കാര്‍ബണിലെ വീട് കാണാന്‍ കുട്ടിക്കാനത്തേക്ക്

കാര്‍ബണിലെ വീട് കാണാന്‍ കുട്ടിക്കാനത്തേക്ക്

‘കൊടും കാടിന് നടുവില്‍ പഴയൊരു വീട് , മൈലുകളോളം ജനവാസമില്ല , ഫോണില്ല , കറണ്ടില്ല.. അങ്ങനെ ഒരു സ്ഥലത്ത് ഒറ്റക്ക് താമസിക്കാനുള്ള ധൈര്യമുണ്ടോ ????’
കാര്‍ബണ്‍ ഫിലിം ലെ ഈ ഡയലോഗ് കേട്ടും ഫിലിം കണ്ടും ഒരുപാട് ആഗ്രഹിച്ചതായിരുന്നു അങ്ങോട്ടുള്ള യാത്ര…

ചിത്രവും എഴുത്തും നൗഫല്‍ കാരാട്ട്‌

ആറ് മണിക്കൂറോളം നീണ്ട കാനന ഭംഗിനുകര്‍ന്ന ഗവി യാത്രക്ക് വിരാമമിട്ട് ഉച്ചക്ക് വണ്ടിപ്പെരിയാറില്‍ ഇറങ്ങി കോട്ടയം ബസ്സില്‍ തിരിച്ചുപോരാന്‍ ഒരുങ്ങുമ്പോഴാണ് ‘ കുട്ടിക്കാനം വഴി അല്ലെ പോകുന്നേ.. നമുക്ക് അമ്മച്ചിക്കൊട്ടാരം കൂടി കണ്ട് പോയാലോ..? ‘ എന്ന അഭിയുടെ ചോദ്യം.. അമ്മച്ചിക്കൊട്ടാരം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലായില്ലെങ്കിലും കാര്‍ബണ്‍ ഫിലിം ലെ ആ വീട് ആണ് എന്ന് അറിഞ്ഞതോടെ ടിക്കറ്റ് കുട്ടിക്കാനത്തേക്ക് എടുത്ത് ആനവണ്ടിയുടെ സൈഡ് സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ച് ഇടുക്കി എന്ന മിടുക്കിയുടെ ഭംഗി ആസ്വദിച്ച് യാത്ര തുടര്‍ന്നു…

ചാര്‍ളിയിലെ മിനറല്‍സ് നിറഞ്ഞ വെള്ളച്ചാട്ടം എത്തുന്നതിന് മുമ്പായി , പരുന്തുംപാറ യും , പീരുമേടും കഴിഞ്ഞ് കുട്ടിക്കാനം എത്തുമ്പോള്‍ ചുറ്റും കോടമഞ്ഞ് മൂടിയിരുന്നു.. അധിക സമയവും കോടയില്‍ കുളിച്ചുനില്‍കുന്ന ഇവിടം പീരമേട് , കുമളി , തേക്കടി ഭാഗങ്ങളിലേക്കും കട്ടപ്പന , വാഗമണ്‍ എന്നിവിടങ്ങളിലേക്കും പോകാന്‍ ദിശ മാറുന്ന പ്രധാന സ്ഥലമാണ്.  ഒരുപാട് ഹോട്ടലുകളും , കടകളും , വാഹന സൗകര്യവും ഉള്ള കുട്ടിക്കാനത്ത് തലയെടുപ്പോടെ ഒരു ക്രിസ്ത്യന്‍ സ്‌കൂളും ചെറിയൊരു പെട്രോള്‍ പമ്പും ഉണ്ട്.ബസ്സിറങ്ങി അടുത്തുള്ള കടയില്‍ കയറി കൊട്ടാരത്തിലേക്കുള്ള വഴി ചോദിച്ചറിഞ്ഞ് നടക്കാന്‍ തുടങ്ങി.

മെയിന്‍ റോട്ടിലൂടെ 300 മീറ്ററോളം കോട്ടയം ഭാഗത്തേക്ക് നടന്ന് ബാര്‍ബീക്യൂ ഹോട്ടലും കഴിഞ്ഞ് മിസ്റ്റി മൗണ്ടൈന്‍ എന്ന റിസോര്‍ട്ടിനെ ചാരി ഇടത് വശത്തായി കാണുന്ന റോഡില്‍ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടന്ന് കൊട്ടാര പടിക്കലെത്തി.ടാര്‍ ചെയ്ത റോഡും , ശേഷം കരിങ്കല്ല് നിറഞ്ഞതും , അവസാനമായി ചെമ്മണ്‍ പാതയുമാണ് റോഡിന്റെ സ്വഭാവം.ബൈക്ക് , കാര്‍ , ജീപ്പ് തുടങ്ങി ചെറിയ ബസ്സ് വരെ കൊട്ടാരമുറ്റത്ത് വരെ ചെല്ലും.


കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് നശിച്ച ഗേറ്റ് കടന്ന് കഴിഞ്ഞാല്‍ ഇരുവശവും കാട് മൂടിയ വഴിയാണ്. അവസാനമായി ഒരു ചെറിയ വളവ് കൂടി നടന്നു നിവര്‍ന്നതോടെ തലയെടുപ്പോടെ പ്രൗഢ ഗാംഭീര്യമുള്ള ആ ചെറിയ കൊട്ടാരത്തിന്റെ മുന്‍ഭാഗം കണ്ടു തുടങ്ങി. കൊട്ടാരം കണ്ണില്‍ പതിഞ്ഞ ഉടനെ കാര്‍ബണ്‍ ഫിലിം ലെ രംഗങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. ഫഹദ് ഫാസില്‍ ജീപ്പില്‍ കൊട്ടാരത്തിലേക്ക് വരുന്നതും , രാത്രി പേടിച്ച് മുറ്റത്ത് കിടക്കുന്നതും , മാനിനെ കാണുന്നതും… അങ്ങനെ അങ്ങനെ ഒരുപാട് കാഴ്ചകള്‍ മനസ്സില്‍ നിറഞ്ഞപ്പോയേക്കും കൊട്ടാരത്തിന്റെ മുന്നില്‍ എത്തിയിരുന്നു.

അവിടം മറ്റ് സന്ദര്‍ശകര്‍ ഉള്ളതിനാല്‍ ആദ്യം പുറം കാഴ്ചകള്‍ കാണാം എന്ന് കരുതി ചുറ്റും ഒന്ന് നടന്ന് കണ്ണോടിച്ചു.ഇതുവരെ ‘കൊട്ടാരം’ എന്ന് പറയുകയും മനസ്സില്‍ കരുതിയതുമായ ഈ വീട് ശരിക്കുമൊരു ‘ പ്രേത ബംഗ്ലാവ് ‘ ആണെന്ന് തോന്നിപ്പിക്കുന്ന കാഴ്ചയായിരുന്നു ചുറ്റും.

കൊട്ടാരത്തിന്റെ ചുറ്റും കാട് മൂടി , വീടിന്റെ മേല്‍ക്കൂരയും മുകള്‍ഭാഗവും തകര്‍ന്ന് , ജനലുകളും വാതിലുകളും ചിതലെടുത്ത് നശിച്ച് , മാറാലകള്‍ കെട്ടി , അടുക്കളഭാഗം പൂര്‍ണമായും നശിച്ച് രാജ കൊട്ടാരമെന്ന വിളിപ്പേരിനെ ശരിക്കും കളങ്കപ്പെടുത്തുന്ന കാഴ്ച കണ്ടപ്പോള്‍ കൊട്ടാരത്തിന്റെ സംരക്ഷണ കാര്യങ്ങളില്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല എന്ന് ബോധ്യമായി.

ഒരേ സമയം നാലോ അഞ്ചോ ആളുകളെ മാത്രമേ അകത്തേക്ക് കടത്തി വിടുന്നുള്ളൂ.. കൊട്ടാരത്തിന്റെ പുറം കാഴ്ച കണ്ട് വന്ന് മുന്‍ വശത്തെ വാതിലിനടുത്ത് സ്ഥാനം ഉറപ്പിച്ചു. ധര്‍മലിംഗം. വര്‍ഷങ്ങളായി ഇദ്ദേഹമാണത്രെ കൊട്ടാര സൂക്ഷിപ്പുകാരന്‍. 70 വയസ്സോളം പ്രായമുള്ള ധര്‍മലിംഗം തമിഴ്‌നാട് കമ്പചുരുളി സ്വദേശിയാണ്. താമസവും , ഭക്ഷണവും എല്ലാം കൊട്ടാരത്തിനകത്ത് തന്നെ.

അപ്പോഴാണ് കാര്‍ബണിലെ കൊച്ചുപ്രേമന്‍ ചേട്ടനെ ഓര്‍മ്മ വന്നത്. അത് പറഞ്ഞപ്പോള്‍ ‘ എന്റെ കഥാപാത്രമാണ് അദ്ദേഹം അതില്‍ അഭിനയിച്ചിട്ടുള്ളത് ‘ എന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞ് അദ്ദേഹം മുന്നോട്ട് നടന്നു.ധര്‍മലിംഗത്തിന്റെ മുത്തച്ഛനും മുന്‍തലമുറക്കാരും തിരുവിതാംകൂര്‍ മഹാരാജാവിന്റെ സേവകാരായിരുന്നെന്നും കൂടിച്ചേര്‍ത്തൂ.

