ദൈവത്തിലേക്ക് ഒരു യാത്ര

ദൈവത്തിലേക്ക് ഒരു യാത്ര

പ്രാർത്ഥനകൾ കൊണ്ട് സങ്കടങ്ങൾ മാറുമെങ്കിൽ , കുമ്പസാരങ്ങൾ കൊണ്ട് പാപങ്ങൾ കഴുകാമെങ്കിൽ , പരിഹാരക്രിയകൾ കൊണ്ട് പ്രശ്നങ്ങൾ ഒഴിഞ്ഞു പോകുമെങ്കിൽ ഇതെല്ലാം യാത്രയിൽ നിന്നും കിട്ടിയാൽ യാത്രയും ഒരു പ്രാർത്ഥനയാണ്, കുമ്പസാരമാണ്, പരിഹാരക്രിയയാണ്.. അതിലുപരി ഒരു ലഹരികൂടിയാണ്. ജീവിതം എന്നും ഒരു പരീക്ഷണ പുസ്തകമാണ്.. നമ്മുടെ സന്തോഷങ്ങൾക്ക് സങ്കടം കൊണ്ട് ചില സമയങ്ങളിൽ മറുപടി ലഭിക്കുമ്പോൾ , നാം വിശ്വസിക്കുന്ന ദൈവം പോലും നമുക്ക് എതിരായി എന്ന് തോന്നുമ്പോൾ പിന്നെ കൂട്ടിനുള്ള ഏക വിശ്വാസം ‘ യാത്ര ‘ എന്ന സത്യം മാത്രമാണ്.

എഴുത്തും ചിത്രവും നൗഫല്‍ കാരാട്ട്‌

 

എനിക്ക് ഒരു യാത്ര അത്യാവശ്യമാണ് എന്ന് പ്രിയ കൂട്ടുകാരി പറഞ്ഞപ്പോൾ പിറ്റേന്ന് ഞങ്ങൾ #tripmates ഒരുമിച്ച് കൂടി നടത്താനിരുന്ന ബർത്ത്ഡേ പരിപാടി ഒരു യാത്രയായി പ്ലാൻ ആയത് വളരെ പെട്ടെന്നായിരുന്നു.

” എനിക്ക് എന്റെ ശിവനെ കാണണം.. ചില കാര്യങ്ങൾ നേരിട്ട് പറയണം..” , യാത്ര എങ്ങോട്ടാ എന്ന് കൂടുതൽ ചർച്ച ചെയ്യേണ്ടി വന്നില്ല. വെള്ളയംഗിരി പർവ്വത നിരകളുടെ താഴ്വാരത്ത് 150 ഏക്കറിലേറെ പരന്നുകിടക്കുന്ന ഇഷാ യോഗ സെന്ററിലേക്ക്… അവിടെ 112 അടി ഉയരത്തിലുള്ള 500 ടൺ ഭാരമുള്ള ‘ ആദ്യ യോഗി ‘ എന്ന അർഥം വരുന്ന ആദിയോഗി എന്ന പേരിൽ അറിയപ്പെടുന്ന ശിവന്റെ പ്രതിമയെ കാണാൻ.

ആഗ്രഹങ്ങൾ സഫലമാവൻ മണിക്കൂറുകൾ ശേഷിക്കെ വീണ്ടും പരീക്ഷണങ്ങൾ…കൂടെ ഉള്ളവരിൽ 2 പേര് കൂടി പല കാരണങ്ങളാൽ ഇല്ല ന്ന് പറയുന്നു. മനസ്സിൽ ഒരു യാത്ര മൊട്ടിട്ടാൽ അത് വിടരാതെ കൊഴിഞ്ഞ് പോയാലുള്ള വിഷമം അറിയാവുന്നത് കൊണ്ട് പിറ്റേന്ന് ഉച്ചക്ക് 1 മണിയോടെ കോരിച്ചൊരിയുന്ന മഴയെയും തോൽപിച്ച് തണുത്ത് വിറച്ച കോയമ്പത്തൂർ റോട്ടിലൂടെ ഉക്കടം വഴി ശിരുവാണി റോട്ടിലൂടെ ഇരുട്ടുകുളത്ത് എത്തി അവിടുന്ന് ഇഷാ ബോർഡിൽ കാണിച്ച വലത്തോട്ടുള്ള റോട്ടിൽ കയറി കുറച്ച് കിലോമീറ്റർ പിന്നിട്ടപ്പോയേക്കും ചങ്ക് Dio ഞങ്ങളെ ഇഷാ യോഗാ ഫൗണ്ടേഷന്റെ പ്രധാന കവാടത്തിലെത്തിച്ചു.

