മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല. എന്നാല്‍ മണാലിയെക്കുറിച്ചല്ല, അതിനു തൊട്ടടുത്തുള്ള വശിഷ്ട് എന്നൊരു ഹിമാചല്‍ ഗ്രാമത്തെക്കുറിച്ചാണു ഞാന്‍ പറയാന്‍ പോകുന്നത്.
മുനീര്‍ ഹസ്സന്
ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണു കുളു ജില്ലയുടെ ഭാഗമായ മണാലി സ്ഥിതിചെയ്യുന്നത്.
മഞ്ഞില്‍ മൂടിക്കിടക്കുന്ന പര്‍വ്വതനിരകളും പച്ചവിരിച്ച മലനിരകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിഭംഗിയുമാണ് മണാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയിലാണു സഞ്ചാരികളുടെ പറുദീസയായ മണാലി.
വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രം. ഹിമാലയത്തോട് ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്ത സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും മാത്രമല്ല, ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണു കുളു മണാലീ പ്രദേശങ്ങള്‍..!
മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. ന്യൂ മണാലി, ഓള്‍ഡ് മണാലി, മാല് റോഡ്, സോളങ് വാലി, ഹഡിംബ ടെംബില്‍, ഗുലാബ മഞ്ഞു മലകള്‍, റോത്താങ് പാസ് തുടങ്ങിയവയാണു സാധാരണ കാഴ്ചകള്‍. എന്നാല്‍ മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ വഷിഷ്ട് എന്ന ചെറിയൊരു ഗ്രാമമുണ്ട്. അവിടെ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്വെള്ളത്തില്‍ കാല് നനച്ച് ആഹ്ലാദിക്കുകയും ചൂടന്‍ സ്വിമ്മിങ് പൂളില്‍ വിസ്തരിച്ചൊരു കുളിയും ആവാം. അതിനെക്കുറിച്ച് പിന്നീട് പറയാം. അതൊരു രസകരമായ അനുഭവമാണു.
കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം മുംബെ വഴി രാവിലെ ഡെല്‍ഹിയിലെത്തി. പതിവുപോലെ പകല്‍ അലച്ചില്‍ തന്നെ. കരോള്‍ ബാഗില്‍ പോയി ജാക്കറ്റും ട്രാവല്‍ബാഗും ഷൂവും ഒക്കെ വാങ്ങി നൈസായി പറ്റിക്കപ്പെട്ടു. പലരും പെട്ടവരായിരിക്കും അല്ലേ സഞ്ചാരികളേ.. അതൊരു അത്ഭുതമല്ലാത്തത് കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. അന്നു രാത്രി തന്നെ മണാലിയിലേക്കുള്ള ബസ്സ് കയറി. പിറ്റേന്ന് പതിനൊന്ന് മണീയോടെ മണാലിയിലെ ഒരു പെട്രൊള്‍ പമ്പില്‍ ലാന്റ് ചെയ്തു.
ബാബുക്ക അപ്പോഴേക്കും കൂട്ടാന്‍ എത്തിയിരുന്നു. നാലഞ്ചു ദിവസമായി ഏതോ മലമൂട്ടില്‍ ആയിരുന്നു ടിയാന്. ഞങ്ങളും മൂപ്പരും ഒരേ സമയത്താണു പമ്പില്‍ എത്തിച്ചേര്‍ന്നത്. ഒരു റ്റാറ്റാ സുമോയില്‍ ഞങ്ങളും ഞങ്ങളുടെ ലഗേജുകളും കയറ്റപ്പെട്ടു. വശിഷ്ടിലേക്കാണു യാത്ര. ബാബുക്ക ഒരു ബുള്ളറ്റില്‍ മുമ്പില്‍ പറന്നു. ഞങ്ങളുടെ കൂട്ടത്തിലൊരുവന് അതിന്റെ പുറകില്‍ കുമ്മനടിച്ചു. ?? ??

