‘പവലിയനിലെ’ ഓര്‍മചിത്രങ്ങള്‍

‘പവലിയനിലെ’ ഓര്‍മചിത്രങ്ങള്‍

മലപ്പുറത്തുകാരുടെ ഹൃദയം ഫുട്‌ബോളുപോലെയാണെന്നാണ് പറയുന്നത്. പന്ത്കളി രക്തത്തില്‍ അലിഞ്ഞ ജനതയാണ് മലപ്പുറത്തുള്ളത്. ഫുട്‌ബോളില്‍ മാത്രമല്ല എല്ലാ കായികവിനോദത്തിലും തനതായ സ്ഥാനം നിലനിര്‍ത്തുന്നവരാണ് ജില്ലയിലുള്ളവര്‍. കായിക മേഖലയില്‍ രാജ്യത്തിന്റെ അഭിമാനങ്ങളായി നിരവധി മലപ്പുറത്തുക്കാരുണ്ട്. കായികതാരങ്ങളുടെ ചിത്രങ്ങളുള്ള സാധാരണ ബോര്‍ഡുകളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ കാണാതെ മലപ്പുറത്തുകൂടി വഴി നടക്കാനാവില്ല. റോഡരികിലായാലും കാറിലായിലും ഓട്ടോയിലായാലും ബൈക്കിലായാലും വിവിധ സ്ഥാപനങ്ങളിലായാലും എതെങ്കിലും ഒരു കായികതാരത്തിന്റെ ചിത്രമെങ്കിലും കാണും. സ്‌പോര്‍ട്‌സ് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ പരസ്യമായല്ല ഇതൊന്നും. സ്‌പോര്‍ട്‌സിനോടുള്ള ആരാധനയാണിതിനു കാരണം.

ഇങ്ങനെ വിവിധ സംഭവങ്ങള്‍ക്കിടയില്‍ മലപ്പുറത്തെ ഒരു റസ്റ്റോറന്റില്‍ കായികതാരങ്ങളുടെ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത് ശ്രദ്ധേയമാണ്. മലപ്പുറം കുന്നുമ്മലിലെ ‘കിളിയമണ്ണില്‍ പ്ലാസ’യില്‍ പ്രവര്‍ത്തിക്കുന്ന ‘പവലിയനി’ല്‍ എത്തിയാല്‍ കായിക പ്രേമികളുടെ മനസ്സ് നിറയും. അത്രയ്ക്കുണ്ട് ചിത്രങ്ങള്‍. ഏതെങ്കിലും ഒരു സ്‌പോര്‍ട്‌സ് ക്ലബില്‍ പതിച്ചിരിക്കുന്നതു പോലുള്ള വെറും ചിത്രങ്ങളല്ലയിത്. ഭിത്തിനിറയെയുള്ള കായികതാരങ്ങളുടെ ചിത്രങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് സമ്മാനിക്കുന്നത്. മൈതാനങ്ങളില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച ഒരുപാടു പേരുടെ കുതിപ്പുകള്‍ ഇവിടെ കാണാം. മലപ്പുറത്തെ മികച്ച വെജിറ്റേറിയന്‍ ഭക്ഷണശാലകളിലൊന്ന് കൂടിയാണിത്.

