നഷ്ടസ്വപ്നങ്ങളുടെ ഖബറിടം – l

നഷ്ടസ്വപ്നങ്ങളുടെ ഖബറിടം – l

**ഇളം ചുവപ്പും വെള്ളയും കലർന്ന ആപ്രിക്കോട്ട് പൂവിട്ട താഴ്‌വരയിൽ മൊട്ടിട്ട പ്രണയം… ബാർലിയും ഗോതമ്പും തളിരിട്ട പാടങ്ങളിൽ വിരുന്നുണ്ണാനെത്തിയൊരു ചിത്രശലഭത്തെപ്പോലെ അവൾ പാറി നടന്നു. മഞ്ഞു വീണു കുതിർന്ന മലനിരകൾ ആ പ്രണയത്തിനു മൂക സാക്ഷിയായി…നക്ഷത്രങ്ങളെ മാറോടു ചേർക്കാൻ കൊതിച്ചു പറന്നുയർന്ന നാളുകളിലൊന്നിലെന്നോ അവളുടെ കുഞ്ഞിച്ചിറകുകൾ മുറിഞ്ഞു… കത്തിയെരിയുന്നൊരു തീച്ചൂളക്കരികിലേക്കാണവൾ ചിറകറ്റു വീണത്… അപ്പോഴും ഒരു കയ്യെത്തും ദൂരെ അവനുണ്ടായിരുന്നു.. ചാമ്പലായി മാറിയ അവളുടെ മോഹങ്ങളെ കനലൂതി ഉണർത്തി അവൻ.. കുന്നുകൂടിയ ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന അവളെ കാത്തിരുന്നത് പക്ഷെ വിധിയുടെ മറ്റൊരു മുഖമായിരുന്നു…..

മഞ്ഞിന്റെ തലപ്പാവ് ധരിച്ച പർവ്വത ശിഖരങ്ങൾക്കിടയിലൂടെ പതുങ്ങി വന്ന സൂര്യകിരണങ്ങൾ മുഖത്തു വന്നു തട്ടിയുണർത്തിയത് ശ്രീനഗറിലെ ഒരു തണുത്ത പ്രഭാതത്തിലേക്കായിരുന്നു.. കമ്പിളിക്കുള്ളിലെ ഇളംചൂടിന്റെ സുഖം എന്നെ വീണ്ടും പുതപ്പിനുള്ളിലേക്കു വലിച്ചിട്ടു .രാവിലെ 7മണിക്ക് തയ്യാറായി നിൽക്കാൻ പറഞ്ഞ ബിലാൽ ഭായിയുടെ ഫോൺ 6മണിക്ക് മുന്നേ എത്തുന്നത് വരെ മാത്രമേ സുഖകരമായ ആ മയക്കത്തിന് ആയുസ്സുണ്ടായിരുന്നുള്ളു.. “പെട്ടന്ന് തന്നെ പോകാൻ തയ്യാറാകൂ.. ഇവിടെ ഇന്ന് ഹർത്താലാണ്.. നേരത്തെ ഇറങ്ങിയില്ലെങ്കിൽ പോകാൻ ബുദ്ധിമുട്ടാവും “.. കേട്ടപാതി കേൾക്കാത്തപാതി വേഗം തന്നെ പോകാൻ റെഡി ആയി ഹോട്ടൽ വെക്കേറ്റ് ചെയ്തു പുറത്തിറങ്ങി ഞങ്ങൾ.

ശ്രീനഗറിൽ എപ്പോഴും ഇങ്ങനെയാണ്… എപ്പോഴാണ് ഹർത്താൽ പ്രഖ്യാപിക്കുക എന്ന് പറയാൻ പറ്റില്ല… തലേന്ന് വൈകുന്നേരം 4 മണിക്ക് എത്തിയതാണ് ഡൽഹിയിൽ നിന്നും ശ്രീനഗർ… രാത്രി കിടക്കുംവരെ പണിമുടക്കിന്റെ ഒരു സൂചന പോലുമുണ്ടായിരുന്നില്ല… പൊതു നിരത്തുകൾ ഒക്കെയും തന്നെ ഒഴിഞ്ഞു കിടക്കുകയാണ്… യാത്രക്കാരായ സഞ്ചാരികളുടെ വാഹനങ്ങൾ മാത്രം ഇടയ്ക്കിടെ വന്നും പോയുമിരുന്നു. വഴിയുടെ ഇടതു വശത്തു ഉദയസൂര്യന്റെ പൊൻകിരണങ്ങളേറ്റ് പുഞ്ചിരി തൂകി ദാൽ തടാകം..തടാകക്കരയിൽ നിറയെ കെട്ടുവള്ളങ്ങൾ.. .മറുവശത്തു നിരനിരയായി തലയുയർത്തി നിൽക്കുന്ന മേപ്പിൾ മരങ്ങൾ… നിറയെ പൂക്കൾ നിറച്ചൊരു തോണിയും തുഴഞ്ഞു നീങ്ങുന്നൊരു വൃദ്ധന്റെ തുഴയിൽ നിന്നും വെള്ളം പിന്നിലേക്ക് തെന്നിമാറിക്കൊണ്ടിരുന്നു….