ബാബൂക്ക.. അതൊരു ജിന്നാണ് ബഹന്‍
വശിഷ്ട്ട് ഒരു സ്വപ്നഭൂമിയാണു. അവിടെയാണു ഞങ്ങളിപ്പോള്‍. നമ്മുടെ കടലുണ്ടിക്കാരന്‍ ബാബുക്ക കുറ്റിയടിച്ച് താമസമാക്കിയിരിക്കുന്നത് ഈ ഗ്രാമത്തിലാണു. ആപ്പിളും പ്ലംസും മറ്റുമായി അല്ലറ ചില്ലറ ഓര്‍ഗാനിക്ക് ഫാമിങ്ങും പെര്‍മാകള്‍ച്ചര്‍ ബിസിനസും പിന്നെ മെയിനായി മലകയറ്റവുമൊക്കെയായി കുറച്ച് കാലമായി പുള്ളിക്കാരന് തനി ഹിമാചല്കാരനായി വിലസുകയാണിവിടെ. മൂപ്പരൊരിക്കല് നാട്ടില്‍ വന്നപ്പോ കോഴിക്കോട്ടെ ബോംബെ ഹോട്ടലില്‍ വെച്ച് ഒരു ബിരിയാണിപ്പുറത്ത് സെറ്റാക്കിയ ട്രിപ്പാണീത്. സാക്ഷികളായി നിയോഗും വേലിക്കാടനും നാരുവും ടാലിസണും ഒക്കെ ഉണ്ടായിരുന്നെങ്കിലും യാത്രയോടടുത്തപ്പോള് ടീം ഒന്നുകൂടെ ചെറുതായി.
കൊയിലാണ്ടിക്കാരന് ഡോക്ടര്‍ റഹീസും പ്രായം തളര്‍ത്താത്ത വീര്യവുമായി ബാബുക്ക(ബിഗ്ബി)യും ബിസിനസ്മാന് ഷൈനീജും ഡിസൈനര്‍ ഷമീറും ആര്‍ക്കിടെക്ട് ശ്രീലാലും മോള്ഡ്മേക്കര് സോമനും ടവര്മാന് സുരേട്ടനും മൂപ്പരുടെ അസിസ്റ്റന്റ് ബിനോയിയും ഫോട്ടോഗ്രാഫര്‍ റഷീദ്ക്കായും അടങ്ങിയതാണു നമ്മടെ ടീം.
പഞ്ചവടിയിലാണു താമസമൊരുക്കിയിരിക്കുന്നത്. ഇരുനിലകളിലായി നാലു റൂമുകളുള്ള ഒരു ചെറിയ കോട്ടേജാണിത്. റൂം മുതലാളി സഞ്ചയ്ബായ് നല്ല പൂരിയും ദാല്‍ കറിയും റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു. കയ്യും കണക്കുമില്ലാതെ വലിച്ചു കയറ്റി എല്ലാരും. ‘വിശന്ന് പണ്ടാരടങ്ങി നിക്കുമ്പോ നല്ല ചൂടില്‍ തിന്നാന്‍ കിട്ടിയാല്‍ പിന്നെ ആരെങ്കിലും ഡീസന്‍സി കീപ് ചെയ്ത് അടങ്ങിയിരിക്കുമോ’ എന്നായിരുന്നു സോമന്റെ കമന്റ്. ??
ആഹാരം വയറ്റിലെത്തിയതോടെ എല്ലാവരും ഒന്ന് നിവര്‍ന്നു. ഒരു ലോങ്ങ് യാത്രയുടെ ക്ഷീണമെല്ലാം പോയി. ബാത്ത്രൂമിലേക്ക് ഓടിയ ഒരാളുടെ അലര്‍ച്ചയാണു കുറച്ച് കഴിഞ്ഞപ്പോ കേട്ടത്. നാട്ടിലെ പോലെ അല്ലല്ലോ ഇവിടുത്തെ വെള്ളം. സീറോ ഡിഗ്രി ഒക്കെ ആവുമ്പോ ഒരല്‍പ്പം തണുപ്പു കാണില്ലേ. അതിന്റെതാണു..! ??
