സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അടര്‍ന്നു വീണൊരു കൊച്ചു മനോഹര ഗ്രാമം.. കല്‍ഗ.. പൂത്തുലഞ്ഞു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും ദേവതാരു വൃക്ഷങ്ങളും കൊണ്ട് സമൃദ്ധമായ കല്‍ഗ.. ഗോതമ്പും കാബേജുo തഴച്ചു വളരുന്ന കല്‍ഗ.. പുറംലോകവുമായുള്ള ബന്ധം വേര്‍പെടുത്തി ഒരു വലിയ കുന്നിന്റെ നെറുകയിലായി ഹിമാലയത്തിന്റെ മാറോട് പറ്റിച്ചേര്‍ന്നിരിക്കുന്ന കല്‍ഗ.. അവള്‍ക്കു കാവലായി ശിരസ്സില്‍ മഞ്ഞിന്‍ കിരീടമണിഞ്ഞ ഹിമാലയന്‍ മലനിരകള്‍.. ഗ്രാമത്തിന്റെ ഒരു വശത്തൂടെ സ്വര്‍ഗത്തിലേക്കുള്ള ഒരു ഒറ്റയടിപ്പാത പോലൊരു ചെറിയ വഴി മുകളിലേക്ക് കയറിപ്പോകുന്നു.. വഴികള്‍ക്കിരുവശവും തട്ടുതട്ടായി മുകളിലേക്ക് പടര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങളും… അതാണ് കല്‍ഗ എന്ന സ്വപ്നഭൂമി…
സോബിന്‍ ചന്ദ്രന്‍ എഴുതുന്നു
ആപ്പിള്‍ മരങ്ങള്‍ വസന്തം തീര്‍ക്കുന്ന ഹിമാലയത്തിലെ പാര്‍വതി വാലിയില്‍ ആണ് കല്‍ഗ എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. കുളു വാലിയില്‍ നിന്നും ഏകദേശം 60km ദൂരമുണ്ട് ഇവിടേയ്ക്ക്. കുളു -ഭുണ്ടാര്‍ വഴി ബര്‍ഷൈനി എന്ന സ്ഥലത്തെത്തി അവിടെനിന്നും 2കിലോമീറ്റര്‍ നടന്നു വേണം കല്‍ഗയിലെത്താന്‍. ബര്‍ഷൈനി മുതല്‍ കല്‍ഗ വരെ കുത്തനെ ഉള്ള കയറ്റമാണ്. കയറി മുകളിലെത്തി കഴിഞ്ഞാല്‍ കല്‍ഗയുടെ സൗന്ദര്യത്തില്‍ ആരും മയങ്ങുമെന്നു തീര്‍ച്ച.
മരത്തടി കൊണ്ട് പണിതെടുത്ത വീടുകളാണ് ഏറെയും. ഓരോ വീടുകള്‍ക്കും 2നിലകളാണുള്ളത്.. വീടിന്റെ മുകള്‍ വശം തകരകൊണ്ടുമൂടി അതിനു മുകളില്‍ പരന്ന കല്ലുകള്‍ ചേര്‍ത്തടുക്കി വച്ചിരിക്കുന്നു. മുകളിലെ നിലയില്‍ വീടിന്റെ ഉടമസ്ഥരും താഴെ അവരുടെ വളര്‍ത്തു മൃഗങ്ങളായ ആടും പശുക്കളും നായ്ക്കളുമൊക്കെ ആയി സുഖജീവിതം നയിക്കുന്നു. മിക്ക വീടുകളുടെയും ഉമ്മറത്തായി പ്രായമായ ആളുകളെ കാണാം. കാലം കവര്‍ന്നെടുത്ത സൗന്ദര്യത്തിന്റെ അവശേഷിപ്പുപോലെ ചുളിവുകള്‍ വീണ മുഖവും കുറുകിയ കണ്ണുകളും പതിഞ്ഞ നെറ്റിയുമൊക്കെ ഉള്ള കുറച്ചു മനുഷ്യര്‍.