4മാസങ്ങൾക്കു മുൻപ് ഒരു നോർത്ത് ഇന്ത്യൻ ട്രാവൽ ഗ്രൂപ്പിൽ കണ്ടൊരു ചിത്രത്തിൽ നിന്നുമാണ് ഈ യാത്രയുടെ തുടക്കം.. പാറക്കൂട്ടങ്ങൾ നിറഞ്ഞൊരു മലഞ്ചെരുവിൽ കല്ലുകൾ അടുക്കിക്കൂട്ടി ആ കുന്നിനോട് ചേർത്ത് ഒട്ടിച്ചു വച്ചതുപോലുള്ള കുറച്ചു വീടുകൾ.. അതിനു താഴെ തട്ടുതട്ടായി പച്ച നിറത്തിലുള്ള കൃഷിയിടങ്ങൾ.. ‘ഹുൻഡർമാൻ വില്ലേജ് ‘ എന്നൊരു ശീർഷകവും.. വീണ്ടും വീണ്ടും ചിത്രത്തിലേക്ക് നോക്കിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നൊരു ദൃശ്യഭംഗിയൊന്നും ഉണ്ടായിരുന്നില്ല.. എന്താണ്‌ അതിൽ ആകർഷണീയമായതെന്നറിയില്ല.. ഒരു പക്ഷെ ഹുൻഡർമാൻ വില്ലേജ് എന്ന പേരായിരുന്നിരിക്കണം അതിനു പിന്നാലെ മാസങ്ങളോളം അലഞ്ഞു തിരഞ്ഞു നടക്കുവാനുണ്ടായ കാരണം…ആ ചിത്രം പോസ്റ്റ്‌ ചെയ്ത ആളിന് പലവട്ടം മെസ്സേജ് അയച്ചുനോക്കി. ഒന്നിനും മറുപടി ലഭിച്ചില്ല. വീണ്ടും വീണ്ടും മെസ്സേജുകൾ അയച്ചുകൊണ്ടേയിരുന്നു. അവസാനം ആ ശ്രമം ഫലം കണ്ടു. മുൻപൊരിക്കലും കേട്ടിട്ടുപോലുമുണ്ടാകാത്ത ഹുൻഡർമാൻ എന്ന ഗ്രാമത്തെ കുറിച്ച് ആദ്യമായി അറിഞ്ഞു.. കാർഗിലിൽ നിന്നും 12 കിലോമീറ്റർ ദൂരെ..

പാകിസ്ഥാൻ ലൈൻ ഓഫ് കൺട്രോളിന്റെ തൊട്ടരികിലായ് സ്ഥിതി ചെയ്യുന്ന, പണ്ട് പാകിസ്ഥാനിലായിരുന്ന ഒരു കൊച്ചു ഇന്ത്യൻ ഗ്രാമം… അവിടെ നിന്നു നോക്കിയാൽ പാകിസ്ഥാനിലെ അവസാന ഗ്രാമവും കുന്നും മലകളുമൊക്കെ കാണാം.. 1971 ലെ യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനിലായിരുന്ന ഈ ഗ്രാമം പിടിച്ചെടുത്തത്.. ഒറ്റ രാത്രി കൊണ്ട് ജീവിതം കീഴ്മേൽ മറിഞ്ഞപ്പോൾ, ഒരുറക്കം കഴിഞ്ഞപ്പോൾ തങ്ങൾ മറ്റൊരു രാജ്യത്താണെന്നു മനസ്സിലായപ്പോൾ, തൊട്ടരികിലുണ്ടായിരുന്ന പ്രിയപ്പെട്ടവർ മറ്റൊരു രാജ്യത്താണ്, അവരെ ഇനി കാണാൻ പോലും കഴിയില്ലെന്നറിഞ്ഞപ്പോൾ ഈറനണിഞ്ഞ മിഴികളോടെ, വിധിയെ മാത്രം പഴിചാരി നിൽക്കേണ്ടി വന്ന ഒരുപറ്റം ജനതയുടെ തകർന്നുടഞ്ഞു പോയ നൂറായിരം സ്വപ്നങ്ങളെ അടക്കം ചെയ്ത ഗ്രാമം ആണ് ഹുൻഡർമാൻ… അന്ന് ഹുൻഡർമാനെ കുറിച്ച് കേട്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാണ് ഒരുനാൾ അവിടെ പോയിരിക്കും എന്നത്.. 2മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു ലഡാക്ക് യാത്ര പ്ലാൻ ചെയ്തു.. 14 ദിവസത്തെ യാത്രാപ്ലാനിൽ ഒരു ദിവസം ഹുൻഡർമാൻ എന്ന ഗ്രാമത്തിനായി മാറ്റി വച്ചു.

