ലക്ഷദ്വീപില്‍ നിന്നും സ്‌നേഹപൂര്‍വും

ലക്ഷദ്വീപില്‍ നിന്നും സ്‌നേഹപൂര്‍വും

ന്റെ മനീ…

കലാലയജീവിതത്തിലെ അടുത്ത കാൽവെപ്പിനായി നീ ചെന്നൈക്ക് വണ്ടി കയറിയ ഈ രാത്രി നിന്നെ കാണാൻ വല്ലാത്ത മോഹം… നിന്നെ ന്റെ വീട്ടിൽ കൊണ്ട് വരണമെന്നും നാട് കാണിച്ചു തരണമെന്നും തോന്നീട്ട് കൊറേ ആയി. ഇതുവരെയും വെളിച്ചം കാണാത്ത നമ്മടെ ഒരായിരം പ്ലാനുകളുടെ കൂട്ടത്തിൽ ഇതും… ഇന്നിവിടെ മുന്നാസിന് ഇഷ്ടമുള്ള പലഹാരം ഉണ്ടാക്കി. അപ്പോ അവനെയും കാണാൻ തോന്നി…

നാട്ടിൽ എത്തി രണ്ടു മാസത്തോളം ആയിട്ടും എങ്ങും ഇറങ്ങാത്തെ കാരണം ആവാം എങ്ങോട്ട് പൊയ്ക്കോട്ടെ ചോയ്ച്ചാലും നൂറാവർത്തി വേണ്ടാ പറഞ്ഞ ശേഷം മാത്രം പൊയ്ക്കോ പറയുന്ന ഉമ്മ വരെ പറഞ്ഞ് തുടങ്ങി എങ്ങോട്ടേലും പോ പോ ന്ന്… അങ്ങനെ പുറത്ത് ഇറങ്ങിയപ്പോൾ വിശേഷം ഒക്കെ നിന്നോട് പറയാം എന്ന് കരുതി. അതാ എഴുതിയെ.

നീ പറയുന്നപോലെ ഇന്ത്യയുടെ ഭൂപടം എടുത്ത് നോക്കിയാൽ കേരളത്തിന്റെ തെക്ക് പടിഞ്ഞാറു അറബിക്കടലിൽ അങ്ങിങ്ങായി സ്ഥാനം തെറ്റിയ മഷിത്തുള്ളികൾ കണക്കെ ചിതറിക്കിടക്കുന്ന 36 ചെറു തുരുത്തുകളുടെ കൂട്ടമാണ് ലക്ഷദ്വീപ്. 11 എണ്ണത്തിൽ മാത്രേ മനുഷ്യവാസം ഉള്ളൂ. ദീ സംഭവത്തിന്റെ തലസ്ഥാനം കൂടി ആയ കവരത്തിയാണ് ഞാൻ ജനിച്ചു വളർന്ന ന്റെ നാട്…

അറബി നാടുകൾ കഴിഞ്ഞു ദിവസങ്ങൾ പിന്നിടുമ്പോൾ ഒരു കൂട്ടം കൊച്ചു തുരുത്തുകൾ കണ്ണിൽ പെട്ടാൽ നേരെ വെച്ചു പിടിച്ചോ ഇന്ത്യൻ തീരത്തടുക്കാം. ഇന്ത്യയിലേക്ക് കടൽ മാർഗം കണ്ടുപിടിക്കാൻ വന്ന പേര് മറന്നുപോയൊരു പാശ്ചാത്യസഞ്ചാരിക്ക് അറബി നാവികൻ പറഞ്ഞു കൊടുത്ത അടയാളമാണ് ഇത്. ലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്ന സൂചന നൽകിയവ ആയത് കൊണ്ട് “ലക്ഷ്യദ്വീപ്” എന്നും ശേഷം ലക്ഷദ്വീപ് എന്നും അറിയപ്പെടുന്നു.

ലക്ഷദ്വീപ് എന്ന പേരിന്റെ പിന്നിലെ കഥയാണിത്. ഇവിടെ കേട്ടുപഴകിയവയിൽ ന്റെ യുക്തിക്ക് ചേരുന്ന ഒന്ന് മാത്രം പറഞ്ഞു എന്നേ ഉള്ളു. കേരളതീരത്ത് നിന്നും 250 മുതൽ 450 കിലോമീറ്റർ മാറി അറബിക്കടലിന്റെ ഹൃദയത്തിലാണിവ.

