ദുനിയാവിന്റെ അറ്റത്തേയ്ക്ക് ഒരു യാത്ര

ദുനിയാവിന്റെ അറ്റത്തേയ്ക്ക് ഒരു യാത്ര

ജ്യോതിസ് പോള്‍

സൗദിയിലെ ഊഷര ഭൂമിയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് വാരാന്ത്യങ്ങള്‍ ചെറു യാത്രകളുടെ ദിനങ്ങളാണ്. കൊടുംചൂടില്‍ നിന്നും തണുപ്പിലേക്കുള്ള പ്രയാണത്തിനിടയിലുള്ള മാസങ്ങള്‍ ഈ യാത്രകള്‍ കൂടുതല്‍ നടത്താന്‍ ഞങ്ങളെ പ്രചോദിതരാക്കും. മരുഭൂമിയെയും, മണലിനെയും, വെള്ളകുപ്പായക്കാരായ അറബികളെയും, ഈന്തപ്പനകളെയും, എണ്ണയില്‍ നിന്നും ലഭിക്കുന്ന പണത്തെയും, സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് കോടമഞ്ഞിനു പകരം പൊടിക്കാറ്റും, ശരത്കാല ഇളംകാറ്റിന് പകരം തൊലിപൊളിക്കുന്ന ഉഷ്ണകാറ്റും അനുഭവിക്കാന്‍ കഴിയുന്നത്. എങ്കിലും ചെറു യാത്രകള്‍ പകരുന്ന ഉന്മേഷം ചെറുതല്ല.

റിയാദില്‍ നിന്നും ഏറെ അകലെയല്ലാത്ത ഈ ദുനിയാവിന്റെ മുനമ്പ് എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് ഒരു ചെറുയാത്ര ചെയ്യണം എന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. സഞ്ചാരിയുടെ ഒരു അമരക്കാരനായ സദഖത്തുള്ള ഭായിയുമായുള്ള കൂടിക്കാഴ്ച്ച ഈ സ്ഥലത്തേക്കു പോകാനുള്ള കൂടുതല്‍ പ്രചോദനമായി. സഞ്ചാരി ട്രാവല്‍ ഫോറത്തില്‍ ആഷിദ് എന്ന ചെറുപ്പക്കാരന്‍ എഡ്ജ് ഓഫ് ദി വേള്‍ഡില്‍ പോകാനുള്ള അടങ്ങാത്ത ആഗ്രഹം പങ്കുവെക്കുകയും അതിനായുള്ള സഹായ അഭ്യര്‍ത്ഥനയും കൂടി ആയപ്പോള്‍ എത്രയും പെട്ടന്ന് അവിടേക്ക് പോകാനുള്ള ചിട്ടവട്ടങ്ങള്‍ തയാറാക്കി. ഒരു സഞ്ചാരിയെ അദ്ദേഹത്തിന്റെ സ്വപ്നത്തിലുള്ള സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സഹായിച്ചാല്‍ ലഭിക്കുന്ന സന്തോഷം അത് വേറെ തന്നെയാണ്.

അങ്ങനെ അഷിദിനൊപ്പം ഒരു ശനിയാഴ്ച്ച ഉച്ചക്ക് ശേഷം ഗൂഗിള്‍ മാപ്പിന്റെ പിന്നാലെ ഞങ്ങള്‍ നാലുപേര്‍ യാത്ര തുടങ്ങി. അമരക്കാരനായ ബ്ലെസന്‍ ശരവേഗത്തില്‍ വാഹനം പായിച്ചപ്പോള്‍ പ്രതീക്ഷിക്കുന്ന മെഡലുകള്‍ ട്രാഫിക് ഫൈനിന്റെ രൂപത്തില്‍ എത്തിച്ചേരും എന്ന അങ്കലാപ്പില്‍ ഞാന്‍ ഇരുന്നു (അങ്ങനെ മെഡലുകള്‍ വാങ്ങാന്‍ ആള്‍ മിടുക്കനുമാണ്).

