ക്യാപ്റ്റനെ ‘ക്യാപ്റ്റന്‍’ ആക്കിയ എല്ലാവര്‍ക്കും നന്ദി

ക്യാപ്റ്റനെ ‘ക്യാപ്റ്റന്‍’ ആക്കിയ എല്ലാവര്‍ക്കും നന്ദി

 

ക്യാപ്റ്റന്‍ സിനിമ കണ്ട മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

എത്ര തവണ കരഞ്ഞു എന്നറിയില്ല. കരയാന്‍ മാത്രം ഉണ്ടോ ഈ സിനിമയെന്ന് ചോദിച്ചാല്‍ അത്രയ്ക്കില്ല, പക്ഷെ കാല്‍പ്പന്ത് ഖല്‍ബില്‍ കൊണ്ട് നടക്കുന്ന, സത്യേട്ടനെ അത്രമേല്‍ ആരാധിക്കുന്ന ഞാന്‍ കരഞ്ഞു. രണ്ടര മണിക്കൂറില്‍ ഒരുപാട് തവണ.

19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത് കോയമ്പത്തൂരിലെ ടൂര്‍ണമെന്റില്‍ ആയിരുന്നു. ആ ഐതിഹാസിക പോരാട്ടങ്ങള്‍ അതേ തീവ്രതയോടെ പ്രജേഷേട്ടന്‍ സ്‌ക്രീനിലെത്തിച്ചു. ഷൈജുവേട്ടന്റെ ശബ്ദം ആ മത്സരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കി.
ബംഗാളിനെതിരായ സെമിയ്ക്ക് ശേഷം ഗോവയ്ക്കെതിരായ ഫൈനല്‍. ഒരു മത്സരത്തിനപ്പുറം ചരിത്രം. രണ്ട് പതിറ്റാണ്ടിലെ കിരീട വരള്‍ച്ച തീര്‍ക്കാനുള്ള മത്സരം. പരിക്കേറ്റ കാലുമായി കിടന്ന വിപി സത്യന്‍ പ്രിയപ്പെട്ട അനിതയ്ക്ക് ഫോണ്‍ വിളിക്കുന്നു.

‘നീ വരണം, എനിക്ക് കളിക്കാന്‍ പറ്റ്വോ എന്നറിയില്ല’ വിപി സത്യന്‍ വാക്കു പൂര്‍ത്തിയാക്കിയില്ല. തിയറ്ററില്‍ ആള്‍ക്കാര്‍ കാണുമോ എന്ന് കരുതി കരച്ചില്‍ അടക്കിപ്പിടിച്ചു. ഡ്രെസിംങ് റൂമില്‍ വേദന മറക്കാന്‍ ഷിന്‍ഗാര്‍ഡിന് പകരം ഐസ് കുത്തിനിറച്ച് സത്യന്‍ ഇറങ്ങിയ കാഴ്ചയില്‍ സകല നിയന്ത്രണവും വിട്ടു. കോച്ചിനോട് കയര്‍ത്ത് കളിക്കണമെന്ന് പറഞ്ഞ് പോയ അയാളുടെ അന്നത്തെ മാനസിക സംഘര്‍ഷവും കാലിലെ വേദനയും ഓര്‍ത്തുകരഞ്ഞു.

കിരീട വിജയത്തിനു ശേഷം കോയമ്പത്തൂരില്‍ നിന്നും വന്ന ടീമിനെ സ്വീകരിക്കാന്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഒത്തുകൂടിയ കാണികളില്‍ ഞാന്‍ പലവട്ടം എന്നെ തന്നെ കണ്ടു. ഞങ്ങളില്‍ ഒരാള്‍ തന്നെയായിരുന്നു സിദ്ദിഖിന്റെ മൈതാനം എന്ന കഥാപാത്രം. ഗ്യാലറിയിലെ ആരവം തേടി പോകുന്ന റഹ്മാനിക്കയെ പോലുള്ളവരെ ഈ 2018ലും നമ്മള്‍ കാണുന്നുണ്ടല്ലോ. ഷറഫലി സാര്‍ കാഴ്ചയിലും കളിയിലുമെല്ലാം ദീപക്കില്‍ ഭദ്രമായിരുന്നു.

