ചിതറാല്‍ ജൈന ക്ഷേത്രത്തിലേക്ക്

നൗഫല്‍ കാരാട്ട്

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും , നെയ്യാറ്റിന്‍കരയും കഴിഞ്ഞ് കുളിത്തുറൈ അഥവാ മാര്‍ത്താണ്ഡ എന്ന സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ സമയം 5 മണി കഴിഞ്ഞിരിക്കുന്നു..
അത്യാവശ്യം തിരക്കുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്ന് ഫ്രഷ് ആയി പോകാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്തെ കുറിച്ച് അന്വേഷിച്ചു. ഇവിടെനിന്നും മാര്‍ത്താണ്ഡ യിലേക്ക് ബസ് കയറി ശേഷം മറ്റൊരു ബസ്സില്‍ കയറിയാല്‍ അവിടെയെത്താം.രാവിലെ 5 30 ആയതിനാലും സൂര്യോദയം കാണണമെന്ന ആഗ്രഹം ഉള്ളതിനാലും ചിതറാല്‍ ജൈന്‍ ടെമ്പിളിലേക്ക് ഓട്ടോ വിളിച്ചുപോകാന്‍ നിര്‍ബന്ധിതനായി…

300 രൂപ ഓട്ടോ കാരന് കൊടുത്ത് ഗേറ്റിനുമുമ്പില്‍ ഇറങ്ങുമ്പോഴാണ് പ്രവേശന സമയം എട്ടു മണി മുതല്‍ 5 മണി വരെ എന്ന ബോര്‍ഡ് കണ്ണില്‍ പതിഞ്ഞത്. ഗേറ്റ് ഓപ്പണ്‍ 8 മണിക്ക് ആണെങ്കിലും എപ്പോ വേണമെങ്കിലും മുകളിലേക്ക് കയറി പോകാം എന്നറിഞ്ഞു. കുറച്ചുമുമ്പ് പെയ്ത മഴകാരണം ഇലകളും പൂക്കളും പൊഴിഞ്ഞ ആ കരിങ്കല്ലുകൊണ്ട് തീര്‍ത്ത നടപ്പാതയിലൂടെ മുന്നോട്ട് കയറാന്‍ തുടങ്ങി. ഒരുപാട് തണല്‍മരങ്ങളും ഇടയ്ക്കിടെ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും വഴിയരികില്‍ സുലഭമാണ്…

കോടയും തണുപ്പും നിറഞ്ഞ ആ വഴികള്‍ വല്ലാത്ത ഒരു അനുഭൂതി തന്നെ സമ്മാനിക്കുന്നുണ്ട്. ശരീരത്തിന്റെ കിതപ്പിന്റെ അളവ് കൂടിയപ്പോഴാണ് കണ്‍മുന്നില്‍ ഒരു വലിയ അരയാലും അതിനടുത്തായി വലിയ പാറക്കെട്ടുകളും അതിന് മുകളിലായി ആ ജൈന്‍ ടെമ്പിളും കാണുന്നത്. ഇടുങ്ങിയ രണ്ട് വലിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇടുങ്ങിയ ഒരു വഴി , അതിനടുത്തായി പാറക്കെട്ടിനു മുകളിലേക്ക് ചെറിയ ചവിട്ടു പടികളും… ആ ചവിട്ടുപടികള്‍ കയറിയാല്‍ കാണാം ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഇപ്പോള്‍ ഹൈന്ദവ ക്ഷേത്രമായി ചിതറാല്‍ മലൈക്കോവില്‍ , ചിതറാല്‍ ഗുഹാക്ഷേത്രം എന്നൊക്കെ അറിയപ്പെടുന്ന ചിതറാല്‍ ജൈന്‍ ടെമ്പിള്‍…

ആ ഗുഹാക്ഷേത്രത്തിന് മുകളിലായി ഇഷ്ടികകൊണ്ട് വ്യത്യസ്തമായി നിര്‍മ്മിച്ച ആ നിര്‍മിതിക്ക് തൊട്ടടുത്ത് നിന്നാല്‍ പച്ചപ്പട്ടണിഞ്ഞ മാര്‍ത്താണ്ഡ ഗ്രാമഭംഗിയും മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളും കാണാം.നേരത്തെ കണ്ട പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ആ ഇടുങ്ങിയ വഴിയിലൂടെ ഞങ്ങള്‍ താഴേക്കിറങ്ങി.. തീര്‍ത്തും വളരെ വൃത്തിയായി കാത്തുസൂക്ഷിക്കുന്ന ഇവിടെ പ്ലാസ്റ്റിക്കിന്റെ ഒരു അംശം പോലും കാണാന്‍ സാധിക്കാത്തത് മനസ്സിനെ വളരെ സന്തോഷം ഉണ്ടാക്കി.

ഇതുവരെ കണ്ട കാഴ്ചകള്‍ പെട്ടെന്നാണ് മാറിമറിഞ്ഞത് , ഈ പടവുകള്‍ ഇറങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ തീര്‍ത്തും ആശ്ചര്യം നിറഞ്ഞതായിരുന്നു.. ആ വലിയ പാറക്കെട്ടിന്റെ താഴ്ഭാഗം കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ച കരിങ്കല്‍ തൂണുകള്‍ കൊണ്ട് ഒരു ക്ഷേത്രമായി നിര്‍മ്മിച്ചിരിക്കുന്നു.. കൂടാതെ അതില്‍ ഒരുപാട് ശില്പങ്ങളും ശിലാലിഖിതങ്ങളും കൊത്തിവെച്ചിരിക്കുന്നു. ശ്രീബുദ്ധന്റെ ഒരുപാട് രൂപങ്ങള്‍ ഇവിടെ പല സ്ഥലത്ത് മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. അതിനു താഴെയായി ഒരു നാഗ പ്രതിഷ്ഠയുണ്ട്.

ഇനി ഇവിടെ നിന്നും താഴേക്ക് നടന്നാല്‍ വീണ്ടും ക്ഷേത്രത്തിന്റെ വലിപ്പം എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടും. താഴെയായി മനോഹരമായ ഒരു കുളവും കൂടി കാണാം.. കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രവും പ്രതിഷ്ഠയും കണ്ട് തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോഴാണ് അവിടേക്ക് സന്ദര്‍ശകര്‍ വരുന്നതായി കണ്ടത്. അപ്രതീക്ഷിതമായി പിന്നെയും പെയ്ത ഒരു ചാറ്റല്‍ മഴ മറ്റൊരു സമ്മാനം കൂടി തന്നിട്ടാണ് വിടവാങ്ങിയത്. ഏഴഴകില്‍ തീര്‍ത്ത നിറപ്പകിട്ടില്‍ മനസ്സില്‍ എന്നും കാത്തു സൂക്ഷിക്കാന്‍ ഒരു നല്ല ഫ്രെയിം അവസാനമായി മനസ്സിലേക്ക് ഒപ്പിയെടുത്ത് വര്‍ണ്ണങ്ങള്‍ വിടരുന്ന മറ്റൊരു യാത്രക്കുവേണ്ടി കാത്തിരിക്കുന്നു….
.

COMMENTS

WORDPRESS: 0
DISQUS: 0