ആകാശം തുളച്ചുനില്‍ക്കുന്ന ഗോപുരങ്ങളും, അങ്ങിങ്ങായുള്ള കുറ്റിച്ചെടികളും പിന്നിലാക്കി ഞങ്ങള്‍ പോയിക്കൊണ്ടിരുന്നു. അവസാനം ഗൂഗിള്‍ ഞങ്ങളെ ഒരു വിജനമായ സ്ഥലത്തെത്തിച്ചു. ഇനിയങ്ങോട്ട് ഗൂഗിളിന്റെ സഹായം പ്രതീക്ഷിക്കേണ്ട പകരം വാഹനങ്ങളുടെ ചക്രങ്ങള്‍ പോയത് നോക്കി പോകുക മാത്രമേ മാര്‍ഗ്ഗമുള്ളു എന്ന് സദഖത്തുള്ള ഭായി നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. വണ്ടികള്‍ ഓടിയ പാടു നോക്കി നമ്മുടെ തേരാളി പെഡല്‍ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി.

ഈ യാത്രയുടെ തുടക്കത്തില്‍ തന്നെ പല ദുര്‍ഘട മേഖലകളും ഞങ്ങള്‍ക്ക് താണ്ടേണ്ടി വന്നു. ഇടക്ക് വാഹനം വഴിയില്‍ നിന്നും തെന്നി മാറിയപ്പോള്‍ പുറകിലിരുന്ന ഇരട്ടചങ്കനായ സുധീഷിന്റെ നിലവിളി വണ്ടിക്കുള്ളില്‍ മുഴങ്ങി. ഇടക്ക് വഴി രണ്ടായി പിരിഞ്ഞപ്പോള്‍ ‘അശോകചക്രം വെള്ളയില്‍ വരാന്‍ പ്രാര്‍ത്ഥിച്ച വെളുവെളുത്ത കുപ്പായക്കാരന്റെ’ ആളായ സാരഥി വലത്തോടുള്ള വഴിയിലൂടെ വണ്ടി തിരിച്ചുവിട്ടു. ‘ഇത് ഒരുപക്ഷെ അവിടേക്കുള്ള എളുപ്പവഴി ആയിരിക്കും’, ‘ഏജട പ്രകാരം നമ്മള്‍ ആ ദിശയില്‍ തന്നെയാണ് എന്നൊക്കെ ആള്‍ വീമ്പിളക്കുന്നുണ്ടായിരുന്നു’. അത് വെറും പെരുവഴി ആണ് എന്ന് മനസിലാക്കാന്‍ അതികം വൈകിയില്ല. ചെറിയ ജ്യാള്യതയോടെ ആള്‍ വണ്ടി തിരിച്ചുവിട്ടു.

പൊടി പറപ്പിച്ചുകൊണ്ടു ഞങ്ങളുടെ മുന്നില്‍ ഒരു നിസാന്‍ പെട്രോള്‍ ജീപ്പ് പോകുന്നത് കണ്ടപ്പോള്‍ പിന്നെ അതിനെ പുറകെ ആയി യാത്ര. പരുക്കന്‍ റോഡിലൂടെയുള്ള ഈ യാത്രയില്‍ വണ്ടിയുടെ എല്ലാ നട്ടുകളും ബോള്‍ട്ടുകളും ഇളകി ആടാന്‍ തുടങ്ങി. ഒരു മണിക്കൂറില്‍ അധികമുള്ള ഓഫ്‌റോഡ് യാത്രക്കൊടുവില്‍ വണ്ടി ഒരു മുനമ്പില്‍ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.

ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ എഡ്ജ് ഓഫ് ദി വേള്‍ഡില്‍ എത്തിച്ചേരൂ. സസ്യജാലങ്ങള്‍ ഇല്ലെങ്കിലും ഈ പ്രദേശം മുഴുവന്‍ മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു. വീശിയടിക്കുന്ന കാറ്റേറ്റ് തണുത്തു വിറച്ചു ഞങ്ങള്‍ നടന്നു ഈ ദുനിയാവിന്റെ മുനപിന്റെ അരികിലായി എത്തി. പേടിപ്പെടുത്തുന്ന പ്രദേശം തന്നെ! ഒരു സമതലത്തെ സംരക്ഷിക്കുന്ന കോട്ടപോലെ കുത്തനെ നില്‍ക്കുന്ന മണ്‍ഭിത്തികള്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

