കാടും പുഴയും കടന്ന് ഗുണ്ടറയിലേക്ക്‌

കാടും പുഴയും കടന്ന് ഗുണ്ടറയിലേക്ക്‌

ഗൂഡല്ലൂരില്‍ നിന്നും ഇടത് പിടിച്ച് ബന്ദിപ്പൂര്‍ കാട്ടിലൂടെ യാത്ര പോകാത്തവരാരുണ്ട്. പലപ്പോഴും അതിനകത്തൊക്കെ ഒന്ന് കയറി ഫ്രീയായി കുറേ ദൂരം നടക്കണമെന്നും കിനാവ് കണ്ടിട്ടുണ്ട്….ആ കിനാവ് പൂത്ത ദിനമായിരുന്നു ഞായര്‍..

എം ഷഹബാസ് എഴുതുന്നു

കാട്ടിനകത്തേക്ക് വര്‍ഷത്തിലൊരിക്കല്‍ മാത്രം പ്രവേശനം ലഭിക്കുന്ന ആ ദിനത്തിനെ കുറിച്ച് നബീലാണ് പറഞ്ഞത്. ഉള്‍ക്കാട്ടിലൂടെ ഒമ്പത് കിലോ മീറ്ററോളം നടക്കാനും വന്യ ജീവികളെ അടുത്ത് കാണാനും പറ്റുമെന്നുംകൂടി പറഞ്ഞപ്പോള്‍ കുറച്ച് കാലമായി മടക്കി പൂട്ടി വെച്ചിരുന്ന യാത്രികനെ വീണ്ടും പൊടിതട്ടിയെടുക്കണമെന്ന് തോന്നി. മുന്‍കൂട്ടി തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന യാത്രകള്‍ നേരത്തെ തന്നെ ഇല്ലാത്തതുകൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങളില്ലെലാം ഒരു തീരുമാനമായി. ചീഫിന് വിളിച്ച് ഓഫ് മാറ്റി ലീവ് തരപ്പെടുത്തി. ബുള്ളറ്റില്‍ പോകാമെന്ന എന്റെ താല്‍പര്യത്തിന് ആയുസ് കുറവായിരുന്നു. കമ്പക്കാരുടെ എണ്ണം വര്‍ധിച്ചതോടൂകൂടി നാലു ചക്രവാഹനം തന്നെ എടുക്കേണ്ടി വന്നു.നബീലും അവന്റെ ഒരു കസിനും (സലാംക്ക) റിയാസും പിന്നെ അവസാന ലാപ്പില്‍ ഓടികിതച്ചെത്തിയ ഹയ്യും കൂടിയായപ്പോള്‍ അഡാര്‍ ടീം റെഡി.