അന്ന് മെസ്സേജ് അയച്ച ആളിന് വീണ്ടും മെസ്സേജ് അയച്ചു.. എങ്ങനെ അവിടെത്താം.. പോകുന്നതിനു പ്രത്യേക തടസ്സങ്ങൾ എന്തെങ്കിലുമുണ്ടോ.. താമസിക്കാൻ കഴിയുമോ എന്നൊക്കെ ചോദിച്ചുകൊണ്ട്.. വൈകാതെ തന്നെ അതിനുള്ള മറുപടി എത്തി.. ആകെ ഒരു ഹോംസ്റ്റേ മാത്രമേ ആ ഗ്രാമത്തിലുള്ളു. 1200രൂപയാകും.. പിന്നേ ഒരുപാടൊന്നും പ്രതീക്ഷിക്കരുത്. ഇലെക്ട്രിസിറ്റി, മൊബൈൽ ഫോണിന് റേഞ്ച് ഇതൊന്നും ഉണ്ടാവില്ല.. താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന മുസാമിൽ എന്ന ആളിന് മെസ്സേജ് അയക്കുക.. റിപ്ലൈ വരാൻ വൈകും.. എപ്പോഴെങ്കിലും കാർഗിൽ പോകുമ്പോൾ മാത്രേ അവിടെ ഫോൺ അനങ്ങുകയുള്ളു.. അപ്പൊ തിരിച്ചു വിളിച്ചോളും.. രണ്ടാമതൊന്നാലോചിക്കേണ്ടി വന്നേയില്ല എനിക്ക് മറുപടി പറയാൻ…


‘കങ്കൻ ‘ എന്ന മനോഹരമായൊരു ഗ്രാമം പിന്നിട്ടിരുന്നു വണ്ടി അപ്പോഴേക്കും. അടുത്തു കണ്ടൊരു ചെറിയ കടയിൽ കയറി പ്രഭാതഭക്ഷണം കഴിച്ചു വീണ്ടും മുന്നോട്ട്.. കശ്മീരിന്റെ ഗ്രാമഭംഗി ഒന്നു വേറെ തന്നെയാണ്. വഴിയുടെ ഒരു വശം വലിയ മലകളാണ്.. ഒരു വശത്തു പച്ചപുതച്ച വയലുകൾ.. കൊളോണിയൽ രൂപകല്പനകളെ അനുസ്മരിപ്പിക്കുന്ന വീടുകൾ.. ഇടവിട്ടിടവിട്ടു നിൽക്കുന്ന പൈൻ മരങ്ങൾ.. വീണ്ടും മുന്നോട്ടുള്ള പാതയിൽ മഞ്ഞിൻ ശിരോവസ്ത്രമണിഞ്ഞ മലനിരകൾ മിഴികൾക്കു വിരുന്നു തീർക്കും.. ഭൂപ്രകൃതി പലവട്ടം വിസ്മയങ്ങൾ കാട്ടി നമ്മെ ഒരു മായാ പ്രപഞ്ചത്തിലേക്കു കൊണ്ടുപൊയ്ക്കൊണ്ടേയിരിക്കും.. 80കിലോമീറ്ററുകൾക്കപ്പുറം മഞ്ഞിന്റെ മറ്റൊരു മാന്തിക ലോകം.. സോനാമാർഗ്.. സ്വർണ ത്തിന്റെ പുൽത്തകിടി എന്നാണ് സോനാമാർഗിന്റെ അർത്ഥം. വസന്തകാലമാവുമ്പോൾ അവിടെയുള്ള പുൽത്തകിടികളിലൊക്കെയും സ്വർണ വർണ്ണത്തിലുള്ള പൂക്കൾ വിരിയും..

ശലഭ വർണം തൂകി നിൽക്കുന്ന പുൽത്തകിടികളിൽ സൂര്യരശ്മികൾ പതിക്കുമ്പോൾ ദൂരക്കാഴ്ചയിൽ അവിടം സ്വർണത്തിന്റെ പുൽത്തകിടി പോലെ പ്രശോഭിക്കും.. വീണ്ടും മുന്നോട്ട് പോകുമ്പോൾ ആണ് ‘സീറോ പോയിന്റ് ‘എന്ന 365 ദിവസവും തണുപ്പുള്ള സ്ഥലം.. സിന്ധ് നദിയുടെ ഓരം പറ്റി വീണ്ടും മുന്നോട്ട്.. ഇളം നീല നിറമാണ് സിന്ധ് നദിയിലെ വെള്ളത്തിന്.. പൈൻ മരക്കാഴ്ചകൾ കണ്ണിൽ നിന്നും മറഞ്ഞു തുടങ്ങുമ്പോൾ ഫിർബിച്ച് മരങ്ങൾ കണ്ടു തുടങ്ങും.. സോനാമാർഗിൽ നിന്നും 60 കിലോമീറ്ററുകൾക്കപ്പുറം ദ്രാസ്സ് എന്നാ ചെറുപട്ടണം.. ഒരു തണുപ്പുകാലത് മൈനസ് 60വരെ തണുപ്പുവന്ന ഇവിടം ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസമുള്ള പ്രദേശങ്ങളിൽ രണ്ടാം സ്ഥാനത്താണ്.. അവിടെനിന്നും ഉച്ചഭക്ഷണവും കഴിച്ചു ദ്രാസ്സിനടുത്തു തന്നെയുള്ള കാർഗിൽ വാർ മെമ്മോറിയലും കണ്ട് വീണ്ടും മുന്നോട്ട്..

