ്റ്റലില്‍ നിന്നും അരബിന്ദാസ്രമത്തിലേക്ക്. തപ്പി പിടിച്ച് നേരെ അവിടെയെത്തി. ഗെയ്റ്റ് കടന്നതും രണ്ട് മണല്‍ ചാക്കിനപ്പുറത്ത് നിന്നും ഹിന്ദിയില്‍, എവിടെ പോകുന്നു. ? സ്ഥാപനത്തിന് കാവലിരിക്കുന്ന ബിഎസ്എഫുകാരാണ്. ആവശ്യം പറഞ്ഞു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞതും കക്ഷിക്ക് കൂടുതല്‍ താത്പര്യം. റൂം എടുത്ത് തരാനായി കിടന്നുറങ്ങുകയായിരുന്നു ജീവനക്കാരെ വിളിച്ചുണര്‍ത്തി. പക്ഷെ, എന്ത് ചെയ്യാന്‍ ഓഫീസ് സമയത്ത് തന്നെ വരണമത്രെ. കഴിയുന്ന രീതിയില്‍ നമ്മുടെ ബിഎസ്എഫ്കാരന്‍ സഹായിക്കാന്‍ ശ്രമിച്ചു. കൂടെ ജോലി ചെയ്യുന്ന മലയാളിയോടുള്ള ഇഷ്ടമാണ് അദ്ദേഹം ഞങ്ങളോടും പ്രകടിപ്പിക്കുന്നത്. തിരുവനന്തപുരത്തുകാരനാണ് കൂടെയുള്ളത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ അദ്ദേഹം നാട്ടില്‍ പോയതാണ്. റൂം ലഭിക്കില്ലെന്നുറപ്പായപ്പോള്‍ അടുത്ത വഴിയും അവര്‍ പറഞ്ഞു തന്നു. പോലീസ് ബസാറില്‍ ഒരു എല്‍ഗിന്‍ ഹോട്ടലുണ്ട്. ചുരുങ്ങിയ ചെലവില്‍ നല്ല താമസം. ഞങ്ങള്‍ ടാക്‌സിയില്‍ കയറുന്നത് വരെ അദ്ദേഹം കൂടെയുണ്ടായിരുന്നു.
മൂന്ന് പേര്‍ക്ക് 200 രൂപ വയ്ച്ച് അറുന്നൂറ് രൂപയ്ക്ക് റൂമെടുത്തു. ലഗേജെല്ലാം റൂമില്‍ വച്ച് പോലീസ് ബസാര്‍ കാണാനിറങ്ങി. ചെറിയ തിരക്കുണ്ട്. തെരുവ് കച്ചവടക്കാരെല്ലാം സാധനങ്ങള്‍ പായ്ക്ക് ചെയ്യുകയാണ്. രാത്രി ഭക്ഷണം മേഘാലയന്‍ സ്റ്റൈല്‍ തന്നെ ആവാമെന്ന് കരുതി. ഗ്രില്ലില്‍ ചുട്ടെടുത്ത ചിക്കന്‍ പീസ്, നല്ല ചുവപ്പ് കളറാണ് ചിക്കന്. കളര്‍ വല്ലതും ചേര്‍ക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും ടേസ്റ്റ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു. തണുത്ത കാറ്റും ചുട്ട കോഴിയും. നല്ല ഒന്നാന്തരം കോമ്പിനേഷന്‍. കുറച്ച് ഫ്രൂട്ട്‌സ് കൂടെ വാങ്ങി റൂമില്‍ പോയി. രാവിലെ ഏഴ് മണിക്കെങ്കിലും ഇറങ്ങണം, എന്നാലേ ദൗക്കിയും ചിറാപൂഞ്ചിയും കാണാനൊക്കു.
* എഴുതി വന്നപ്പോള്‍ അല്‍പ്പം കൂടി പോയി. ക്ഷമിക്കണം.. ബാക്കി നമുക്ക് പിന്നെ പറയാം.
COMMENTS