അല്പം അകലെയായി ഒരു വലിയ മണ്‍തൂണ്‍ കാണാം. അതിനു മുകളില്‍ കുറച്ചുപേര്‍ നില്‍പ്പുമുണ്ട്. ഇപ്പോള്‍ മറിഞ്ഞു വീഴും എന്ന മട്ടിലാണ് ആ മണ്‍തൂണ്‍ നില്‍ക്കുന്നത്. അവര്‍ എങ്ങനെ അതിന്റെ മുകളില്‍ എത്തിച്ചേര്‍ന്നു എന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ചു. അവസാനം ഞങ്ങള്‍ മണ്‍ഭിത്തിയുടെ അരികിലൂടെ അവിടേക്കുള്ള വഴി കണ്ടുപിടിച്ചു. ഒറ്റയാള്‍ക്കു മാത്രം നടന്നു പോകാവുന്ന ഒരു വഴി. കാല്‍ ഒന്ന് വഴുതിയാല്‍ ജീവിതവും അതോടൊപ്പം സ്വപ്നങ്ങളും യാത്രകളും അവസാനിക്കും. ക്യാമറകളുടെ ജലകങ്ങള്‍ ഈ യാത്രയില്‍ ഞങ്ങളോടൊപ്പം തുറന്നുതന്നെ ഇരുന്നു.

തപ്പിത്തടഞ്ഞു ഞങ്ങളും ആ മണ്‍തൂണിന്റെ മുകളില്‍ എത്തി. ഒരു സിനിമ ഗാനത്തില്‍ പറയുന്നപോലെ ‘ഇവിടുത്തെ കാറ്റാണ് കാറ്റ്’ എന്ന് പാടിപ്പോകുന്ന അവസ്ഥ. നാട്ടിലെ ഏതൊരു ആത്മഹത്യാ മുനമ്പിനേക്കാളും ഭയാനത തോന്നിക്കുന്ന സാഹചര്യമാണ് ഇവിടെ. ഏകദേശം ദ്രവിച്ചു തീരാറായ മണ്‍ തൂണിന്റെ മുകളില്‍ ഒരു പരന്ന ഭാഗം. അപകടങ്ങള്‍ തടയാനായി സംരക്ഷണഭിത്തികളോ ഒന്നും തന്നെയില്ല. വളരെ അധികം പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ എഡ്ജ് ഓഫ് ദി വേള്‍ഡിന്റെ ഒരു ആകമാന വീക്ഷണം ഈ മണ്‍തൂണിന്റെ മുകളില്‍ നിന്നും ലഭിക്കുന്നു.

ഇതുപോലുള്ള പ്രദേശത്തേക്ക് യാത്രചെയ്യുമ്പോള്‍ ഭൂമിയുടെ ഘടന പോലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ മണ്ണിനു വ്യക്തമായി കാണാവുന്ന ധാരാളം തട്ടുകള്‍ ഉണ്ട്. ഈ തട്ടുകള്‍ എല്ലാം ഒരേ തരത്തിലുള്ള മണ്ണുതന്നെയാണ്. തട്ടുകള്‍ക്കിടയില്‍ ചിലപ്പോള്‍ ചെറിയ വിടവുകള്‍ ഉണ്ട്. ചെളി ഒന്നിന് മുകളില്‍ ഒന്നായി അടിഞ്ഞു കൂടി ഉണ്ടായതുപോലെ തന്നെയാണ്. എങ്ങനെ അത് സംഭവിച്ചു എന്നുള്ള ചോദ്യം എന്റെ മനസ്സില്‍ ഉണ്ടാകാറുണ്ട്. നോഹ എന്ന വ്യക്തിയുടെ കാലത്തു ഒരു ലോക ജലപ്രളയം ഉണ്ടായി എന്ന് ചില മതഗ്രന്ഥങ്ങളില്‍ ഉണ്ട്. ഒരുപക്ഷെ ആ സമയത്തായിരിക്കും ഭൂമിക്ക് ഇതുപോലുള്ള വിചിത്രമായ രൂപമാറ്റം സംഭവിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും അതേപ്പറ്റി ചിന്തിച്ചു ഞാന്‍ കാടുകയറുന്നില്ല.

എഡ്ജിനു മുകളില്‍ ഉള്ള കുന്നികളിലൂടെ ഞങ്ങള്‍ കയറിയിറങ്ങി വിജനമായ താഴ്വരയുടെ പ്രകൃതിഭംഗി നന്നായി ആസ്വദിച്ചു. അങ്ങനെ സമയം പോയതറിഞ്ഞില്ല. സൂര്യന്‍ അസ്തമിക്കാനുള്ള ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി… ഇനി എത്രയും പെട്ടന്ന് തിരികെ പോകണം. രാത്രി ആയാല്‍ യാത്ര വളരെ ദുഷ്‌കരം തന്നെ. ഞങ്ങള്‍ തിരികെ നടക്കാന്‍ തുടങ്ങി. വഴിയരുകില്‍ ചെറുതും വലുതുമായ ഗുഹകള്‍ കാണാം. നമ്മുടെ തേരാളി അതിലൊന്നു തപസ്സിരിക്കാന്‍ ശ്രമിച്ചു എങ്കിലും ‘വേണ്ട മോനെ വേണ്ട’ എന്ന് പറഞ്ഞു ഞങ്ങള്‍ പിന്തിരിപ്പിച്ചു.

