ഗോപാലസ്വാമി മലയിലേക്ക് മണ്‍സൂണ്‍ റൈഡ്

ഗോപാലസ്വാമി മലയിലേക്ക് മണ്‍സൂണ്‍ റൈഡ്

എഴുത്ത് : ഷഹബാസ് അമൻ

ചിത്രം : ശകിർ ടി കെ

സുഹൃത്ത് വഴി കേട്ടറിഞ്ഞ ഗോപാലസ്വാമിഹില്‍സിലേക്ക് മനസ്സ് പലവട്ടം പാഞ്ഞുപോയിട്ടുണ്ട്. ഗൂഗില്‍ ഇമേജിലൂടെ പലവട്ടം അവിടെയൊക്കെ ചുറ്റിയടിച്ച് പോന്നിട്ടുണ്ട്. പക്ഷെ ഇതൊരു സര്‍്രൈപസ് വിസിറ്റ് ആയിരുന്നുവെന്ന് പറയാം. രണ്ടുവര്‍ഷം മുന്നെ നോര്‍ത്ത് ഈസ്റ്റിലൊക്കെ ചുറ്റിക്കറങ്ങി വന്ന കാലം. അതിന് ബാവ തന്ന സമ്മാനമായിരുന്നു പ്രണയമാണ് യാത്രയോട്’ എന്ന ഗ്രൂപ്പിലേക്ക് ക്ഷണം.

യാത്രകളെ പ്രണയിച്ച് നടക്കുന്നവരുടെ ഇടയില്‍ മിണ്ടാതെ ഇരുന്നു കുറെ കാലം. മണ്‍സൂര്‍ റൈഡ് അതും ഗോപാല സ്വാമി ഹില്‍സിലേക്ക്. പോസ്റ്റര്‍ കണ്ടയുടന്‍ തന്നെ ഉറപ്പിച്ചു. കൂടെ ചങ്ക് ത്വാഹയേയും സെറ്റാക്കി. പിന്നെ എന്തെന്നില്ലാത്ത ആവേശത്തിലായിരുന്നു. ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിലൊന്നും അനുഭവപ്പെടാത്ത ഒരു ത്രില്‍. വല്ലാത്ത ഒരു കാത്തിരിപ്പ്. തലേ ദിവസം റൈഡേഴ്‌സിന്റെ ഗ്രൂപ്പില്‍ ആരോ പറയുന്നത് കേട്ടാണ് വണ്ടിയുടെ ബുക്കും പേപ്പറുമെല്ലാം നോക്കുന്നത്. കേള്‍ക്കണോ പൂരം. ഇന്‍ഷൂറ് തെറ്റിയിട്ട് മൂന്നു ദിവസം. അന്നാണെങ്കില്‍ ശനിയാഴ്ച്ചയും. ഇക്കാനോട് കാര്യം പറഞ്ഞപ്പോള്‍ ഏതോ ഒരു ഏജന്റിനെ വിളിച്ച് ഇന്‍ഷൂറ് ശരിയാക്കി. ്രൈബക്കും ഓയലുമെല്ലാം ചെക്ക് ചെയ്തു.

യാത്രയെ കുറിച്ചോര്‍ത്ത് ഉറക്കം വരാതെ കിടന്നു. അതുകൊണ്ടുതന്നെ അലാറം ഇല്ലാതെ തന്നെ ടൈമിന് എണീക്കാനും പറ്റി. കൃത്യം ആറരക്ക് തന്നെ മഞ്ചേരിയെത്തി. അരമണിക്കൂറിനുള്ളില്‍ തന്നെ എല്ലാവരും റെഡി. ഷാക്കിറും ബാവയും നിര്‍ദേശങ്ങള്‍ നല്‍കി. പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ഇറങ്ങി. മുക്കത്തുനിന്നും പ്രാതല്‍. രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കി ഔദ്യോഗിക യാത്രക്ക് തുടക്കമായി. മുത്തങ്ങയിലെത്തിയപ്പോഴേക്കും കോഴിക്കോട്ടുകാരും കണ്ണൂര്‍ കാസര്‍കോഡ് ടീമുമെല്ലാമായി അഡാര്‍ ടീം റെഡി. മനസ്സൊന്നു ചൂടാക്കാന്‍ ചെക്ക് പോസ്റ്റിനടത്തെ ചായക്കടയില്‍ നിന്ന് സുലൈമാനിയും ബിസ്‌കറ്റും. പ്രണയമാണ് യാത്രയോട് ഫെയ്ബുക്ക് പേജ് ആറുലക്ഷം ലൈക്കിലേക്ക് കടക്കുന്നതിന്റെ ചെറിയൊരു ആഘോഷത്തിനും അവിടം സാക്ഷിയായി.

