1200 രൂപയ്ക്ക് അടിപൊളി ദ്വീപ് യാത്ര

1200 രൂപയ്ക്ക് അടിപൊളി ദ്വീപ് യാത്ര

ആഗ്രഹങ്ങൾ മനസ്സിൽ മൂടി വെച്ചിട്ട് ഉറങ്ങാൻ കഴിയാത്ത രാത്രിയിലെ സ്വപ്നങ്ങളിൽ എന്നെന്നും ഓടിയെത്തുക യാത്രകൾ തന്നെ. ആരെയും കൂട്ടുപിടിക്കാതെ ആരോടും പറയാതെ ഒരു യാത്ര.
അതെ ആ ദിവസം വന്നെത്തി. ദീപാവലി അവധി മുന്നിൽ കണ്ടുകൊണ്ടു ചെയ്തു തീർക്കേണ്ട ജോലികൾ രണ്ടു ദിവസം മുൻപേ തീർത്ത ശേഷം, ഞായർ ദിവസം വൈകുന്നേരം കയ്യിൽ കിട്ടിയ ബാഗിൽ ഒന്നു രണ്ടു ടീഷർട്ടും അത്യാവശ്യം ഉള്ള സാധനങ്ങളും തൂക്കിയെടുത്തു നുമ്മ ചങ്കായ ഇരുചക്ര ശകടത്തെ കൂട്ടുപിടിച്ചു റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.

ആരോടും പറഞ്ഞില്ലേലും വീട്ടിൽ ഒരു യാത്ര എന്ന് മാത്രം പറഞ്ഞു മുങ്ങിയതാണ്. പിന്നെ ഒന്നു രണ്ടു ചെങ്ങായിമാരെ ഞെട്ടിക്കാമെന്നും കരുതി. പിന്നെ നീണ്ട ക്യു ഇല്ലാത്തതു ഭാഗ്യം തന്നണ്ണാ, അല്ലേൽ നിന്നു പണ്ടാരമടങ്ങിയേനെ. കൌണ്ടർ ചേച്ചി തുറിച്ചു നോക്കിക്കൊണ്ടു ഒരൊറ്റ ചോദ്യം എവിടേക്ക്, ഒന്നും നോക്കിയില്ല ഒരൊറ്റ പറച്ചിൽ കണ്ണൂർ. ചേച്ചി നോട്ടത്തിൽ ഇളവ് നൽകി കീബോർഡിൽ കരതലമർത്തി യാത്രനുമതി നൽകി.

ബോർഡിൽ കുറിച്ചിട്ടിരിക്കുന്ന തീവണ്ടി നേരം മനസ്സിൽ കുറിച്ച് പ്ലാറ്റുഫോമിലേക്കു നടന്നു. അതെ ആദ്യം മാവേലി(തീവണ്ടി) തന്നെ വരൂ എന്നുള്ള അശരീരി മുഴങ്ങിക്കൊണ്ടിരുന്നു. യാത്ര പോകുന്നു എന്നു പറഞ്ഞ കൂട്ടത്തിൽ ഒരുപൊതി ചോറുകൂടി എന്നു പറഞ്ഞത് എത്ര നന്നായി എന്നു ഇപ്പോൾ ആലോചിച്ചു. ട്രെയിൻ എത്താൻ പതിനഞ്ചു മിനിറ്റു സെക്കന്റ്‌ ക്ലാസ്സ്‌ യാത്രയാകുമ്പോൾ പിന്നെ തിക്കും തിരക്കും മുൻകൂട്ടി കണ്ട ഞാൻ ഒട്ടും കൂട്ടാക്കിയില്ല പൊതിയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കി… അല്ല പിന്നെ.