ഒരു മണിക്കൂറിനു ശേഷം യാത്ര പിന്നെയും തുടര്‍ന്നു. അതേ സുമോയില്‍ തന്നെ. സോളാങ് വാലി, ഗുലാബ ഒക്കെയാണു ലക്ഷ്യം. ഡ്രൈവര്‍ കാഞ്ചിറാം ആണെന്നു തോന്നുന്നു പേരു. സദാ ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു തനി ഹിമാചല്‍കാരന്. ആളു നല്ല സംസാരപ്രിയനാണു. പക്ഷെ പറഞ്ഞിട്ടെന്താ, വണ്ടിയില്‍ അതിനേക്കാല്‍ വലിയ ടീംസാണു. മൂപ്പര്‍ക്ക് വായ തുറക്കാന്‍ അവസരം കിട്ടിയത് വളരെ തുച്ചമായിട്ട് മാത്രം. ഗുലാബെയിലെ മഞ്ഞുമൂടിയ മലനിരകളില്‍ കുറെ നേരം ആസ്വദിച്ചു. പോകുന്ന വഴിയില്‍ ജാക്കറ്റും ഷൂവും ഒക്കെ വാടകക്ക് എടുത്തിരുന്നു. അവിടെയും പറ്റിക്കപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. മടക്കം സോളാങ് വാലി വഴിയായിരുന്നു. റോപ്പ് വ്വെയും മറ്റു സാഹസികപ്രകടങ്ങളിലും മതിമറന്നിരിക്കുകയാണു കുറേ സഞ്ചാരികള്‍. മറ്റൊരു ഭാഗത്ത് ടണല്‍ പണി തക്രുതിയായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. കമ്പ്ലീറ്റ് പൊടിമയം. താഴ്വാരത്ത് കൂടി പോണിക്കൂട്ടങ്ങള് (കുതിരയുമല്ല കഴുതയുമല്, രണ്ടിന്റെയും ഒരു സങ്കരയിനം) വരിവരിയായി ചുമടും വഹിച്ച് നടന്ന് പോകുന്നു. മലഞ്ചെരുവിലെ തദ്ദേശീയരുടെ പ്രധാന സഹചാരികളാണു ഇക്കൂട്ടര്‍..
ചെറിയൊരു ചാറ്റല്‍ മഴ പൊടിയുന്നുണ്ട്. വൈകുന്നേരം ഒരു ചായ കിട്ടിയിട്ടില്ലെങ്കില്‍ തലവേദന തുടങ്ങും. അല്ല അത് തുടങ്ങിക്കഴിഞ്ഞു. യാത്രക്കാരെ സ്വീകരിക്കന്‍ വലിയ ഷോപ്പുകളൊന്നും ഇവിടെയില്ല. ചെറിയൊരു തട്ടുകടയില്‍ നിന്നു ഏലക്ക ചാലിച്ച ആവിപറക്കുന്ന ചുടുചായ മൊത്തിക്കുടിച്ചു. ഒന്നല്ല രണ്ടെണ്ണം. തലവേദന പമ്പ കടക്കട്ടെ..!
രാത്രിയായി. തണുപ്പിന്റെ ശക്തികൂടിക്കൂടി വരുന്നു. തെര്‍മല്‍ വെയറും ടീഷര്‍ട്ടും അതിനു മുകളീല്‍ ജാക്കറ്റും കയറി. കൈകള്‍ പോക്കറ്റിലേക്ക് ആണ്ടുപോയി. ഇന്നു രാത്രി ബാബുക്കാന്റെ ഹട്ടിലാണു രാത്രിഭക്ഷണം. അതൊരു മലമുകളിലാണെന്ന് മാത്രം അറിയാം. വശിഷ്ട് തെരുവിന്റെ പാതിരാകാഴ്ചകള് ആസ്വദിച്ചുകൊണ്ട് മങ്ങിയവെളിച്ചത്തിലൂടെ ഞങ്ങള്‍ നടത്തമാരംഭിച്ചു. കടകള്‍ ഒക്കെ പാതി താഴിട്ട് തുടങ്ങിയിരിക്കുന്നു. പകല്‍സമയത്ത് വളരെ സജീവമാകുന്ന തെരുവാണിത്. ഷാളുകളും കരകൗശലവസ്തുക്കളും ചെറിയ തട്ടുകടകളുമാണു ഇവിടെ ഇപ്പോ കാണുന്നത്. ഒരുനൂറു പട്ടിക്കൂട്ടങ്ങള്‍ അലറിക്കുരച്ചു കൊണ്ട് ഓടിനടക്കുന്നു. സോമന് ഷൈനീജിന്റെ കൈകള്‍ കടന്നു പിടിച്ചു. പേടിച്ചിട്ടൊന്നുമല്ലാന്ന് ഇടക്കിടക്ക് പറയുന്നുണ്ടായിരുന്നു.
