കാണേണ്ട സിനിമ
പഠിക്കുന്ന സമയത്ത് എന്നോട് ആരോ ജിഹാദിന്റെ അര്‍ഥം ചോദിച്ചിരുന്നു. ധര്‍മസമരം എന്ന ഒറ്റവാക്കില്‍ ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ഇന്നായിരുന്നെങ്കില്‍ എനിക്ക് പറയാന്‍ കിടിലനൊരു മറുപടി ഉണ്ടായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ യിലൂടെ സക്കരിയയും മുഹ്സിനും ചെയ്തതാണ് ജിഹാദ്. ഒരു നാടിനെ, അവരുടെ സംസ്‌കാരത്തെ, ഭാഷയെ, രൂപത്തെ എല്ലാം മാറ്റി നിര്‍ത്തുന്നവര്‍ക്കെതിരിലുള്ള ജിഹാദാണ് ഈ സിനിമ. മലപ്പുറം കത്തിക്കും ബോംബിനും എതിരിലുള്ള ജിഹാദ്. ഇതിലും നന്നായി എനിക്ക് പറഞ്ഞ് തരാനാവില്ല
വണ്‍ ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ‘ ഹലാലായ കളി ‘ എന്നാണ് പന്ത്കളിയെ ബാപ്പുട്ടി കാക്ക വിശേഷിപ്പിച്ചത്. അവരുടെയൊക്കെ ചെറുപ്പത്തില്‍ എവിടെ വിട്ടിരുന്നില്ലെങ്കിലും പന്ത് കളിക്കാന്‍ വിടുമായിരുന്നത്രെ. വീട്ടിലേക്ക് നേരം വൈകി വരാനുള്ള കാരണം കൂടിയായിരുന്നു കാല്‍പന്ത് കളി. അങ്ങനെ ഹലാലായ കളിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഹലാലായ സിനിമയാണ് സുഡാനി. നാട്ടില്‍ കാണാന്‍ മടിയുള്ളവര്‍ ‘ഹിജ്‌റ’ പോയിട്ടാണെങ്കിലും പടം കാണണം..
നല്ല തേങ്ങാ ചോറ് ബീഫും കൂട്ടി കഴിക്കുമ്പോ കിട്ടുന്ന രുചിയുണ്ടല്ലോ, മുഹബ്ബത്തിന്റെ രുചി, അതറിയാത്തവര്‍ ഈ സിനിമ കാണണം. പന്ത് കളിച്ചിട്ട് നിങ്ങള്‍ എന്ത് നേടി എന്ന് കളിയാക്കി ചോദിക്കുന്നവര്‍ക്ക് ഉത്തരം സിനിമ തരും . മലപ്പുറത്തുകാരുടെ ഹൃദയം പന്ത് പോലെയാണെന്ന് മനസ്സിലാവാന്‍ ഈ സിനിമ കണ്ടാല്‍ മതി. ആ പന്ത് ഭൂമിയാണെന്നും ഈ ലോകം മുഴുവന്‍ ഞങ്ങളുടേതാണെന്നും സിനിമ പറഞ്ഞ് തരും. കറാച്ചിയും നൈജിരീയയും സെനഗലും സുഡാനും അഫ്ഗാനിസ്ഥാനുമെല്ലാം ഞങ്ങളുടെ അയല്‍ നാടുകളാണെന്നും ജമീലാത്തയും ബിയ്യുമ്മാത്തയും നമ്മോട് പറയുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നും കുട്ടികള്‍ കോപ്പിയടിക്കുന്നവരാണെന്നും പറയുന്നവര്‍ ഈ സിനിമ കണ്ടാല്‍ മതി. നിങ്ങളുടെയെല്ലാം രോഗത്തിനുള്ള മരുന്നുകള്‍ കൂടി സിനിമയിലുണ്ട്.
COMMENTS