കുളുവില്‍ നിന്നും ഭുണ്ടാറില്‍ നിന്നും എപ്പോഴും ബര്‍ഷൈനിക്ക് ബസ് സര്‍വീസ് ഉണ്ട്. 50രൂപയാണ് ബസ് ചാര്‍ജ്. പോകുന്ന വഴിക്കാണ് ഇന്ത്യന്‍ മിനി ഇസ്രയേല്‍ എന്നറിയപ്പെടുന്ന കസോള്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പെങ്ങോ ഇവിടെ എത്തിച്ചേര്‍ന്ന ഇസ്രയേലികള്‍ ഇപ്പോഴും ധാരാളമായി ഇവിടെ താമസിക്കുന്നു. എല്ലാ കടകളുടെ ബോര്‍ഡുകളിലും ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷ ആയ ഹീബ്രു വിലും എഴുതിയിട്ടുണ്ട്. അവിടുന്ന് കുറച്ചുകൂടി മുന്‍പോട്ട് പോകുമ്പോള്‍ സിഖ് മതസ്ഥരുടെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ മണികരന്‍ സ്ഥിതിചെയ്യുന്നത്. അവിടുന്ന് ബര്‍ഷൈനിക്ക് വീണ്ടും അര മണിക്കൂര്‍ ദൂരം.
മണികരന്‍ മുതല്‍ ബര്‍ഷൈനി വരെ വഴി വളരെ മോശമാണ്.. വഴിയേത് കുഴിയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ് പലയിടത്തും. വലിയൊരു മലയിടുക്കിലൂടെ കയറിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന വഴിയുടെ മറുവശം അഗാധ ഗര്‍ത്തമാണ്.. അതിലൂടെ പാല്‍നുര പതഞ്ഞൊഴുകുന്ന പോലെ പാര്‍വതി നദി. ഹിമാലയത്തിന്റെ ശിരോഭാഗത്തുള്ള പിന്‍ പാര്‍വതി പാസിന് താഴെയായി സ്ഥിതിചെയ്യുന്ന മാന്തലൈ ഗ്ലേസിയറില്‍ നിന്നും രൂപം കൊണ്ട ‘മാന്തലൈ തടാക’മാണ് പാര്‍വതി നദിയുടെ ഉത്ഭവ സ്ഥാനം.
രാവിലെ ഏകദേശം 10മണിയോടുകൂടി ബര്‍ഷൈനി എത്തിച്ചേര്‍ന്നു. തലേന്ന് വൈകിട്ട് 10മണിക്ക് ഡല്‍ഹിയില്‍ നിന്നും കയറിയതാണ്. അത്യാവശ്യത്തിനു ക്ഷീണവുമുണ്ട്. ബസിറങ്ങിയിടത്തു തന്നെ ഒരു റൂം അന്വേഷിച്ചു കണ്ടുപിടിച്ചു. 400രൂപാ വാടക. റൂമെടുത്തു സാധനങ്ങളൊക്കെ ഒന്നിറക്കി വച്ചു ഒരു കുളിയൊക്കെ പാസാക്കി മെല്ലെ വീണ്ടും റിസെപ്ഷനില്‍ പോയി കുറച്ചുനേരം ചുറ്റിപ്പറ്റിനിന്നു. റിസെപ്ഷനിസ്റ്റില്‍ നിന്നും അവിടുള്ള മാക്‌സിമം സ്ഥലങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തണം. അതാണ് ലക്ഷ്യം…വളരെ ചെറിയൊരു സ്ഥലമാണ് ബര്‍ഷൈനി. വാടകയ്ക്ക് താമസിക്കാന്‍ അഞ്ചോ ആറോ ഹോട്ടലുകളുണ്ട്. പിന്നേ അത്യാവശ്യം കുറച്ചു കടകളും.. ബര്‍ഷൈനി ആണ് ലാസ്റ് സ്റ്റോപ്പ്.അതിനപ്പുറത്തേക്ക് ബസുകളൊന്നുമില്ല.. ഇവിടെ നിന്നുമാണ് ടോഷ്.. ഖീര്‍ഗംഗ … മാന്തലൈ തടാകം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത് . വലിയ ലഗ്ഗേജ് ഒക്കെ ഉള്ളവര്ക്ക് അതൊക്കെ ദിവസവാടകയായ 40രൂപയ്ക്കു ബര്‍ ഷൈനി യില്‍ വച്ചിട്ട് ട്രെക്കിംഗ് ന് പോകാവുന്നതാണ്.