പ്രധാന കവാടം കടന്നാൽ തന്നെ ആദിയോഗി പ്രതിമയുടെ പ്രൗഡ ഭംഗി നയനങ്ങളിൽ നിറയും.. 10 രൂപ പാർക്കിങ് ഫീ കൊടുത്ത് വാഹനം ഒതുക്കി നിർത്തി മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ പ്രതിമയുടെ വലിപ്പം കൂടി വരുന്നത് പോലെ തോന്നി തുടങ്ങി.. നെഞ്ചിന് മുകളിലേക്ക് മാത്രം ഉള്ള ആ പ്രതിമയുടെ താഴെയായി യോഗാ മന്ത്രങ്ങൾ ഉരുവിടുന്ന ചെറിയ സ്ഥലം കാണാം.. തികച്ചും ശാന്തതയും , ദൈവ ഭക്തിയും നിറഞ്ഞ പ്രദേശം… ചുറ്റും കണ്ണോടിച്ചാൽ കാണുന്നത് കോട മൂടിയ വെള്ളയംഗിരി പർവ്വത നിരകൾ.. അതിൽ ഒരുപാട് ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ.
കാർമേഘങ്ങൾ ചുംബിച്ച , കോട മൂടിയ ആ പർവ്വത നിരകളുടെ നടുവിലായി തലയുയർത്തി നിൽക്കുന്ന ശിവ പ്രതിമ കാണുന്നതിനോടൊപ്പം ശിവന്റെ ഹിമാലയ തപസ്സിനെ കുറിച്ചുള്ള കാര്യങ്ങളും അറിഞ്ഞപ്പോൾ ചുറ്റുമുള്ള സഹ്യപർവ്വതങ്ങൾ വെള്ള പുതച്ച മഞ്ഞുപർവ്വതങ്ങളെ പോലെ മനസ്സിൽ തോന്നി.

മനുഷ്യശരീരത്തിൽ 112 ചക്രങ്ങൾ ഉണ്ട് എന്ന് ശിവൻ പഠിപ്പിച്ച വിശ്വാസ പ്രകാരമാണ് ശിവന്റെ ഈ പ്രതിമയ്ക്ക് 112 അടി ഉയരം കൊടുക്കാൻ കാരണം. ഇഷാ യോഗ സെന്ററിലെ സദ്ഗുരു ജഗ്ഗിവാസുദേവ് പണികഴിപ്പിച്ച ഈ ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ശിവന്റെ പ്രതിമയായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രതിമയുടെ പിറകിലൂടെ കാൽനടയായി കുറച്ചുദൂരം നടന്നാൽ ഇഷ യോഗ സെന്ററിൽ എത്താം. നടക്കാൻ കഴിയാത്തവർക്ക് ഇലക്ട്രിക്കൽ വാഹനത്തിലോ കാളവണ്ടിയിലോ പോകാം.. പോകുന്ന വഴികളിൽ കൃഷിയിടവും ഇഷാ ഷോപ്പിങ് ഔട്ലറ്റ് കളും കാണാം.

