നഷ്ടസ്വപ്നങ്ങളുടെ ഖബറിടം – ll

നഷ്ടസ്വപ്നങ്ങളുടെ ഖബറിടം – ll

നിങ്ങടെ തലയ്ക്കു വല്ല ഓളവുമുണ്ടോ…? ആ ജനലൊന്നടച്ചാൽ വല്യ ഉപകാരമായിരുന്നു.. “.. ജെസ്റ്റിനാണ്. ഒന്നും മിണ്ടാതെ ജനലടച്ചു മെല്ലെ കമ്പിളിക്കുള്ളിലേക്കു ചുരുണ്ടു കയറുമ്പോൾ നിഴലുകൾ കളമെഴുതിയൊരു നീല നിശീഥിനിയുടെ താഴ്വരയിലെ ഈ കൊച്ചു ഗ്രാമത്തിൽ മഴപോലെ മനസ്സിൽ പെയ്തിറങ്ങിയ ഓര്മകളിലാകെ ഹുസൈന്റേയും വഹീദയുടെയും അനുരാഗത്തിന്റെ തീർത്താൽ തീരാത്ത സുഗന്ധമുണ്ടെന്നു തോന്നിപ്പോയി.. ആ മണ്ണിലാണിപ്പോൾ തലചായ്ച്ചുറങ്ങുന്നതെന്ന ഓർമ്മകൾ പോലും മനസിനെ തരളമാക്കുന്നത് ഞാനറിഞ്ഞു…
തലയിലൂടെ മൂടിയിരുന്ന കമ്പിളി മെല്ലെ മാറ്റി നോക്കുമ്പോൾ നേരം നന്നായി പുലർന്നതായി തോന്നി..

സമയം 5. 50ആയിട്ടേയുള്ളു.. ഇവിടെ നേരം ഏറെ വൈകി ഇരുൾ വീഴുകയും നേരത്തെ പുലരി വിരിയുകയും ചെയ്യും.. ഇരുളിന്റെ കാഴ്ചകൾ നന്നേ കുറവാണ്.. ഒരുപറ്റം മനസ്സുകളിൽ ഇരുൾ വീഴ്ത്തിയ നൊമ്പരങ്ങൾക്കുള്ളൊരു പ്രായശ്ചിത്തം ആയിരിക്കണം ഒരുപക്ഷെ ഇരുൾ ഇപ്പോൾ ഒരകലം പാലിക്കാൻ കാരണം.. മെല്ലെ പുറത്തിറങ്ങി.. ഒന്ന് നടക്കാമെന്നു കരുതി.. അയൽ വീട്ടിൽ അൻസാരിയുടെ അമ്മ രാവിലെ ഉണർന്നു ആടിനെ കറക്കുന്നുണ്ടായിരുന്നു.. മുറ്റത്തു വീണുകിടക്കുന്ന ആപ്രിക്കോട് പൂവുകൾ വെറുതെ പെറുക്കിയെടുത്തു.. അടുത്തു കണ്ടപ്പോഴാണത്തിന്റ ഭംഗി മനസ്സിലായത്.. ആറിതളുകൾ.. നടുക്ക് കുങ്കുമം വിതറിയപോലെ ചുവപ്പ് പൊട്ടുകൾ . നടക്കാനിറങ്ങിയതാണെങ്കിലും തണുപ്പിന്റെ ശക്തി അസഹനീയമായതിനാൽ മെല്ലെ തിരികെ വന്നു വീണ്ടും പുതപ്പിലേക്കു കയറി.. ആട്ടിൻ പാലിൽ കുറുക്കിയെടുത്ത നല്ല ആവി പറക്കുന്ന ചായയുമായി അൻസാരി വന്നു വിളിക്കുമ്പോളാണ് പിന്നെ എഴുന്നേറ്റത്.പ്രഭാതഭക്ഷണം വീടിന്റെ തുറസ്സായ ടെറസ്സിലിരുന്നു. ചുറ്റും മലനിരകൾ.. ദൂരെയൊരു മലമുകളിൽ മഞ്ഞു വെള്ളച്ചായം പൂശിയിരിക്കുന്നു.. ഇപ്പോഴാണ് ശെരിക്കും ഈ ഗ്രാമത്തിന്റെ ഒരു 360ഡിഗ്രി വ്യൂ കണ്ടത്… ചെമ്മരിയാടുകൾ മലഞ്ചെരിവുകളിൽ മേഞ്ഞു നടക്കുന്നതും കണ്ട് പ്രഭാത ഭക്ഷണം കഴിച്ചു മെല്ലെ മ്യൂസിയം കാണാൻ തിരിച്ചു.. ഇത്തവണ കൂട്ടിനു ഒരാൾ കൂടി ഉണ്ടായിരുന്നു.. ഫൈസു എന്ന ഓമനപ്പേരുള്ള ഫൈസുൽ ബത്തൂൽ..