അങ്ങനെ പ്രഭാത ഭക്ഷണവും കഴിച്ചു അല്പസമയം കിടന്നുറങ്ങി ക്ഷീണവും മാറ്റി ഉച്ചഭക്ഷണവും കഴിച്ചു ഒരു 3മണിയോട് കൂടി പയ്യെ കള്‍ഗയിലേക്കുള്ള നടത്തം ആരംഭിച്ചു. ടൌണില്‍ നിന്നും അര കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ വഴി രണ്ടായി പിരിയുന്നു. ഒന്ന് ടോഷ് എന്ന സ്ഥലത്തേക്കും മറ്റേത് കല്‍ഗ.. ഖീര്‍ ഗംഗ എന്നിവിടങ്ങളിലേക്കും. വലതുവശത്തൂടെ ഉള്ള വഴിയിലൂടെ താഴേക്കിറങ്ങി പാര്‍വതി നദിക്ക് കുറുകെ പണിതിരിക്കുന്ന ഒരു ജലസംഭരണി ക്ക് മുകളിലൂടെ നടന്നു നദിയുടെ മറുവശത്തെത്തണം.. അവിടുന്ന് പിന്നെ ഒന്നര മണിക്കൂര്‍ കുത്തനെ ഉള്ള കയറ്റം. ഓരോ ചുവടു മുന്നോട്ടു വയ്ക്കുമ്പോഴും ദൂരെ ബര്‍ഷൈനി യുടെ ദൃശ്യം തെളിഞ്ഞ് വന്നു. വഴികളിലൊക്കെയും നിറയെ ആപ്പിള്‍ മരങ്ങള്‍.. ചിലതിലൊക്കെ പച്ച ആപ്പിളും ഉണ്ടായിരുന്നു. ഇടയ്ക്കു ഓരോന്നൊക്കെ കടിച്ചു തിന്നുകൊണ്ട് വീണ്ടും മുകളിലേക്ക്..
ഒരുമണിക്കൂറെടുത്തു മുകളിലേക്കൊന്നെത്തിക്കിട്ടാന്‍…കല്‍ഗ എന്ന കൊച്ചു ഗ്രാമത്തിന്റെ ദ്രിശ്യം മെല്ലെ അടുത്തെത്തിത്തുടങ്ങി.. ചുറ്റും തിങ്ങിവളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഉള്ള നടപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.. ചെറിയ തണുപ്പും ഇടയ്ക്കു തണുപ്പിനെ കെട്ടിപ്പിടിച്ചു കടന്നുപോകുന്ന കാറ്റും നൂലുപോലെ ചാറുന്ന ചാറ്റല്‍ മഴയും എല്ലാം ചേര്‍ന്ന മനോഹരമായ ഒരു സായാഹ്നം. നടന്നു നടന്നു ഒടുവില്‍ കല്‍ ഗയുടെ കവാടത്തിലെത്തി.. അതിനടുത്തായി ഒരു ചെറിയ ടീ സ്റ്റാള്‍.. നേരെ അങ്ങോട്ട് കയറി. ഒരു ചൂടുചായ… വലിച്ചു കെട്ടിയിരിക്കുന്ന ടാര്‌പോളിന്റകത്തിരുന്ന് പുറത്ത് പെയ്യുന്ന ചാറ്റല്‍മഴയുടെ നനവ് അറിഞ്ഞു മഞ്ഞിന്റെ തൊപ്പിവെച്ച ഹിമവാന്റെ ഭംഗിയും ആസ്വദിച്ചു ആവി പറക്കുന്ന ചായയും കുടിച്ചു വെറുതെ കുറെ നേരമിരുന്നു .