പതിവ് തെറ്റിക്കാതെ വണ്ടി എത്തി ഭാഗ്യമെന്നു പറയട്ടെ സീറ്റ്‌ എല്ലാം ഫുൾ…. ഒരു ഫുൾസ്റ്റോപ്പിൽ നിന്ന അവസ്ഥ.  പരിഹാരം കണ്ടു, ബർത്ത് ൽ ദാ കിടക്കുന്നു നീണ്ടു നിവർന്നു ഒരു ആറടി നീളത്തിൽ ഒരെണ്ണം… ഹേയ് തെറ്റിദ്ധരിക്കേണ്ട നുമ്മ അയൽവാസി തിരുവന്തോരം അപ്പുറം പാറശ്ശാല സെൽവണ്ണൻ… മൂപ്പര് തകർത്തുറക്കം… കാലിൽ വീണു ദയനീയമായ മുഖം കാണിച്ചപ്പോൾ ഇത്തിരി സ്ഥലം തന്നു…. (ഒട്ടകത്തിന് പണ്ട് കൊടുത്ത പോലെക്കെയായി ).

അങ്ങനെ പ്രഭാതം പൊട്ടിവിടരുന്നതിനു മുന്നേ നുമ്മ ചങ്കിടിപ്പായ കണ്ണൂരിൽ…. ഉറക്കം ശെരിയാവാഞ്ഞിട്ടു റസ്റ്റ്‌ റൂമിൽ പോയി കിടന്നതോർമയുണ്ട്. പിന്നെ ഏതോ ഒരു പോലീസ് കാരൻ തട്ടി വിളിച്ചു കുറെ ആയല്ലോ എണീറ്റു പോഡെന്നു ഞാൻ അയാളുടെ മുഖഭാവത്തിൽ നിന്നും വായിചെടുത്തു. എന്താ ഏതാ എന്ന പടപടേന്ന് മൂന്നാല് ചോദ്യത്തിനിടയിൽ എന്തൊ പറഞ്ഞൊപ്പിച്ചു നൈസ് ആയി ഒരു അരമണിക്കൂർ കൂടി ഉറങ്ങി. പിന്നെ പ്രഭാത പരിപാടികൾ ഒതുക്കിയപ്പോൾ കേന്ദ്രത്തിൽ നിന്നും വിശപ്പിന്റെ വിളികൾ.

ഓഹ് അതിനു മാത്രം ഒരു കുറവും ഇല്ലല്ലോ… അങ്ങനെ സ്റ്റേഷന്റെ മുന്നിൽ ഇറങ്ങിയപ്പോൾ ചെമപ്പ് കളറിൽ വെളുത്ത അക്ഷരം.. അതെ ‘ഭാരതീയ കാപ്പി കട ‘…പിന്നെ പറയണോ വായിൽ കപ്പലല്ല.. വിമാനം കൂടെ ടേക്ക്ഓഫ് നടത്തി…. ഉപ്പുമാ+വട+ചായ…കുശാൽ… ബിൽ കണ്ടപ്പോ ശെരിക്കും അത്ഭുദം.. ഇനി ബില്ലടിച്ചപ്പോൾ എങ്ങാനും… ഏതായാലും ആകെ Rs.29/-😲😲അതു കൊള്ളാല്ലോ എന്ന മട്ടിൽ ചെറു പുഞ്ചിരിയും കാച്ചി കയ്യിൽ കരുതിയ ബോട്ടിലിൽ ഇത്തിരി ചൂടുവെള്ളവും വാങ്ങി വെളിയിലേക്കിറങ്ങി.

ശെരിക്കും കണ്ണൂരേക്ക് വന്നത് ഞെട്ടിക്കാൻ ആണല്ലോ… ഇപ്പോ ശെരിക്കും ഞാൻ ആണ് ഞെട്ടിയത്… ചെങ്ങായീന്റെ ഫോൺ പ്രവർത്തിക്കുന്നില്ലന്നു. ഒന്നും കൂട്ടാക്കിയില്ല പ്രവാസത്തിന്റെ ജീവിതാനുഭത്തിൽ കൂടിച്ചേർന്ന തലശ്ശേരി ചെങ്ങായിന്റെ നമ്പർ ഫോണിൽ പരതി കുത്തിപ്പൊക്കി എടുത്തു ഒരൊറ്റ തോണ്ടൽ മനസ്സിൽ വിങ്ങലും…. മറുതലക്കൽ ബെൽ കേട്ടപ്പോൾ മനസ്സിൽ എവിടെയോ ബാക്കി വെച്ച സ്നേഹം ചെങ്ങായിക്ക് കൊടുക്കണമെന്ന് ഖൽബ് പറയും പോലെ…. “ഹലോ ആരാ എന്ന ചോദ്യത്തിൽ തെക്കൻ ആണെന്ന് ഒറ്റക്കാച്ചാൽ….

