ഇര്ഫാന് കല്‍പ്പേനി
ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപിന്റെ ചുറ്റിലുമുള്ള ആള്‍താമാസമില്ലാത്ത അഞ്ച് ദ്വീപുകളില്‍ ഏറ്റവും വലിപ്പം കൂടിയതും, കൂട്ടത്തില്‍ ഒരല്പം ദൂരെ മാറിക്കിടക്കുന്നതുമായ ദ്വീപാണ് ‘ചെറിയം ദ്വീപ്’, അങ്ങോട്ട് പലപ്പോഴും യാത്ര ചെയ്തിട്ടുള്ളതാണെങ്കിലും ഇപ്പ്രാവശ്യത്തെ ട്രിപ്പ് ഇവിടെ കുറിച്ചിടണമെന്നു തോന്നി.
ഈ ദ്വീപിന്റെ പ്രത്യേകത എന്നു പറയുന്നത്, ഇവിടെ ആള്‍ത്താമസമില്ല, അതുകൊണ്ട് തന്നെ ഇവിടെ കരണ്ടില്ല, റോഡില്ല, മറ്റു കെട്ടിടങ്ങളോ ജെട്ടിയോ ഒന്നുമില്ല, പക്കാ നാച്ചുറല്‍. പണ്ടൊക്കെ ഇവിടെ ഒരുപാട് പേര് താമസിച്ചിരുന്നതാണ്. മീന്‍പിടിച്ചും, കൊപ്രയുണ്ടാക്കിയും മാസങ്ങളോളം ഇവിടെത്തന്നെ കഴിയാറുണ്ടായിരുന്നു അവര്‍. പിന്നെ സൗകര്യങ്ങള്‍ വന്നതോടെ എല്ലാവരും അതിന്റെ പിറകെ പോയിതുടങ്ങി, പ്രകൃതിയെ നാം മറന്നു, അതുപോലെ പ്രകൃതി നമ്മളെയും. സൗകര്യങ്ങള്‍ കൂടിയതോടെ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന കാലത്തില്ലാത്ത കുറെ രോഗങ്ങളുടെ പേരും കൂടി നമുക്ക് പടിക്കേണ്ടി വന്നു.

അന്ന് പലരും ജീവിച്ചിരുന്നതിന്റെയൊക്കെ അവശിഷ്ടങ്ങളെന്നോണം കുറെ ഓലമേഞ്ഞ ഷെഡ്ഡുകള്‍ ഇപ്പോഴും കാണാം, കൂടുതലും ജീര്ണ്ണിച്ചത്. ചിലതൊക്കെ വല്ലപ്പോഴും ഉടമസ്ഥര്‍ വന്ന് നോക്കാറുള്ളത് കോണ്ട് അവയൊക്കെ ഇപ്പൊ ഓടൊക്കെ മേഞ്ഞ് ഒരല്പം ഗമയോടെ തലയുയര്‍ത്തി നില്‍പ്പാണ്.
പ്രധാനമായും രണ്ട് വഴികളാണ് ചെറിയം ദ്വീപില്‍ എത്തിപ്പെടാനുള്ളത്, ഒന്ന് കടല്‍വഴിയും, മറ്റൊന്ന് വേലിയിറക്ക സമയത്ത് റീഫിലൂടെ നടന്നുമാണ്. പിന്നെ അവിടെ ഒരു ഹെലിപ്പാട് ഉണ്ടെങ്കിലും എനിക്കോര്മയുള്ളകാലം മുതല്‍ അവിടെ ഹെലികോപ്ടറുകളൊന്നും ലാന്‍ഡ് ചെയ്തിട്ടില്ലെന്നാണ് എന്റെ ഓര്മ. ഈ പറഞ്ഞു വന്നതൊക്കെ ചരിത്രത്തിന്റെ വഴി, ഇനി കുറച്ച് ഞങ്ങളുടെ വഴിയേ പോവാം.

വൈകീട്ട് പ്ലാന്‍ ചെയ്തത് പോലെ ഞാനും, നെഹാസും ഞങ്ങടെ ചങ്ക് റഹ്മത്തുള്ളയും അവന്റെ ചെറുതോണിയില്‍ രാത്രി 12 മണിക്ക് ചെറിയം ദ്വീപ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി, 45 മിനിറ്റോളം തിരമാലകളെ കീറിമുറിച്ചപ്പോഴേക്കും ചെറിയം ദ്വീപിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഞങ്ങള്‍ എത്തിപ്പെട്ടിരുന്നു.