വയറു നിറയെ ഭക്ഷണം കഴിക്കുകയും ഉച്ച കഴിഞ്ഞ നേരമായതിനാലുമാവണം കാറ്റ് വന്നു തഴുകുമ്പോൾ മിഴികൾ മെല്ലെ അടഞ്ഞു തുടങ്ങിയത്.. അപ്പോഴാണ് ബിലാൽ ഭായ് യുടെ ചോദ്യം. കാർഗിൽ എത്തി ഒരു റൂം എടുത്തിട്ട് ഹുൻഡർമാൻ പോവണോ.. അതോ ഹുൻഡർമാൻ പോയി തിരികെയെത്തി റൂമെടുക്കണോ എന്ന്..?? രണ്ടും വേണ്ട.. ഇന്ന് ഹുൻഡർമാനിലാണ് സ്റ്റേ ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവിടെ താമസിക്കാൻ പറ്റില്ല. അതിനുള്ള സൗകര്യങ്ങളൊന്നുമില്ല.. മാത്രമല്ല ബോർഡർ ചെക് പോസ്റ്റിനപ്പുറത്തുള്ള ഗ്രാമമാണ്. അതുകൊണ്ട് താമസിക്കാൻ പറ്റില്ല എന്നും… അവിടെ താമസിക്കാൻ ഒരു കുഴപ്പവുമില്ല.. ഒരു ഹോംസ്റ്റേ ഉണ്ട്. നേരത്തെ സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ കാർഗിൽ നിവാസിയായ ബിലാൽ ഭായ് അത്ഭുതം കൂറി.. അവിടെ ഹോംസ്റ്റേ ഒക്കെ ഉണ്ടോ എന്ന്…. അപ്പോഴാണ് പുറകിലിരിക്കുന്ന ജസ്റ്റിന്റെ ( Jestin)ചോദ്യം.. ഏത് ബോർഡറിന്റെ കാര്യമാണ് ഡ്രൈവർ പറഞ്ഞതെന്ന്..

പാകിസ്ഥാൻ ബോർഡർ എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് ഞെട്ടി.. “പാകിസ്ഥാൻ ബോർഡറിലേക്കോ..?? അവിടെ വേഗം കണ്ടിട്ട് തിരിച്ചു പോന്നാൽ പോരെ.. നമുക്കവിടെ താമസിക്കണ്ട കാര്യമുണ്ടോ.. “ജിതിനാണ് ( Jithin) ചോദിച്ചത്.. രണ്ടുപേരും ഞെട്ടിയെന്നു മുഖം കണ്ടാലറിയാം.. അഖിൽ ( Akhil)മാത്രം ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു… കൂടെയുള്ള 3 പേരോടും ഇങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ചോ അവിടൊരു ദിവസം താമസിക്കണമെന്നോ പറഞ്ഞിരുന്നില്ല.. ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി.. ഇനിയിപ്പോ എന്തായാലും ഹുൻഡർമാൻ എന്ന ഗ്രാമത്തെ കുറിച്ച് അവരോടു പറയാം…

മുസാമിൽ എന്ന കാർഗിലുകാരന്റെ മെസ്സേജ് കളിലൂടെ ഞാനറിഞ്ഞ ഹുൻഡർമാൻ എന്ന ഗ്രാമത്തെ കുറിച്ചും അവിടെ ജീവിച്ചിരുന്ന ആളുകളെ കുറിച്ചും ഞാൻ പറഞ്ഞു തുടങ്ങി.. 1935 ഇൽ ആണ് ഹുൻഡർമാൻ ഗ്രാമത്തിൽ ഹുസൈൻ ജനിച്ചത്.. അന്നവിടം ‘പോയൻ ബ്രോക് ‘എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആ മലയുടെ അടിവാരം കാർഗിലും.. അച്ഛനുമമ്മയും രണ്ടു ജ്യേഷ്ഠൻ മാരും അവരുടെ ഭാര്യമാരും അടങ്ങുന്ന സന്തുഷ്ട കുടുംബം.. പാറക്കൂട്ടങ്ങൾ നിറഞ്ഞ മലകളിൽ നിരന്തരം പണിയെടുത്തവർ ബാർലിയും ഗോതമ്പും വിളയിച്ചു. ആപ്രിക്കോട്ട് മരങ്ങൾ അവിടെ വസന്തം തീർത്തു. ചെമ്മരിയാടുകൾ പ്രധാന ഉപജീവന മാർഗമായിരുന്നു.. ഒരിക്കൽ ജ്യേഷ്ഠ പത്നിയായ സുഹ്‌റ യുടെ ഗ്രാമമായ ‘ബിലാർഗ്ഗു ‘ വിൽ വച്ചാണ് വെള്ളാരം കണ്ണുകളുള്ള ആ സുന്ദരിയെ ഹുസൈൻ ആദ്യമായി കണ്ടത്. സുഹറയുടെ അയൽവക്കത്തെ വീട്ടിലെ പെൺകുട്ടി.. വഹീദ.. കുസൃതി ഒളിപ്പിച്ചു വച്ച ആ വെള്ളാരം കണ്ണുകൾ ആദ്യ ദർശനത്തിൽ തന്നെ അവന്റെ ഹൃദയം കവർന്നു.. അധികം കാത്തിരിക്കേണ്ടി വന്നില്ല അവർ തമ്മിലടുക്കുവാൻ..

