പേരന്‍പ്;ഈ നൂറ്റാണ്ടിലെ   മമ്മൂട്ടിയുടെ   മികച്ച ചിത്രം

പേരന്‍പ്;ഈ നൂറ്റാണ്ടിലെ മമ്മൂട്ടിയുടെ മികച്ച ചിത്രം

എം വിനീത്‌

1985 ല്‍ പുറത്തിറങ്ങിയ ബാലു മഹേന്ദ്രയുടെ ‘യാത്ര’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വാക്യത്തില്‍ നിന്നുമാണ് ഈ വാചകം കടമെടുത്തത്, അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ( നിങ്ങള്‍ ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം കണ്ടിട്ടില്ല.)

അവസാനമായി തിയേറ്ററില്‍ പോയി കണ്ട മമ്മൂട്ടി ചിത്രം രഞ്ജിത് ശങ്കറിന്റെ വര്‍ഷം ( വര്‍ഷം: 2014) , അതിനും മുന്‍പ് പഴശ്ശി രാജയും ഒരേ കടലും. ഈ നൂറ്റാണ്ടിന്റെ തുടക്ക കാലങ്ങളില്‍ കാഴ്ചയും പളുങ്കും കറുത്ത പക്ഷികളും മമ്മൂട്ടി എന്ന മഹാനടന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് തിയേറ്ററുകളിലൂടെ ഓര്‍മ്മിപ്പിച്ചു.

ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയ്ക്കായി ഒരു തമിഴ് ചിത്രവും സംവിധായകന്‍ റാമും വേണ്ടി വന്നു എന്നു ചിന്തിക്കുമ്പോഴാണ് മലയാള സിനിമ മമ്മൂട്ടിയെ എത്രത്തോളം മറന്നു പോയിരിക്കുന്നു എന്നു മനസ്സിലാവുന്നത്.

പേരന്‍പ്, സംവിധായകന്റെ കൈയ്യൊപ്പുള്ള ഒരു മികച്ച ചിത്രം. 12 അധ്യായങ്ങളുള്ള ഒരു നോവലെറ്റ് ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്ത അനുഭവമാണ് റാം പേരന്‍പിലൂടെ തീര്‍ക്കുന്നത്. പ്രകൃതി മനുഷ്യനില്‍ അനുഭവഭേദ്യമാക്കുന്ന 12 ഭാവങ്ങള്‍ ഒരച്ഛന്റേയും മകളുടെയും ജീവിതത്തിലൂടെ വരച്ചു കാട്ടുന്ന ഒരപൂര്‍വ്വ കാവ്യമാണീ ചിത്രം….

ആറു അധ്യായങ്ങളുള്ള ആദ്യ പകുതി, മനുഷ്യനെത്തിപ്പെടാത്ത കുരുവികള്‍ മരിച്ചു വീഴാത്ത പ്രകൃതിയുടെ മടിത്തട്ടിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. പുഴയും തീരവും കാടിനുള്ളിലെ ഒറ്റ വീടും കിംകി ഡൂക്കിന്റെ spring, summer, fall, winter & spring  എന്ന കൊറിയന്‍ മൂവിയുടെ ഫ്രെയിമിനെ അനുസ്മരിപ്പിക്കുന്നു.

ഋതുഭേദങ്ങള്‍ക്കൊപ്പം വളരുന്ന, സ്പാസ്റ്റിക് പാരലിസിസ് വന്ന കൗമാരക്കാരിയും, അവളുടെ വളര്‍ച്ചയെ നിസ്സാഹായതയോടെ നോക്കി കാണുന്ന ഒരച്ഛനും, ( പാപ്പയും അമുദവനും) ഒരു പുഴയും തീരവുമെന്നതു പോലെ നമ്മെ സിനിമയുടെ രസച്ചരടില്‍ കൂട്ടി യോജിപ്പിച്ചിരിക്കുന്നു.

നഗരത്തിലേക്കുള്ള പറിച്ചു നടലാണ് രണ്ടാം പകുതി. അലയൊലിയൊച്ചകളുടെ കടലിരമ്പങ്ങള്‍, അവിടെ നമ്മള്‍ കാണുന്ന കുറെ മനുഷ്യര്‍, മറ്റൊരാറധ്യായങ്ങള്‍ … ബന്ധങ്ങളുടെ കെട്ടുപിണച്ചിലുകളാണ് റാം ഈ അധ്യായങ്ങളിലൂടെ അടയാളപ്പെടുത്തുന്നത്.

പേരന്‍പ്, ഒരനുഭവമാണ്. മമ്മൂട്ടിയുടെ ഒരു പത്തു ചിത്രങ്ങള്‍ ഒരുമിച്ചു കണ്ട വല്ലാത്തൊരു തിയേറ്റര്‍ അനുഭവം, അപ്പോഴും ഇത് സംവിധായകന്റെ ചിത്രമായി അതിനുമപ്പുറത്തുള്ള പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തോ ഒരു ഫീല്‍ നമ്മിലെത്തിക്കുന്നു. അവിടെയാണ് റാമിന് കൈയ്യടി നല്‍കേണ്ടത്. …

കണ്ണു നനയിച്ചതിന്, മമ്മൂട്ടിയെ തിരിച്ചു നല്‍കിയതിന്…..
നന്ദി റാം….

COMMENTS

WORDPRESS: 0
DISQUS: 0