അഗസ്ത്യര്‍കൂടം, ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍

അഗസ്ത്യര്‍കൂടം, ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍


ലത്തൂസ് കരിപ്പൂര്‍

അഗസ്ത്യര്‍കുടത്തിലേക്ക് 2016 ല്‍ നടത്തിയ യാത്ര
ഒരു കാത്തിരിപ്പിന് ഒടുവില്‍ ഞങ്ങള്‍ക്ക് 8 പേര്‍ക്ക് അഗസ്ത്യര്‍കുടം പാസ് കിട്ടി (അന്ന് ഇത്ര ഡിമാന്റ് ഇല്ലാരുന്നുട്ടോ) ഞാന്‍ കോഴിക്കോട് നിന്നും മറ്റുള്ളവര്‍ തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി Tvm Express ന് രാത്രി 6.40ന് പുറപ്പെട്ടു.


ഒരു കാത്തിരിപ്പിന് ഒടുവില്‍ ഞങ്ങള്‍ക്ക് 8 പേര്‍ക്ക് അഗസ്ത്യര്‍കുടം പാസ് കിട്ടി (അന്ന് ഇത്ര ഡിമാന്റ് ഇല്ലാരുന്നുട്ടോ) ഞാന്‍ കോഴിക്കോട് നിന്നും മറ്റുള്ളവര്‍ തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി Tvm Express ന് രാത്രി 6.40ന് പുറപ്പെട്ടു.

ഏതായാലും 10 മണിക്കൂര്‍ യാത്ര അല്ലേ, നേരം പുലരും അവിടെ എത്താന്‍, വെറുതെ ഉറങ്ങി നേരം കളയണ്ടല്ലോ, ഞാന്‍ കുറച്ചു നേരം അഗസ്ത്യനെ ഗൂഗിളില്‍ തപ്പിയ കാര്യം പറയാം.ഏത് യാത്ര ആണേലും ആദ്യം ആ സ്ഥലത്തെ പറ്റി പഠിച്ചു ഒരു ധാരണ ഉണ്ടാക്കുക എന്നത് ഒരു ശീലമാണ്, ഇത്തവണയും അത് തെറ്റിച്ചില്ല.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെല്‍ വേലി, കന്യാകുമാരി ജില്ലകളിലും അതിര്‍ത്തി പങ്കിടുന്ന അഗസ്ത്യമല ജൈവ സംരക്ഷണ മേഖലയും താഴ്വാരങ്ങളും, നെയ്യാര്‍, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ഭാഗമാണ്. സമുദ്ര നിരപ്പില്‍ നിന്നും 1868 മീറ്റര്‍ അഥവാ 6129 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ പെട്ടത് ആണ് എന്ന് അറിയുമ്പോള്‍ ആശ്ചര്യം കൂടും. രണ്ടായിരത്തില്‍ അധികം ഔഷധ സസ്യങ്ങള്‍ കണ്ടെത്തിയ ഈ കാടിനെ നാം ഔഷധോദ്യാനം ആയി പ്രഖ്യാപിച്ചു പരിപാലിച്ചു പോരുകയും, കഴിഞ്ഞ വര്‍ഷം UNESCO ഇതൊരു ലോക പൈതൃക സൈറ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

പുരാണങ്ങളിലെ സപ്തര്‍ഷിമാരില്‍ പ്രമുഖനായ അഗസ്ത്യമുനി തപസിരുന്നത് ഈ മലയിലായിരുന്നു എന്നതാണ് വിശ്വസിച്ചു വരുന്നത്, അഗസ്ത്യനെ കണ്ടു വണങ്ങി പുണ്യം നേടാന്‍ വരുന്ന ഇത്തരം ഭക്തരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടി ആണ് ഈ മല, വര്‍ഷത്തില്‍ മകരവിളക്ക് കഴിഞ്ഞുള്ള 40 ദിവസം ഭക്തര്‍ക്കും, സഞ്ചരികള്‍ക്കുമായി ഈ ഔഷധോദ്യാനം തുറന്നു കൊടുക്കാറുണ്ട്.