വെളുപ്പും ചുവപ്പും കലർന്ന ആപ്രികോട്ട് പൂക്കൾ മൊട്ടിട്ടു വിരിഞ്ഞ താഴ്വരകൾ അവരുടെ പ്രണയത്തിനു സാക്ഷിയായി.. ബാർലി തഴച്ചു വളർന്ന പാടങ്ങളിൽ 2 ചിത്രശലഭങ്ങളായവർ പറന്നു നടന്നു.. വല്ലപ്പോഴും മാത്രം ‘ബിലാർഗ്ഗു ‘ ഗ്രാമത്തിലെത്തിയിരുന്ന ഹുസ്സൈന്റെ അടിയ്ക്കടിയുള്ള ആഗമനോദ്ദേശ്യം വഹീദ എന്ന സുന്ദരിയെ തേടിയാണെന്നു ആദ്യം കണ്ടുപിടിച്ചതും സുഹ്‌റ ആയിരുന്നു. എന്നാൽ വഹീദയുടെ വീട്ടുകാർ അവരുടെ പ്രണയത്തെ നഖ ശിഖാന്തം എതിർത്തു.. പിന്നീട് വീട്ടുതടങ്കലിലായ വഹീദയെ അവളുടെ എതിർപ്പുകൾ വകവയ്ക്കാതെ നിർബന്ധപൂർവം ദൂരെയേതോ ഗ്രാമത്തിലേക്ക് വിവാഹം കഴിപ്പിച്ചയച്ചു.. നരകതുല്യമായ ജീവിതമായിരുന്നു പിന്നീടവളെ കാത്തിരുന്നത്.. ഭർത്താവിന്റെ ശാരീരിക പീഡനങ്ങളായിരുന്നു അവളെ ഏറെ തളർത്തിയത്.. നക്ഷത്രദീപങ്ങൾ തിരിയിട്ടു കത്തിയ കണ്ണുകളിലെ പ്രകാശം മെല്ലെ അണഞ്ഞു… കുട്ടികളുണ്ടാകാത്തതിന്റെ പേരിലായിരുന്നു എന്നും അവളെ തല്ലിച്ചതച്ചത്.. ദുരന്തങ്ങൾ അവിടെയും അവസാനിച്ചില്ല.. 10വർഷങ്ങൾക്കപ്പുറം ഭർത്താവ് മരിച്ചു 27ആം വയസ്സിൽ അവൾ വിധവയായി.. ഭർതൃ ഗൃഹത്തിൽ നിന്നും തിരസ്കരിക്കപ്പെട്ട വഹീദ 1969ഇൽ തിരികെ ബിലാർഗ്ഗു ഗ്രാമത്തിലേക്ക് തിരികെപ്പോന്നു.. ഹുസൈൻ അന്നും വിവാഹിതനായിരുന്നില്ല.. സുഹ്‌റയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ഹുസൈൻ വഹീദയെ തേടി വീണ്ടും ബിലാർഗയിലെത്തി. എല്ലും തോലും മാത്രമായ വഹീദ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു.. തിളക്കം മങ്ങിയ കണ്ണുകളും കവിളുകൾ ഒട്ടി പുറത്തേക്കുന്തിയ എല്ലുകളും ഹുസൈന് വിശ്വസിക്കാനായില്ല.. തനിച്ചൊന്നെഴുന്നേറ്റു നിൽക്കാനുള്ള ആരോഗ്യം പോലുമില്ലാത്ത വഹീദയെ ആ അവസ്ഥയിൽ ഉപേക്ഷിച്ചു പോകാൻ അവന്റെ മനസ്സനുവദിച്ചില്ല.. കൂടെ കൊണ്ടുപോകാനുള്ള ശ്രമത്തെ വഹീദ എതിർത്തു.. ഹുസ്സൈന്റെ വീട്ടിലും എതിർപ്പ് ശക്തമായി.. എന്നാൽ ജ്യേഷ്ഠ പത്നി സുഹറ യുടെ ധൈര്യവും ഹുസ്സൈന്റെ ആത്മവിശ്വാസവും 1970ഇൽ അവരെ ഒന്നാക്കി… അധികം നീണ്ടു നിന്നില്ല ആ സന്തോഷം.. 1971 ഇൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നടക്കുന്ന സമയത്തു ഹുസൈൻ ഹുൻഡർമാനിൽ നിന്നും ബിലാർഗ്ഗുവിൽ പോയിരിക്കുകയായിരുന്നു.. ഒറ്റ രാത്രികൊണ്ട് ഇന്ത്യൻ പട്ടാളം ഹുൻഡർമാൻ എന്ന ഗ്രാമത്തെ ഇന്ത്യയിൽ ആക്കി… ഹുൻഡർമാനിലേക്കുള്ള എല്ലാ വഴികളും അടഞ്ഞുപോയി..പിന്നീടൊരിക്കലും ഹുസൈൻ അവിടേക്ക് തിരിച്ചു വന്നതേയില്ല …