പടച്ചോനെ നീ ഇപ്പോ എവിടുന്നാ എന്നു ചോദിക്കാണ്ട് നുമ്മ കണ്ണൂർ ഉണ്ടെന്നു പറഞ്ഞപ്പോൾ മൂപ്പർക്ക് പെരുത്തിഷ്ടം…. ഇജ്ജ് അവിടെ നിക്ക് എന്റെ അടുത്ത ട്രിപ്പ്‌ കണ്ണൂർക്കാ (മൂപ്പർക്ക് വണ്ടിപ്പണിയാണ് )..ഹാവൂ സമാദാനമായി എന്നു ഞാനും പിന്നെ ഒരു ഷോഡ സർബത്ത് ഒക്കെ കുടിച്ചു കട്ട പോസ്റ്റ്‌…. പറയാണ്ട് വന്നതല്ലേ പോസ്റ്റ്‌ ഇല്ലെങ്കിൽ അല്ലെ അതിശയം… മൂപ്പര്‌ വന്ന പാടെ കെട്ടിപിടിച്ചു… ഒരു നീണ്ട ഇടവേളയായിരുന്നു ആ കെട്ടിപിടിക്കലിൽ… തലശ്ശേരി ബിരിയാണി ഓഫർ നിരസിച്ചു കുറെ സംസാര ശേഷം യാത്ര പറഞ്ഞു പോരുമ്പോൾ ‘പാലക്കയം തട്ട് ‘ മനസ്സിൽ നിന്നും പുറത്തു ചാടി…പെട്ടന്ന് സമയം നോക്കി ഗൂഗിൾ ഏമാന്റെ സഹായം നോക്കവേ മനസ്സിലായി പോയി വന്നാൽ മനസ്സിൽ ഉള്ള ലക്ഷ്യ സ്ഥാനം എത്താൻ ബുദ്ധിമുട്ട് വരും എന്നു…. പിന്നെ കണ്ണൂർ വന്നിട്ട് മുത്തപ്പനെ കാണാതെ പോകണ്ടല്ലോ എന്നു കരുതി മുന്നിൽ കണ്ട ബസിൽ കയറി മുത്തപ്പ സന്നിധിയിൽ, വയറു നിറച്ചു സദ്യയും,അടുത്ത് കിടന്ന ബെഞ്ചിൽ രാവിലത്തെ ബാക്കിയെന്നോണം അല്പം മയക്കം…

 

കൂടെ യാത്രാ സഹായിയായ മൊബൈൽ ന് ഇത്തിരി എനർജിയും… തിരികെ തീവണ്ടി സമയം പരതി നോക്കിയപ്പോൾ ഇനിയും കുറെ നേരം ബാക്കി…വീണ്ടും ഗൂഗിൾ ന്റെ സഹായത്താൽ പണ്ടെങ്ങോ പോർട്ടുഗീസ് കാർ നിർമിച്ച ഒരു കോട്ടയുണ്ടെന്ന കാര്യം മനസ്സിലായി അങ്ങോട്ടേക്ക് ആട്ടോച്ചേട്ടനെ കയ്യാട്ടി സ്ഥലത്തെത്തി….സെന്റ് ആഞ്ചലോസ് കോട്ട… തിരികെ നാനോ കാർ ലിഫ്റ്റ് അടിച്ചു റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു… ലക്ഷ്യ സ്ഥാനത്തേക്കുള്ള ടിക്കറ്റ് എടുത്തിട്ട് നടന്നു വിയർത്ത ശരീരം ഒന്നു റിഫ്രഷ് ചെയ്യാമെന്ന് കരുതി വാഷ്‌റൂം വരാന്തയിൽ കട്ട വെയ്റ്റിംഗ്… ഒരുവിധത്തിൽ അതൊക്കെ ഒതുക്കി തീരുന്നതിനു മുന്നേ നുമ്മ തീവണ്ടി എത്തി എന്നുള്ള അശരീരിയും…. പിന്നെ ഒരുവിധത്തിൽ കിട്ടിയ ബോഗിയിൽ കേറിപ്പറ്റി ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര…