റോഡിനു സൈഡിലെ കിഴക്കാം തൂക്കായ ഒരു പാറക്ക് സമീപത്ത് നിന്നും റഹീസ് ബായ് ബാബുക്കായെ വിളിച്ചു. ബാബുക്ക എവിടെയാണു നമ്മുടെ വീട് എന്നാണു ചോദ്യം. മലമുകളില്‍ നിന്നും ഉത്തരം വന്നു. നിങ്ങള്‍ ആ വളവ് കഴിഞ്ഞ് വലതുവശത്തെ മലമുകളിലോട്ട് നോക്കൂ. കുറേ വീടുകള്‍ കാണാം. അതിന്റെ ഏറ്റവും മുകളിലായി ഒരു മൂന്നു ബള്‍ബ്ബ് കത്തുന്ന ഒരു വീട് കാണാം. അതിനടുത്തായി അധികം വീടുകള്‍ ഒന്നുമില്ല. അത് കൊണ്ട് കാണാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ആ ഡെസ്റ്റിനേഷന്‍ കണ്ടുപിടിക്കാന്‍ വലിയ താമസമൊന്നുമുണ്ടായില്ല. ഉയരത്തിലെ വെളിച്ചം കണ്ട് പല സ്ഥലങ്ങളില്‍ നിന്നും നെടുവീരുപ്പുകള് വരുന്ന ശബ്ദം കേട്ടു. പടച്ചോനേ, ഇതൊക്കെ ഞമ്മളെന്നെ കേറണോ എന്നൊരു ആത്മഗതവും.
ഹനുമാന് ഗിയറിട്ടും ഉന്തിയും തള്ളിയും ബിഗ്ബിയും സുരേട്ടനും ഒക്കെ മുകളിലെത്തി. വലിയൊരു ബസ് യാത്ര, പിന്നെ സുമോയില്‍ ഒരു കറക്കം. അതൊക്കെ കഴിഞ്ഞു ഒരു ട്രക്കിങും. അതിന്റെ ഒരു ചെറിയ ക്ഷീണമാ മക്കളേ. സുരേട്ടന് പറഞ്ഞു. കയറി മുകളിലെത്തിയപ്പോ കണ്ടത് ‘കേറി വാടാ മക്കളേ’ എന്ന ബോര്‍ഡ്. നമ്മുടെ മുന്‍ഗാമികള്‍ ആരോ സ്ഥാപിച്ചു പോയതാണത്. ഭയങ്കര സന്തോഷമായി.