Bദൂരെ നിന്നുനോക്കുമ്പോള്‍ കുന്നിന്റെ നെറുകയിലുള്ളൊരു കൊച്ചു ഗ്രാമമെന്ന പ്രതീതി ഉളവാക്കുമെങ്കിലും കല്‍ഗ അത്രയും ചെറുതല്ല അടുത്തറിയുമ്പോള്‍.. പാലുല്‍പ്പന്നങ്ങളും ആപ്പിളും ആണ് ഇവിടുള്ളവരുടെ പ്രധാന വരുമാനം മാര്‍ഗങ്ങള്‍… കല്ലുപാകിയ വീടുകള്‍ക്ക് ചുറ്റും ഗോതമ്പിന്റെയും കാബ്ബജ് ന്റെയും ക്യാരറ്റ് ന്റേയുമൊക്കെ ചെറിയ തോട്ടങ്ങള്‍.. ആവശ്യമുള്ള പച്ചക്കറി സാധനങ്ങളൊക്കെ അവര്‍ സ്വയം ഉല്പ്പാദിപ്പിക്കുന്നു.. അടുത്തടുത്ത് കൂട്ടം കൂട്ടമായി കാണപ്പെടുന്ന കുറച്ചു വീടുകളില്‍ കഴിഞ്ഞാല്‍ പിന്നെ പച്ചപ്പുല്ല് പരവതാനി വിരിച്ച ഒരു ചെറിയ താഴ്വാരം. കാലികള്‍ യഥേഷ്ടം മേഞ്ഞു നടക്കുന്നു.. അവയ്‌ക്കൊപ്പം കലപില പറഞ്ഞു കളിച്ചു നടക്കുന്ന ചെറിയ കുട്ടികള്‍… ആടുമാടുകള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികമുള്ളത് നായക്കുട്ടികളാണ്.. ദേഹം നിറയെ നീണ്ട രോമങ്ങളുള്ള നായക്കുട്ടികളുടെ ഭംഗി എടുത്തു പറയേണ്ടതാണ്.
ആട്ടിന്കുട്ടികളോടും നായക്കുഞ്ഞുങ്ങളോടും കളിപറഞ്ഞും കുശലം പറഞ്ഞു ഞാനും വെറുതെ നടന്നു.. തണുത്ത കാറ്റും ചാറ്റല്‍ മഴയും ഇടയ്ക്കിടെ വന്നു മുഖം കാണിച്ചു മറയുന്ന കള്ളവെയിലുമൊക്കെ വിരുന്നു വന്നും പോയുമിരുന്നു… താഴ്വരയില്‍ മേഞ്ഞു നടക്കുന്ന ആട്ടിന്പറ്റങ്ങളെ നോക്കി ഇരുന്നുഞാന്‍ ഏറെ നേരം… കാറ്റിന്റെ മൗന രാഗങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോള്‍ കോടമഞ്ഞ് വന്നു പുണരാന്‍ വെമ്പല്‍ കൊള്ളുന്ന താഴ്വരയുടെ നിശബ്ദ സാന്ദ്രലയങ്ങളില്‍ മനസ്സറിയാതെ എവിടെക്കോ പറന്നുപോയി… എത്ര സമയം അങ്ങനെ ഇരുന്നെന്നറിയില്ല.. സൂര്യന്‍ പതിയെ വിടചൊല്ലുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.. അസ്തമയം എന്നും മനോഹരമാണെങ്കിലും ഹൃദയചക്രവാളത്തിലെ പ്രണയസൂര്യന്റെ അസ്തമയ കിരങ്ങളേല്പിച്ചു പോയ ചൂടില്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യനെ നോക്കാതെ ഞാന്‍ മെല്ലെ തിരിഞ്ഞ് നടന്നു.
