ചായവിറ്റ് ലോകം കണ്ടവര്‍കൊപ്പം

ചായവിറ്റ് ലോകം കണ്ടവര്‍കൊപ്പം

നൗഫല്‍ കാരാട്ട്

നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന ചിലരുണ്ട്.. സമ്പത്തുകൊണ്ട് ദരിദ്രര്‍ ആണെങ്കിലും അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായവര്‍.. 24 രാജ്യങ്ങള്‍ സഞ്ചരിച്ച ആ ദമ്പതികളെ പരിചയപ്പെടാം..

ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ചായക്കടക്കാരന്‍. അതാണ് വിജയേട്ടന്‍. കൂടെ മോഹന ചേച്ചിയും. കൊച്ചിയിലെ കത്രിക്കടവില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എത്തുന്നതിന് മുമ്പായി ചെറിയ ഒരു കോഫി ഷോപ്പ് കാണാം ‘ ശ്രീ ബാലാജി കോഫി ഹൗസ് ‘ എന്നെഴുതിയ ചായപ്പീടിക വെറുമൊരു കോഫി ഷോപ്പ് അല്ല , അതൊരു ലോകമാണ്…. ഒരു സഞ്ചാരിയുടെ ലോകം..

വെളുപ്പിനെ തുറക്കുന്ന ഈ ചായപ്പീടികയില്‍ വിജയേട്ടനും ഭാര്യ മോഹന ചേച്ചിയും മകളും ( ഉഷ ചേച്ചി ) അവരുടെ ഭര്‍ത്താവും ( മുരളി ചേട്ടന്‍ ) ആണ് ജോലിക്കാര്‍. ഉഷ ചേച്ചിയെ കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. ടീച്ചറായ ശശികല ചേച്ചി. കടയില്‍നിന്ന് 5 മിനിറ്റ് ദൂരമില്ല ഇവര്‍ താമസിക്കുന്ന വീട്ടിലെത്താന്‍. വീട്ടില്‍ നിന്നാണ് ഇവിടേക്കുള്ള ഭക്ഷണങ്ങളുടെ ഒരുക്കങ്ങള്‍ നടക്കുന്നത്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും വിജയേട്ടനും മോഹന ചേച്ചിയും എങ്ങനെ വലിയ സഞ്ചാരികളായി എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. നമ്മളോരോരുത്തരും യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ യാത്രയ്ക്കുള്ള തടസ്സം കണ്ടെത്തി അതിന് കാരണക്കാര്‍ ആകുന്നതും നമ്മള്‍ തന്നെയാണ്.. ഇവിടെയാണ് ഇവര്‍ നമ്മളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.

ചെറുപ്പംമുതലേ യാത്രകളെ സ്‌നേഹിച്ച വിജയേട്ടന്റെ വഴിത്തിരിവ് എന്ന് പറയുന്നത് 2007 ല്‍ തിരുപ്പതിയിലേക്ക് ഭാര്യയുമൊത്ത് പോയ അന്നാണ്. അന്ന് തിരുപ്പതി മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ തലയുടെ മുകളിലൂടെ പോയ വിമാനം നോക്കി ‘ എങ്ങനെ ഇതില്‍ കയറാം ‘ എന്ന് പറഞ്ഞപ്പോള്‍ ‘ അത് നമ്മള്‍ക്ക് പറ്റിയതല്ല , വലിയ വലിയ ആളുകള്‍ക്ക് ഉള്ളതാണ് ‘ എന്ന ഭാര്യയുടെ മറുപടിക്ക് ‘ ദൈവം കൂടെ ഉണ്ടെങ്കില്‍ നമ്മള്‍ പോകും ‘ എന്നും പറഞ്ഞു തിരിച്ചു വീട്ടിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ വിമാനം കയറാനുള്ള ആ ആഗ്രഹമായിരുന്നു. പിന്നീട് ഡിസംബര്‍ 27ന് വീട്ടില്‍ ഇരിക്കുമ്പോള്‍ ടിവിയില്‍ ഒരു യാത്രയുടെ കാര്യം കണ്ടപ്പോള്‍ വീണ്ടും ആഗ്രഹങ്ങള്‍ക്ക് ചിറക് മുളച്ചു.

ഇരുപതിനായിരം രൂപ വേണ്ട ആ യാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് പാസ്‌പോര്‍ട്ട് ഇല്ല എന്നറിയുന്നത്. പാസ്‌പോര്‍ട്ട് ന് വേണ്ട കാര്യങ്ങള്‍ അന്ന് തന്നെ ശരിയാക്കി പത്ത് ദിവസംകൊണ്ട് പാസ്‌പോര്‍ട്ട് ലഭിച്ചു. അങ്ങനെ യാത്ര ജീവിതത്തിലെ തന്റെ ആദ്യ യാത്രക്ക് വേണ്ടി അദ്ദേഹവും ഭാര്യയും ഒരുങ്ങി. മറ്റു യാത്രക്കാര്‍ കോട്ടും സ്യൂട്ടുമിട്ട് വന്നപ്പോള്‍ ഇവര്‍ സാധാരണ വേഷമായിരുന്നു ധരിച്ചിരുന്നത്. പിന്നീട് യാത്രകള്‍ മാത്രമായിരുന്നു ജീവിതം.

അദ്ദേഹത്തിന്റെ യാത്രാ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ നിന്നാല്‍ ഈ എഴുത്ത് നീണ്ട് പോകും എന്നറിയുന്നത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല. അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.. അന്ന് ഞാന്‍ കൂടുതല്‍ കേട്ട ഒരു വാക്ക്.

‘ i have my own willpower in my life ‘ അതെ അതാണ് നമ്മളെയും ഇവരെയും വ്യത്യസ്തരാക്കുന്ന ഒരേ ഒരു കാര്യം. ഹോട്ടലില്‍ ഭാര്യ മോഹനചേച്ചി ഇല്ലാത്തതിനാല്‍ അദ്ദേഹത്തോടൊപ്പം വീട്ടില്‍പോയി മോഹനചേച്ചിയേയും കണ്ടിട്ടാണ് ഞങ്ങള്‍ മടങ്ങിയത്. അടുത്ത ഒരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു അവര്‍… വിമാനം കയറാന്‍ കൊതിച്ച് തുടങ്ങിയ ഇവരുടെ യാത്ര അടുത്തത് ചിറാപുഞ്ചിയില്‍ ഹെലികോപ്റ്ററില്‍ ഒരു യാത്രയാണ്.

ഒരായിരം മംഗളങ്ങള്‍ നേരുന്നു… എല്ലാ സ്വപ്നങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയട്ടെ,
നന്ദിയോടെ,
നൗഫല്‍ കാരാട്ട്
അശ്വതി മോഹന്‍.

COMMENTS

WORDPRESS: 0
DISQUS: 0