കൂടെ…
ഒരു പെർഫക്ട് അഞ്ജലി മേനോൻ പാക്കേജ്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ഉസ്താദ് ഹോട്ടലിൻ്റെ തിരക്കഥാകൃത്തിൻ്റെ സംവിധാന സംരംഭം.
പരിപൂർണ്ണമായ ഒരു തിരക്കഥയിലൂടെ കൃത്യവും വ്യക്തവുമായ കഥാപാത്ര സൃഷ്ടിയിലൂടെ മനുഷ്യ ബന്ധങ്ങളിലെ സങ്കീർണ്ണതകളെ അതിവൈകാരികവും ഒപ്പം തന്നെ ലളിതവുമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രം. യുക്തിയുടെ അളവുകോലിനേക്കാൾ ഭാവനയുടെ വിശാലത കൊണ്ടുവേണം ഈ ചിത്രത്തെ വിലയിരുത്തുവാൻ, അതുകൊണ്ടു തന്നെ എല്ലാതരം പ്രേക്ഷകരിലേക്കും ഒരേപോലെ ഈ സിനിമ സംവദിക്കുമോ എന്ന സംശയവും നിലനിൽക്കുന്നു.
കൂടെ,
ജന്നിഫറുടെ അത്ഭുത ലോകമാണ്. കുറെ നാളുകൾക്കു ശേഷം നസ്രിയയുടെ ഗംഭീര തിരിച്ചു വരവ്….
കനവുപോൽ ആരോ കൂടെ എന്ന സബ്ടൈറ്റിൽ പറയുന്നപോലെ സിനിമ കഴിഞ്ഞാലും ജന്നി നമ്മുടെ ഹൃദയത്തോടു കൂടെയുണ്ടാവും….
ജോഷ്വാ എന്ന കഥാപാത്രത്തിൻ്റെ ഓർമ്മകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. വാക്കുകൾക്കപ്പുറത്ത് ചില മൗനങ്ങളിലൂടെ ഒതുക്കവും മിതത്വവുമുള്ള ചലനങ്ങളിലൂടെ ജോഷ്വായുടെ നിരാശയും അരക്ഷിതാവസ്ഥയും കൃത്യമായി പ്രിഥ്വിരാജ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. ജോഷ്വാ – ജന്നി ഏട്ടൻ അനിയത്തി ബന്ധം പതിഞ്ഞ താളത്തിൽ നിന്നും യാത്രകളിലൂടെ ഒരു മ്യൂസിക് ബാൻ്റിൻ്റെ ചടുലതയിലേക്ക് നീങ്ങുന്നു.
അത്രയേറെ പ്രാധാന്യമില്ലാത്ത സോഫി എന്ന കഥാപാത്രം പാർവ്വതിയുടെ സ്ക്രീൻ പ്രെസൻസുകൊണ്ട് ജോഷ്വാക്കും ജന്നിക്കും ഒപ്പം നിൽക്കുന്നു. സോഫിയുടെ നിസ്സഹായവസ്ഥകളെ എത്ര മനോഹരമായാണ് അവർ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ചിത്തിൻ്റെ റിപ്പയർ അംഗിളിനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല. ബ്രൗണി എന്ന പട്ടിക്കുട്ടിയും പിന്നെ ആ വാനും കുട്ടികളുടെ ഫുട്ബോൾ കളിയുമെല്ലാം ഹൃദയം കീഴടക്കുന്നു.
മികച്ച കൈയ്യടി നൽകേണ്ടത് ലിറ്റിൽ സ്വയമ്പ് എന്ന ഛായാഗ്രഹനാണ്, വാക്കുകളേക്കാൾ ചിത്രത്തിലെ ചില ഫ്രെയിമുകളാണ് നമ്മുടെ മനസ്സിൽ തട്ടുന്നത്.
ജനനവും മരണവും പുനർജനനവുമെല്ലാം ചിത്രം ചർച്ച ചെയ്യുമ്പോൾ, ഇടക്കെപ്പൊഴോ ഒരു ഇഴച്ചിലിലേക്ക് മാറുന്നു കഥാ സന്ദർഭം. ജന്നി എന്ന കഥാപാത്രത്തെ പറത്തിവിട്ടില്ലായിരുന്നെങ്കിൽ ഒരു അവാർഡു ചിത്രമായി പരിണമിക്കേണ്ടതായിരുന്നു കൂടെ. അതുകൊണ്ടു തന്നെ രണ്ടു മണിക്കൂർ മുപ്പത്തഞ്ച് മിനുട്ട് എന്നത് സംവിധായകയുടെ ബോധപൂർവ്വമായ കൈയ്യടക്കത്തിൻ്റെ സമയപരിധിയായി മാറുന്നു…
COMMENTS