നാഗ രൂപം കൊത്തിവെച്ച യോഗ സെന്ററിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങിയാൽ പ്രവേശന കവാടം കാണും.. അതിലൂടെ കയറി ചെരിപ്പ് , ബാഗ് , ഫോൺ , ക്യാമറ മുതലായവ അവരെ ഏൽപിച്ച് ടോക്കൺ വാങ്ങേണ്ടതാണ്. ശേഷം ഇവിടുന്ന് നഗ്ന പാദരായി യോഗ സെന്ററിലേക്ക് കടക്കാം.ഇഷാ യോഗ സെന്ററിനെ കുറിച്ച് സദ്ഗുരുവിന്റെ വീഡിയോ അവിടം പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് കാണാം.. ഇരിപ്പിടം മരം കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് എങ്കിലും ഉണങ്ങി വീണ മരങ്ങൾ കൊണ്ട് മാത്രമാണ് അത് ഉണ്ടാക്കിയിട്ടുള്ളത് എന്ന് ശ്രദ്ധേയമാണ്…

ഇതിന് തൊട്ടടുത്തായി ആണ് സൂര്യകുണ്ട്. രജിസ്റ്റർ ചെയ്ത് നിശ്ചിത ഫീ അടച്ചാൽ അതിൽ ഇറങ്ങി കുളിക്കാം.. സൂര്യകുണ്ടിൽ പുരുഷന്മാർക്ക് മാത്രമാണ് പ്രവേശനം.
ഇവിടുന്ന് മുന്നോട്ട് നടന്നാൽ ഇതിനടുത്തായി യോഗ പരിശീലന ക്ലാസ് ഉണ്ട്. ആർക്കും 10 മിനിറ്റ് അതിൽ പങ്കെടുക്കാം. ഇവിടെ നിന്ന് അൽപം മുന്നോട്ട് നടന്നാൽ ഭീമൻ നന്തി പ്രതിമയുടെ മുന്നിൽ എത്തിച്ചേരും. ഇവിടുന്ന് വലത് ഭാഗത്തിലൂടെ ആണ് പ്രവേശനം.

അടുത്തതായി ലിംഗഭൈരവി ആണുള്ളത്. വിശ്വാസികൾക് കൈ തൊഴുത് പ്രാർത്ഥിക്കാം , അല്ലാത്തവർക്ക് കണ്ടുപോരാം.. ഇവിടെ നിന്നും 10 രൂപ കൊടുത്താൽ പ്രസാദമായി ഒരു കപ്പ് പായസം ലഭിക്കും. 2 കപ്പ് പായസവും വാങ്ങി വീണ്ടും മുന്നോട്ട് നടന്നു.. യോഗ സെന്ററിന്റെ ഓഫീസും , ചന്ദ്രകുണ്ടും , ഇഷ ഷോപ്പും കഴിഞ്ഞാൽ അവസാനമായി കാണാനും അറിയാനും ഉള്ളതാണ് ധ്യാനലിംഗ.

ഇവിടെ ജാതിയില്ല , മതമില്ല , ആത്മീയത പിടിച്ച് വാങ്ങലുമില്ല… എല്ലാ ‘ മനുഷ്യർക്കും ‘ സ്വാഗതം. ഇതാണ് ഇത്ര ദൂരം നടന്നിട്ടും ഇഷാ യോഗ സെന്ററിനെ പറ്റി മനസ്സിലായത്. ധ്യാനലിംഗ – കാതും , കണ്ണും , മനസ്സും മാത്രം തുറന്ന് വലിയ ഗുഹപോലെ തോന്നിപ്പിക്കുന്ന ആ സ്ഥലത്തേക്ക് പ്രവേശിക്കാം.. മുന്നിൽ പ്രധഷ്ഠിച്ച ധ്യാനലിംഗയിൽ കൈകൂപ്പി വിശ്വാസികൾക്ക് പ്രാർത്ഥിക്കാം.. ശേഷം 15 മിനിറ്റ് കണ്ണുകളടച്ച് മനസ്സ് തുറന്ന് അവിടെ ഇരുന്ന് നമ്മളിലേക്ക് ഇറങ്ങിച്ചെല്ലാം…