പുലര്‍ച്ചെ 4.45 തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിന്‍ ഇറങ്ങി നേരെ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് 5 മണിയുടെ ബോണക്കാട് ബസ് ലക്ഷ്യമാക്കി ഓടി. അല്‍പ്പം കിതച്ചെങ്കിലും ബസും കിട്ടി സീറ്റും കിട്ടി. ബസ് നിറയെ തമിഴ് ഭക്തരേയും, സഞ്ചാരികളായ ഞങ്ങളെയും കൊണ്ട്, തണുത്ത കാറ്റ് അകത്തെക്ക് അടിച് കയറ്റി ആന വണ്ടി മുന്നോട്ട് ഗമിച്ചു. കുളിരിനോട് മല്ലിടാന്‍ നമ്മുടെ ആനവണ്ടിയുടെ ഷട്ടറുകള്‍ക്ക് ആയില്ല, അവസാനം വഴിയില്‍ ഒരു കടയില്‍ നിന്നും കട്ടന്‍ ചായ കുടിക്കേണ്ടി വന്നു എന്‍ജിന്‍ ചൂടാക്കാന്‍, അങ്ങനെ നേരം വെളുത്തു തണുപ്പ് ഒക്കെ മാറിയപ്പോഴേക്കും 8 മണി ആകാറായിക്കാണും ബോണക്കാട് എത്തി, ബസ് ഇറങ്ങി കുറച്ചു നടന്നു പിക്കറ്റ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. അവിടെ നിന്നും പ്രാതല്‍ കഴിച്ചു, ഉച്ചക്കുള്ള ഭക്ഷണം പാര്‍സലും, 5 രൂപക്ക് ഒരു മുള വടിയും വാങ്ങി ഞങ്ങള്‍ക്ക് കൂട്ടിനുള്ള ഗൈഡിനെയും കൂട്ടി യാത്ര തുടങ്ങി, വടി വാങ്ങുമ്പോള്‍ എന്തിനാ വടി എന്ന ഒക്കെ ചോദിച്ച വിരുതന്മാര്‍ ഉണ്ടായിരുന്നു, അവസാനം അത് അവര്‍ക്ക് തന്നെ താങ്ങായി എന്ന് പറയാം.

യാത്രയുടെ തുടക്കം തന്നെ നമ്മുടെ വഴികാട്ടിയെ പരിചയപ്പെടാം, പേര് മണികണ്ഠന്‍, ആദിവാസിയായ ഇദ്ദേഹം കാണി സമുദായക്കാരനാണ്, കാണി സമുദായത്തില്‍ പെട്ടവരാണ് ഇവിടെ ഗൈഡ് ആയി പോകുന്നവര്‍ എല്ലാം. അവര്‍ക്ക് ഈ കാട് മുഴുവന്‍ മനപാഠമാണ്. ഈ യാത്രയുടെ ഇന്നത്തെ ലക്ഷ്യ സ്ഥാനം അതിരുമലയാണ്, ബോണക്കാട് നിന്നും 14 കിലോമീറ്റര്‍ ആണ് ദൂരം അതിരുമലയിലേക്ക്, ബോണക്കാട് കഴിഞ്ഞു പിന്നെ 4 ക്യാമ്പുകള്‍ ആണ് അതിരുമല എത്തുന്നതിന്ന് മുന്‍പ് ഉള്ളത്, പരിചയപ്പെട്ടു കഴിഞ്ഞപ്പോഴേക്കും ഏകദേശം ഒന്നര കിലോമീറ്റര്‍ പിന്നിട്ടു രണ്ടാമത്തെ ക്യാമ്പ് ആയ ലാത്തിമൊട്ട എത്തി, ഇവിടെ ആയിരുന്നു പഴയ പിക്കറ്റ് സ്റ്റേഷന്‍, അതിന്റെ അവശിഷ്ടങ്ങളും ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഉണ്ടാക്കിയ ട്രെഞ്ചും ഇപ്പോഴും ഇവിടെ കാണാം. ഇവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു അല്‍പ്പം കാട്ടിലേക്ക് പോയാല്‍ മനോഹരമായ ‘ബോണ വാട്ടര്‍ഫാള്‍സ് ‘ കാണാം എന്ന് ഗൈഡ് പറഞ്ഞു, പക്ഷെ ഇപ്പോള്‍ പെര്‍മിഷന്‍ ഇല്ലാത്തതുകൊണ്ട് കാണാന്‍ പറ്റിയില്ല, ലാത്തിമൊട്ട പിന്നിടുമ്പോള്‍ ആദ്യം തന്നെ മലദേവനെ വണങ്ങി തിരിയിട്ട് വേണം പോകാന്‍ എന്നാണ് വിശ്വാസം. ചെറിയ മരച്ചുവട്ടില്‍ ഒരു ശിലയും വിളക്കും പല വിധ കാണിക്കകളും കാണാം, ഇവിടെ തിരി വെച്ച് മലദേവനു കാണിക്ക വെച്ചിട്ടാണ് ഭക്തര്‍ പ്രയാണം തുടങ്ങുന്നത്, ഇവടന്നങ്ങോട്ട് വിവിധ തരം കാടുകളും, കാട്ടു വഴികളും പിന്നിട്ടു വേണം മുന്നോട്ട് ഗമിക്കാന്‍.