ശനിയാഴ്ച്ച രാത്രി വയനാട് പിടിച്ചു. മുട്ടില്‍ 800 രൂപയുടെ ഡോര്‍മെട്രി തരപ്പെട്ടു. രാത്രി അവിടെ തങ്ങി. അതിരാവിലെ ഏഴുമണിക്ക് തന്നെ എല്ലാവരും റെഡി. ഹയ്യിന്റേയും റിയാസിന്റേയും തലയില്‍ തൊപ്പി കയറികൂടി. ഹയ്യാണ് ഞങ്ങളുടെ ഡ്രൈവര്‍. വീഡിയോ എടുക്കണമെന്ന വ്യാജ്യേന നബീല്‍ മുന്നില്‍ തന്നെ ഇരുപ്പുറപ്പിച്ചു. പോകുന്ന വഴിക്കാണ് കുണ്ടറ നേര്‍ച്ചയെ കുറിച്ച് പഠിച്ചത്. വാട്സആപ്പിലും എഫ്.ബിയിലും വന്ന ചില കുറിപ്പുകള്‍ ശ്രദ്ധിച്ചു. കൊടുംകാട്ടിലെ തീര്‍ത്ഥാടന കേന്ദ്രം. വിശ്വാസികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മാത്രം എത്തിപ്പെടാനായി ഒരു കേന്ദ്രം. കാടിനെ സ്നേഹിക്കുന്നവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മാത്രം നിബിഡവനത്തെ തൊട്ടറിയാനായി ഒരവസരം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബ് ദേശത്ത് നിന്നും ഇന്ത്യയിലെത്തിയ പണ്ഡിതരുടെ സംഘത്തിലെ ഒരു മഹത് വ്യക്തിയായിരുന്നു ‘ഹസ്രത്ത് സയ്യിദ് അബ്ദുല്‍ ബാരി(റ) തങ്ങള്‍’. ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ആ മഹാന്റെയും അമുസ്ലിമായിരുന്ന അദ്ദേഹത്തെ സഹായിയുടേയും ഖബറിടമാണ് കാട്ടിനകത്തുള്ളത്. ഈ സ്ഥലത്തെ(ഗുണ്ടറ) വളരെ പവിത്രതയോടെ കാണുന്നു. മച്ചൂരിലെ പളളിയുടെ നേതൃത്വത്തിലാണ് ഇവയെ സംരക്ഷിച്ച് പരിപാലിച്ച് പോരുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി ബാവലി മൈസൂര്‍ റോഡില്‍, കേരളാ കര്‍ണാടക അതിരിടുന്ന ബാവലി ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ നിന്നും അഞ്ച് കിലോമീറ്ററിനപ്പുറം മച്ചൂര് ഗൈറ്റില്‍ നിന്നും വലത്തോട്ടുള്ള റോഡിലൂടെ മുന്നോട്ട് പോയാല്‍, കബനി പുഴയുടെ തീരം ചേര്‍ന്ന് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളും…ഗൗഡന്മാരുടെ വീടുകളും കാണാം. കേരളത്തില്‍ വേരുകളുള്ള കുറച്ച് മലയാളി വീടുകളും. അതില്‍ പതിനഞ്ചോളം മുസ്ലിം വീടുകളുമുണ്ട്. ഒപ്പം പുഴയോട് ചേര്‍ന്ന് ഒരു കൊച്ചു പള്ളിയും. ഇത് മച്ചൂര്..അധികവും പരമ്പരാഗത രീതിയില്‍ കളിമണ്ണില്‍ മെഴുകിയുണ്ടാക്കിയ, മേല്‍ക്കൂര പുല്ല്മേഞ്ഞ വീടുകള്‍. കൂടുതലായി കര്‍ഷക ഗൗഡകുടുംബങ്ങള്‍ പാര്‍ക്കുന്ന നാട്. കാടും നാടും അന്യോന്യം ഇഴുകിചേര്‍ന്ന ഒരു കര്‍ണാടക ഗ്രാമം.

ഒമ്പതര മണിയോടെ പ്രാതലെല്ലാം കഴിച്ച് ഞങ്ങള്‍ മാച്ചൂര്‍ പള്ളിയുടെ മുന്നിലെത്തി. ആയിരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു അവിടം. സന്ദര്‍ശകര്‍ക്കായി പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടു. അരകിലോമീറ്റര്‍ ടാറിട്ട റോഡിലൂടെ നടന്നാല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ വാഹനം കിട്ടുമെന്ന് മൈക്ക് അറിയിപ്പ്. നെല്‍വയലിന്റെ മനോഹാരിതക്ക് നടുവിലൂടെ അനന്തമായി നീങ്ങുന്ന റോഡിലൂടെ നടന്നു തുടങ്ങി. ഒരു കിലോമീറ്ററോളം നടന്നപ്പോള്‍ കമ്മിറ്റി വണ്ടിക്കായി കാത്തുനില്‍ക്കുന്നവരുടെ വലിയ കൂട്ടങ്ങള്‍ കണ്ടു. ആളുകള്‍ തിങ്ങി നിറഞ്ഞ ലോറികളും ജീപ്പും പൊടിപടര്‍ത്തി ആടിയുലഞ്ഞ് പോകുന്ന കാഴ്ച്ചകള്‍ കണ്ടു.