പറഞ്ഞു പറഞ്ഞു ഏകദേശം കാർഗിൽ എത്താറായിരുന്നു.. കാർഗിൽ എന്ന് കേൾക്കുമ്പോൾ തന്നെ 1999ഇൽ യുദ്ധം നടന്ന ഭൂമി എന്നതാണ് ആദ്യം ഓർമ വരിക… എന്നാൽ കാർഗിൽ സത്യത്തിൽ വളരെ ശാന്തമായ, മനോഹമായൊരു പ്രദേശമാണ്.. അവിടുത്തെ നിശ്ശബ്ദതക്കു പോലും ഒരു താളമുണ്ട്.. വീശുന്ന കാറ്റിനു പോലും പ്രത്യേക ഈണമാണ്.. തന്നിലേക്കടുപ്പിച്ചു ചേർത്ത് നിറുത്തുവാൻ കഴിവുള്ളൊരു അദൃശ്യ ശക്തിയുണ്ട്.. കാർഗിലിൽ നിന്നും അധികം ദൂരത്തിലല്ല അതിമനോഹരമായ സുരു വാലി സ്ഥിതിചെയ്യുന്നത്.. കാർഗിൽ എത്തും മുൻപേ തന്നെ മുസാമിൽ ന്റെ സുഹൃത്തായ അൻസാരിയുടെ വിളി വന്നു ഫോണിൽ.. “എവിടെയെത്തി നിങ്ങൾ..? ഞാനിവിടെ കാർഗിലിൽ നിങ്ങളെ കാത്തു നിൽക്കുന്നു. ഹുൻഡർമാനിലേക്ക് ഒരുമിച്ചു പോവാം… “ഉടനെ എത്തുമെന്ന് മറുപടി കൊടുത്തു..

15മിനിറ്റുകൾക്കുള്ളിൽ കാർഗിലെത്തി.. കാർഗിൽ ടൗൺ എത്തുന്നതിനു മുൻപേ തന്നെ ഇടതുവശത്തേക്ക് തിരിഞ്ഞു സുരു നദിക്കു കുറുകെയുള്ളൊരു പാലം കടന്നു ചെല്ലുമ്പോൾ വഴി രണ്ടായി തിരിയുന്നു.. ഒന്ന് ബറ്റാലിക് എന്ന സ്ഥലത്തേക്കും മറ്റൊന്നു ഹുൻഡർമാനിലേക്കും.. നീല ബനിയനും ജീൻസും ധരിച്ചു തോളിലൊരു ബാഗും തൂക്കിയ സുമുഖനായൊരു ചെറുപ്പക്കാരൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.. മുഹമ്മദ്‌ അൻസാരി. ഹുൻഡർമാൻ ഗ്രാമത്തിൽ ആകെയുള്ള ഒരു ഹോംസ്റ്റേ അദ്ദേഹത്തിന്റേതാണ്.. ആദ്യമായി കണ്ടതിന്റെ അപരിചിതത്വം ഒന്നും കൂടാതെ തന്നെ അദ്ദേഹം വാ തോരാതെ സംസാരിച്ചു തുടങ്ങി… 12 കിലോമീറ്റർ ദൂരമുണ്ട് ഇവിടെനിന്നും.. കുത്തനെയുള്ള കയറ്റമാണ്.. വലിയ മലകളെ ചെത്തിയൊരുക്കി എടുത്ത വഴിയാണ്..