തുടക്കം ആവേശം നിറഞ്ഞത് കൊണ്ട് പെട്ടെന്ന് 4 കിലോമീറ്റര്‍ പിന്നിട്ട് മൂന്നാമത്തെ ക്യാമ്പ് ആയ കരമനയാര്‍ എത്തി, ഇനി അങ്ങോട്ട് കാട്ടാറുകളും കാട്ടരുവികളും താണ്ടിയാണ് യാത്ര, നല്ല ശുദ്ധജലം ലഭ്യമായ ഈ കാട്ടാറില്‍ നിന്നു അല്പം ദാഹമകറ്റി വിശ്രമിക്കാം, ഇവിടെ നമുക്ക് ഒരു പടുകൂറ്റന്‍ മര മുത്തശ്ശിയെ കാണാം, മരത്തിന് ചുവട്ടില്‍ ഒരു പ്രതിഷ്ഠയും കാണാം, സാബ്രാണിതിരിയുടെ ഗന്ധവും, മഞ്ഞള്‍ പ്രസാദത്തിന്റെ തിളക്കവും ഈ കരമനയാറിന്റെ തീരം ശാന്തി തീരമാക്കുന്നു.

എണീക്കാന്‍ സമയം ആയി, ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടതുണ്ട് എന്ന് ഗൈഡ് പറയുന്നതിന് മുന്‍പ് തന്നെ മനസ്സിലും കാതിലും ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു…

‘രാമ രഘുരാമ നാമിനിയും നടക്കാം…
രാവിന്നു മുന്‍പേ കനല്‍ കാട് താണ്ടാം..
നോവിന്റെ ശൂല മുന മുകളില്‍ കരേറാം..
നാരായ ബിന്ദു വിലഗസ്ത്യനെ കാണാം..’

ചുറ്റുപാടും മനോഹരമായ വലിയ പാറക്കൂട്ടങ്ങള്‍, കാട്ടുപാത ഇടുങ്ങി തുടങ്ങി, വിശാലമായ വഴികള്‍ ഒറ്റയടിപ്പാതകളായി മാറി, കാട് വിട്ടു പുല്‍മേടുകള്‍, വീണ്ടും കൊടുംകാടുകള്‍, നടത്തം സ്പീഡ് കുറയുന്നത് സ്വാഭാവികം, ശരീരം തളരാന്‍ തുടങ്ങിയിരിക്കുന്നു, വെളിച്ചം കുറഞ്ഞു ഇരുട്ട് പരത്തി കാര്‍മേഘങ്ങള്‍ പെയ്തിറങ്ങാന്‍ കൊതിച്ചു, പെയ്യല്ലേ എന്നു ഞങ്ങളുടെ മനസ്സും കൊതിച്ചു, 6 കിലോമീറ്റര്‍ പിന്നിട്ടു നാലാമത്തെ ക്യാമ്പ് ആയ വാഴപ്പയ്തിയാര്‍ എത്തിച്ചേര്‍ന്നു, നല്ല ഒരു വാട്ടര്‍ഫാള്‍സ്, ഇവിടെ അല്‍പം ഇരിക്കാന്‍ പറയേണ്ടി വന്നില്ല, എല്ലാരും അത്രക്കും തളര്‍ന്നിരിന്നു, വേണ്ടുവോളം വെള്ളം കുടിച്ചു, അല്പം കിടന്നു വിശ്രമിച്ചു, സ്ഫടിക ചഷകം വീണുടയും പോലെ കരിംപാറയില്‍ നിന്നും ചിതറി വീഴുന്ന ആ വെള്ളച്ചാട്ടത്തില്‍ ഒരു കുളി കഴിഞ്ഞു കൂവ ഇലയില്‍ പൊതിഞ്ഞ ചോറും 4 കൂട്ടം ഉപ്പേരിയും കൂട്ടി വിശാലമായ ഒരു ഊണ് , നല്ല സ്വാദിഷ്ടമായ വെജിറ്റേറിയന്‍ ഭക്ഷണം, കാട്ടു കൂവയുടെ ഇലയില്‍ പൊതിഞ്ഞത് കൊണ്ടാവണം അതിനൊരു വല്ലാത്ത രുചി, ഭക്ഷണം കഴിക്കുന്നതിനിടെ പെയ്യാന്‍ ഉറച്ച മഴ പെയ്തു കൊണ്ടേ ഇരുന്നു, ബാഗും വസ്ത്രങ്ങളും മരപ്പൊത്തിലൊളിപ്പിച്ചു , പാറകള്‍ക്കടിയില്‍ അഭയം തേടി, മഴ തോര്‍ന്നു യാത്ര തുടരും വരെ വല്ല ഇഴ ജന്തുക്കളും വരുന്നുണ്ടോ എന്ന് കണ്ണുകള്‍ നാലുപാടും പരതികൊണ്ടിരുന്നു…