ചെറിയ ഇരുട്ട് നിറഞ്ഞ , വലിയ ഗോളാകൃതിയിൽ ഉള്ള ഈ മുറിയിൽ കണ്ണടച്ച് ഇരുന്നാൽ കിട്ടുന്ന പോസിറ്റീവ് എനർജി പറയാതിരിക്കാൻ കഴിയില്ല. എത്ര വലിയ വിഷമങ്ങൾ നിറഞ്ഞ മനസ്സിനെയും ശമിപ്പിക്കാൻ കഴിയുന്ന ഒരു ശക്തി അവിടെ തളം കെട്ടി നിൽകുന്നു എന്ന് തോന്നാം.
മുകളിൽ നിന്ന് ധ്യാനലിംഗയിലേക്ക് ഉറ്റി വീഴുന്ന ഓരോ വെള്ളത്തുള്ളികളുടെയും ശബ്ദം വളരെ ഉച്ചത്തിൽ തന്നെ കാതുകളിൽ കേൾക്കാം. 15 മിനിറ്റ് പൂർത്തിയായാൽ ചെറിയ മണിയടി കേട്ടാൽ പതിയെ കണ്ണ് തുറക്കാം. ശേഷം പുറത്തേക്കിറങ്ങി അടുത്ത ഗ്രൂപ്പിന് ഇവിടേക്ക് പ്രവേശിക്കാം.

പുറത്തേക്കുള്ള വഴിയിലൂടെ നടന്ന് ബാഗും , ചെരുപ്പും , ഫോണും വാങ്ങി തിരികെ നടക്കുന്നതിനിടയിൽ തന്റെ വലിയ സ്വപ്നം യാഥാർഥ്യമായിട്ടും സന്തോഷമില്ലാത്ത മുഖം കണ്ടപ്പോൾ ‘ എന്ത് പറ്റി ‘ എന്ന ചോദ്യത്തിന് ആദ്യം മറുപടി കിട്ടിയില്ലെങ്കിലും ആവർത്തിച്ച് ചോദിച്ചത് കൊണ്ടാകാം മറുപടി തന്നത്.

“” ഇവിടേക്ക് ഞാൻ ഒരിക്കലും വരരുത് എന്ന് ആഗ്രഹിച്ച സ്ഥലമായിരുന്നു.. ജീവിതത്തിലെ ഒരു പ്രധാന തീരുമാനം ശിവനെ സാക്ഷിയാക്കി , സമ്മതം ചോദിച്ച് എടുത്തപ്പോൾ അന്ന് ശിവന് കൊടുത്ത ഒരു വാക്കായിരുന്നു , എന്ന് ഇതിന് ഒരു മാറ്റം ഉണ്ടാകുന്നോ അന്ന് ഞാൻ ഇവിടെ നിന്നിലേക്ക് വരും എന്നത്. ഒരിക്കലും ഞാൻ ആഗ്രഹിച്ചത് അല്ല എങ്കിലും ശിവന് എന്നെ കാണണം എന്ന നിർബന്ധം ഉണ്ടായിരുന്ന പോലെ ഇപ്പോൾ തോന്നുന്നു.. “”


കൂടുതൽ ഒന്നും പറയാൻ മനസ്സ് വന്നില്ല… ചില സമയങ്ങളിൽ വിശ്വസിച്ച ദൈവങ്ങൾ വരെ നമുക്ക് നേരെ വിരൽ ചൂണ്ടും എന്ന് വിശ്വസിക്കുന്ന അവളോട് ഒന്നും പറയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ക്ഷമിക്കുക… മറക്കാൻ പഠിക്കുക.. അത്രമാത്രം..

നിനക്കായ്… നൗഫൽ കാരാട്ട്

COMMENTS

WORDPRESS: 1
  • comment-avatar
    Rahoof kuzhippuram 7 years

    ഇത്‌ എന്റെ സുഹൃത്തും സഹോദരനുമായ നൗഫൽ കാരാട്ട്‌ എഴുതിയതാണു. കേരളത്തിനകത്തും പുറത്തും നിരവധി യാത്രകൾ നടത്തിയ നൗഫൽ എഴുതുന്ന യാത്രാ വിവരണങ്ങളും വളരെ മനോഹരങ്ങളാണു. നല്ലതു ഭവിക്കട്ടെ, എഴുത്ത്‌ വളരെ ഇഷ്ടപ്പെട്ടു

  • DISQUS: 0