അവസാനം ക്ഷീണിതരായി ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്യ്ത സ്ഥലത്തെത്തി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ മറ്റൊരു വണ്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കാം. അതെ …ഞങ്ങള്‍ക്ക് ശേഷം ഇവിടെ എത്തിയ ഒരു പാകിസ്താനി കുടുംബത്തിന്റെ വാഹനം ഒരു മലഞ്ചെരുവില്‍ അകപ്പെട്ടു പോയിരിക്കുന്നു. നടക്കാനുള്ള മടി കൊണ്ടാണോ, അതോ അതിബുദ്ധികൊണ്ടാണോ വാഹനങ്ങള്‍ പൊതുവെ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തില്‍ നിന്നും അവര്‍ അല്പംകൂടി മുന്നോട്ട് പോയിരുന്നു അതാണ് അവര്‍ പെട്ടുപോകാന്‍ കാരണം. ഞങ്ങളെ കൂടാതെ മറ്റാരും അവിടെ ഇല്ല. ഞങ്ങള്‍ കൂടി അവിടെ നിന്നും പോയാല്‍ ഒരുപക്ഷെ ഈ രാത്രിയില്‍ അവര്‍ ഇവിടെ അകപ്പെട്ടുപോകും തീര്‍ച്ച.

‘വാടാ പിള്ളേരെ… ഈ അവസ്ഥയില്‍ അവരെ എങ്ങനെ ഇവിടെ തനിച്ചാക്കിയിട്ട് പോകും’ എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ആ വണ്ടി രക്ഷിക്കാനുള്ള ശ്രമത്തിലായി. അയാള്‍ ഓരോ തവണയും വണ്ടി മുന്നോട്ടെടുക്കുമ്പോളും തെന്നി മാറി ഒരു കൊക്കയിലേക്ക് നീങ്ങുന്നു. ഇപ്പോഴും മുഴു കുടുംബവും അവരുടെ വാഹനത്തിനുള്ളില്‍ തന്നെ ആണ്. കുടുംബ നാഥന്‍ ഒഴികെയുള്ള എല്ലാവരോടും വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ ഞങ്ങള്‍ പറഞ്ഞു. കുട്ടികള്‍ ഒരു കൂസലും കൂടാതെ ഇറങ്ങി. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ‘തീരുവാണെങ്കില്‍ നമ്മള്‍ ഒന്നിച്ചു തീരട്ടെ’ എന്നുള്ള ഭാവത്തില്‍ അതിനുള്ളില്‍ തന്നെ ഇരുന്നു! പിന്നീട് നിര്‍ബന്ധത്തിനു വഴങ്ങി അവരും ഇറങ്ങി.

അവരുടെ വാഹനത്തിനു ഫോര്‍ വീല്‍ ഡ്രൈവ് ഇല്ല. ഞങ്ങളുടെ വാഹനത്തില്‍ കെട്ടിവലിക്കാനുള്ള കയറും ഉണ്ടായിരുന്നില്ല. വാഹനം പരിധി വിട്ടു ചെരിഞ്ഞു കൂടുതല്‍ അപകടത്തിലേക്ക് തെന്നി മാറിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ അതിന്റെ ഫുട്‌ബോഡില്‍ കയറി നിന്നു എങ്കിലും പ്രത്യേകിച്ച് പ്രയോജനം ഉണ്ടായില്ല. മൂന്നാമനായി ഞങ്ങളുടെ കൂടെയുള്ള ക്വിന്റ്റല്‍ തൂക്കമുള്ള ആല്‍വിന്‍ ഫുട്‌ബോര്‍ഡില്‍ എത്തിയപ്പോള്‍ വണ്ടി തോല്‍വി സമ്മതിച്ചു ഞങ്ങളുടെ മുന്നില്‍ മുട്ട് മടക്കി. ‘ഇടത്തോട്ട് തിരിക്ക്’ ‘വലത്തോട്ട് തിരിക്ക്’.. ‘മുന്നോട്ട്’ ‘പുറകോട്ട്’ എന്നിങ്ങനെ പാകിസ്താനിയുടെ ഭാര്യ വണ്ടിക്ക് ചുറ്റും ഓടിനടന്നു പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. ഫലത്തില്‍ പാകിസ്താനിയുടെ ഭാര്യ വണ്ടി ഓടിക്കുന്നതുപോലെ പോലെ തന്നെ തോന്നി. എന്തായാലും അരമണിക്കൂര്‍ പ്രയത്‌നത്തില്‍ അവരുടെ വണ്ടി പാര്‍ക്കിംഗ് സ്ഥലം വരെ ഞങ്ങള്‍ എത്തിച്ചു …പിന്നെ ‘താങ്ക്യൂ ഗെയ്‌സ്’ എന്ന ഭംഗിവാക്കും അവരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു.