യാത്ര തുടരും തോറും വഴികള്‍ ദുര്‍ഘടം ആയി മാറുന്നു, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ കാട് താണ്ടി എത്തുന്നത് ചെറിയ ഒരു പുല്‍മേടിലാണ്, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഈ പുല്‍മേടിലൂടെ വേഗം നടന്നു നീങ്ങുക എന്നത് അത്ര എളുപ്പം അല്ല, ധാരാളം പക്ഷികളും അവരുടെ കലപിലയും നേരിയ ഒരാശ്വാസം തരുന്നു, ചെറിയ ഒന്നുരണ്ടു അരുവികള്‍ താണ്ടി ചെന്നെത്തുന്നത് അഞ്ചാമത്തെ ക്യാമ്പ് സൈറ്റ് ആയ അട്ടയാറില്‍. അട്ടയാര്‍ എത്തുമ്പോള്‍ നാം പിന്നിട്ട ദൂരം ഏകദേശം 10 കിലോമീറ്റര്‍, ധാരാളം വെള്ളമുള്ള ഈ കാട്ടാര്‍ നയന മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു, ആര്‍ത്തിയോടെ വെള്ളം കുടിക്കുകയും, കയ്യിലുള്ള കുപ്പികളില്‍ എല്ലാം വെള്ളം നിറക്കുകയും, ആ വെള്ളച്ചാട്ടത്തില്‍ മതിവരാതെ കുളിച്ചുല്ലസിക്കുകയും ചെയ്യുന്ന യാത്രികരെ അവിടെ കാണാം, അതിനു കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്, ഇനി അതിരുമല എത്തുന്നതിന് മുന്‍പ് വെള്ളം കിട്ടില്ല, അതിരുമല എത്തുന്നതിന് മുമ്പത്തെ അവസാന ജലസ്രോതസ്സ് ആണ് അട്ടയാര്‍, പുഴക്കരികിലായി ഫോറസ്റ്റ്ഉദ്യോഗസ്ഥരും, ഗൈഡുമാരും താമസിക്കുകയും, വിശ്രമിക്കുകയും ചെയ്യുന്ന, ഓലയും പുല്ലും ചേര്‍ത്ത് ഉണ്ടാക്കിയ കൊച്ചു വീടുകള്‍ കാണാം, സമയം ഉച്ച കഴിഞ്ഞു,

ഇരുട്ടാകുന്നതിന്ന് മുന്‍പ് അതിരുമല എത്തണം എന്ന ഗൈഡിന്റെ നിര്‍ദ്ദേശം വന്നു, എണീക്കാന്‍ ചെറിയ ഒരു മടി ഉണ്ടെങ്കിലും എണീക്കുകയല്ലാതെ നിര്‍വാഹമില്ലല്ലോ..

അപ്പോഴും അഗസ്ത്യഹൃദയത്തിലെ ഈ വരികള്‍ പ്രചോദനം തന്നു കൊണ്ടേയിരുന്നു….

‘ചിട നീണ്ട വഴിയളന്നും പിളര്‍ന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളറിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും
ഭാണ്ഡമൊലിവാര്‍ന്ന ചുടുവിയര്‍പ്പാല്‍ പൊതിഞ്ഞും മല കയറുമീ നമ്മളൊരുവേള യൊരുകാതമൊരുകാതമേയുള്ളു മുകളിലെത്താന്‍.’

ചെങ്കുത്തായ കയറ്റവും, കുത്തനെ ഉള്ള ഇറക്കവും നിറഞ്ഞ വലിയ രണ്ടു പുല്‍മേടുകളും ഇടതൂര്‍ന്ന കാടുകളും മുറിച്ചു കടന്ന് ആണ് അതിരുമല എത്തേണ്ടത്, പുല്‌മേടിലൂടെ സഞ്ചാരികള്‍ ധാരാളം തിരിച്ചിറങ്ങുന്നത് കാണാം, ഇന്നലേയോ മിനിയാന്നോ ഒക്കെ മലകയറിയവര്‍ ആണ് അവര്‍, എല്ലാവരോടും ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു, ഇനി എത്ര ദൂരം ഉണ്ട്?, പലരും നിരാശയും, പ്രതീക്ഷയും തന്നു കൊണ്ടിരുന്നു, കാലുകളും മനസ്സും നന്നേ തളര്‍ന്നു കൊണ്ടിരിക്കുന്നു, ഇരുന്നും വേച്ചു വേച്ചു നടന്നും ഒരു വിധം അതിരുമല എത്തുമ്പോള്‍ 14 കിലോമീറ്റര്‍ പിന്നിട്ടു സമയം 3 മണി കഴിഞ്ഞിരുന്നു, നല്ല കായിക ക്ഷമത ഉള്ളവര്‍ക്കേ ഈ പണി നടക്കു എന്ന് എനിക്ക് ബോധ്യമായ നിമിഷങ്ങള്‍, അതിരുമല എത്തുമ്പോള്‍ തന്നെ മര മുത്തശ്ശിമാര്‍, പട്ടുടുത്ത് മഞ്ഞള്‍ പ്രസാദവും കുങ്കുമവും ചൂടി തല ഉയര്‍ത്തി നില്‍ക്കുന്നതു കാണാം.

ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസോട് കൂടിയ ഒരു താത്കാലിക ക്യാന്റീനും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കോണ്‍ക്രീറ്റ് കെട്ടിടവും, മുളയും മറ്റു കാട്ടു മരങ്ങളും കൊണ്ട് നിര്‍മിച്ചു ഷീറ്റ് ഇട്ടു മറച്ച കുറെ ഷെഡുകളും ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു സ്ഥലം, അതാണ് അതിരുമല ബേസ് ക്യാമ്പ്. ഈ ക്യാമ്പിന് ചുറ്റും ട്രെഞ്ചും നിര്‍മിച്ചിരിക്കുന്നു. ഇവിടെയാണ് ഇന്നത്തെ അന്തിയുറക്കം, ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പാസ് കാണിച്ചു, കിടക്കാനുള്ള പായ വാങ്ങണം, രണ്ടു പേര്‍ക്ക് ഒരു പായ എന്നതാണ് കണക്ക്, നേരത്തെ എത്തിയവരും, ഇന്നലെ എത്തിയ യാത്രികരും അടക്കം ക്യാമ്പ് നല്ല തിരക്കാണ്, കിടക്കാന്‍ ഒരു ഇഞ്ചു സ്ഥലം ബാക്കിയില്ല, പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ ഒരു മൂലയില്‍ ബാഗും, പായയും കൊണ്ട് വെച്ച് പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു, മുന്നില്‍ തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന അഗസ്ത്യകൂടത്തെ കണ്‍കുളിര്‍ക്കെ കണ്ടുകഴിഞ്ഞപ്പോഴേക്കും മേഘം വന്നു കാഴ്ചകള്‍ മറച്ചു കളഞ്ഞു, തൊട്ടടുത്തുള്ള കുഞ്ഞരുവിയില്‍ പോയി ഫ്രഷ് ആയപ്പോള്‍ ക്ഷീണം പമ്പകടന്നു, വയറില്‍ നിന്നും വിശപ്പിന്റെ വിളി വന്നു, നേരെ ക്യാന്റീനിലേക്ക്, ഭക്ഷണം കിട്ടാന്‍ മുന്‍കൂട്ടി ടോക്കണ്‍ എടുത്ത് ബുക്ക് ചെയ്യണം, വൈകുന്നേരത്തേക്കു നല്ല കട്ടന്‍ ചായയും, കാപ്പിയും, ഉണ്ണിയപ്പവും റെഡി ആയിക്കൊണ്ടിരിക്കുന്നു…

ചായ10, കാപ്പി 15, ഉണ്ണിയപ്പം 10, ഊണ് 100, കഞ്ഞി 75 ഇതാണ് വില.

ആ മലമുകളില്‍ നമുക്കായി ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ 20 കിലോമീറ്ററോളം ആദിവാസികള്‍ തലച്ചുമടായിട്ടാണ് എത്തിക്കുന്നത് എന്നു കേട്ടപ്പോള്‍ പണം എത്ര കൊടുത്താലും വേണ്ടില്ല എന്നായി. ചായ കുടിച്ചു രാത്രിക്കുള്ള കഞ്ഞിക്കു ടോക്കണ്‍ വാങ്ങി ടെന്റില്‍ എത്തിയപ്പോയേക്കും കുറെ യാത്രികര്‍ തിരിച്ചു പോയിരുന്നു , കിട്ടിയ സ്ഥലത്തു പായ വിരിച്ചു സ്ഥാനം പിടിച്ചു, ചായ കുടിച്ച ഉന്‍മേഷത്തില്‍ ഒന്ന് പുറത്തു പോയി കാട് കാണാം എന്നായി, വലതു ഭാഗത്തു കാണുന്ന പുല്‌മേടില്‍ ചെന്നാല്‍ മനോഹരമായ കാഴ്ചകള്‍ കാണാം, തല ഉയര്‍ത്തി ഗിരിശ്രിന്‍ഗന്‍മാര്‍ നിരയായി നില്‍ക്കുന്നതും മേഘങ്ങളും, കോടയും വന്നു അവയെ തഴുകുന്നതും, വിവിധ തരം പക്ഷികളുടെ കളകൂജനങ്ങളും കണ്ടും കേട്ടും കുറേ ഫോട്ടോസ് എടുത്തും നേരം പോയത് അറിഞ്ഞില്ല..