ബാവ മങ്കടക്ക് കേക്ക് മുറിച്ചതെ ഓര്‍മ്മയൊള്ളു. എല്ലാം നിമിഷ നേരങ്ങള്‍ക്കൊണ്ട് തീരുമാനമാക്കി. വീണ്ടും യാത്ര തുടര്‍ന്നു. ഇടയില്‍ ചെറിയൊരു അപകടം. റൈഡര്‍ ചെറുപുഞ്ചിരിയുമായി ആശ്രപത്രി കിടക്കയില്‍ നിന്നും പുറത്തിറങ്ങിയതോടെ ഏവരുടെയും മനസ്സിലെ കാര്‍മേഘവും നീങ്ങി. 42 വണ്ടികള്‍. ഒരേതാളം, ഒരേ ശബ്ദം. ബാവയുടെ നേതൃത്വത്തില്‍ പൈലറ്റ് വാഹനത്തിന് പിറകെ വരിവരിയായി പോകുന്ന കാഴ്ച്ചകണ്ട് മുത്തങ്ങ കാട് വരെ ആസൂയപ്പെട്ടിട്ടുണ്ടാകും. പലരും കാഴ്ച്ചകണ്ട് അന്തംവിട്ടുനിന്നു. എതിരെ വന്ന വാഹനങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ വരെ ആവേശത്തോടെ കൈവീശി. വണ്ടി ഒതിക്കി പലരും വഴിഒരുക്കി.

മഴ പെയ്ത് തോര്‍ന്ന മുത്തങ്ങ വന പാതയിലൂടെ കനനഭംഗി ആസ്വദിച്ച് മുന്നോട്ട്. ഇടക്ക് പെയ്ത മഴ മനസ്സിനേയും ശരീരത്തേയും നനച്ചു. ഗുണ്ടല്‍പേട്ടയില്‍ നിന്നാണ് ബിരിയാണി ശാപ്പിട്ടത്. അവസാന ബസ്സില്‍ ഹില്‍സ് പിടിക്കണമെന്നതിനാല്‍ 20 കിലോമീറ്റര്‍ അപ്പുറമുള്ള ലാസ്റ്റ് പോയന്റിലേക്ക് എല്ലാവരും കത്തിച്ചുവിട്ടു. കര്‍ണ്ണാടക ഗ്രാമീണ കര്‍ഷകരുടെ കലാവിരുതുകളില്‍ നിറംപകര്‍ന്ന കൃഷിയിടങ്ങള്‍ക്കിടയിലൂടെ അനന്തമായി നീളുന്ന പാത. സൂര്യകാന്തി തോട്ടങ്ങള്‍ തന്നയായിരുന്നു ആകര്‍ഷണം.

സ്വര്‍ഗത്തിലേക്കുള്ള പാതയെന്നോണം മുന്നോട്ടുപോകുന്തോറും ആവേശം ഇരട്ടിച്ചു. ഏകദേശം 15 മിനുറ്റ്‌കൊണ്ട് സ്വകാര്യവാഹനങ്ങളുടെ അവസാന പോയന്റിലെത്തി. ഇനി കര്‍ണ്ണാടക സര്‍ക്കാര്‍ ബസ്സില്‍ കുന്ന് കയറണം. ഒരാള്‍ക്ക് 20 രൂപയാണ്. വിരലില്‍ എണ്ണാവുന്നവരെ ഒഴിച്ചാല്‍ സുരേഷ് ഗോപി പറഞ്ഞ പോലെ ഈ ബസ്സ് ഞങ്ങളങ്ങ് എടുത്തു. കോളെജ് ടൂര്‍ പോകുന്ന ഫീല്‍. പാട്ടും പറയലും കൈകൊട്ടലുമായി ജഗപൊഗ. ഒരോ വളവ് കഴിയുന്തോറും കാഴ്ച്ചകള്‍ കൂടികൊണ്ടിരുന്നു. ഒന്നര ബസ്സിന് പോകാന്‍ വീതിയുള്ള പാതയില്‍ ബസ്സുകള്‍ അങ്ങോട്ടുമിങ്ങോട്ടും തിങ്ങി നീങ്ങുന്നു.