ഈ സാഹചര്യത്തില്‍ ഞങ്ങളെ ശരിക്കും അമ്പരപ്പിച്ച ഒരു കാര്യം ഉണ്ട്. അച്ഛനും അമ്മയും അപകടത്തിലേക്ക് പോകുമ്പോളും ആ മൂന്നു കുട്ടികള്‍ യാതൊരു കൂസലും കൂടാതെ സന്തോഷത്തോടെ അവിടെ ഓടിക്കളിക്കുന്നു! അപകടത്തിന്റെ സാഹചര്യം ഒക്കെ മനസിലാക്കാന്‍ ഉള്ള പ്രായമൊക്കെ ആ കുട്ടികള്‍ക്കുണ്ട്. ആ സാഹചര്യത്തില്‍ മതേതു കുട്ടികള്‍ ആയിരുന്നാലും ഒരുപക്ഷേ ഉച്ചത്തില്‍ കരഞ്ഞേനെ.. പക്ഷെ ഈ കുട്ടികള്‍! വീടിന്റെ നാലു ചുവരിനുള്ളില്‍കുട്ടികളെ വളര്‍ത്തുമ്പോളും, ഇഷ്ടപ്പെട്ട എല്ലാ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളും വാങ്ങികൊടുക്കുമ്പോളും, വീഡിയോ ഗെയിമിന്റെയും അമാനുഷിക കഥകളുടെയും ലോകത്തു കുട്ടികളെ തളച്ചിടുമ്പോളും, അച്ഛനമ്മമാര്‍ കുട്ടികളുടെ സ്വഭാവിക വികാരങ്ങള്‍ നഷ്ടമാകുമെന്ന് ചിന്തിക്കുന്നില്ല. അങ്ങനെയുള്ള കുട്ടികള്‍ക്ക് അമാനുഷിക കഥാപാത്രങ്ങളായ സ്‌പൈഡര്‍മാനും, അയണ്‍മാനും പോലുള്ള സാങ്കല്‍പ്പിക കഥാപാത്രങ്ങളോടായിരിക്കും സ്‌നേഹം! അച്ഛനമ്മമാര്‍ ഒരു നിമിഷം ആലോചിക്കുക.

രാത്രി ഓഫ്‌റോഡിലൂടെയുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. പോകേണ്ട പാത കണ്ടുപിടിക്കാന്‍ പലപ്പോഴും ഞങ്ങള്‍ പ്രയാസപ്പെട്ടു. എങ്കിലും ഞങ്ങള്‍ രക്ഷിച്ച കുടുംബത്തിന്റെ വണ്ടി ഞങ്ങളുടെ തൊട്ടു പുറകെ തന്നെ ഉണ്ട് എന്ന് എപ്പോഴും ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. അവസാനം ഞങ്ങള്‍ പ്രധാന റോഡില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആണ് ശ്വാസം ഒന്ന് നേരെ വീണത്. അങ്ങനെ ശരീരത്തിന്റെ എല്ലാ മസിലുകളും കുലുങ്ങിയ ഞങ്ങളുടെ ഈ പരുക്കന്‍ യാത്ര ആ രാത്രിയില്‍ റിയാദിന്റെ ഹൃദയത്തില്‍ അവസാനിച്ചു. ഏറെ ആഗ്രഹിച്ച സ്ഥലത്തേക്ക് പോകാന്‍ സാധിച്ചതിലുള്ള സംതൃപ്തിയില്‍ ആഷികും മടങ്ങി.

COMMENTS

WORDPRESS: 0
DISQUS: 0