അൻസാരിയുടെ രണ്ടരവയസ്സുകാരി മോളാണ്.. നെറ്റിയുടെ മുൻവശം വരെ വെട്ടിയിട്ട നീളൻ മുടിയും വട്ടമുഖവും ചെറിയ കണ്ണുകളും റോസ് നിറവുമുള്ളൊരു പാവക്കുട്ടി.. 20മിനുട്ടോളം നടക്കണം മ്യൂസിയത്തിലെത്താൻ.പണ്ട് ആളുകൾ താമസിച്ചിരുന്നു ഇവിടെ.. കല്ലുകൾ കൂട്ടി നിർമിച്ച വീടുകൾക്ക് 3ഓളം നിലകളുണ്ട്.. അന്നത്തെ ആളുകൾ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളും പഴയ നാണയങ്ങളും മറ്റു പലതും ചില്ലിട്ട പെട്ടികളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.. വളരെ ഇടുങ്ങിയ ഇരുട്ടുള്ള മുറികളാണെല്ലാം.. അതുകൊണ്ട് തന്നെ മഞ്ഞു കാലത്തുപോലും ഇവിടെ ചൂട് തങ്ങി നിൽക്കുമത്രേ.. 1965ഇല്ല നടന്ന യുദ്ധത്തിൽ അവിടവിടെ ചിതറിക്കിടന്നിരുന്ന വെടിയുണ്ടകളൊക്കെ സൂക്ഷിച്ചിട്ടുണ്ട്..

1960കളിൽ അൻസാരിയുടെ വലിയച്ഛൻ പാകിസ്ഥാൻ പട്ടാളത്തിൽ പോട്ടർ ആയി ജോലിചെയ്തിരുന്നപ്പോളുള്ള ഹെൽമെറ്റ്‌, പാക് നിർമ്മിതമായ സോപ്പ് ഒക്കെയും സൂക്ഷിച്ചിട്ടുണ്ട്.. സോപ്പിന്റെ വിലയായ 5 പൈസയും അതിൽ പ്രിന്റ്‌ ചെയ്തിട്ടുണ്ട്.. വളരെ പഴക്കമുള്ളൊരു പെർഫ്യൂം കുപ്പിയിൽ ഇംഗ്ലീഷിലും ബംഗ്ലാ, ഉർദു ലിപികളിലും എഴുതിയിട്ടുണ്ടായിരുന്നു.. ബംഗ്ലദേശും പാകിസ്താനുമൊക്കെ വിഭജിക്കപ്പെടുന്നതിനു മുന്പുള്ളതാണതെന്നു മനസ്സിലാക്കാം. അതിനേക്കാൾ പഴക്കമുള്ള മറ്റൊന്നുണ്ട്.. ഒരു ചെറിയ നോട്ട്. അതിലുള്ള സീൽ കിംഗ് ജോർജ് ആറാമന്റെയും.. അതായത് ഏതാണ്ട് 1940കളിൽ ഇന്ത്യയും പാകിസ്ഥാനുമൊക്കെ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ ഒന്നായിരുന്ന സമയത്തു അടിച്ച നോട്ട് ആവണം.. മ്യൂസിയത്തിലെ കാഴ്ചകളൊക്കെ കണ്ട് പുറത്തിറങ്ങുമ്പോൾ വെട്ടിയിട്ട വാഴപോലെ ദാ കിടക്കുന്നു ജസ്റ്റിൻ നിലത്തു.. പെട്ടന്നൊരു തലചുറ്റൽ.. മെല്ലെ എഴുന്നേൽപ്പിച്ചു കുറച്ചു വെള്ളവും കുടിച്ചപ്പോൾ ആൾ ഓക്കെ.. അടച്ചിട്ട, ഇരുണ്ട ചെറിയ മുറികളോടുള്ള പേടി അഥവാ ക്ലോസ്ട്രോ ഫോബിയ ആയിരിക്കണം..

