പൊന്‍മുടിയിലെ കാഴ്ചകള്‍

പൊന്‍മുടിയിലെ കാഴ്ചകള്‍

” ദേണ്ടീ , ദേണ്ടീ ബിൻസീ… ” പൊന്മുടി ചുരത്തിലെ പതിനാറാം വളവിൽ വെച്ച് ആനവണ്ടിയുടെ ബ്രേക്കിനോടൊപ്പം എട്ടാം ക്ലാസിലെ അമലിന്റെ ശബ്ദവും ഉയർന്നു. ആനവണ്ടിയുടെ ഡ്രൈവർ കൈ ചൂണ്ടി കാണിച്ചുതരുന്നതിന് മുന്നേ അമൽ ആ കാഴ്ച കണ്ടിരുന്നു. മരച്ചില്ലയിൽ ചാടിക്കളിക്കുന്ന ഒരു സിംഹവാലൻ കുരങ്ങ്. ബസ്സിൽ പിന്നെ പൊട്ടിച്ചിരിയാണ് ഉയർന്നത്… എല്ലാവരും എന്റെ മുൻപിലെ സീറ്റിലിരിക്കുന്ന ബിൻസിയെ തന്നെയാണ് നോക്കി ചിരിക്കുന്നത്. ” നീ പോടാ കുരങ്ങാ… ” ഒരു പ്രതികരണമെന്നപോലെ മറുപടി കൊടുത്ത് അവൾ തല താഴ്ത്തി ഇരുന്നു..

നൗഫല്‍ കാരാട്ട് എഴുതുന്നു

തിരുവനന്തപുരം തമ്പാന്നൂർ ബസ്റ്റാന്റിൽ നിന്ന് ഉച്ചക്ക് 2.30 നുള്ള പൊന്മുടി ബസ്സിൽ കയറിയതായിരുന്നു ഞാൻ.. ആദ്യം മുതലേ സ്ത്രീ ഭൂരിപക്ഷം ആയിരുന്ന ബസ്സിൽ 2 പ്രാവിശ്യം സീറ്റ് മാറി ഇരിക്കേണ്ടി വന്നു. അവസാനം ഒരു വിൻഡോ സീറ്റ് കിട്ടിയപ്പോ ഉറപ്പിച്ചു ഇനി കൊന്നാലും എണീക്കുന്ന പ്രശ്നമില്ല എന്ന്..

കോളേജുകൾ വിട്ട സമയം.. വീണ്ടും ബസ്സിൽ തിരക്ക് കൂടുന്നു.. ഇപ്പോഴത്തെ എന്റെ പ്രധാന സംശയം ഇവിടെ ലേഡീസ് കോളേജ് മാത്രമേ ഉള്ളൂ എന്നതാണ്.. ഇങ്ങനെ സംശയം വരാനും ഉണ്ട് കാരണം. ഒരു ആണ് എന്ന് പറയാൻ യാത്രക്കാരനായി എന്റെ സൈഡിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ… കൂട്ടിന് കണ്ടക്ടർ ചേട്ടനും ഡ്രൈവറും ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ പ്രിയപ്പെട്ട പാട്ടുകൾ ഹെഡ്‌സെറ്റിലൂടെ കേൾക്കുന്നതിനോടൊപ്പം കാഴ്ചകളെ പിറകിലാക്കി യാത്ര തുടർന്നു..

നെടുമങ്ങാട്‌ കഴിഞ്ഞ് തൊളിക്കോട് എത്തിയപ്പോയേക്കും ബസ്സിൽ ഏകദേശം തിരക്കൊഴിഞ്ഞിരുന്നു.. വീണ്ടും മുന്നോട്ട് പൊന്മുടി കാഴ്ചകളെയും മനസ്സിലോർത്ത് പോവുന്നതിനിടക്കാണ് എന്റെ മടിയിലോട്ട് രണ്ടുബാഗുകൾ വെച്ചുതന്ന് ഒന്ന് പുഞ്ചിരിച്ച് കുറച്ച് കുട്ടികൾ കയറിവന്നത്… ബാഗ് ഒതുക്കിവെച്ച് ഇരിക്കാൻ സ്ഥലവും കൊടുത്ത് ബസ്സിനുള്ളിലേക്ക് നോക്കിയപ്പോൾ ആനവണ്ടി ഒരു സ്കൂൾ ബസ് ആയി മാറിയിരുന്നു..