പിന്നെ കളിയും തമാശയും ഭക്ഷണം പാകം ചെയ്യലും ഒക്കെയായി രസകരമായ നിമിഷങ്ങള്‍. പുതിയ രണ്ട് അവതാരങ്ങള്‍ അവിടെ സന്നിഹിതരായിരുന്നു. ഒന്ന് നമ്മുടെ ട്രൈപ്പോഡ് ബാസി, ചങ്ങാായ് നല്ലൊരു വീഡിയൊ ഗ്രാഫര്‍ ആണു. സിനിമ ഷൂട്ട് ചെയ്യണം എന്നൊക്കെയാണു സ്വപനം. നടക്കട്ടെ..!, രണ്ടാമത്തെത് ബാബുക്കാടെ ദോസ്ത് നമ്മുടെ യെസ്ഡി ജെന്സണ് ബായ്. പുള്ളിയും അന്ന് അവിടെ എത്തിയതേ ഉള്ളൂ. മലയാളം അറീയില്ലെന്ന് വിചാരിച്ച് ഞങ്ങള്‍ കുറെ ഇംഗ്ലീഷില്‍ കാച്ചി. ലാസ്റ്റ് പുള്ളി പറഞ്ഞു. ‘അതേയ്, ഞാന്‍ തൃശൂരാണു. നമുക്ക് മലയാളത്തില്‍ പറഞ്ഞാ പോരേന്ന്..’ അടിപൊളി.. ??
ഭക്ഷണവും വര്‍ത്താനവും ഒക്കെ കഴിഞ്ഞ് കൂട്ടത്തിലെ കുറെ ആളുകള്‍ താഴെ പഞ്ചവടിയിലേക്ക് തന്നെ മടങ്ങി. ഞാനും ഷമീറും റഷീദ്ക്കായും ബാബുക്കാന്റെ താവളത്തില്‍ തങ്ങാന്‍ തീരുമാനിച്ചു.
ഇന്നലെ പാതിരാക്ക് കയറിയ മലമുകളിലെ ഏറ്റവും അവസാനത്തെ വീടാണു ബാബുക്കയുടെത്. രാത്രിയിലുള്ള മലകയറ്റം ആയത് കൊണ്ട് ഒന്നും കാണാന്‍ പറ്റിയില്ല. കുളിരുമൂടിയ ഇരുട്ടിലൂടെ ഞങ്ങള്‍ തപ്പിത്തപ്പി മുകളിലേക്ക് കയറുകയായിരുന്നു. കൊച്ചു കൊച്ചു ഹട്ടുകള്ക്കിടയിലൂടെയും ഇരുമ്പിന് വേലികൊണ്ട് അതിരു തിരിച്ച വഴികള്ക്കിടയിലൂടെയുമാണു മലകയറ്റം. ജെന്സണ് ബായിയുടെയും ബാബുക്കായുടെയും അനുഭവകഥകള്‍ കേട്ട് ഉറങ്ങാന്‍ കിടക്കുമ്പോ സമയം രണ്ട് കഴിഞ്ഞിരുന്നു. ബ്ലാങ്കറ്റിനുള്ളിലേക്ക് ഊളിയിടുന്ന സമയത്ത് ബാസി പറഞ്ഞു. ‘മുനീര്‍ക്ക രാവിലെ എണീറ്റ് ആ വാതില്‍ തുറക്കുമ്പൊ നിങ്ങള്‍ക്കൊരു കാഴ്ച കാണാം. അത് പതുക്കെ കണ്ണ് തുറന്ന് കാണണം. മൊതലാവും’ എന്ന്.
എന്താവും ആ കാഴ്ച എന്ന് മനസ്സിലിട്ടാണു ഉറങ്ങാന്‍ കിടന്നത്. ഇവിടെ നിന്നും നോക്കിയാല്‍ ഒരായിരം നക്ഷത്രങ്ങള്‍ മണ്ണിലേക്കിറങ്ങി വന്ന് പ്രകാശിക്കുന്ന പോലെ ഒരു കാഴ്ചയാണു അക്കരെ കണ്ടത്. അതൊരു മഞ്ഞുമലയുടെ അടിവാരത്തിലെ അങ്ങാടിയാണെന്ന് ബാബുക്ക പറഞ്ഞു. ഓള്‍ഡ് മണാലി. ഗതകാല സ്മരണകളിലുറങ്ങുന്ന പഴയ മണാലിയുടെ രാക്കാഴ്ച്ചകള്‍. എത്ര സുന്ദരം..! സത്യത്തില്‍ നക്ഷത്രങ്ങളാല്‍ മിന്നിത്തിളങ്ങുന്ന ആകാശത്തിനു പ്രതിബിംബമെന്നോണം മുകളിലും താഴെയുമായി കണ്ണെത്തുന്ന ദൂരത്തോളം ഇരുളില്‍ മിന്നുന്ന വെള്ളിവെളിച്ചങ്ങള്‍ ആരെയും മനം മയക്കാന്‍ പോന്നതായിരുന്നു..