നേരത്തെ തന്നെ പോയി കഞ്ഞിയും പയറും കുടിച്ചു വയര്‍ നിറച്ചു, കൈകാലുകളുടെ തളര്‍ച്ചയും, ശരീര വേദനയും ഞങ്ങളെ വിരിച്ചു വെച്ച ശയ്യയിലേക്ക് ആനയിച്ചു, ആഞ്ഞു വീശിയ തണുത്ത കാറ്റ് കണ്‍പോളകളെ തലോടി, ആ സ്‌നേഹസ്പര്‍ശമേറ്റു കണ്‍പീലികള്‍ അടഞ്ഞു, ഞങ്ങള്‍ നിദ്രയിലേക്ക് ആണ്ടു…

ഇടക്ക് എപ്പോഴോ മൂത്രമൊഴിക്കാന്‍ എണീറ്റപ്പോ കണ്ട കാഴ്ചകള്‍ എന്നെ അത്ഭുതപ്പെടുത്തി, ഒരു വൃദ്ധന്‍, താടി രോമങ്ങള്‍ക്ക് ബാധിച്ച നര കണ്ടാല്‍ അറിയാം ഏതാണ്ട് 60 വയസ്സ് കഴിഞ്ഞുകാണും. അദ്ദേഹം ഉറക്കം ഒഴിച്ചിരുന്നു മാല കെട്ടുകയാണ്, പൂവും മൊട്ടും മനോഹരമായി അടുക്കിവെച്ചു ചരടില്‍ കോര്‍ക്കുന്നു, ആശ്ചര്യം തോന്നി അടുത്തു ചെന്നു ഉറങ്ങുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് ‘നാളെ രാവിലെ അസ്ത്യമുനിയെ ചാര്‍ത്താനുള്ളതാ, നാട്ടില്‍ നിന്ന് കൊണ്ട് വന്നാല്‍ വാടി പോവും, അത്‌കൊണ്ട് ഇവിടുന്നു കെട്ടാം എന്ന് കരുതി’ എന്നു അയാള്‍ തമിഴില്‍ മറുപടി തന്നു, ഞാന്‍ വീണ്ടും നിദ്രയെ പുല്‍കി, അപ്പോഴും മാലയുടെ നീളം കൂടികൊണ്ടേയിരുന്നു.

പ്രഭാതം വിടര്‍ന്നു, ഭക്തര്‍ യാത്ര പുറപ്പെടാനുള്ള തത്രപ്പാടിലാണ്, നേരത്തെ മലമുകളിലെത്തി അഗസ്ത്യന് പൊങ്കാല അര്‍പ്പിക്കാനുള്ള ഭക്തരുടെ ഓട്ടത്തിന്റെ നേരിയ ഒരു ബഹളവും തിരക്കും കണ്ടു ഞാനുണര്‍ന്നു, അന്തരീക്ഷം ആകെ മൂടിക്കെട്ടി മൂകത തളം കെട്ടി നില്‍ക്കുന്നു അരുണകിരണങ്ങള്‍ ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിയില്ല, വെള്ളിക്കീറായി വെളിച്ചം ജാലകപ്പടി കയറി വന്നില്ല, സഞ്ചാരികള്‍ പലരും നല്ല ഉറക്കത്തിലാണ്, പുറത്തിറങ്ങി ഫോറസ്‌റ് ഓഫീസറോട് ഈ കാലാവസ്ഥ മാറ്റത്തെ കുറിച്ചു അന്വേഷിച്ചു.

‘ഇന്നലെ രാത്രി കുറച്ചു പിള്ളേര്‍ ഇവിടെ ടെന്റില്‍ കിടന്നു ബഹളം വെച്ചു, അവരോട് ബഹളം വെക്കരുത് എന്നു പലവട്ടം പറഞ്ഞിട്ടും അവര്‍ കേട്ടില്ല, അഗസ്ത്യന്റെ തപസ്സ്മുടങ്ങിയിരിക്കുന്നു, ഇനി അഗസ്ത്യന്റെ കലിയടങ്ങാതെ ഈ കാലാവസ്ഥ മാറില്ല, മല മുകളില്‍ കനത്ത മഴയും കാറ്റുമാണ് ഇന്നു മല കയറാന്‍ വലിയ പാടാകും’. മലമുകളിലേക്ക് നോക്കിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരുന്നു., ആ മുഖത്ത് ഞാന്‍ ഒരു ഭീതി വായിച്ചെടുത്തു..