മീന്‍ പിടിക്കാനുപയോഗിക്കുന്ന ഒരുതരം നീളമേറിയ വല (ഏകദേശം 110 മീറ്റര്‍) കരയില്‍ നിന്നും കുറച്ചകലെ കടലില്‍ വിരിച്ചിട്ട് ഞങ്ങള്‍ കരയോടടുത്തു. ഞങ്ങളുടെ സാധനസാമഗ്രികളെല്ലാം കയ്യിലെടുത്ത് ചെറുതോണിയും കടല്ക്കരയില് നങ്കൂരമിട്ട്, തൊട്ടടുത്ത് പഞ്ചാരമണലില്‍ സ്ഥാനം പിടിച്ചു. അവിടെത്തന്നെ ടെന്റും സെറ്റാക്കി, ഓരോ കട്ടന്‍ ചായയും കുടിച്ച്, ചൂണ്ടയിടാന്‍ വേണ്ടി കടല്ക്കരയിലിറങ്ങി.
പത്ത് പതിനഞ്ച് മിനിറ്റുകൊണ്ട് ഞങ്ങള്‍ക്ക് ചുട്ട് തിന്നാനുള്ള മീന്‍ കിട്ടി, അതും കൊണ്ട് വന്ന് ടെന്റിന്റെ അടുത്ത് കൂട്ടിയിരുന്ന തീയിലിട്ട് പച്ചക്ക് ചുട്ടെടുത്ത് അതിന്റൊപ്പം പൊളിച്ചെടുത്ത കരിക്കും കൂട്ടി ഒരു പിടി പിടിച്ചു. ആഹഹാ ഇതെഴുതുമ്പോഴും അതിന്റെ രുചി വായീന്ന് പോയിട്ടില്ല.
‘മസാലയൊന്നുമിടാതെ തീയില്‍ ചുട്ടെടുത്ത മീനും, അധികം മൂപ്പില്ലാത്ത കരിക്കും ഒടുക്കത്തെ കോമ്പിയാണ്’

ഈ കലാപരിപാടിയൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴേക്കും സമയം വെളുപ്പിന് മൂന്നര മണിയായി. കടല്ക്കരയില് നിന്നും കഷ്ടിച്ച് അഞ്ച് മീറ്റര്‍ ദൂരമേ ടെന്റ് നില്ക്കുന്ന സ്ഥലത്തേക്ക് ദൂരമുള്ളൂ, അതുകൊണ്ട്തന്നെ കടലിന്റെ സംഗീതം നന്നായി കേള്‍ക്കാം, ഒപ്പം സ്പീക്കറിലെ ഹിന്ദിപ്പാട്ടും കേട്ട് ഉറക്ക് പിടിച്ച് വരികയായിരുന്നൂ, അപ്പോഴാണ് റഹ്മത്തുള്ള വിളിച്ചുണര്‍ത്തിയത്. നോക്കിയപ്പോ സമയം ആറരയായി, നേരം വെളുത്തു തുടങ്ങി.

‘ഏഴ് മണിയാവുമ്പോഴേക്ക് വലയെടുക്കണം ഇല്ലെങ്കില്‍ രാത്രി വലയില്‍ കുടുങ്ങിയ മീനൊക്കെ ചീത്തയായിപ്പോവും’ റഹ്മത്തുള്ളയുടെ വാക്കുകള്‍ കേട്ടതോടെ മടിയോടെ ഞാന്‍ എണീറ്റു, നെഹാസിനെയും വിളിച്ചുണര്‍ത്തി. ചായയും കുടിച്ച്, ടെന്റും മടക്കി തോണിയില്‍ കയറി തുഴഞ്ഞ് വലയുടെ അടുത്തെത്തി. വലയെടുത്ത് നോക്കിയപ്പോള്‍ നല്ലൊരു ദിവസത്തിന്റെ തുടക്കമായിരുന്നു അത്, ഒരു കുട്ട നിറയെ മീനുമായി ഞങ്ങള്‍ മൂന്നുപേരും കല്‍പ്പേനി ദ്വീപ് ലക്ഷ്യമാക്കി നീങ്ങി.
COMMENTS
Very nice. Nalla bhavi und irfan.. Vivaranam kettappol Aa dweep kanan oru moham…
ThanQ meenakshy.
For lakshadweep visit inbox me…
facebook/irfankalpeni
whatsapp/9497286872