“ടെന്റ് വാടകക്ക് കിട്ടുമെന്ന കേട്ടേ… ഒന്ന് അന്വേഷിച്ചു നോക്കൂ” വയനാട്ടിലേക്ക് പോകുന്നു എന്ന് കേട്ടപ്പോൾ ഞങ്ങളെ കൂടെ പോരാൻ വന്ന ഫസ്‌ലുവിനും പ്രവീണിനും രാത്രി കുറുമ്പാലകോട്ട ടെന്റ് അടിക്കണം എന്ന ഒറ്റ ആഗ്രഹം ആയിരുന്നു മനസ്സിൽ…. പക്ഷേ ടെന്റ് ഇല്ലല്ലോ കയ്യിൽ എന്ന സങ്കടം തീർത്തത് ഒരു സുഹൃത്ത് പറഞ്ഞ ആ വാക്ക് കേട്ടപ്പോഴാണ്.
ഉടനെ വിളിച്ചു അവൻ തന്നെ നമ്പറിലേക്ക് ടെന്റ് റെഡി.. നാലുപേർക്ക് ഉള്ള ടെന്റിന് 1000രൂപ പറഞ്ഞ് അവസാനം രണ്ട് പേര് ആയതിനാൽ 500 രൂപക്ക് കിട്ടി. ഞാനും മഹേഷും ഒരു റിസോർട്ടിലും അതുപോലെ ഉനൈസും അവന്റെ സുഹൃത്ത് ഷഹബാസും മറ്റൊരു റിസോർട്ടിലും ആണ് താമസം. ആദ്യദിവസം രാവിലെ താമരശ്ശേരി ചുരം കയറി എലിമ്പിലേരി എസ്റ്റേറ്റിലേക്ക് ആണ് പോയത്. പ്രൈവറ്റ് സ്ഥലം ആണ് ഇവിടെ.. റിസോർട്ടിലേക്ക് എന്ന് പറഞ്ഞതിനാൽ പോകാനുള്ള വഴിയും പറഞ്ഞുതന്നു അവിടുത്തെ ഒരു റിസോർട്ടിലെ ജീവനക്കാരൻ.ഓഫ് റോഡും കയറി അട്ടയുടെ കടിയും കൊണ്ട് അല്പം നടന്നപ്പോൾ എത്തിപ്പെട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയിലേക്കാണ്.
അങ്ങ് ദൂരെ മലമുകളിൽ നിന്ന് കളകളാരവം മുഴക്കി ഒഴുകിവരുന്ന വെള്ളം… മുകളിലെ പാറക്കെട്ടിൽനിന്ന് ഉറ്റിവീഴുന്ന വെള്ളത്തുള്ളികൾ. പാറയിൽ പറ്റിപ്പിടിച്ച വേരുകളുടെ ബലത്തിൽ ഉയർന്ന് നിൽക്കുന്ന മരങ്ങൾ. പാറയിൽ തട്ടി ഒഴുകിവരുന്ന വെള്ളത്തിൻറെ ശബ്ദവും കിളികളുടെ ശബ്ദങ്ങളും വർണനകൾക്ക് അതീതമാണ്.
റോട്ടിലൂടെ ഒഴുക്കുന്ന ആ തെളിഞ്ഞ വെള്ളത്തിലൂടെ ഒരു ജീപ്പ് കുറച്ച് ആളുകളെയും കൂട്ടി കടന്നുപോയി. റജി, അതായിരുന്നു ആ ഡ്രൈവറുടെ പേര്. 1000 മുതൽ 1500 രൂപ വരെ ആണ് ഇവിടേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള ചിലവ്. അദ്ദേഹത്തെപോലെ ഒരുപാട് ജീപ്പ് ഡ്രൈവർമാർ ഇവിടെ സർവീസ് നടത്തുന്നുണ്ട്.
എത്രസമയം അവിടെനിന്നു എന്നറിയില്ല.. കണ്ണാടി പോലെ തിളങ്ങുന്ന ആ വെള്ളത്തിൽ കാല് വെച്ചാൽ തണുപ്പ് കാലിലൂടെ ശരീരത്തിൽ കയറും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സ് ആയതിനാൽ ഇവിടെ ഇറങ്ങി കുളിക്കാൻ പാടില്ല എന്ന ബോർഡ് വെച്ചിട്ടുണ്ട്..