ആ വാക്കുകള്‍ എനിക്കത്ര വിശ്വാസം വന്നില്ല, എന്നിരുന്നാലും അദ്ദേഹത്തോട് തര്‍ക്കിക്കാന്‍ നിന്നില്ല, കാരണം അവര്‍ കാടിന്റെ മക്കളാണ്, കാടിന്റെ നിയമം നമ്മളെക്കാള്‍ അവര്‍ക്കാണ് അറിയുന്നത്, അപ്പോഴേക്കും കൂട്ടുകാര്‍ എല്ലാം റെഡിയായി വന്നു, പ്രാതല്‍ ഉപ്പുമാവ് കഴിച്ചു മല കയറാന്‍ തയ്യാറായി ഞങ്ങള്‍ ഇറങ്ങി, മല ദേവന്‍മാരെ വണങ്ങി മലകയറുന്ന ഭക്തരുടെ കൂടെ ഞങ്ങളും, ഈ യാത്രയിലെ ഏറ്റവും ദുര്‍ഘടം പിടിച്ചതും, സാഹസികത നിറഞ്ഞതുമായ വഴികളാണ് ഇനി മുന്നില്‍, ചെങ്കുത്തായ പാറക്കൂട്ടങ്ങളും കല്പടവുകളും കേറി മറിഞ്ഞു മുന്നോട്ട് നീങ്ങി, കയറ്റത്തിന്റെ കാഠിന്യം കൊണ്ട് നെഞ്ചിടിപ്പും, ശ്വാസോച്ഛസവും ഉയര്‍ന്നു കൊണ്ടിരുന്നു, മുകളില്‍ എത്തും തോറും മഴ കനക്കാനും തുടങ്ങി, കുത്തിയൊലിച്ചു വരുന്ന മലവെള്ളവും ഉരുളന്‍ കല്ലുകളും താണ്ടി മുകളിലോട്ട് തന്നെ, പലരും പാതി വഴിയില്‍ വെച്ച് യാത്ര അവസാനിപ്പിച്ചു മടങ്ങുന്നത് കാണാമായിരുന്നു. ഞങ്ങളിലും ചിലര്‍ക്ക് കയറാന്‍ പറ്റുമോ എന്ന് സന്ദേഹം ഉണ്ടായി, ഇവിടെ എത്തി ഇനി പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനം ആരുന്നു ഞങ്ങള്‍ എടുത്തത്, ഇടക്ക് ഒരു വലിയ പാറയില്‍ കയറി ഇരുന്നു അല്പം വിശ്രമിച്ചു, മനോഹരമായ ഒരു ദൂരക്കാഴ്ച ആ പാറക്കെട്ടു ഞങ്ങള്‍ക്ക് സമ്മാനിച്ചു, ഔഷധം വമിക്കും കാറ്റ് ഞങ്ങളെ തഴുകിത്ത ലോടികൊണ്ടിരുന്നു. വിശ്രമം കഴിഞ്ഞു ഒരു മുളങ്കാട്ടിലൂടെ കയറിച്ചെന്നു കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തി, ഇനി അങ്ങോട്ട് ഭീമാകാരങ്ങളായ ഗിരിശൃംഗന്‍മാരാണ്, അവയിലൂടെ കയറാന്‍ വേണ്ടി പ്ലാസ്റ്റിക് കൊണ്ടും ഇരുമ്പ് കൊണ്ടും ഉള്ള റോപ്പുകള്‍ കെട്ടിയിട്ടുണ്ട്, വൃദ്ധരും കുട്ടികളും അടങ്ങുന്ന തമിഴ് ഭക്തര്‍ ഹര.. ഹരോ.. ഹര.., ഹര.. ഹരോ.. ഹര.., എന്ന മന്ത്രം ഉച്ചരിച്ചു ആവേശപൂര്‍വ്വം മലകയാറുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ ആയില്ല.

ഒന്നുരണ്ടു പാറക്കെട്ടുകള്‍ കയറിച്ചെന്നു വിശാലമായ ഒരു പാറക്കു മുകളില്‍ എത്തി, ധാരാളം വെള്ളം ഒഴുകുകയും തളംകെട്ടി നില്‍ക്കുകയും ചെയ്യുന്ന ഒരു തടാകം തന്നെ ഉണ്ട് അവിടെ, അതിന് ചുറ്റും ധാരാളം ആളുകള്‍ ഇരുന്നു പ്രാതല്‍ കഴിക്കുകയും, പൊങ്കാല അര്‍പ്പിക്കാന്‍ ഉള്ള ഭക്ഷണം പാചകം ചെയ്യുന്നതും കാണാം, അതുകൊണ്ടു തന്നെ ഈ പാറയെ പൊങ്കാലപ്പാറ എന്നാണ് വിളിക്കുന്നത്, നല്ല മഴയും, കാറ്റും അപ്പോഴും തുടര്‍ന്ന് കൊണ്ടേയിരുന്നു..