സന്ധ്യ മയങ്ങിത്തുടങ്ങിയതിനാല്‍ മെല്ലെ തിരിച്ചു ബര്‍ഷൈനി യിലേക്ക് മടങ്ങാമെന്നു കരുതുമ്പോഴാണ് മൊബൈലില്‍ ഒരു മെസ്സേജ് വന്നത്.. ‘are u in kalga… ??’ സുഹൃത്തായ തബ്‌സീര്‍ ( Thabseer Ahammed Khan)ചേട്ടനാണ്. അതെ എന്ന് തിരിച്ചു അയച്ചപ്പോള്‍ അടുത്ത മെസ്സേജ് വന്നു.. കല്‍ഗയില്‍ ജിപ്‌സി ഹൌസ് എന്നൊരു ഗസ്റ്റ് ഹൌസ് ഒണ്ട്. ഒരു കോഴിക്കോടുകാരന്‍ ചങ്ങാതി ആണ് നടത്തുന്നത്.. നേരെ അങ്ങോട്ട് വിട്ടോ……
ആഹാ.. ഒന്നിന് പകരം നൂറു ലഡ്ഡുപൊട്ടി മനസ്സില്‍… ഇനിയെന്ത് നോക്കാന്‍ … നേരെ ജിപ്‌സി യിലേക്ക്.. (കല്‍ഗയില്‍ എത്തിയപ്പോള്‍ ഒന്ന് രണ്ടു ഫോട്ടോസ് ഫേസ്ബുക്കിലിട്ടിരുന്നു.. അത് കണ്ട് മെസ്സേജ് അയച്ചതായിരുന്നു തസ്ബീര്‍ ഭായി )… കുറച്ചു സമയമെടുത്തെങ്കിലും ജിപ്‌സി തപ്പിക്കണ്ടുപിടിച്ചു അവസാനം… ഖീര്ഗങ റൂട്ടിലെ ലാസ്റ്റ് ഗസ്റ്റ് ഹൌസ് ആയിരുന്നു ജിപ്‌സി.
Bനേരം ഇരുട്ടിയിരുന്നു ജിപ്‌സിയിലെത്തുമ്പോള്‍.. ഇസ്മയില്‍ എന്നാണു മൂപ്പരുടെ പേര്. താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തി ജൂബയൊക്കെ ധരിച്ച ഒരു ചാര്‍ളി… പുള്ളിയുടെ സ്വന്തം ആണ് ഗസ്റ്റ് ഹൌസ്.. പൂര്ണമായും തടികൊണ്ട് നിര്മിച്ച ഒരു 2നിലയുള്ള ഒരു ചെറിയ കെട്ടിടം… മുകളില്‍ ബാല്‍ക്കണി യില്‍ ഒരു ഊഞ്ഞാല്‍..പുറത്ത് ഒരു റാന്തല്‍ വിളക്കും… വീടിനുള്ളിലും പുറത്തുമൊക്കെ സ്വൊയം ചെയ്ത പെയിന്റിങ്ങുകള്‍… 5മുറികള്‍.. അടുത്തുള്ള എല്ലാ മുറികളിലും മലയാളികള്‍.. ഖീര്‍ ഗംഗ ട്രെക്കിംഗ് ന് വന്നവരാണെല്ലാവരും.
2പേര്‍ എറണാകുളത്തുനിന്നും.. മറ്റുള്ളവര്‍ കോഴിക്കോടുനിന്നും. കുറച്ചു സമയം എല്ലാവരുമായും വര്‍ത്തനമൊക്കെ പറഞ്ഞിരുന്നു.. വിശപ്പിന്റെ വിളി വന്നു തുടങ്ങിയപ്പോള്‍ മെല്ലെ ഇസ്മയിലിനെ തപ്പി താഴേക്കിറങ്ങി.ആള് അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്നതിന്റെ തിരക്കിലാണ്. ഒറ്റക്കാണ് കുക്കിംഗ്..വിശാലമായ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാം ഉണ്ട്.. ഞാനും സഹായിക്കാമെന്ന് പറഞ്ഞപ്പോള്‍ കുറച്ചു തക്കാളിയും ഉരുളക്കിഴങ്ങുമെടുത് അരിയാന്‍ തന്നു.. സംസാര പ്രിയനാണ് കക്ഷി.. കോഴിക്കോടാണ് വീടെങ്കിലും വീട്ടുകാരെല്ലാം കുവൈറ്റില്‍ സെറ്റില്‍ഡ് ആണ്.. ടൂറിസം ഡിഗ്രി ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ഓള്‍ ഇന്ത്യ ടൂര്‍ പോയതാണ് പുള്ളിയുടെ കല്‍ഗ വാസത്തിനു ഹേതുവായത്.. ഇവിടെ വന്നു കുറെ ദിവസങ്ങള്‍ ഇവിടെ താമസിച്ചു.. പോകാന്‍ തോന്നിയില്ല.. ലോക്കല്‍ ആളുകളുമായൊക്കെ കമ്പനി ആയി.. അങ്ങനെയങ്ങനെയങ്ങനെയിങ്ങനെയായി. ഇങ്ങനെയങ്ങനെ ഇവിടങ്ങു കൂടിയാലോന്നൊരാലോചന എനിക്കും തോന്നാതിരുന്നില്ല. 10മണി ആയപ്പോഴേക്കും ചോറും പരിപ്പുകറിയും പനീറും തയാര്‍…റാന്തലിന്റെ വെളിച്ചത്തില്‍ ചാറ്റല്‍ മഴയത്തിരുന്നു മൊബൈല്‍ സ്പീക്കറില്‍ വച്ച സൂഫി സംഗീതവും ആസ്വദിച്ചു വയറു നിറയെ ഭക്ഷണവും കഴിച്ചു നേരെ ഉറക്കത്തിലേക്ക്.