കൊട്ടാരം ഇപ്പോള്‍ ബാംഗ്ലൂരിലെ ഐടി കമ്പനിയുടെ കൈവശം ആണെങ്കിലും സംരക്ഷണ ചുമതല ഇദ്ദേഹത്തില്‍ തന്നെയാണ്. വാതില്‍ തുറന്ന് ആദ്യം തന്നെ ഒരു ഹാളിലേക്ക് ആണ് പ്രവേശിച്ചത്. വുഡന്‍ പാനലുകള്‍ കൊണ്ട് ഒരുക്കിയ മേല്‍ക്കൂരയും , തീ കായാനുള്ള സൗകര്യവും , പകല്‍ വെളിച്ചം അകത്തേക്ക് ലഭിക്കാനായി വിത്യസ്ത കളറുകളില്‍ ഗ്ലാസ് ഉള്ള ഒരു ഫ്രഞ്ച് ജനവാതിലും ഇവിടെ കാണാം…

രാജ കൊട്ടാരത്തിന്റെ മീറ്റിങ് നടക്കുന്ന സ്ഥലം ആയിരുന്ന ദര്‍ബാര്‍ ഹാളിനെ പ്രൗഢമാക്കുന്നുണ്ട്.
ഹാളില്‍ നിന്ന് ചെറിയ ഇടനാഴിയിലൂടെ നടന്ന് നടുമുറ്റത്തേക്ക് പ്രവേശിച്ചു. ചെടികളും പൂക്കളും കൊണ്ട് മനോഹരമായ നടുമുറ്റത്തിന് ചുറ്റുമായി കൊട്ടാരത്തിലെ കിടപ്പുമുറികളാണ്. പണ്ട് രാജാവും , രാജ്ഞിയും , തോഴിമാരും താമസിച്ചിരുന്ന മുറികളില്‍ ഇപ്പോള്‍ ഒന്നില്‍ ധര്‍മലിംഗം താമസിക്കുമ്പോള്‍ മറ്റ് രണ്ട് റൂമുകളില്‍ പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയുമാണ്. കൊട്ടാര അവഗണയുടെ ലക്ഷണങ്ങള്‍ വീണ്ടും കാണിച്ച് തരുന്നു…

രണ്ട് രഹസ്യ ഭൂഗര്‍ഭ അറകള്‍ ഇവിടെയുണ്ട് എന്നും ഒന്ന് പീരമേട് ക്ഷേത്രത്തിലേക്കും മറ്റൊന്ന് കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ആണ് എന്ന് പറഞ്ഞെങ്കിലും അത് സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുക്കാറില്ല എന്ന കാരണത്താല്‍ കാണാന്‍ കഴിഞ്ഞില്ല.

ഇറ്റാലിയന്‍ ടൈലുകള്‍ കൊണ്ട് നിര്‍മിച്ച കുളിമുറികളും , അന്നത്തെ മികച്ച ഉത്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ അടുക്കളയും , ഊണ് മുറിയും , പൂജാ മുറിയും ഇപ്പോഴും പഴമയുടെ മണവും പ്രൗഢിയും കൊട്ടാരത്തിന് നിലനിര്‍ത്തുന്നുണ്ട്. തിരുവിതാംകൂര്‍ രാജ്ഞിയുടെ വേനല്‍ക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം എന്നാണ് അറിയാന്‍ കഴിഞ്ഞത്. രാജാവിന്റെ പത്‌നി താമസിക്കുന്ന കൊട്ടാരം ആയതിനാലാണ് ‘അമ്മച്ചി കൊട്ടാരം’ എന്ന വിളിപ്പേര് കിട്ടിയതത്രേ…

പ്രത്യേക പെര്‍മിഷനോ ടിക്കറ്റോ ഇല്ലാത്ത അമ്മച്ചിക്കൊട്ടാരം കാണാന്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ ഒരുപാട് വരുന്നുണ്ട്. രണ്ട് മണിക്കൂര്‍ അവിടെ ചിലവഴിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങുമ്പോഴും ബൈക്കുകളും കാറുകളിലുമായി കൊട്ടാരം കാണാന്‍ വരുന്നവര്‍ അനവധിയാണ്….
കാലങ്ങള്‍ കൊണ്ട് കണ്‍മറയാന്‍ സാധ്യതയുള്ള ഈ കൊട്ടാരം പ്രൗഢിയും ഭംഗിയും ചോര്‍ന്ന് പോകുന്നതിന് മുമ്പ് ഓരോ സഞ്ചാരിയും കാണേണ്ടത് തന്നെയാണ്…

COMMENTS

WORDPRESS: 0
DISQUS: 0