തിരികെ വീടിനടുത്തെത്താറായപ്പോൾ വീണ്ടും കണ്ടു ഉമ്മറത്തിരുന്നു നൂൽ കോർക്കുന്ന അൻസാരിയുടെ ഉമ്മയെ.. ഇത്തവണ മാനസിക വിഭ്രാന്തിയുള്ള മറ്റേ വൃദ്ധയെ കണ്ടില്ല. അകത്തെവിടെയെങ്കിലും ഉണ്ടാവണം.. എല്ലാം ബാഗിലാക്കി ഇറങ്ങാൻ നേരമാണ് മുറിയുടെ ഒരു വശത്തു ഒരു ഖുറാനും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും മടക്കി വച്ചിരിക്കുന്ന ഒരു പേപ്പറും കണ്ടത്.. ആരാണീ ഫോട്ടോയിലുള്ളതെന്നു ചോദിച്ചപ്പോൾ അതെന്റെ അങ്കിളാണ്.. 1971ഇൽ യുദ്ധം നടന്നപ്പോൾ എതിർ രാജ്യത്തായിപ്പോയ അനേകം ആളുകളിലൊരാൾ.. അദ്ദേഹം മരിക്കുന്നതിനുമുന്പ് അയച്ച കത്താണ് ആ പേപ്പർ.. 1971 കഴിഞ്ഞു വർഷങ്ങൾക്കു ശേഷം പാക്കിസ്ഥാൻ വിസ സമ്പാദിച്ചു ഹുൻഡർമാനിൽ നിന്നും റാസ എന്നൊരാൾ 1971ഇൽ പാകിസ്ഥാനിലായിപ്പോയ തന്റെ ഉപ്പയെ കാണാൻ പാകിസ്ഥാനിലേക്ക് പോയി.. ഇവിടെനിന്നും വെറും 5മണിക്കൂറിൽ താഴെ മാത്രം ദൂരമേയുള്ളൂ കാർഗിൽ ബാൾട്ടി റൂട്ട് ഓപ്പൺ ആയിരുന്നെങ്കിൽ.. ആ 5മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം ഹുൻഡർമാനിൽ നിന്നും പഞ്ചാബിലെ വാഗാ ബോർഡറിലെത്തി അവിടെനിന്നും ലാഹോർ, ലാഹോറിൽ നിന്നും റാവൽപിണ്ടി, അവിടെ നിന്നും ബാൾട്ടിസ്‌താന്റെ തലസ്ഥാനമായ സ്കർദുവിലെത്തിയത്ഒരാഴ്ചകൊണ്ടാണ്.. അവിടെ നിന്നും തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ അൻസാരിയുടെ അങ്കിൾ കൊടുത്തയച്ച കത്താണ് ആ പെട്ടിയിലുള്ളത്.. ഇന്നും ഒരു നിധിപോലെ കാത്തു സൂക്ഷിക്കുകയാണവയെല്ലാം ഇവിടെ..

വലിയ രണ്ടു ബാഗുകൾ തോളിലെടുത്തു കൊണ്ട് അൻസാരി മുൻപിൽ നടന്നു.. പിന്നാലെ ഞങ്ങളും.. എവിടെ പോയാലും തിരിച്ചുപോകാനിറങ്ങുമ്പോൾ തോന്നുന്ന ഒരു വിഷമമുണ്ട്.. ഒറ്റ ദിവസം കൊണ്ട് ആ ഗ്രാമത്തോടും അവിടെ ഉള്ളവരോടും അവരുടെ ഭക്ഷണത്തോടും അവിടുത്തെ കാറ്റിനോടും തണുപ്പിനോടുമൊക്കെ വല്ലാത്തൊരടുപ്പം തോന്നിയിരുന്നു.. ജീവിതം എന്ന യാത്രയിൽ ഇനിയും ഒരുപാട് കാഴ്ചകൾ കാണുവാനുണ്ടെന്നതിനാൽ നടന്നേ പറ്റൂ.. കല്ല് പാകിയ പാതയിലൂടെ മുന്നോട്ട് നടക്കുമ്പോൾ വീണ്ടും കണ്ടു ജനാലയിലൂടെ പുറത്തേക്കെത്തി നോക്കുന്ന തലകൾ.. അൻസാരിയുടെ ഉമ്മ വീടിന്റെ മുറ്റത്തു തന്നെ ഉണ്ടായിരുന്നു.. ചിരിച്ചു കൊണ്ട് അവരെ നോക്കി കൈ വീശുമ്പോൾ കൂടെയുണ്ടാകാറുള്ള വൃദ്ധയെഅവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.. അകത്തെവിടെയെങ്കിലുമുണ്ടാവും.. ഇരുളും വെളിച്ചവുമേതെന്നറിയാതെ അകത്തെ ഇരുണ്ട മുറികളിലൊന്നിലുണ്ടാവും… മുകളിലേക്കു നടക്കുമ്പോൾ തലേന്നു കണ്ട കുട്ടികളെല്ലാം വീണ്ടും ഓടി വന്നു.. മിച്ചമുണ്ടായിരുന്ന മിട്ടായി കളെല്ലാം അവർക്കു കൊടുത്തു മെല്ലെ വണ്ടി യിലേക്ക് കയറി.. തിരികെ നാട്ടിലെത്തുമ്പോൾ ഇവരെക്കുറിച്ചൊക്കെ എഴുതണം എന്ന് കരുതി വെറുതെ അൻസാരിയോട് ചോദിച്ചു “നിങ്ങൾക്ക് പാകിസ്ഥാനിൽ നിന്നും റാസയുടെ കൈവശം കത്തു കൊടുത്തയച്ച ആ ആളിന്റെ പേരെന്താണ്..?.. “..
“മുഹമ്മദ്‌ ഹുസൈൻ…. “.