ഉപ്പോ ഒരു തീപ്പെട്ടിയോ അല്ലെങ്കിൽ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ചോരയൊലിക്കുന്ന കയ്യും കാലുകളുമായി അവിടെ നിന്ന് ഇറങ്ങി. കാഴ്ചകൾക്ക് മടുപ്പ് വരാത്ത എലിമ്പിലേരിയിൽ നിന്നും ഒരു വിടവാങ്ങൽ നിർബന്ധമായതിനാൽ തിരിച്ചിറങ്ങി. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര മേപ്പാടിയും കഴിഞ്ഞ് സൂചിപ്പാറയും കഴിഞ്ഞ് വെള്ളാർമല ഹയർസെക്കൻഡറി സ്കൂളിൽ പോയി പഴയ ഒരു അധ്യാപകനെയും കണ്ടു അവിടുന്ന് ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങൾ റിസോർട്ടിലെക്കും അവർ കുറുമ്പാല കോട്ട യിലേക്കും
വൈത്തിരി മിസ്റ്റ്
കാടിനോട് ചേർന്ന് നിർമ്മിച്ച ഈ റിസോർട്ടിൽ ടിവിയും വൈഫൈയും ഉപയോഗിക്കുന്നില്ല എന്ന് അറിഞ്ഞത് വല്ലാത്ത ആശ്ചര്യം ഉണ്ടാക്കി. കാടിന് അതിന്റെ തനിമ നിലനിർത്താൻ ആണത്രേ അങ്ങനെ ചെയ്തിരിക്കുന്നത്.. സ്വിമ്മിംഗ് പൂളിലെ കുളിയും പിന്നെ ക്യാമ്പ് ഫയറും കഴിഞ്ഞു സുഖമായ ഉറക്കത്തിനു ശേഷം അതിരാവിലെ എണീറ്റ് കുറുമ്പാല കോട്ടയിലേക്ക്
സമയം അഞ്ചുമണി ആയിട്ടുള്ളൂ വാഹനങ്ങളുടെ പാർക്കിംഗ് വീടുകളുടെ മുറ്റത്തുനിന്നും റോഡിലേക്ക് എത്തിയിരിക്കുന്നു. വണ്ടി ഇനിയും മുകളിലേക്ക് പോകുമെങ്കിലും താഴെനിന്ന് വീട്ടുകാർ പാർക്കിങ്ങിന് വേണ്ടി വിളിക്കുന്നുണ്ട്. കുറച്ചുകൂടി മുന്നോട്ടു പോയി ഒരു വീട്ടിൽ പാർക്ക് ചെയ്തു നടക്കാൻ തുടങ്ങി.
അരമണിക്കൂർ സമയത്തെ നടത്തത്തിനുശേഷം മീശപ്പുലിമല എന്നും കൊളുക്കുമല എന്നും വിളിക്കുന്ന വയനാടിൻറെ കുറുമ്പാലക്കോട്ടയിലേക്ക്.” ഞങ്ങളും പിന്നെ വേറെ 2 ടീമും മാത്രമേയുള്ളൂ ” തലേന്ന് രാത്രി പ്രവീൺ പറഞ്ഞ വാക്ക് ഒരു നിമിഷം ഓർത്തുപോയി. കാരണം മുന്നിൽ നിറയെ ടെന്റും ബഹളവും ആയിരുന്നു. എല്ലാം രാത്രി 12നും ഒന്നിനും രണ്ടിനും വന്നവർ. ഒരു സമ്മേളനം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന കാഴ്ചയാണ് അവിടെ. എല്ലാവരും കാത്തിരിക്കുന്നത് മേഘങ്ങൾക്കിടയിലൂടെ ഉദിക്കുന്ന ആ സൂര്യകിരണങ്ങളുടെ വരവിനെയാണ്…
സമയം 6.30 കഴിഞ്ഞിരിക്കുന്നു.. താഴെ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന കാഴ്ച.. ഒരു നിരാശ പടരുന്ന മുഖം പകർച്ചവ്യാധിപോലെ ഏവരിലേക്കും പടർന്നു. ” ഇന്ന് ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.. ” ചായ വിൽക്കുന്ന ചേട്ടന്റെ ഈ വാക്ക് കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷയും കൂടി തളംകെട്ടി നിൽക്കുന്ന കോടയോടൊപ്പം അലിഞ്ഞുപോയി..
ഒരു 7 മണി കഴിഞ്ഞു കാണും.. ഏവരെയും അത്ഭുതപ്പെടുത്തിയാണ് പ്രകൃതിയുടെ ആ മാറ്റങ്ങൾ വന്നത്. ലാലേട്ടന്റെ പടത്തിൽ ലാലേട്ടന് പോലും കിട്ടാത്ത വരവേൽപ്പാണ് ആ നിമിഷം മേഘങ്ങൾക്ക് മുകളിൽ ചുവന്നുതുടുത്ത സൂര്യ കിരണങ്ങൾക്കു ലഭിച്ചത്.. പിന്നെയും കൺമുന്നിൽ മനംമയക്കുന്ന കാഴ്ചകളുടെ രൂപമാറ്റങ്ങൾ.പഞ്ഞിക്കെട്ടുകൾ പോലെ എങ്ങും പരന്നു കിടക്കുന്ന മേഘപാളികൾക്ക് മുകളിലായി പൊൻകിരണങ്ങൾ ചൂടി നിൽക്കുന്ന ഉദയസൂര്യൻ. എങ്ങും ഫോട്ടോയെടുപ്പും കാഴ്ചയുടെ ഭംഗി ആസ്വദിക്കലും ആർപ്പുവിളികളും മാത്രം…
കാഴ്ചകളും അനുഭവങ്ങളും വരികളിലൂടെ പകർത്താൻ കഴിയാത്തതിനാൽ വരികൾക്ക് ഇവിടെ വിരാമം… ഇനി പോകുന്നത് മുത്തങ്ങ ഫോറസ്റ്റ് കടന്നു സൂര്യകാന്തി തോട്ടങ്ങളും കാർഷിക ഗ്രാമങ്ങളും കടന്നു രണ്ടായിരത്തോളം അടി ഉയരത്തിലെ ഹിമവത് ഗോപാൽ സ്വാമി ബെട്ടയിലേക്ക്.
COMMENTS
വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ, എന്റെ ആത്മ മിത്രത്തിനു