വളഞ്ഞു പുളഞ്ഞു മുകളിലേക്കു പോകുന്ന വഴി ദൂരെ നിന്നും കണ്ടാൽ മലയെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നൊരു പാമ്പിനെപ്പോലെ തോന്നിപ്പിക്കും.. മുകളിലേക്ക് ചെല്ലുംതോറും താഴേയ്ക്ക് നോക്കുവാൻ ഭീതി തോന്നും.. സുരു നദിയുടെ കരയിൽ നിന്നും ആരംഭിച്ച യാത്രയാണ്.. ഇപ്പോൾ സുരു നദി അങ്ങ് ദൂരെ ഒരു നേർത്ത വരപോലെ കാണാം. അതിനപ്പുറം നൂലുപോലെ നേർത്തൊരു വര ചൂണ്ടിക്കാണിച്ചു അൻസാരി പറഞ്ഞു പഴയ സിൽക്ക് റൂട്ട് കടന്നു പോയിരുന്ന പാതയാണ് ആ കാണുന്നതെന്ന്.. ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ വഴി പേർഷ്യയിലേക്ക് കടന്നു പോയിരുന്ന വഴി..ആ വഴി കാണുന്നതിനപ്പുറം പാകിസ്താന്റെ ചെക് പോസ്റ്റാണ്.. കുറച്ചൂടെ മുകളിലെത്തിയാൽ പാക് ഗ്രാമവും കാണാൻ കഴിയുമത്രേ.. അൻസാരി വാ തോരാതെ പിന്നെയും സംസാരിച്ചു കൊണ്ടേയിരുന്നു…1947 ഇൽ ഇന്ത്യയും പാകിസ്ഥാനും രണ്ടായി പിളർന്നപ്പോൾ വന്ന അതിർത്തി രേഖ പോയൻ ബ്രോക് നെയും കാര്ഗിലിനെയും രണ്ടായി തിരിച്ചു.. കാർഗിൽ ഇന്ത്യയിലും പോയൻ ബ്രോക് പാകിസ്താനിലും.. അവിടെയുള്ള ആളുകൾ താമസിച്ചിരുന്ന സ്ഥലം മുഴുവനും പാകിസ്താനിലായിരുന്നെങ്കിലും കാർഗിലിനോട് ചേർന്നുള്ള അവരുടെ കൃഷിയിടങ്ങൾ മുഴുവനും ഇന്ത്യയിലുമായി.. തിലംഖർ, ചങ്കീ എന്നീ രണ്ടു മലകൾക്കു നടുവിലായിരുന്നു പോയൻ ബ്രോക് സ്ഥിതി ചെയ്തിരുന്നത്.. പിന്നീട് 1965 ഇൽ നാല് മാസം നീണ്ട മറ്റൊരു യുദ്ധം.. തിലംഖർ കുന്നിന്റെ മുകളിൽ പാക് പടയും ചങ്കീ മലമുകളിൽ ഇന്ത്യൻ സൈന്യവും നേർക്കുനേർ നിന്നു വെടിയുതിർക്കുമ്പോൾ അങ്ങ് കീഴിലായി ശ്വാസമെടുക്കാൻ പോലും പേടിച്ചു വിറച്ചിരുന്നു ഗ്രാമവാസികൾ.. വീടുകളിൽ നിന്നും പുറത്തിറങ്ങാൻ അവർ ഭയന്ന് വീടുകൾക്കുള്ളിൽ കിടങ്ങുകൾ പോലെയുള്ള കുഴിയുണ്ടാക്കി അതിൽ അഭയം തേടി..

എത്ര ഭീകരമായ ദിവസങ്ങളായിരുന്നിരിക്കണം അവ.. എന്തായിരുന്നിരിക്കും ആ ഒരു മാനസികാവസ്ഥ.. 4 മാസം യുദ്ധത്തിൽ തീരുമാനങ്ങളൊന്നുമുണ്ടാവാതെ ഇരുകൂട്ടരും പിൻവാങ്ങി. ആളുകൾ വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു.. എന്നാൽ 1971ഇൽ വീണ്ടുമുണ്ടായി യുദ്ധം. ഇത്തവണ യുദ്ധത്തിൽ തകിടം മറിഞ്ഞത് ഒരു പറ്റം ആളുകളുടെ നിറമുള്ള സ്വപ്‌നങ്ങൾ ആയിരുന്നു.. ചങ്കീ, തിലംഖർ മലനിരകളുൾപ്പെടെ പോയൻ ബ്രോക്കിന്റെ താഴ്ഭാഗങ്ങളും മുകളിലെ ഗ്രാമത്തിന്റെ പകുതിയും ഇന്ത്യ കൈപ്പിടിയിലാക്കി.. എന്നാൽ മറുപാതിയിലായത് ഒരേ കുടുംബത്തിലെ അംഗങ്ങൾ.. ഒരുമിച്ചു കളിച്ചു നടന്ന കുട്ടികൾ.. വിവാഹം കഴിഞ്ഞ ദമ്പതികൾ തുടങ്ങി ഒരുപാട് പേർക്ക് വേർപിരിയേണ്ടി വന്നു.. 1947 ഇൽ പാകിസ്ഥാനിലേക്ക് പോയപ്പോൾ ഇന്ത്യയിലായിരുന്ന അവരുടെ കൃഷിയിടങ്ങളൊക്കെയും നശിച്ചു തരിശുഭൂമി ആയിരുന്നു അപ്പോഴേക്കും.. 4വർഷം കൂടി കാത്തിരിക്കേണ്ടി വന്നു അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുവാൻ…