മഴയോടും, കാറ്റിനോടും മല്ലിട്ട് ഞങ്ങള്‍ മുന്നോട്ട് നീങ്ങി, പാറക്കെട്ടിലൂടെ ഒലിച്ചിറങ്ങി വരുന്ന വെള്ളത്തിലൂടെ വഴുക്കലില്‍ നിന്നും രക്ഷപെട്ടു കുറേ മുന്നോട്ടുനീങ്ങി, ഇനി കാണുന്ന രണ്ടു പാറക്കെട്ടുകള്‍ കയറി മറിഞ്ഞാല്‍ അഗസ്ത്യനെ കണ്‍കുളിര്‍ക്കെ കാണാം, പാറകെട്ടുകളില്‍ വളരുന്ന ബോണ്‍സായി കാടുകള്‍ ഈ കൊടും കാറ്റില്‍ നിന്നും ഞങ്ങള്‍ക്ക് സംരക്ഷണം നല്കികൊണ്ടിരുന്നു… കൊടും തണുപ്പ്, കൈകള്‍ മരവിച്ചപോലെ, കാലുകള്‍ക്ക് വിറയല്‍ തുടങ്ങിയിരിക്കുന്നു, റോപ്പ് പിടിച്ചു മുകളിലോട്ട് വലിഞ്ഞു കയറാന്‍ പറ്റാതായി, പടിച്ചെടുത്ത എല്ലാ ആയോധന കലകളും തോല്‍ ക്കുന്നിടത്ത് ആവനാഴിയിലെ അവസാനത്തെ അസ്ത്രങ്ങളായ മൂടിട്ടു നിരങ്ങല്‍, കമിഴ്ന്നുകിടന്നു നിരങ്ങല്‍, അങ്ങിനെ എല്ലാ അടവും പയറ്റി അവസാനം ലക്ഷ്യം കണ്ടു, ആള്‍കൂട്ടത്തിന് ഇടയിലൂടെ, ചെന്ന് അഗസ്ത്യനെ കണ്ടു, തൊട്ടു തലോടി.

ഭക്തര്‍ അഗസ്ത്യനെ പട്ടുടുപ്പിക്കുന്നു, നെയ്യഭിഷേകം നടത്തുന്നു, പൊങ്കാല അര്‍പ്പിക്കുന്നു, മാല ചാര്‍ത്തുന്നു, മെതിയടികള്‍ അര്‍പ്പിക്കുന്നു, അങ്ങനെ അവരുടെ ഭക്തിയും സ്‌നേഹവും പ്രകടിപ്പിക്കുന്നു, കര്‍പ്പൂരവും, സാബ്രാണിതിരിയും കൊണ്ട് ആ കൊടുമുടി സുഗന്ധ പൂരിതമാവുന്നുണ്ടായിരുന്നു, പ്രകൃതി അതിന്റെ രൗദ്ര ഭാവം കാണിച്ചു കൊണ്ടിരുന്നു എങ്കിലും അതിന് സഞ്ചാരികളെ പിന്തിരിപ്പിക്കാന്‍ ആയില്ല, കൊടും കാറ്റ് കാരണം എണീറ്റു നില്‍ക്കാന്‍ പറ്റാതെ, കയ്യും കാലും കുത്തി നടന്നു ചുറ്റും ഉള്ള കാഴ്ചകള്‍ കാണാനുള്ള ഞങ്ങളുടെ ശ്രമത്തെയും ആഞ്ഞു വീശിയ കാറ്റും, മഴയും തല്ലിത്തകര്‍ത്തു.

പിന്നെ അതികം നിന്നില്ല, അഗസ്ത്യാനോട് യാത്ര ചോദിച്ചു വൈകിട്ട് 5 മണിന്റെ ബസ് ലക്ഷ്യമാക്കി മലയിറങ്ങാന്‍ തുടങ്ങി, ഇപ്പൊ ഇറങ്ങിയാല്‍ 5 മണിയോട് കൂടി ബോണക്കാട് എത്താം, എത്തണം, കാരണം 4 പേര് ഇന്ന് രാത്രിയിലെ ട്രെയിനിന് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാ ഞങ്ങള്‍ ഇറങ്ങട്ടെ…

ദേഹത്തിന് കേടുകൂടാതെ താഴെ എത്തിക്കണേ…

ഉപദേശം:
എത്ര കായികക്ഷമത ഉണ്ടെങ്കിലും 3 ദിവസം എടുത്ത് യാത്ര പൂര്‍ത്തിയാക്കുക, രണ്ടു രാത്രി അതിരുമല തങ്ങുക, അനുഭവം ഗുരു.

ബുക്കിങ്ങിന്:
www.forest.kerala.gov.in
(2019 ബുക്കിംഗ് കഴിഞ്ഞു, ഇനി 2020)

കൂടുതല്‍ വിവരങ്ങള്‍ക്:
Wild life warden
Agatsyavanam biological park
Tel: 0471 236860, 2272182.

COMMENTS

WORDPRESS: 0
DISQUS: 0