രാവിലെ വീട്ടിൽ നിന്നും ഉമ്മയുടെ കൂടെ ഇറങ്ങുമ്പോൾ അടുത്തുള്ള അക്ഷയ സെന്ററിൽ പോവണമെന്ന് മാത്രമായിരുന്നു ലക്‌ഷ്യം. അവിടേക്കുള്ള യാത്രയിലെപ്പോഴോ കക്കയം എന്ന ആഗ്രഹം മനസ്സിൽ കയറിക്കൂടി. ഈ കാര്യം ഉമ്മയോട് പറഞ്ഞപ്പോൾ ആദ്യം വിസമ്മതിച്ചു എങ്കിലും ഒടുക്കം എന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.
അങ്ങനെ വണ്ടി കക്കയം തിരിച്ചു. വീട്ടിൽ നിന്നും ഏകദേശം 39kmഅകലെയാണ് ഞാൻ പറഞ്ഞ സ്ഥലം ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഞങ്ങൾമാത്രമായി ഒരു യാത്ര ആദ്യമായിരുന്നു. ഞാനും ഉമ്മയും മാത്രമായുള്ള യാത്ര അത്രമാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. പിന്നെമഴക്കാലമല്ലേ മഴക്കാലമായാൽ അവിടങ്ങൾ കാണാൻ പ്രത്യേക ഭംഗിയാണ്. വേണമെങ്കിൽ രണ്ട് ഫോട്ടോയും എടുക്കലോ അങ്ങനെ എസ്റ്റേറ്റ് മുക്കിലൂടെ തെച്ചിയിലൂടെ, തലയാടിലൂടെ യാത്രതുടർന്നു . പെട്ടന്നുണ്ടായ മഴകാരണം അടുത്ത് കണ്ട ക്രിസ്ത്യൻ പള്ളിയിൽ കയറിയപ്പോഴാണ് കക്കയം ചുരത്തിലെ മണ്ണിടിച്ചിലിനെ പറ്റി അറിഞ്ഞത് ഒരു റിസ്ക് എടുക്കാൻ ഉമ്മാക്ക് താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ അധികം നിർബന്ധിച്ചില്ല എന്നാൽ യാത്ര അവസാനിപ്പിച്ചതുമില്ല.
ലക്ഷ്യസ്ഥാനം മാറിയിരിക്കുന്നു കക്കയം എന്നുള്ളത് കാരിയാത്തുംപാറയായി മാറി വീട്ടിൽ നിന്നും ഏകദേശം 22km മാത്രം കൂടാതെ കാക്കയത്തേക്ക് പോവുന്ന റൂട്ടിൽ തന്നെയാണ് ഈ അതിമനോഹരമായ സ്ഥലവും. ഒടുക്കം അവിടെ എത്തുമ്പോൾ ഞങ്ങളെ വരവേറ്റത് വെള്ളത്തിന്റെ കളകള നാദമായിരുന്നു ആ കാഴ്ചകൾ മനസ്സിന് സന്തോഷം നൽകി. തുള്ളിച്ചാടി ഒഴുകുന്ന വെള്ളം കണ്ടാൽ ആർക്കാണ് മനസ്സ്നിറയാതിരിക്കുക. ഉരുണ്ടകല്ലുകളുടെ മുകളിലൂടെ ഒഴുകുന്ന അരുവിലയിൽ കുറച്ചു നേരം ഞങ്ങളും ഇറങ്ങി.
ഊട്ടിയെ വെല്ലുന്ന കാലാവസ്ഥയിൽ പുഴയിലെ വെള്ളത്തിനും തണുപ്പായിരുന്നു. അരുവിയിൽ നിന്നും കയറി മുന്നോട്ട് നടക്കുംതോറും കൺകുളിരുന്ന കാഴ്ചയായിരുന്നു പച്ചപരവതാനി വിരിച്ച മലകളാൽ ചുറ്റപ്പെട്ട താഴ്‌വാരം. അതിന്റെ നടുവിലൂടെ അഹങ്കാരത്തോടുകൂടെ ഒഴുകുന്ന പുഴയെന്ന തോന്നിക്കുന്ന അരുവി. ഒരു സൈഡിലായി സവാരിക്കായി ഒരുങ്ങിനിൽകുന്ന കുതിരകൾ. അവിടെ ചെന്നാൽ എല്ലാരുമൊന്ന് ഞെട്ടും കാരണം കോഴിക്കോട് ജില്ലയിൽ ഇത്രമനോഹരമായ ഒരു സ്ഥലം ഉണ്ടെന്ന് പലർക്കും അറിയില്ല എന്നുതന്നെയാണ് സത്യം. ആ അരുവിയുടെ ഒരറ്റത്തുനിന്ന് ഒരുപാട് പേർ വെള്ളത്തിൽ അർമാദിക്കുന്നത് കാണാമായിരുന്നു.
ഒരുപക്ഷെ ഈ മഴക്കാലത്ത് ഇത്രയും നല്ല ഡെസ്റ്റിനേഷൻ കോഴിക്കോട് ജില്ലയിൽ മറ്റൊന്നില്ല എന്നു തന്നെ പറയാം. കാരിയാത്തുംപാറയുടെയും തോണിക്കടവിന്റെയും സൗന്ദര്യം കൂടുതൽ ആസ്വദിക്കാനെങ്കിൽ കക്കയം റോഡിൽ കുറച്ചു കൂടെ മുന്നോട്ട് പോയി ഒരു ചെറിയ റോഡിലൂടെ എത്തേണ്ടതുണ്ട്. മനോഹരമായ കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ ആ വഴി സഹായകരം ആവും. ആ പുല്മേടുകളിലൂടെ നടക്കുമ്പോൾ നമ്മുക്കുണ്ടാവുന്ന അനുപൂതി മനോഹരം തന്നെ പൊരിഞ്ഞു വീണ അക്ക്വേഷ്യ മരങ്ങളും ആ താഴ്‌വാരം ഭംഗിയാക്കിയിട്ടുണ്ടായിരുന്നു. തിരിച്ചു വരുന്ന വഴിയിൽ മലമുഴക്കി വേഴാമ്പലും കുരങ്ങുകളും കാഴ്ചയൊരുക്കി . മഴനന്നായി പയ്‌തെങ്കിലും കയറിനിൽകാൻ രണ്ടുപേരും തയ്യാറായിരുന്നില്ല. ഇന്ത്യൻ റുപീ പോലെയുള്ള ഒരുപാട് സിനിമകളു ആൽബങ്ങളും ഒപ്പിയെടുത്ത അതിമനോഹരമായ ഈ സ്ഥലം പലപ്പോഴും നാം മലയാളികൾ കാണാതെ പോവുന്നു ഊട്ടിയും മണാലിയും ലക്ഷ്യമാക്കി പോവുമ്പോൾ നമ്മളുടെ നാട്ടിലെ അതിനേക്കാൾ മനോഹരമായ തനത് നാടിന്റെ ഭംഗി ആസ്വദിക്കാൻ നാം മറക്കുന്നു
വഴി: കോഴിക്കോട്, ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് (താമരശ്ശേരി-ബാലുശ്ശേരി റൂട്ടിൽ) then ടേൺ ലെഫ്റ്റ് തെച്ചി, തലയാട് വഴി ഇരുപത്തിയാറാം മൈൽ ,കാരിയാത്തുംപാറ
COMMENTS