മഞ്ഞുമലമുകളിലെ ആ പ്രഭാതം ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത കാഴ്ച്ചകളാണു സമ്മാനിച്ചത്. മൈനസിലാണു താപനില. കൈകാലുകള്‍ ഒക്കെ മരവിച്ച പോലെയാണു. ഇരുള്‍മൂടിയ ആ കൊച്ചുമുറിയില്‍ നിന്നും ശമീറാണു ആ മരവാതില്‍ തുറന്നത്. വാതിലിനു നേരെയായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്. ഒരു ചെറിയ മൂളലോടെ വാതില്‍ തുറന്നു. അസഹനീയമായ തണുപ്പും വെളിച്ചവും വാതില്‍പ്പഴുതിലൂടെ ഇരച്ചുകയറി. രണ്ട് കയ്യും വീണ്ടും ബ്ലാങ്കറ്റിനുള്ളിലേക്ക് പൂഴ്ത്തി. കണ്ണുകള്‍ പതുക്കെ തുറന്നു.
ഒരു വിസ്മയമായിരുന്നു ആ കാഴ്ച്ച. ഇരുണ്ട പാശ്ചചാത്തലത്തില് ആ വാതില്ചതുരത്തിലൂടെ കണ്ടത് മണാലിയില്‍ പ്രകൃതിതീര്ക്കുന്ന വിസ്മയക്കാഴ്ച്ചകളുടെ ഒരു പരിച്ചേതമായിരുന്നു. ഇളം നീലയും വെള്ളയും സമം കലര്‍ന്ന് നീലാകാശം. ആകാശത്തെ തന്റെ കൂര്‍ത്ത തലപ്പ് കൊണ്ട് കുത്തിനിര്‍ത്തിയ പോലെ മഞ്ഞ്മൂടിയ മലനിരകള്‍. പര്വ്വതശൃംഖങ്ങളും ആകാശവും എവിടെ സംഗമിക്കുന്നു എന്ന് മനസ്സിലാവുന്നില്ല. ഏറ്റവും മുകള്‍ ഭാഗം കാലങ്ങളോളമായി മഞ്ഞുമൂടിക്കിടക്കുകയാവും. താഴേക്ക് വരുമ്പൊള്‍ മഞ്ഞും പാറകളും ഇടകലര്‍ന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പോലെയും അതിനു താഴെ ഹരിതവനങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട പോലെയുമായിരുന്നു. അതിനു താഴെ ജനവാസമേഖലയാണു. വലിയൊരു പട്ടണമൊന്നുമല്ലെങ്കിലും പലവര്‍ണ്ണങ്ങളിലുള്ള മേല്‍ക്കൂരകളും ചായക്കൂട്ടുകളുമായി ധാരാളം കെട്ടിടങ്ങളും വീടുകളും. അതിങ്ങനെ നോക്കിയിരിക്കാന്‍ ഒരു പ്രത്യേക ഭംഗിയാണു. ആ പട്ടണത്തിന്റെ രാത്രികാഴ്ചകളായിരുന്നു ഇന്നലെ കണ്ടിരുന്നത്. ഓള്‍ഡ് മണാലിക്കും ഞങ്ങള്‍ നില്ക്കുന്ന വശിഷ്ട് ഗ്രാമത്തിനും ഇടയിലൂടെ ഒരു നദി ഒഴുകുന്നുന്നുണ്ട്. അതാണു ബിയാസ് നദി.