അതിനിടയില്‍ ഒരു ജീപ്പ് മുന്നിലായി ബ്രേക്കിട്ടു. കമ്മിറ്റി വണ്ടിയല്ലെന്ന് ഡ്രൈവര്‍ പറഞ്ഞുതീരുന്നതിന് മുന്നെ വണ്ടി ഫുള്‍. നാലാളും ചാടികേറി സീറ്റുറപ്പിച്ചു. സലാംക്ക പിറകില്‍ തൂങ്ങിപിടിച്ചും യാത്ര തുടര്‍ന്നു. ഇടത്തൂര്‍ന്ന വനങ്ങള്‍ക്കിടയിലും റോഡിനോട് ചേര്‍ന്ന് അങ്ങിങ്ങായി വീടുകള്‍. കുണ്ടും കുഴിയുമായി അഞ്ച് കിലോമീറ്ററോളമുള്ള റോഡ് കാടിനുള്ളില്‍ കബനിയുടെ ഒരു വശത്ത് അവസാനിക്കുന്നു. മച്ചൂരിലെ(മരക്കടവ്) പള്ളിയുടെ സംരക്ഷണയില്‍, ഒമ്പത് കിലോമീറ്ററിലധികം കബനിപുഴയും കടന്ന് ബന്ദിപ്പൂരിന്റെ(ബേഗൂര്‍) ഉള്‍കാട്ടില്‍ ‘ഗുണ്ടറ’ എന്ന സ്ഥലത്താണ് മഖാം സ്ഥിതി ചെയ്യുന്നത് ഇനി കാല്‍നടയായി യാത്ര തുടരണം. ആകാംശ വല്ലാതെ ഉന്മഷം തരുന്നുണ്ട്. കാട്ടിലുള്ളിലേക്ക് കടക്കാന്‍ പോകുകയാണ്.

വണ്ടിയിറങ്ങി ഒരാള്‍ക്ക് മുപ്പത് എന്ന നിലയില്‍ അഞ്ചുപേര്‍ക്ക് 150 രൂപയും കൊടുത്ത് മുന്നോട്ടുനീങ്ങി. മുന്നിലതാ കമ്പനിപ്പുഴ. നീരൊഴുക്ക് മാത്രമേ കാണുന്നൊള്ളു. ഇടക്ക് പാറക്കൂട്ടങ്ങളും കാണാം. യാത്രികള്‍ക്ക് സംഘാടകര്‍ ഒരുക്കിയ ഔദ്യോഗിക വഴിയുണ്ട്. മുട്ടുവരെ മാത്രം നനഞ്ഞാല്‍ അക്കരെ പിടിക്കാം. പക്ഷെ ഒരുപാട് നീണ്ട വരി. ഇതിനിടക്ക് മറ്റു പല പരീക്ഷണങ്ങളും നടത്തി പല വഴിക്കും അക്കരെയെത്തുന്നവരാണ് കൂടുതലും. അതിലൊരു വഴി ഞങ്ങളും തെരഞ്ഞെടുത്തു. ഷൂ ഊരി കയ്യില്‍ പിടിച്ച് മുന്നോട്ടുനീങ്ങി. അരക്ക് വരെ വെളളമുണ്ട്. മൊബൈലും പഴ്സും നബീലിന്റെ ബാഗില്‍ സുരക്ഷിതമാണ്. പിന്നെ എന്ത് പേടിക്കാന്‍. നടന്നു നീങ്ങി. പാന്റ് മുഴുവനും നനഞ്ഞു. പലപ്പോഴും പിടിപോയെന്ന് തോന്നിയെങ്കിലും പിടിവീടാതെ അക്കരെയെത്തി. പിന്നേം യാത്ര. ഫോറസ്റ്റ് ഉദ്യോഗസ്ഥരുണ്ട് അങ്ങിങ്ങ്. അവരുടെ ജീപ്പും ഇടക്ക് മറികടന്ന് നീങ്ങുന്നു. തീര്‍ത്ഥാടകര്‍ക്ക് ശല്യമുണ്ടാക്കാതെ പോകാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

പോകുന്ന വഴിക്ക് ആ കാഴ്ച്ച കണ്ടു. പകുതി കടിച്ചിട്ടിരിക്കുന്ന ഒരു മാന്‍കുട്ടിയുടെ കാല്‍. കടുവ തിന്നതാണെന്ന് ആരോ പറഞ്ഞു. വലിയ പഴക്കമൊന്നുമില്ല. ചോര ഉണങ്ങി വരുന്നെ ഒള്ളു. ചിലപ്പോള്‍ ഇന്ന് രാവിലത്തെ പ്രാതലാകാമെന്ന് ആരോ പറഞ്ഞപ്പോഴാണ് ഉള്‍ക്കാട്ടിലൂടെയാണല്ലോ ഈ യാത്രയെന്ന് ചിന്തയിലെത്തിയത്. ഇന്നലെ അല്ലെങ്കില്‍ നാളെ എല്ലാം ഈ വഴിയില്‍ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചു. പരന്ന കിടക്കുന്ന പുല്‍മേടുകള്‍. ഇടക്ക് ചെറു തടാകങ്ങള്‍. മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍. ഇതിനിടക്ക് കൂട്ടമായി യാത്രികള്‍ നടന്നുനീങ്ങുന്നു. നിറയെ ആനപിണ്ടങ്ങള്‍. ആനകളുടെ പൂരപ്പറമ്പാണെന്ന് തോന്നിപ്പോകും. ആ സംശയത്തിന് തിരിച്ചുവന്നപ്പോള്‍ ഉത്തരവും കിട്ടി. പരന്നുകിടക്കുന്ന പുല്‍മൈതാനം കടന്ന വീണ്ടും തിങ്ങി നിറഞ്ഞ കാടിനകത്തേക്ക കടന്നു. മഖാംമില്‍ നിന്നെന്ന് തോന്നിക്കുന്ന ദിക്റുകളും സ്വലാത്തുകളും പതിയെ കേട്ടുതുടങ്ങിയിരിക്കുന്നു. കാട്ടുവള്ളികള്‍ കമാനം തീര്‍ത്ത വഴികളിലൂടെ കുറച്ചുകൂടി നടന്നു.