ഏകദേശ 11.30 പിഎം ന് വണ്ടി ഉഡുപ്പി എന്ന സ്റ്റേഷനിൽ ശൂളം വിളിച്ചു നിന്നു….. അവിടിറങ്ങി പെട്ടന്ന് നേരം വെളുപ്പിക്കാൻ വല്ല മാർഗവും ഉണ്ടെങ്കിൽ എന്നാഗ്രഹിച്ചു പോയി…. പിന്നെ സ്റ്റേഷൻ ന്റെ ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു ബെഡ്‌ഷീറ്റാൽ ആവരണം ചെയ്യപ്പെട്ടു നേരം വെളുപ്പിച്ചു….പ്രഭാത പരുപാടി ഒതുക്കിയ ശേഷം ലക്ഷ്യ സ്ഥാനം തേടി യാത്രയിൽ ഓട്ടോറിക്ഷ ഗെഡികൾ വണ്ടിയുടെ വിലപറയുന്ന അവസ്ഥയിൽ.. ഗൂഗിൾ അമ്മാവനോട് കാര്യം അവതരിപ്പിച്ചപ്പോൾ കുഞ്ഞേ ഒരു 1.2 കി.മി നടന്നാൽ നിനക്ക് ബസ് കിട്ടും ഇവമ്മാർക്ക് തല വെച്ച് കൊടുക്കേണ്ട എന്ന നിർദേശം കിട്ടി.. മോശം പറയരുതല്ലോ അമ്മാവനില്ലാഞ്ഞാൽ ഞാൻ പെട്ടേനെ… Thanku അമ്മാവാ….

പിന്നെ malpe ലക്ഷ്യമാക്കി ബസ് യാത്ര… അതെ ലക്ഷ്യ സ്ഥാനം ‘malpe’ തന്നെ… മനസ്സിനെ എന്നെന്നും കൊതുപ്പിക്കുന്ന ആ സുന്ദര ദ്വീപിലേക്ക്‌ അടുക്കുകയാണ്…. എന്നും സ്വപ്നമായി കൊണ്ട് നടന്ന അതെ ദ്വീപ്…. St. Marys Island…
Malpe യിൽ നിന്നും ബോട്ടിൽ വേണം ദ്വീപിൽ എത്താൻ, adult ന് 250, കുട്ടികൾക്കും സീനിയർ citizen നും 150 ഉം എന്നിങ്ങനെയാണ് നിരക്കുകൾ… ഏകദേശം 30 പേർ ടിക്കറ്റ് എടുത്താൽ ബോട്ട് പുറപ്പെടും ആദ്യം വലിയ ബോട്ടിൽ കൊണ്ട് പോയ ശേഷം ചെറിയ ബോട്ടിൽ ആക്കി ആണ് ദ്വീപിൽ എത്തിക്കുന്നത്….അങ്ങനെ ടിക്കറ്റും വാങ്ങി ദ്വീപിലേക്ക്‌…