ഹുസൈൻ.!!! അറിയാതെ ആ പേര് ഞാനും ഏറ്റു പറഞ്ഞു..എല്ലാവരുടെയും മുഖത്തൊരു ഭാവമാറ്റമുണ്ടായി ആ പേര് കേൾക്കുമ്പോൾ.. ആ ഒരു ഞെട്ടലോടെയാണ് “അപ്പൊ നിങ്ങളുടെ അമ്മയുടെ പേര്..?? “എന്താണെന്ന് ജസ്റ്റിൻ ചോദിച്ചത്.. അതിന്റെ മറുപടി വീണ്ടും ഒരു ഞെട്ടലോടെയാണ് കേട്ടത്…
“സൊഹ്‌റാ… സൊഹ്‌റാ ബാനൂ “… കഥയെന്നു കരുതിയ കാര്യങ്ങൾ ഒരു യാഥാർഥ്യമായി കാതുകളിൽ മുഴങ്ങുമ്പോൾ മനസ്സിൽ നൂറുകൂട്ടം വികാരങ്ങളുടെ വേലിയേറ്റം നടക്കുകയായിരുന്നു… തൊണ്ടയിൽ കുടുങ്ങിയൊരു ഗദ്ഗദം മാറ്റി ഞാൻ വീണ്ടും ചോദിച്ചു “അപ്പോൾ നിങ്ങളുടെ വീട്ടിലുള്ള മാനസിക നില തെറ്റിയ ആ വൃദ്ധ സ്ത്രീ ….????? അവരുടെ പേര്…?

“വഹീദ” … !!!!!!!!!!!”!!

ഹൃദയമിടിപ്പും ശ്വസോച്ഛാസവും ഒരുപോലെ കുതിച്ചുയരുന്നത് ഞാനറിഞ്ഞു… എല്ലാവർക്കുമുണ്ടായി ആ ഒരു ഞെട്ടൽ.. കേൾക്കുന്നത് സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയാനാവാത്തൊരവസ്ഥ… ഇടിമിന്നലോടു കൂടി ആർത്തലച്ചു പെയ്യാൻ വരുന്നൊരു പേമാരി ഹൃദയത്തിൽ നിറഞ്ഞു മിഴികളിലേക്ക് പടരുന്നത് ഞാനറിഞ്ഞപ്പോഴേക്കും ബിലാൽ ഭായ് വണ്ടി മുന്നോട്ടെടുത്തു കഴിഞ്ഞിരുന്നു.. ഹുൻഡർമാനിലെ ഒരു ഇരുൾനിറഞ്ഞ മുറിയിലപ്പോഴും നക്ഷത്രതിളക്കമുള്ള രണ്ടുകണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു… ദൂരെ ഞങ്ങളെ നോക്കി കൈകൾ വീശുന്ന അൻസാരിയുടെയും ഫൈസുവിന്റെയും രൂപം വണ്ടിയുടെ റിയർവ്യൂ കണ്ണാടിയിലൂടെ എന്തിനെന്നറിയാതെ തൂവാൻ വെമ്പുന്ന മിഴികൾക്കുമുന്നിൽ അവ്യക്തമായൊരു കാഴ്ചയായി മെല്ലെ നേർത്തു വന്നു…..

COMMENTS

WORDPRESS: 0
DISQUS: 0