ഫുട്‌ബോള്‍ ഇതിഹാസം പെലെ മുതല്‍ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പെരുമ ഉയരങ്ങളിലെത്തിച്ച ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടി വരെ. അത്‌ലറ്റിക് രംഗത്ത് ഇന്ത്യയുടെ എക്കാലത്തെയും പേരായ പി.ടി ഉഷ മുതല്‍ ലോകചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് വരെ. എക്കാലത്തെയും മികച്ചതാരമായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന സര്‍ ഡോണ്‍ ബ്രാഡ്മാന്‍ മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ. പോള്‍വാള്‍ട്ടില്‍ ചരിത്രം കുറിച്ച സെര്‍ജി ബുബ്ക, ബാസ്‌ക്കറ്റ് ബോള്‍താരം മൈക്കല്‍ ജോര്‍ദാന്‍ തുടങ്ങിയവര്‍ നടത്തിയ മുന്നേറ്റങ്ങള്‍ മറക്കാനാവില്ല. ഇവരുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍ കായികപ്രേമികളുടെ മനം കവരും. കാറോട്ടത്തിനിടെ അപകടത്തില്‍പ്പെട്ടു മരിച്ച പ്രിയതാരം അയര്‍ട്ടന്‍ സെന, പ്രശസ്ത ഫുട്‌ബോള്‍താരം ജോര്‍ജ് ബെസ്റ്റ്, ഡീഗോ മറഡോണ, ടെന്നീസ് താരങ്ങളായ ബോറിസ്‌ബെക്കര്‍, പീറ്റ്‌സാംപ്രസ് എന്നിവരുടെ ചിത്രങ്ങളും ആകര്‍ഷകമാണ്. ഇവയോടൊപ്പം കളിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളുടെ നേര്‍ചിത്രങ്ങളും പവലിയനിലുണ്ട്. ക്രിക്കറ്റില്‍ എതിരാളികളെ കളിയാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഓസ്‌ട്രേലിയക്കാര്‍. അവരുടെ ഫാസ്റ്റ് ബൗളറായിരുന്ന ഡെന്നീസ് ലില്ലിയുടെ നാവിന്റെ ചൂടറിഞ്ഞ എതിരാളികള്‍ പലരാണ്. 1981- ലെ പെര്‍ത്ത് ടെസ്റ്റിനിടെ ലില്ലി, റണ്ണിനായി ഓടിയ പാക് താരം മിയാന്‍ദാദിനെ ബോധപൂര്‍വം തടസപ്പെടുത്തുകയും വാക്കുകള്‍ കൊണ്ടു കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു കുപിതനായി മിയാന്‍ദാദ് ബാറ്റ് ചുഴറ്റി തല്ലാന്‍ ഓടിവന്നത് കായികലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. അമ്പയര്‍ ടോണിക്രാഫ്ടര്‍ ഇടയില്‍ കയറിനിന്നാണ് അപകടം ഒഴിവാക്കിയത്. മിയാന്‍ദാദിനെയും ഡെന്നീസ് ലില്ലിയെയും ഓര്‍ക്കുമ്പോള്‍ ഈ സംഭവമാണ് ഓര്‍മ വരിക.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലറുകളില്‍ ഒന്നായ ഇംഗ്ലണ്ടിലെ നാസ്റ്റ് വെസ്റ്റ് ഫൈനലില്‍ മാറിടം കാണിച്ച് അലറിയ സൗരവ് ഗാംഗുലിയുടെ ചിത്രവും ഇവിടെ കാണാം. മറ്റൊന്നു ഫുട്‌ബോളിലാണ്. ഫ്രഞ്ച്താരം സിനദിന്‍ സിദാന്‍ ഇറ്റലിയുടെ മറ്റരാസിയെ തലകൊണ്ടിടിച്ചു വീഴ്ത്തുന്ന പടമാണ്. 2006 ലോകകപ്പില്‍ ഫ്രാന്‍സും ഇറ്റലിയുമായി നടന്ന ഫൈനലിലായിരുന്നു ഇത്. മറ്റരാസി സിദാനോടു മോശമായി പെരുമാറിയതിനാണ് സിദാന്‍ ആക്രമിച്ചത്. ഫുട്‌ബോളിനു പേരുദോഷമുണ്ടാക്കിയ സംഭവമായിതുമാറി. ഇങ്ങനെ ഓരോ ചിത്രവും ഓരോ കഥ പറയുന്നു. ചിത്രങ്ങള്‍ക്കിടയില്‍ സച്ചിന്റെ ചെറുപ്രായവുമുണ്ട്. അസ്‌റുദീന്റെ കൂടെ ഇറങ്ങിവരുന്ന സച്ചിന്റെ കുട്ടിക്കാലം ആരും നോക്കിനിന്നു പോകും. ടെന്നീസിലെ പ്രസിദ്ധ കളിക്കാരായ ബോറിസ് ബെക്കര്‍, പീറ്റ്‌സാംപ്രസ്, ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം, ബോക്‌സിംഗ് താരം മുഹമ്മദലി എന്നിവരുടെ ചിത്രവും ആവേശം പകരും. ഇതിനോടൊപ്പം ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്കുകളുടെ ചാരുതയും തെളിഞ്ഞുകാണാം. ഇവയ്ക്കിടയില്‍ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചിത്രവുമുണ്ട്. 1950 കളില്‍ മലപ്പുറത്തു നിറഞ്ഞുനിന്ന മൊയ്തീന്‍ റബര്‍ എസ്റ്റേറ്റ് ഫുട്‌ബോള്‍ ക്ലബി (എംആര്‍ഇ)ന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കാണുമ്പോള്‍ ഓര്‍മകള്‍ ഒരുപാട് പിറകോട്ടു പോകും. മാമ്മന്‍മാപ്പിള ട്രോഫി, ചാക്കോളാസ് ട്രോഫി എന്നി ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമായിരുന്നു എംആര്‍ഇ. ഇങ്ങനെ ഒരുപാട് ചിത്രങ്ങളാണ് റസ്റ്റോറന്റില്‍ പതിച്ചിരിക്കുന്നത്. പവലിയന്‍ റസ്റ്റോറന്റിന്റെ ഉടമസ്ഥനായ മലപ്പുറം കിളിയമണ്ണില്‍ അജ്മലിന്റെ സ്‌പോര്‍ട്‌സ് കമ്പമാണ് ചിത്രങ്ങള്‍ സ്ഥാപിച്ചതിനു പിന്നില്‍. റസ്റ്റോറന്റിനെ ‘പവലിയന്‍’ എന്നു പേരിട്ടതു മുതല്‍ തുടങ്ങുന്നു അജ്മലിന്റെ സ്‌പോര്‍ട്‌സ് പ്രേമം. പിന്നെ മലപ്പുറത്തിന്റെ കളിക്കമ്പവും. കായിക പ്രേമികള്‍ എക്കാലവും ഓര്‍ത്തുവെക്കുന്ന ഒരുപിടി ചിത്രങ്ങളാണിവ. മലപ്പുറത്ത് ഫുട്‌ബോളാണ് ഏറ്റവും പ്രിയമെങ്കിലും എല്ലാ കായികമത്സരങ്ങളെയും ഇഷ്ടപ്പെടുന്നവരാണ് മലപ്പുറത്തുകാര്‍. അതിനാലാണ് വിവിധ കായികയിനങ്ങളിലെ ചിത്രങ്ങള്‍ ശേഖരിച്ചതെന്നു അദ്ദേഹം പറയുന്നു.

COMMENTS

WORDPRESS: 0
DISQUS: 0