 

നീ കപ്പൽ കണ്ടിട്ടില്ലല്ലോ കേറീട്ടില്ലല്ലോ. വല്യ 700 പാസഞ്ചർ കപ്പൽ മുതൽ 50 പാസഞ്ചർ ഇച്ചിരികുഞ്ഞൻ ഹൈസ്പീഡ് വെസ്സൽ വരെ ഇണ്ട്. ഇങ്ങോട്ടേക്കും തിരികെയും ഫ്ലൈറ്റും ഉണ്ട് പക്ഷേ കടൽ + പുറം ലോകം ആയി ഒരു ബന്ധവുമില്ലാതെ (നെറ്റ്‌വർക്ക് ഇല്ലാതെ) 15ൽ കൂടുതൽ മണിക്കൂർ കപ്പൽ തന്നെയാണ് യാത്രയുടെ സുഖം.

നാട്ടിൽ ഒരു വർഷം കൊണ്ട് ഇച്ചിരി ഇച്ചിരി മാറ്റം ഒക്കെ വന്നിട്ടുണ്ട്. കുറച്ച് വീടുകൾ, കുറച്ച് അധികം എൻഫീൽഡ് പിന്നെ അയൽവക്കത്തെ ചേച്ചിമാരുടെ ഒക്കത്ത് ഓരോ കുഞ്ഞി പുഞ്ചിരിയും…

 

 

 

കേരളം മുഴുവൻ മഴ ആണെന്നുള്ള കാര്യമൊന്നും ഇവിടത്തെ മേഘങ്ങൾ അറിഞ്ഞിട്ടില്ല തോന്നുന്നു. സൂര്യൻ ജ്വലിച്ചു തന്നെ നിൽക്കുന്നു. നാണം കുണുങ്ങി ചാറ്റൽ മഴ ഇടയ്ക്ക് എപ്പോഴേലും വരും…

കഥ പറയാൻ ചെന്ന എന്നെ കടൽ പുള്ളിയുടെ സകല രൗദ്രഭാവവും പുറത്തെടുത്ത് പേടിപ്പിച്ചു. വന്നിട്ട് ഇത്ര നാളായിട്ടും ഒന്ന് കാണാൻ ചെല്ലാത്തതിലുള്ള പരിഭവം ആകും. മിക്ക സ്ഥലങ്ങളിലും പുള്ളി കൊറച്ചു കൊറച്ചു കര വിഴുങ്ങിയിരുന്നു. കയ്യിൽ മിട്ടായി കിട്ടിയാൽ ഞാൻ കാണും മുന്നേ അത് അകത്താക്കാൻ നീ പാട്പെടുന്ന കണക്കെ…

വെളുത്ത പഞ്ചാരമണലിൽ ഇരുന്നു കഥപറയാം നീലക്കടലിൽ നീന്തിക്കുളിക്കാം. നീ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കടൽ കാണിച്ചുതരാം ഞാൻ… പിന്നെ ഡോൾഫിൻ, ചെലനേരത്ത് റോഡിൽ നിന്നും കടലിലേക്ക് നോക്കിയാൽ പോലും ചാടി ചാടി പോകുന്ന കൂട്ടം ഡോൾഫിനെ കാണാം. ഭാഗ്യം തുണച്ചാൽ അതും.

ഞാൻ പറഞ്ഞിട്ടില്ലേ ന്റെ നാട്ടിലെ കടലിൽ പച്ച മഞ്ഞ നീല ചോപ്പ് നിറത്തിൽ ഒക്കെ മീനുണ്ട് എന്ന്. അപ്പോഴൊക്കെയും നീ ന്നേ പച്ചേം നീലേം തിരിച്ചറിയാത്തവൾക്ക് അങ്ങനെ പലതും തോന്നും പറഞ്ഞു. കടലിൽ പലവർണ്ണങ്ങളിൽ മീൻ മാത്രമല്ല കടൽ തീരത്തു രാത്രികളിൽ മിന്നാമിനുങ്ങും ഇണ്ടാകും. പറന്ന് നടക്കുന്നവ അല്ല. തീരം നിറയെ നീല വെട്ടം. ന്റെ പൊന്നേ കണ്ടാലും കണ്ടാലും മതി വരാത്ത ഒരു കാഴ്ച ആട്ടോ അത്. കയ്യിലെടുത്ത് വെട്ടത്തിൽ കൊണ്ട് വന്നാലോ വെറും വെള്ളമോ മണൽ തരികളോ മാത്രമേ കാണുള്ളൂ. Bioluminescent Plankton ആണ് ഇതെന്ന് ഗൂഗിൾ മാമൻ പറഞ്ഞ് തന്നു…

ഇവിടെ വരുമ്പോ ഗ്ലാസ്‌ ബോട്ടിൽ കൊണ്ട്പോയി എല്ലാ മീനിനെയും കാണിച്ചു തരാം ആമയെയും. ഭാഗ്യമുണ്ടേൽ ഈ മിന്നാമിനുങ്ങിനെയും. സ്‌ക്യൂബാ ഡൈവിംഗ്നും പോകാം. കൈകോർത്തു കരയിലെ മാത്രമല്ല കടലിലെ കാഴ്ചകളും കാണാം. കടലിനുള്ളിലെ അത്ഭുതലോകം അനുഭവിച്ചറിയാം…