മഖാമിന്റെ അടുത്തെത്തിയതായി തോന്നി. തീര്‍ത്ഥാടകര്‍ക്ക് വെള്ളം കൊടുക്കുന്നുണ്ട്. ഭക്ഷണവും സംഭാരവും ഉണ്ട്. റിയാസും ഹയ്യും ഞാനും ഭക്ഷണം വാങ്ങി. വെള്ളവും കുടിച്ചു. നബീലും സലാംക്കയും കൂട്ടം തെറ്റിയിട്ടുണ്ട്. നല്ല വെജിറ്റബിള്‍ ബിരിയാണി വയറും മനസ്സും നിറച്ചു. പിന്നെ നേന്ത്രപ്പഴവും കിട്ടി. അസഹനീയമായ തിരക്കായിരുന്നു അവിടം. ഇനി മഖാമിലേക്കുള്ള വഴിയാണ്. ഒരു 50 മീറ്റര്‍കാണും. ആളുകള്‍ പതിയെ ഒഴുകിപോകുന്ന കാഴ്ച്ചയാണ്. കാട്ടിലെ സുല്‍ത്താന്‍ അബ്ദുല്‍ ബാരി (റ) ഖബറിടത്തിലെത്തി. തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകരുണ്ട്. മഖാം പാട്ടുകാരുണ്ട്. നിറയെ ആളുകള്‍. ഖുര്‍ആന്‍ പരായത്തില്‍ ഏര്‍പ്പെട്ടവര്‍. ദിക്റും സ്വലാത്തും ഉച്ചരിക്കുന്നവര്‍. കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍. ഒരു ഒരു മണിക്കൂര്‍ അവിടെ ചിലവഴിച്ചു. ഒരു കുടുംബം നേര്‍ച്ചയായി കൊണ്ടുവന്ന ‘ചക്കര ചോറ് കഴിച്ചു. ഒടുക്കത്തെ രുചി. ഒരു തവണ കൂടി വാങ്ങി.

തിരിച്ചു പോന്നപ്പോഴാണ് ആ കാഴച്ച കണ്ടത്. വഴിയില്‍ ഒരു പിടിയാനയടക്കം ഒരു കൂട്ടം കാട്ടാനകള്‍. കുറെ നേരം അവരെ നോക്കി നിന്നു. വലിയ തിരക്കില്ലാതെ പുഴയും കടന്ന് വണ്ടിയിറങ്ങിയ സ്ഥലത്തെത്തി. തിരിച്ചു നടക്കാമെന്ന് തീരുമാനിച്ചു. നെല്‍പാടങ്ങളിലൂടെ കുറുക്ക് വഴി പിടിച്ചു. ഗ്രാമ വിശുദ്ധിയുടെ നിശ്കളങ്കമായ പാതകള്‍. വീടുകള്‍. കുട്ടികള്‍. സ്ത്രീകള്‍….പള്ളിയില്‍ നിന്നും പൊതിഞ്ഞുകിട്ടിയ നെയ്ച്ചോര്‍ പൊതിയും വണ്ടിയിലാക്കി മടക്ക യാത്ര തുടങ്ങി…. നുകര്‍ന്ന അനുഭൂതിയുടെ ഭാരവും പേറി വണ്ടി നീങ്ങി…

COMMENTS

WORDPRESS: 0
DISQUS: 0