കേരളാംകുണ്ട്, പ്രകൃതി പണിത നീന്തല്‍ക്കുളം

കേരളാംകുണ്ട്, പ്രകൃതി പണിത നീന്തല്‍ക്കുളം

നാട്ടിലെത്തി എവിടെങ്കിലും കറങ്ങാൻ പോകണം എന്ന ഉദ്ദേശവുമായി എത്തിയതോടെ മഴയും സാഹചര്യങ്ങളും ഒത്തു വരാതെ നിന്നപ്പോൾ എന്ത് വന്നാലും പണിക്ക് പോകാതെ കൂടെ പോരുന്ന ചങ്ക്‌സ് വരെ ലീവ് എടുക്കാതെ പണിക്ക് പോകുന്ന കാലം, എന്ത് പറ്റി ഇവന്മാർക്? പെണ്ണ് കെട്ടണം അയിനാണ്, എന്ത് വന്നാലും പണിക്ക് പോകാത്ത നിസാറും റമീസും വരെ ഇപ്പൊ നാട്ടിലെ പ്രധാന ബിസ്സിനെസ്സ് പാർട്ണർമാരാണ്.

എഴുത്ത്: മന്‍സൂര്‍ പാട്ടുപാറ
ചിത്രങ്ങള്‍ : സനു രമേശ്, നിസാര്‍ പാട്ടുപാറ, നവാസ് മുഹമ്മദ്, ഗുഗ്ള്‍

എന്തായാലും അവരുടെ ഷോപ്പിൽ പോയി സൊറ പറഞ്ഞു ഇരിക്കുമ്പോളാണ് നിസാർ പറഞ്ഞത് നമുക്ക് വണ്ടൂരിൽ പോയാലോന്ന് അവർക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട് എന്ന്. വണ്ടൂരെങ്കിൽ വണ്ടൂർ പോകാം സമയം രാവിലെ 10 മണി ആയിട്ടുള്ളു ഷോപ്പ് ക്ലോസ് ചെയ്തു റമീസും നിസാറും എന്റെ കൂടെ വണ്ടിയിൽ കയറി പുറപ്പെട്ടു.  ആനക്കയം എത്തിയപ്പോ അവർ പറഞ്ഞു 5 മണിക്ക് മുന്നെ വണ്ടൂരിൽ എത്തിയാലും മതി എന്ന് എവിടേക്കെങ്കിലും പോയാലോ
എവിടേക്ക് പോകാൻ? നിലബൂർ പോയാലോ എന്ന് റമീസ്, എവിടേക്ക് ആയാലും എല്ലാരും റെഡി. വണ്ടി പതുക്കെ പതുക്കെ നീങ്ങി ഒരു ലഷ്യ സ്ഥാനം ഇല്ലാതെ…


പെട്ടന്നാണ് കരുവാരകുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടം ഓർമ വന്നത്. പറഞ്ഞപ്പോ മൂന്ന് പേരും പോകാത്ത സ്ഥലവും നേരെ ഗൂഗിൾ മാപ് set ആക്കി നേരെ പിടിച്ചു. യാത്രയിൽ ഇവരുടെ ബിസ്സിനെസ്സ് തള്ളുകളും പൊതുവെ 3 പേര് കൂടിയാൽ നമക്ക് തുടങ്ങാൻ പറ്റുന്ന സംരഭ ചർച്ചകളും നടക്കുന്നുണ്ടായിരുന്നു. ഞാനും ചടപ്പിച്ചില്ല അങ്ങനെ റബ്ബർ കാടുകളുടെ ഇടയിലൂടെ കുറെ ഉള്ളോട്ടും മുകളിലോട്ടും കയറി അവസാനം 3 km എന്ന് മാപ്പിലെ ചേച്ചി പറയുന്നിടത് റോഡ് നിന്നു. അങ്ങനെ ഒരുപാട് പേര് പോസ്റ്റും ഫോട്ടോസും ഒക്കെ ഇട്ട് കൊതിപ്പിച്ച അടുത്തായിട്ടും ഇത് വരെ പോകാത്ത കേരള കുണ്ട് വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തി.

മലപ്പുറം ജില്ലയില്‍ക്കൂടി കടന്നുപോകുന്ന പശ്ചിമഘട്ടത്തിന്‍റെ സൈലന്‍റ് വാലി പ്രദേശത്ത് കരുവാരക്കുണ്ട് എന്ന കൊച്ചുഗ്രാമത്തിനു സമീപമാണ് കേരളകുണ്ട് വെള്ളച്ചാട്ടം. കല്‍ക്കുണ്ട് വെള്ളച്ചാട്ടം എന്നും കരുവാരക്കുണ്ട് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഈ ജലപാതത്തിന്‍റെ പതനപ്രദേശത്ത് പ്രകൃതി തന്നെ ഒരു നീന്തല്‍ക്കുളം ഒരുക്കിയിരിക്കുന്നു. കേരളത്തിന്‍റെ വിനോദയാത്രാ ഭൂപടത്തില്‍ ഒരു “ഹോട്ട് സ്പോട്ട്” പദവിയിലേക്ക് ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും നാള്‍ക്കുനാള്‍ ഇങ്ങോട്ടുള്ള വിനോദയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്.