കല്ലാറിലെ മീൻമുട്ടി വെള്ളച്ചാട്ടവും കഴിഞ്ഞ് ആനവണ്ടി മുന്നോട്ട് കുതിക്കുകയാണ്.. സ്കൂളിലെ കഥകളും തമാശകളുമായി ബസ്സിൽ നല്ല ബഹളവും. കൂടെ ഇരിക്കുന്ന നന്ദുവിനോട് എത്രയിലാ പഠിക്കുന്നത് എന്ന ചോദ്യത്തിന് പത്തിൽ എന്ന് ഉത്തരം കിട്ടി. ഒന്ന് മുതൽ പ്ലസ്ടു വരെ പഠിക്കുന്നവർ ഉണ്ട് ഈ ബസ്സിൽ. രാവിലെ 7 മണിക്ക് വീട്ടിൽ നിന്നിറങ്ങി വൈകീട്ട് 5 മണിക്കാണ് ഇവർ വീട്ടിൽ എത്തുന്നത്. അഥവാ ബസ്സ് ഇല്ലാതെ ആയാലുള്ള അവസ്ഥ ഇവർക്ക് ആലോചിക്കാൻ കൂടി വയ്യ..

” ദേ ബിൻസി കരയുന്നു.. ” കൂടെ ഉണ്ടായിരുന്ന പെൺകൊച്ചാണ് അത് പറഞ്ഞത്. ശരിയാണ്… കണ്ണുകൾ കലങ്ങിയിട്ടുണ്ട്. അമലിന്റെ കളിയാക്കൽ തന്നെയാണ് കാരണം. ഇതുകണ്ടപ്പോൾ അമൽ വീണ്ടും കളിയാക്കാൻ തുടങ്ങി എന്നു മനസ്സിലാക്കി താൻ കൂടുതൽ പരിഹസിക്കപ്പെടും എന്ന് ഓർത്തിട്ടാണോ എന്നറിയില്ല , അവൾ കണ്ണ് തുടച്ച് മുന്നോട്ട് നോക്കിയിരുന്നു…

ഇതൊക്കെ കേട്ട് ബിൻസി ഒരു പാവമാണ് എന്ന് കരുതരുത് ട്ടോ.. ചുരം കയറുമ്പോൾ കണ്ട കുരങ്ങിൻ കൂട്ടത്തെ ചൂണ്ടി അമലിനെ ആദ്യം കളിയാക്കിയത് നമ്മുടെ ബിൻസി ആയിരുന്നു. പക്ഷെ അപ്പോൾ ഒരിക്കലും അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എറിഞ്ഞ വടി തനിക്ക് ഇട്ട് തന്നെ കൊള്ളും എന്നത്…

കുറച്ചുകൂടി കഴിഞ്ഞപ്പോൾ ബിൻസിയാണ് ആദ്യം ഇറങ്ങിയത്. ഇറങ്ങുന്നതിനിടയിൽ അമലിന് ഇട്ട് ഒരു തൊഴി വെച്ചുകൊടുക്കാനും അവൾ മറന്നില്ല.. ഇതൊക്കെ എനിക്ക് ആദ്യകാഴ്ചയാണെങ്കിലും ഇതെല്ലാം ഇവരുടെ നിത്യ തമാശകളും കച്ചറകളും ആകും..

Welcome to ponmudi – ഫോറസ്റ്റ് ഓഫീസിന് മുന്നിൽ റോഡിന് കുറുകെ കെട്ടിയ കമ്പി ഉയർത്തുന്നതിനിടയിൽ അവിടെ എഴുതിയ ബോർഡ് വായിച്ചെടുത്തു. വീണ്ടും കയറ്റം.. പക്ഷെ ഇപ്പോൾ രണ്ടുഭാഗത്തും മനോഹര കാഴ്ചകളാണ്. ഇടത് ഭാഗത്തെ വ്യൂ പോയിന്റിലെ കാഴ്ചകളും നോക്കി പോകുന്നതിനിടക്ക് അമലും കൂട്ടുകാരും എവിടെ ഇറങ്ങി എന്നത് പോലും ഞാൻ ശ്രദ്ധിച്ചില്ല…വളരെ ഭംഗിയുള്ള കുറച്ച് റിസോർട്ടുകളും ഉണ്ട് ഇവിടെ.. വൈകുന്നേരം കാറ്റുകൊണ്ട് വിശ്രമിക്കുന്ന ചിലരെയും അവിടെ ചെറു ജാലകത്തിലൂടെ കണ്ടു..