ഒരു വലിയ വളവു തിരിഞ്ഞു വരുന്നിടത്തു വണ്ടി നിർത്തി ഇറങ്ങി. അവിടെ നിന്നും നോക്കിയാൽ ദൂരെ പാക് ഗ്രാമം കാണാം. വഴിയോട് ചേർന്നൊരു കടയിൽ വലിയൊരു ബൈനോക്കുലർ വച്ചിട്ടുണ്ട്.. ഹുൻഡർമാനിലേക്ക് 2 കിലോമീറ്റർ ദൂരമുണ്ട് ഇനിയും. 2km പിന്നിടുമ്പോഴേക്കും ദൂരെ ‘unlock hunderman’എന്ന ബോർഡ്‌ കണ്ടു. അതിനു താഴെയായി ഇടതു വശത്തായി ദൂരെ കല്ലുകൊണ്ട് കെട്ടിയൊരു ശ്മശാനം പോലൊരു പ്രദേശം. പഴയ ഹുൻഡർമാൻ.. ഇപ്പോഴുള്ള ഹുൻഡർമാൻ ലോവർ ബ്രോക്. ആരും താമസമില്ല അവിടെയിപ്പോൾ. പണ്ട് എല്ലാവരും താമസിച്ചിരുന്ന സ്ഥലമായിരുന്നു. Roots എന്ന് പേരുള്ളൊരു ലോക്കൽ ഗ്രൂപ്പുമായി ചേർന്ന് അൻസാരി ഇവിടം ഒരു മ്യൂസിയം ആക്കി മാറ്റി. എന്തായാലും വീട്ടിൽ പോയിട്ട് പിന്നെ വന്നു കാണാം എന്ന് പറഞ്ഞു വീണ്ടും മുന്നോട്ട്. ഏകദേശം ഒരു km മുകളിലേക്ക് ചെന്നപ്പോൾ ഇന്ത്യൻ ആർമി യുടെ ഒരു ചെക് പോസ്റ്റ്‌. എവിടെ നിന്നും വരുന്നു, ഇപ്പോൾ തിരികെപ്പോകും, തുടങ്ങിയ വിവരങ്ങളൊക്കെ പറഞ്ഞു അഡ്രസ്സും ഫോൺ നമ്പറും രെജിസ്റ്ററിലെഴുതി നാല് പേരുടെയും ഒറിജിനൽ ഐഡി കാർഡും സബ്മിറ്റ് ചെയ്താലേ മുകളിലേക്ക് വിടൂ.. വീണ്ടും 10 മിനിറ്റ് ദൂരമുണ്ട് ഗ്രാമത്തിലേക്ക്. പോകുന്ന വഴി ഒരു ചെറിയ സ്കൂൾ ചൂണ്ടിക്കാട്ടി അൻസാരി പറഞ്ഞു ഞാൻ പഠിച്ച സ്കൂളാണ്.. പണ്ട് അഞ്ചാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നുള്ളു. ഇപ്പൊ 8 വരെയുണ്ട്. കുറച്ചു കൂടി മുന്നോട്ടു ചെല്ലുമ്പോൾ വഴി അവസാനിച്ചു… ഹുൻഡർമാൻ എന്ന ഗ്രാമത്തിൽ….

ചെറുതെങ്കിലും മനോഹരമായൊരു കൊച്ചു ഗ്രാമം. ചുമരുകൾ തേക്കാതെ വെട്ടുകല്ലുകൾ കൊണ്ട് അടുക്കിയ പോലെ വീടുകൾ.. ഗ്രാമത്തിലേക്കിറങ്ങുന്ന കൊച്ചു വഴിയരികിലായി ഒരു കുഴൽക്കിണർ.. ഈ ഗ്രാമത്തിലേക്കുള്ള മുഴുവൻ വെള്ളവും ഇതിൽ നിന്നാണ്. വണ്ടി വന്നു നിൽക്കുന്നത് കണ്ടതിനാലാവണം എവിടെനിന്നോ കുറച്ചു കൊച്ചു കുട്ടികൾ ഓടി വന്നു.. കയ്യിലുണ്ടായിരുന്ന കുറച്ചു സ്നിക്കേർസ് ജസ്റ്റിൻ എല്ലാവർക്കൂടെ വീതിച്ചു കൊടുത്തു.. ഒന്നുരണ്ടു പടികളിറങ്ങി വേണം ഗ്രാമത്തിലേക്കുള്ള ഇടവഴിയിലേക്കിറങ്ങുവാൻ. കല്ലുപാകിയ ചെറിയൊരു നടപ്പാതയാണ്. ഇരുന്നു വശങ്ങളിലും ചെറിയ ചെറിയ വീടുകൾ.. വീടുകളുടെ അരികിലൂടെ ചെറിയ മുറികൾ പോലെ ഉണ്ടാക്കിയിടം ആടുകൾക്കുള്ള സ്ഥലമാണ്. അവയ്ക്കുള്ള പുല്ലും കെട്ടിയിട്ടിട്ടുണ്ട്… ഒരു വശത്തായി ധാരാളം വിറകുകളും അടുക്കിയിരിക്കുന്നു. ഇടയ്ക്കിടെ

COMMENTS

WORDPRESS: 0
DISQUS: 0