ശാസ്ത്രീയപഠനങ്ങളിലൂടെ തെളിഞ്ഞത് കേരളകുണ്ട് വെള്ളച്ചാട്ടവും, പതനപ്രദേശത്തെ വൃത്താകൃതിയിലുള്ള കുളവും നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഉണ്ടായതാണ് എന്നാണ്. കേരളകുണ്ട് വെള്ളച്ചാട്ടത്തിന്‍റെ സമീപത്തുള്ള മറ്റ് ആകര്‍ഷണങ്ങളാണ് ചെറമ്പ് ഇക്കോ വില്ലേജ്, ഇക്കോ വില്ലേജിനോടനുബന്ധിച്ച് ഒഴുകുന്ന മനോഹരനദികള്‍, അയ്യപ്പന്‍കാവ് പ്രദേശത്തുള്ള പുരാതനക്ഷേത്രങ്ങള്‍, ഹൈദരാബാദി വിശുദ്ധന്‍റെ പേരിലുള്ള തരീഖത്ത് ദര്‍ഗ, ബറോഡ വെള്ളച്ചാട്ടം, മറ്റ് ട്രക്കിംഗ് അനുയോജ്യ പാതകള്‍ തുടങ്ങിയവ.

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കേരളകുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല. ഫേസ്‌ബുക്കിലെ ട്രാവൽ ഗ്രൂപ്പുകളിലൂടെയാണ് മലപ്പുറംകാർക്ക് മാത്രം അറിയാമായിരുന്ന ഈ സ്ഥലം കേരളം മൊത്തം പ്രശസ്തമായത്.

 

വെള്ളച്ചാട്ടത്തിനു 3 കി.മി. അടുത്തു വരെ ബസ് സർവ്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ. പിന്നീടങ്ങോട്ട് 3 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കിൽ ജീപ്പുകള് ലഭ്യമാണ്.. ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ്പായി പോകുന്നവര്ക്കും ഒരു രണ്ടു കിലോമീറ്റര് നടക്കുന്നതാണ് നല്ലത്. കരുവാരക്കുണ്ടിന് അടുത്തുള്ള പ്രധാന പട്ടണങ്ങള്‍ മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവയാണ്. സംസ്ഥാനപാത-39ന്‍റെ പെരുമ്പിലാവ്-നിലമ്പൂര്‍ ഭാഗം കരുവാരക്കുണ്ടിലൂടെയാണ് കടന്നുപോകുന്നത്. പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയും കരുവാരക്കുണ്ടില്‍ നിന്നും എളുപ്പം എത്തിച്ചേരാവുന്ന അകലത്തിലാണ്. കോഴിക്കോടാണ് ഏറ്റവും അടുത്ത വിമാനത്താവളം. തുവ്വൂര്‍, മേലത്തൂര്‍ റെയില്‍വേസ്റ്റെഷനുകളും കരുവാരക്കുണ്ടിന് അടുത്താണ്.

കേരളത്തിനലെ മണ്‍സൂണ്‍ മഴയുടെ സമയമാണ് കേരളകുണ്ട് വെള്ളച്ചാട്ടം സന്ദര്‍ശിച്ച് അവിടെ പ്രകൃതി തീര്‍ത്തിരിക്കുന്ന നീന്തല്‍ക്കുളത്തില്‍ നീരാടാന്‍ ഏറ്റവും അനുയോജ്യമായ സമയം. കനത്ത മഴയുള്ള ദിവസങ്ങളില്‍ വെള്ളച്ചാട്ടത്തിന്‍റെ കരുത്ത് നന്നായി കൂടുമെന്നതിനാല്‍, അത്തരം ദിവസങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മിതമായ മണ്‍സൂണ്‍ പെയ്ത്തുള്ള ദിവസങ്ങളില്‍ കേരളകുണ്ട് സ്വര്‍ഗ്ഗീയ സൗന്ദര്യം അണിഞ്ഞാകും പതഞ്ഞൊഴുകി പതിക്കുന്നത്. യാത്രസ്നേഹികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് അത്. ഞങ്ങൾ തണുത്ത വെള്ളത്തിൽ കുറച്ച് നേരം നീരാടി. കഴിഞ്ഞ ഉരുൾ പൊട്ടലിനു ശേഷം ഈ കുഴിയുടെ ഷേപ്പും സൗന്ദര്യവും ഒക്കെ കുറച്ച് നഷ്ട്ടപെട്ടിട്ടുണ്ട്. പ്രവേശന ഫീസ് ഒരാൾക്ക് 20 രൂപ നിരക്കിൽ ആണ്.

COMMENTS

WORDPRESS: 0
DISQUS: 0