രാവിലെ എഴുന്നേറ്റു പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.. പച്ചപുതച്ച താഴ്വാരത്തെ കോടമഞ്ഞ് വന്നു പുണര്‍ന്നിരിക്കുന്നു.. അംശുമാലിയുടെ സ്വര്‍ണ കിരണങ്ങളേല്‍ക്കുമ്പോള്‍ ആദ്യ സ്പര്‍ശനമേറ്റ നവവധു നാണം കൊണ്ട് മുഖം മറക്കാന്‍ ശ്രമിക്കുന്നപോലെ നാണിച്ചു നില്‍ക്കുന്ന മഞ്ഞുമലകള്‍… സ്വപ്നത്തിലേക്കുണര്‍ന്നെണീറ്റതു പോലൊരു നനുത്ത പ്രഭാതം …. ഓരോ പുല്‍ക്കൊടിത്തുമ്പുകളിലും മഞ്ഞുത്തുള്ളികള്‍ പ്രണയത്തിന്റെ തേന്‍ നിറച്ചിരിക്കുന്നു.. ആരോടൊക്കെയോ കിന്നാരം പറഞ്ഞും കളിച്ചും ചിരിച്ചും താഴെ ഒഴുകുന്ന പാര്‍വതി നദിയുടെ നേര്‍ത്ത കളകള നാദം.
ആട്ടിന്‍ പാലില്‍ കുറുക്കിയെടുത്ത ചൂടുചായ യും കുടിച്ചു കുറെ സമയം ചുറ്റുമുള്ള സ്ഥലങ്ങളിലൂടെ നടന്നു.. ഉച്ചയാകാറായപ്പോള്‍ മെല്ലെ തിരിച്ചിറങ്ങാന്‍ നേരം വാടക എത്ര ആണെന്ന് ചോദിച്ച ഞാന്‍ ഞെട്ടി… 250രൂപാ… 500രൂപയുടെ ഒരു നോട്ട് നിര്‍ബന്ധിച്ചു പോക്കറ്റില്‍ തിരുകിക്കൊടുക്കുമ്പോഴും കക്ഷി അത് വാങ്ങാന്‍ കൂട്ടാക്കണി ല്ലയിരുന്നു… കല്‍ഗയിലേക്ക് വീണ്ടും വരുമെന്നുറപ്പും കൊടുത്താണ് അവിടുന്നിറങ്ങിയത് . …. ഇനി നേരെ ടോഷ് ലേക്ക്… യാത്രകള്‍ അവസാനിക്കുന്നില്ല…. ഒപ്പം ഓര്‍മ്മകളും….
സോബിന്‍
കല്‍ഗ യില്‍ പോകാന്‍ താല്പര്യമുള്ളവര്‍ക്ക്.
റൂട്ട് :
1.ഡല്‍ഹി to ഭുണ്ടര്‍ (ഡല്‍ഹി മണാലി ബസ് )
ടിക്കറ്റ് 550മുതല്‍ 1500വരെ
2. Bhundar to barshaini by bus
ടിക്കറ്റ് 50രൂപാ
3. Luggage ഒരു ദിവസം സൂക്ഷിക്കുന്നതിന് 40 രൂപാ
4.barshaini to kalga by walk only
No ചാര്‍ജ്
4. സ്റ്റേ at kalga…
Lots of ഹോം stays at ചീപ്പ് rate…
5. ഇസ്മയില്‍ നമ്പര്‍ :9816379797
COMMENTS