അനാർക്കലിയിൽ നീ കണ്ട ലൈറ്റ് ഹൗസിൽ നിന്ന് നാടിനെ നോക്കിക്കാണാം. ആ കടൽപാലത്തിന്റെ അങ്ങേയറ്റത്ത് ചെന്ന് ചൂണ്ടയിടാം. തെക്ക് ഭാഗത്ത് കുടുങ്ങികിടക്കുന്ന തുരുമ്പെടുത്ത ചരക്ക് കപ്പലും കാണിച്ചു തരാം. ഹെലിബേസിലും കടലിൽ നിന്നും 3 മുതൽ 7 മീറ്റർ മാത്രം ദൂരത്തു നീണ്ടു കിടക്കുന്ന ബീച്ച് റോഡിലും പോകാം…

ഇവടെയും MG റോഡ് ഒക്കെ ഉണ്ട്. നമ്മുടെ പാളയം പോലത്തെ അല്ലാട്ടോ. ഒരു മൂന്ന് മൂന്നര അല്ലേൽ ഒരു നാല് മീറ്റർ വീതി കാണും കഷ്ടിച്ച്. നാട്ടിൽ നിറയെ സൈക്കിൾ ഉണ്ട്, അവിടത്തെ പോലെ ബസ്, ട്രെയിൻ ഒന്നും നഹി നഹി. ഈ 7 കിലോമീറ്റർ നീളമുള്ള അതായത് 5ൽ താഴെ sq km മാത്രം ഉള്ള നാട്ടിൽ അതൊക്കെ ന്ത് ചെയ്യാനാ..?

ഇവിടെ ട്രെയിൻ ഇല്ലെങ്കിലും പാളം ഉണ്ട്ട്ടോ. ഞാൻ കുഞ്ഞായിരുന്നപ്പോ ട്രെയിനും ഉണ്ടായിരുന്നു. തള്ളല്ലാ, ശെരിക്കും ഒരു ടോയ്‌ ട്രെയിൻ. 5 രൂപ ടിക്കറ്റ് എടുത്താൽ നമ്മളെ ഒരു റൗണ്ട് കറക്കും. ഇവിടത്തെ ട്രെയിൻ കാണാത്ത മനുഷ്യർക്ക് ഒരു ഡെമോ. വല്യ പാറകൾ തുരന്ന തുരങ്കങ്ങൾക്ക് പകരം സിമെന്റ് വെച്ച് കൃത്രിമമായി നിർമിച്ച തുരങ്കം വരെ ഉണ്ടായിരുന്നു. അതൊക്കെ നാമാവശേഷം മാത്രമായി. പാളത്തിനു മേലെ ട്രെയിനിനു പകരം വീടുമായി…

 

വന്യ മൃഗങ്ങളായ ആട് പശു പൂച്ച ഈച്ച കൊതുക് തവള കോഴി മുതലായ വിരലിൽ എണ്ണാവുന്നവ മാത്രമേ ഞങ്ങളെ കൂടാതെ ഇവിടെ വസിക്കുന്നുള്ളൂ. പാമ്പ് പട്ടി തുടങ്ങി ചില ദ്വീപുകളിൽ കാക്ക പോലും ഇല്ലാ. രാത്രിയിൽ ഇവിടത്തെ റോഡ് ഒക്കെ ആടുകൾ കയ്യേറും…

ഹോസ്റ്റലിലെ പേരില്ലാ കറികൾക്കിടയിൽ നിന്നും ആശ്വാസമായി ഇടയ്ക്ക് എത്താറുള്ള ന്റെ ഉമ്മയുടെ പലഹാരങ്ങളും അച്ചാറും നേരിൽ വന്ന് കണ്ട് രുചിച്ചു കഴിക്കാൻ നിനക്ക് ഒരു അവസരം ഒരുക്കാം അധികം വൈകാതെ…

അനന്തപുരിയിലെ നമ്മുടെ നിമിഷങ്ങൾ ഒന്നൂടെ സൃഷ്ടിക്കാൻ ഞാൻ ചെന്നൈക്കും നീ കവരത്തിക്കും വണ്ടി കേറുന്ന നാൾ അധികം വൈകാതെ വരുമെന്ന പ്രതീക്ഷയോടെ….

നിന്റെ ജാം

COMMENTS

WORDPRESS: 2
  • comment-avatar
    ashraf 7 years

    Congrats jamshi….! Very good writing !

  • comment-avatar
    Fahim 7 years

    എഴുത് മനോഹരം,ഇനിയും പ്രതീക്ഷിക്കുന്നു.

  • DISQUS: 0