അസ്തമയ കാഴ്ചകാണാന്‍ കവയിലേക്ക്

അസ്തമയ കാഴ്ചകാണാന്‍ കവയിലേക്ക്

കവ , ഒരുപാട് നാളുകള്‍ക്ക് മുമ്പ് മനസ്സില്‍ പതിഞ്ഞ സ്ഥലം.. അന്ന് തന്നെ സോളോ റൈഡ് പോകണം എന്നും മനസ്സില്‍ കുറിച്ചിട്ടിരുന്നു. കൊല്ലം ഒന്ന് കഴിഞ്ഞിട്ടും പോകാന്‍ കഴിയാതെ നില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ആ യാത്ര ഉണ്ടായത്…

എഴുത്തും ചിത്രവും നൗഫല്‍ കാരാട്ട്

മലപ്പുറത്ത് നിന്നും ഉച്ചക്ക് 2.30 നാണ് യാത്ര തുടങ്ങിയത്. മലമ്പുഴ ഡാം വരെ വഴി അറിയാവുന്നത് കൊണ്ട് സംശയമില്ലാതെ അവിടെ എത്തി. അപ്പോള്‍ സമയം 4 കഴിഞ്ഞിരിക്കുന്നു. ശേഷം ഓട്ടോ ചേട്ടനോട് ചോദിച്ചപ്പോള്‍ സ്നേക് പാര്‍ക്കിന് മുമ്പിലൂടെ യുള്ള റോഡ് കാണിച്ച് തന്നു.. ഗൂഗിള്‍ മാപ് ഓണ്‍ ആക്കി യാത്ര തുടര്‍ന്നു.ഗൂഗിള്‍ മാപ് കാണിച്ച വഴിയിലൂടെ പോകുമ്പോള്‍ കണ്ട കാഴ്ചകള്‍ അതിമനോഹരമായിരുന്നു. ഒരുപാട് മാവിന്‍തോട്ടങ്ങള്‍ , ഫോറസ്റ്റിലൂടെ യുള്ള യാത്ര , പല സ്ഥലങ്ങളിലും ആന ഇറങ്ങുന്ന വഴി എന്ന ബോര്‍ഡുകള്‍ കണ്ടെങ്കിലും ആനയെ കാണാന്‍ പറ്റിയില്ലെങ്കിലും മയില്‍ കൂട്ടങ്ങളെ ഒരുപാട് കാണാന്‍ പറ്റി.

ഗൂഗിള്‍ മാപ്പില്‍ വഴി അവസാനിക്കാനായപ്പോള്‍ റോഡിന്റെ ഇടത് സൈഡിലായി വിശാലമായ ഒരു സ്ഥലം ശ്രദ്ധയില്‍ പെട്ടു. ഫോട്ടോകളില്‍ കണ്ട അതെ അടയാളങ്ങള്‍ കണ്ടത് കൊണ്ട് വണ്ടി അങ്ങോട്ട് തിരിച്ചു.സമയം 5 മണി , നല്ല കാറ്റിന്റെ അനുഗമത്താല്‍ ചങ്ക് dio യെയും കൂട്ടി മുന്നോട്ട് നീങ്ങി. ഒരുപാട് വാഹനങ്ങള്‍ മുന്നിലായി തെളിഞ്ഞ് വരുന്നുണ്ട്. അതുപോലെ ഒരുപാട് ഫാമിലികള്‍ കളിയും ചിരിയുമായി അവിടെ ചുറ്റുപാടും നിറഞ്ഞിട്ടുണ്ട്.

സ്ഥലം കണ്ടാല്‍ തന്നെ അറിയാം ഫാമിലിയുമായി ചിലവഴിക്കാന്‍ അനുയോജ്യമായ സ്ഥലമാണെന്.. മലമ്പുഴ ഡാം കണ്ട് വീട്ടിലേക്ക് തിരിച്ചുപോകാതെ ഇവിടെ വന്ന് അവിടെ അനുഭവിച്ച തിരക്കില്‍ നിന്നും ഒന്ന് വിട്ട് മാറി മൈന്‍ഡ് ഫ്രഷ് ആയി പോയാല്‍ ആയിരിക്കും അന്നത്തെ യാത്രക്ക് പൂര്‍ണത കിട്ടുക എന്ന് തീര്‍ച്ച.മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശമായ കവ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന കാഴ്ച വ്യത്യസ്തമാണ്. വേനലും വര്‍ഷവും കവയുടെ മുഖഛായ തന്നെ മാറ്റിയെടുക്കുന്ന മാറ്റങ്ങളാണ് സമ്മാനിക്കുക. വേനലില്‍ ചെറു ദ്വീപുകളായോ , പരന്ന് കിടക്കുന്ന മൈതാനമായോ ആയിരിക്കും , എന്നാല്‍ മഴ വന്നാല്‍ വെള്ളം നിറഞ്ഞ് അതിസുന്ദരിയാകും ഇവള്‍.കവയിലെ സുന്ദരമായ അസ്തമയവും കണ്‍കുളിര്‍ക്കെ കണ്ട് വീട്ടിലേക്ക്.

 

കവ കാഴ്ച തേടി വരുന്ന സഞ്ചാരികളുടെ ശ്രദ്ധക്ക്.

  •  ഇവിടെ കാണാനുള്ളത് ഈ പറഞ്ഞതും മുകളിലെ ഫോട്ടോയില്‍ കാണുന്നതും മാത്രമാണ്…
  • അവിടെ ചെറിയ ഒരു കട ഉള്ളതിനാല്‍ വെള്ളവും സ്‌നാക്‌സം വേണമെങ്കില്‍ അവിടുന്ന് വാങ്ങാം
  • വന്യ മൃഗങ്ങള്‍ ഉള്ള പ്രദേശമാണ് ഇവിടെ.

 

COMMENTS

WORDPRESS: 0
DISQUS: 0