ചരിത്രവും ഐതീഹ്യവും സൗന്ദര്യവും കൂടിക്കലര്‍ന്ന് ഒന്നാഴൊഴുകുകയാണു ബിയാസ് നദി. ഈ വിന്ററില്‍ വലുതും ചെറുതുമായ ഒരായിരം വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ നൂലുപോലെ ഒഴുകുന്ന ബിയാസില്‍ വെള്ളം തീരെ കുറവാണ്. എന്ന് വെച്ച് എന്നും ഇങ്ങനെയാണെന്നല്ല. കാറ്റിനെക്കാള്‍ വേഗവും സിംഹഗര്ജ്ജനത്തെക്കാള് ഉയരത്തില്‍ അലര്‍ച്ചയുമായി സംഹാരതാണ്ഡവമാടുന്ന മറ്റൊരു മുഖവും ബിയാസ് നദിക്കുണ്ടെന്ന് ബാബുക്ക പറഞ്ഞു.
വെള്ളം കുറവായതിനാല്‍ ഇതിന്റെ തീരങ്ങളിലെ ഉരുളന്‍ കല്ലുകളില്‍ വന്നിരുന്ന് കഥ പറയുന്നത് സഞ്ചാരികളുടെ ഒരു പ്രധാന വിനോദമാണു. സാഹസികരായ സഞ്ചാരികള്‍ക്കായി പാരച്ച്യൂട്ട് പോലെ ആകാശത്തേക്ക് പറക്കുന്ന കൂറ്റന്‍ ഹോട്ട് എയര്‍ ബലൂണുകളും ബിയാസ് നദിക്കരയിലെ സായാഹ്നക്കാഴ്ച്ചയാണു. രണ്ടൊ മൂന്നോ ഗ്യാസ് സിലിണ്ടര്‍ കത്തിച്ച് അതിന്റെ ചൂടില്‍ മുകളിലേക്കുയരുന്ന പടുകൂറ്റന്‍ ബലൂണില്‍ ഒരേ സമയം നാലുപേര്‍ക്ക് ആകാശക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ ഉയരങ്ങളിലേക്ക് പറക്കം. അഞ്ചു മിനിറ്റ് മുതല്‍ പത്ത് മിനിറ്റ് വരെ നീളുന്ന ഈ യാത്രക്ക് എണ്ണൂറു രൂപയാണു ഞങ്ങളോട് പറഞ്ഞത്. വെറുതെ മെനക്കെടാന്‍ നിന്നില്ല. കേള്‍ക്കാത്ത പോലെ പതുക്കെ സ്കൂട്ടായി..
പറഞ്ഞു വന്നത് അതല്ല. റൂമില്‍ നിന്നും പതുക്കെ പുറത്തെക്കിറങ്ങി. ആ വാതില്‍പ്പഴുതിലൂടെ കണ്ടതിന്റെ നൂറു മടങ്ങ് സുന്ദരമായിരുന്നു ആ കാഴ്ച്ചകള്‍. എന്നും അങ്ങനെത്തന്നെ ആണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എങ്ങോട്ട് തിരിഞ്ഞാലും കണ്ണെടുക്കാന്‍ തോന്നാത്തപോലെ. ക്യാമറയില്‍ ആ ഫ്രെയിം എത്രത്തോളം ഒപ്പിയെടുക്കാന്‍ കഴിയും എന്നും അറിയില്ല. മുന്‍ഭാഗത്ത് തൂക്കിയിട്ട റാന്തല്‍ വിളക്കിനു താഴെ നിന്ന് ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു.
വലത് വശത്തായി കാണുന്ന കൂറ്റന്‍ മഞ്ഞു മലകളിലൂടെയാണു റോത്താങ് പാസ് കടന്ന്പോകുന്നത്. സാഹസിക സഞ്ചാരികളുടെ സ്വര്‍ഗം എന്നൊക്കെ പറയുന്ന ലേ-ലഡാക് ഒക്കെ അതിനപ്പുറം കിടക്കുന്നു. മൗണ്ടന്‍ ബൈക്കിംഗിനും സ്കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്. നേരെ മുമ്പോട്ട് നോക്കിയാല്‍, ധര്മ്മസല, ചമ്പ എന്നൊക്കെ പറയപ്പെടുന്ന മലനിരകള്‍. ദലൈലാമക്ക് അഭയം കൊടുത്തിരുന്നത് അവിടെയായിരുന്നുവത്രെ. കയ്യെത്തും ദൂരത്ത് ഇലപൊഴിഞ്ഞ ആപ്പിള്‍ മരങ്ങള്‍ ധാരളമുണ്ട്. അടുത്ത ഓഗസ്റ്റിലാണു വിളവെടുപ്പ്.