കളിക്കളത്തിന്റെ ഒരു വലിയ ഭാഗത്ത് വീറോടെ അധികാരം സ്ഥാപിച്ചിരുന്ന കളിക്കാരനില്‍ നിന്നും ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ആംബാന്‍ഡ് നിഷ്‌കരുണം സത്യജിതിന് കൈമാറിയ നിമിഷവും കരഞ്ഞുകൊണ്ട് തന്നെയാണ് പൂര്‍ത്തിയാക്കിയത്.
സത്യേട്ടന്റെ ജീവിതത്തിന് ചുവപ്പ് കാര്‍ഡ് കാണിച്ച പല്ലാവരത്തെ റെയില്‍വേ ട്രാക്ക് കാണിച്ചപ്പോള്‍ മുതലുണ്ടായിരുന്ന ബിജിഎം ഒരേസമയം പലവികാരങ്ങള്‍ പകര്‍ന്നു.

മകള്‍ക്ക് ഊതിവീര്‍പ്പിച്ച പന്ത് നല്‍കി, എല്ലായ്പ്പോഴും ചെയ്യാറുള്ളപോലെ പ്രിയപ്പെട്ട അനിതയ്ക്ക് കത്തെഴുതി കുമ്മായവരയും ആരവങ്ങളുമില്ലാത്ത ലോകത്തേക്ക് പോയ സത്യേട്ടന്‍..
ഇന്ത്യന്‍ ദേശീയ ടീമിന്റെ നായകനും നിയന്താവുമായിരുന്ന സത്യേട്ടന്‍, സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനെയും വേദനിപ്പിച്ചു കൊണ്ടിരിക്കും. മഹാനായ ഒരു ഫുട്ബോളറുടെ വേദനാജനകമായ വേര്‍പാട് അത്രമേല്‍ വൈകാരികവും തീവ്രമായും തന്നെ സ്‌ക്രീനിലെത്തി.

സിനിമ കഴിഞ്ഞിറങ്ങിയ ഉടന്‍ തന്നെ അനിതേച്ചിയെ വിളിച്ചു. ഒരുപാട് സംസാരിച്ചു. ഫോണെടുക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. പക്ഷെ നടന്‍ ജയസൂര്യ ഞെട്ടിച്ചു. ജയേട്ടനല്ലേ ? ഞാന്‍ ചോദിച്ചു. അതേ ആരാ മറുചോദ്യം. മാതൃഭൂമിയിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടറാണ് പേര് ജയേഷ്. സ്വയം പരിചയപ്പെടുത്തി. യെസ് പറഞ്ഞോളു. വിപി സത്യനാകാന്‍ അദ്ദേഹമെടുത്ത പരിശ്രമങ്ങള്‍ക്ക് നന്ദിയറിച്ചു. അഞ്ച് മിനിറ്റോളം നീണ്ട സംഭാഷണത്തില്‍ ഫുട്ബോളും സിനിമയും ചര്‍ച്ചയായി. കേട്ടറിഞ്ഞ സിംപ്ലിസിറ്റി അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍.
സത്യേട്ടന്റെ ജീവിതം സ്‌ക്രീനില്‍ ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന്, പൊതുവെ കൈവിട്ട് പോകാറുള്ള ബയോപിക് ഏറ്റവും മനോഹരമാക്കി നല്‍കിയതിന് പ്രജേഷേട്ടന് നന്ദി.
സത്യേട്ടനായും അനിതേച്ചിയായും ‘ജീവിച്ച’ ജയസൂര്യക്കും അനു സിതാരക്കും നന്ദി.
ജാഫര്‍ കോച്ച് രഞ്ജി പണിക്കര്‍. ഓരോ സീനും മിഴിവുറ്റതാക്കിയ DOP റോബി വര്‍ഗീസിന്, ബിജിഎം കൊണ്ട് ഏറ്റവും വൈകാരികമാക്കിയ ഗോപി സുന്ദറിന്…
ക്യാപ്റ്റനെ ക്യാപ്റ്റനാക്കിയ എല്ലാവര്‍ക്കും ഒരു കടുത്ത ഫുട്ബോള്‍ പ്രേമിയുടെ ഒരായിരം നന്ദി.

പത്തില്‍ ഒന്നേ ജയിക്കുന്നവര്‍ ഉണ്ടാകു. പക്ഷെ തോറ്റുപോയ ആ ഒന്‍പത് പേരുടെയും കഥ അതിനു ശേഷം വരാനിരിക്കുന്നവര്‍ക്കുള്ള അനുഭവങ്ങളാണ്. തോറ്റവന്റെ കഥയാണ് ജയിച്ചവന്റെ കഥയേക്കാള്‍ അറിയേണ്ടതും..

COMMENTS

WORDPRESS: 0
DISQUS: 0