ദേ അങ്ങ് ദൂരെ ആ മലയുടെ മുകളിൽ പൊന്മുടിയിലെ വാച്ച് ടവർ കാണാൻ തുടങ്ങിയിരിക്കുന്നു… മനസ്സിൽ ഒരു കുളിർമഴ പെയ്ത നിമിഷം.. വളരെ പെട്ടെന്ന് തന്നെ ടവറിലേക്ക് അടുക്കുന്നു.. മനസ്സിന് ഒന്നുകൂടി ഉന്മേഷം കൂടിയിരിക്കുന്നു.. എനിക്ക് മുമ്പിൽ വളരെ കുറഞ്ഞ സമായമേ ധാനമായുള്ളൂ എന്ന സങ്കടം മാത്രമാണ് മനസ്സിനെ ഒരു വിങ്ങലേൽപിക്കുന്നത്… അതായത് ഈ ബസ് പോയാൽ പിന്നെ 6.15 ന് ആണ് ലാസ്റ്റ് ബസ്. പക്ഷെ അത് പൊന്മുടി മുകളിൽ വരെ വരില്ല.. 2 കിലോമീറ്റർ താഴെ വരെ വരികയുള്ളൂ.. അതുകൊണ്ട് തന്നെ ഈ ബസ്സിൽ തന്നെ തിരിച്ചിറങ്ങാൻ നിർബന്ധിതമായ വിഷമം പുറത്തും പ്രകടമായിരുന്നു…

ബസ്സിൽ നിന്നിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു.. തിരക്ക് കുറവാണ് , കുറച്ച് വണ്ടികളെ അവിടെ പാർക്ക് ചെയ്തിട്ടുള്ളൂ..വലത് സൈഡിൽ വാച്ച് ടവറും ഇടത് സൈഡിൽ വലിയൊരു പാറയും.. നേരെ മുന്നിലേക്ക് ഈ റോഡ് അവസാനമില്ലാതെ പോകുന്നു.. പക്ഷേ കുറച്ച് മുന്നിലായി അത് ക്ലോസ് ചെയ്തതായി കണ്ടു. എന്റെ നടത്തം വാച്ച് ടവറിനെ ലക്ഷ്യമാക്കിയാണ്.. ഇളം വെയിലുണ്ടായിരുന്ന പൊന്മുടിയുടെ രൂപം പതുക്കെ മാറാൻ തുടങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. അതേ , കോട മൂടുകയാണ്.. മുന്നിലെ വഴികളും ആ വാച്ച് ടവറും കണ്ണിന് മുന്നിൽ പ്രകൃതി തീർത്ത പുകമറക്കുള്ളിൽ ഒളിച്ചിരിക്കുന്നു… എത്ര പെട്ടെന്നാണ് പ്രകൃതി തന്റെ മായാജാലങ്ങൾ കാണിക്കുന്നത്.. മുന്നിലെ ദമ്പതികൾ കോടമഞ്ഞിൽ സെൽഫി എടുക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു…വാച്ച് ടവർ.. പേരുപോലെ തന്നെ അത് നോക്കി നിൽക്കാനേ പറ്റൂ , അതിൽ കയറാൻ പറ്റില്ല. കുറച്ച് കാലങ്ങളായി അതിൽ ആരെയും കയറ്റാറില്ലത്രേ.. സെക്യൂരിറ്റി ആണ് പറഞ്ഞത്. ഇടിമിന്നലേൽക്കാൻ ഏറ്റവും സാധ്യതയുള്ള ഒരു സ്ഥലമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടമഞ്ഞ് വിട്ടുപോകുന്ന ലക്ഷണം കാണുന്നില്ല.. ആസ്വദിച്ച് ഒന്ന് ഇരിക്കാനുള്ള സമയവും എനിക്ക് മുമ്പിലില്ല. അവിടെ നിന്നിറങ്ങി നേരെ ഇടത് സൈഡിൽ കാണുന്ന പാറയിലേക്ക് നടന്നു. ഞാൻ ഇറങ്ങാൻ കാത്തുനിന്നത് പോലെ കോടയും മലയിറങ്ങി. വീണ്ടും സൂര്യരശ്മികൾ പൊൻതിളക്കം തീർത്ത ആ കുന്നിൻ മുകളിൽ കീബോർഡ് പിടിച്ച് ഫോട്ടോഷൂട്ട് നടത്തുന്ന മൂന്ന് ചെറുപ്പക്കാർ , ജീവവിതത്തിലെ ഏറ്റവും സുന്ദര സായാഹ്നം ആസ്വദിക്കുന്ന യുവ മിഥുനങ്ങൾ , കൂട്ടുകാരോടപ്പമിരുന്ന് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് കഥകൾ പഞ്ഞിരിക്കുന്നവർ , ഇനിയുമുണ്ട് ഒരുപാട് ജീവിതങ്ങളും കാഴ്ചകളും..

എല്ലാവരെയും ഒന്നുകൂടി നോക്കി അങ്ങ് ദൂരെ രണ്ട് സൈഡിലും ഉയർന്ന് നില്കുന്ന മരങ്ങൾക്കിടയിൽ വിശ്രമിക്കുന്ന കൊമ്പന്റെ ചൂളം വിളി കേട്ട് തിരിഞ്ഞ് നടന്നു…

COMMENTS

WORDPRESS: 0
DISQUS: 0