അപ്പുറത്ത് ഒഴുകുന്ന ബിയാസ് നദിക്ക് സമാന്തരമായി മണാലി-ലഡാക്ക് ഹൈവെ. അതിനുമപ്പുറം ഓള്‍ഡ് മണാലി. അതിനെ ഇടത് വശത്തായി പുതിയ മണാലി. മാര്‍ക്കറ്റും വ്യവഹാരങ്ങളുമൊക്കെ ഇപ്പോ നടക്കുന്നത് പുതിയ മണാലിയിലാണു. മണാലിക്ക് ചുറ്റും പൈന്‍ മരങ്ങള്‍ കൊണ്ട് നാച്ചുറന്‍ ഫെന്‍സിങ് തീര്‍ത്തിരിക്കുന്നു ഹിമാചല്‍ സര്‍ക്കാര്‍. മരങ്ങള്‍ കൊണ്ട് ഒരു സുരക്ഷിത കാവല്‍. എന്തു നല്ല സങ്കല്‍പ്പം…
ഇടത് വശത്തെക്ക് വീണ്ടും അങ്ങകലെ ചന്ദ്രഗിരി പാസ്. അവിടെയാണു മലാന, കാസോള്‍ മലനിരകള്‍. ഹിമാചല്ക്കാരുടെ ജീവിതത്തിന്റെ ഒരു ഭാഗമായ കഞ്ചാവ് ഏറ്റവും സുലഭമായി ലഭിക്കുന്നയിടങ്ങളില്‍ ചിലത്.
അല്പസമയം കഴിഞ്ഞപ്പോ ബാബുക്കാന്റെ കൂടെ ഒരു പ്രഭാത ട്രക്കിങിനു പോയി. ഹിമാചല്കാരുടെ ജീവിതങ്ങള്‍ നേരില്‍ കണ്ടു. നിഷ്കളങ്കരയ മനുഷ്യര്‍. മനുഷ്യന് ഹൃദയത്തില്‍ എത്രമാത്രം സ്നഹം ഉള്ളവര്‍ ആണെന്നു ഇവിടെ ചെന്നാല്‍ മനസ്സിലാകും. വീടുകള്‍ താരതമ്യേന ചെറുതാണു. ജീവിത സങ്കല്‍പ്പങ്ങളും. വാശിയോ തമ്മിത്തല്ലോ രാഷ്ട്രീയ വൈരങ്ങളോ മനസ്സിലില്ലാത്തവര്‍. ഇലക്ഷന് ആവുന്ന അന്നാണത്രെ പലരും ആ പണിക്ക് പോവുന്നത്. മലകളില്‍ നിന്ന് വിറകുകള്‍ ശേഖരിച്ചും കൃഷിയിടങ്ങളില്‍ പൊന്നുവിളയിച്ചും ജീവിതമാര്‍ഗ്ഗം നോക്കുന്നവര്‍. വീടിനു മേല്‍ക്കൂര പാകിയിരിക്കുന്നത് ചെറിയ സ്ലേറ്റ് ഷീറ്റുകള്‍ കൊണ്ടാണെന്ന് നടത്തത്തിനിടെ മനസ്സിലായി. ഈ കാഴച ഞങ്ങളില്‍ കൗതുകം ഉളവാക്കി.
ഉച്ചയോടു കൂടി ഞങ്ങള്‍ താഴെയിറങ്ങി. ഇനിയൊന്ന് കുളിക്കണം. സാദാ കുളിയല്ല. ഒരു ചൂടന്‍ കുളി.. 🙂
COMMENTS
hello contact. cheyyan enthenkilum id or mob nomber tharamo
pnrashid@gmail.com