തണുത്ത കാറ്റാണ് ഗോപാല സ്വാമി ഹില്‍സില്‍ ഞങ്ങളെ സ്വീകരിച്ചത്. ബസ്സില്‍ നിന്ന് ചാടിയിറങ്ങിയത് മറ്റേതോ ലോകത്തിലേക്കാണെന്ന് തോന്നിപോയി. നല്ല കാലാവസ്ഥ. മഴയും മഞ്ഞും കാഴ്ച്ചകളെ മറച്ചില്ല. തണുത്ത കാറ്റില്‍ മനസ്സും ശരീരവും ഉല്ലസിച്ചു. ഗോപാല സ്വാമി ഹില്‍സില്‍ സ്ഥിതിചെയ്യുന്ന പുരാണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ ധാരാളം എത്തിയിട്ടുണ്ട്. ഇടക്ക് സാഹസം കാട്ടി ഞങ്ങള്‍ ചിലര് പുല്ല് വിരിച്ച കുന്നിലൂടെ ചിത്രമെടുക്കാനായി മുന്നോട്ടു പോയി. ഇത് പിടിക്കാതിരുന്ന സെക്യൂട്ടിരിറ്റി ജീവനക്കാരന്‍ വിസിലൂതി പന്നാലെ തന്നെ പാഞ്ഞെത്തി. നൈസായി തന്നെ അവിടന്ന് സ്‌കൂട്ടായി. ഒരു മണിക്കൂറോളം അവിടം ലയിച്ചു. കാടടക്കുന്നതിന് മുന്നെ പുറഞ്ഞെത്തണം എന്നുള്ളത് കൊണ്ട് മാത്രം തിരിച്ചിറങ്ങി . ഗോപാല സ്വാമി ഹില്‍സില്‍ നിന്നും അനുഭൂതിയുടെ ഭാരം പേറി ബസ്സ് ചാഞ്ഞും ചെരിഞ്ഞും ഞങ്ങളേയും കൊണ്ട് കുന്നിറങ്ങി. മനസ്സ് അപ്പോഴും ബസ് കയറിയിട്ടില്ല.

മണ്‍സൂണ്‍ നല്‍കുന്ന ഒരു പ്രത്യേകതരം തണുത്ത കാറ്റുണ്ട്. കോട്ടിട്ട് പൂട്ടിയ ശരീരത്തെപ്പോലും കുത്തിനോവിക്കാന്‍ കെല്‍പ്പുള്ള കാറ്റ്. കാര്‍മേഘം മൂടികെട്ടിയ ആഘാശത്തിന് താഴെ സുന്ദരിയായ ബന്ദിപ്പൂര്‍ കാടിനുള്ളിലൂടെ കനന ഭംഗിയും നുകര്‍ന്ന് ഞങ്ങള്‍ തിരിച്ചിറങ്ങി. ആനകൂട്ടങ്ങള്‍ റോഡരികില്‍ മനോഹര കാഴ്ച്ച ഒരുക്കി. അവര്‍ക്ക് ശല്ല്യമുണ്ടാക്കാതെ തന്നെ മുന്നോട്ട്. ഗൂഡലൂരില്‍ ടീ ബ്രേക്ക്. രാത്രിപത്തിന് വീട്ടില്‍ വന്ന് കയറുമ്പോള്‍ വല്ലാത്ത ഒരു ഫീല്‍ ആയിരുന്നു. നല്ല കുറേ ഓര്‍മ്മകള്‍, നല്ല സുഹൃത്തുക്കള്‍, മറക്കാത്തൊരു ജൂണ്‍ ഓര്‍മ്മ. റൈഡിന് നേതൃത്വം നല്‍കിയ ബാവക്കും ഷാക്കിറിനും സംഭവം കളറാക്കിയ എല്ലാ റൈഡേഴ്‌സിനും നൂറുമ്മകള്‍.

COMMENTS

WORDPRESS: 0
DISQUS: 0