ഇന്ന് ഞാൻ പൊളിക്കും… ഇനി പിക്ചർ ബാക്കി കഥകൾ പറയും…… അങ്ങനെ ഒരു മൂന്നാലു മണിക്കൂർ ദ്വീപിൽ ചിലവഴിച്ചു…. ഓടിനടന്നു ചറപറാ പോട്ടം പിടുത്തം…ക്യാമറ എങ്ങോട്ട് വെച്ചാലും സൂപ്പർ ഫ്രെമുകൾ മാത്രം…. ഇടയ്ക്കു ദാഹിച്ചു പരവശനായപ്പോൾ നല്ല സ്റ്റൈലൻ കണ്ണട ചേച്ചി സംഭാരം മുതൽ ഫ്രൂട്ട് സാലഡ് വരെ റെഡി ആക്കുന്നു…. 30 കൊടുത്തു ഫ്രൂട്ട് കട്ട്‌സ്‌ ഒന്നു വാങ്ങി റിലാക്സ് ആക്കി…. നല്ല തെളിനീർ വെള്ളത്തിൽ ചാടുന്ന ആൾക്കാരെ കണ്ടപ്പോൾ മനസ്സിനൊരു പൂതി…. പക്ഷെ ജീൻസ് ഇട്ടു ചാടിയാൽ സീൻ കോൺട്രാ ആകുമെന്ന് ഉറപ്പായപ്പോൾ ബെർമൂഡ കാരനെ കണ്ടു ആവശ്യം അറിയിച്ചപ്പോൾ 120 തന്നിട്ട് മുത്തു പൊളിക്കാൻ പറഞ്ഞു….. 😀😀😀അങ്ങനെ അർമാദിച്ചു നിക്കുമ്പോൾ സെക്യൂരിറ്റീസ് ചുണ്ടിൽ വിസിൽ വെച്ച് ഒരുമാതിരി കള്ളമാരെ പിടിക്കാൻ വരും കണക്കെ അലറി.

പിന്നെ മതിയാക്കി ദ്വീപിനോട് വിടപറഞ്ഞു. ഇനി കുറച്ചു നേരം മാൽപെ ബീച്ചിൽ ആവാം എന്നു കരുതി തെണ്ടിത്തിരിഞ്ഞു നടന്നപ്പോൾ ദാ പോകുന്നു ഒരു കുതിരക്കാരൻ… ഒരു റൈഡ് കിടക്കുമാ എന്നൊന്ന് തട്ടി…. 100 റുപ്പീസ് എന്നൊരു റീപ്ലേയും… 50 ൽ പിടിച്ചു നോക്കി…എവിടെ നിന്നില്ല…. 100 കീശയിൽ വെച്ചാൽ കുതിരപ്പുറത്തു കേറാൻ പറ്റുമോ എന്നൊരു ചിന്ത വന്നതേ ഉള്ളൂ ചേട്ടാ ഒന്നു താങ്ങിക്കൊ ഇതിന്റെ പുറത്തൊന്നു കേറട്ടെ….അങ്ങനെ രാജാവിനെ പോലെ കുതിരപ്പുറത്തിരുന്നപ്പോൾ പെട്ടന്ന് നുമ്മ മമ്മൂക്ക തകർത്തഭിനയിച്ച ‘പഴശ്ശിരാജ’ കഥാപാത്രം എന്നിൽ കയറിപോലെ….അധിക സാഹസത്തിനു നിന്നാൽ പന്തികേടാണെന്നുള്ളത് അറിയാവുന്നതിനാൽ റൈഡ് മതിയാക്കി…. അല്ല… 100 ന്റെ കോട്ട കഴിഞ്ഞതാ
തിരികെ ഉടുപ്പിക്കു ബസ് കേറി അവിടെ നിന്നും മംഗളുരു വരെ ബസിൽ…..തീവണ്ടി തപ്പി നോക്കിയപ്പോൾ അങ്ങോട്ട്‌ പോയ അതെ മാവേലി തന്നെ ഉണ്ടെന്നു മനസ്സിലായി…. നേരെ കൗണ്ടറിൽ ചെന്ന് മുട്ടിപ്പറഞ്ഞു ഒരു സ്ലീപ്പർ കറന്റ്‌ റിസർവേഷൻ….. നടക്കില്ല വേണേൽ സെക്കന്റ്‌ ക്ലാസ്സ്‌ എടുത്തു തൃപ്തിയടയാൻ എന്നുള്ള മുഖഭാവം കൌണ്ടർ ചേട്ടന്റെ മുഖത്ത് മിന്നിമറഞ്ഞു……ങ്ങാഹ്….എടുക്കൊരെണ്ണം എന്നു ഞാനും…. വൈകിട്ട് 5.45 ന് എടുത്തു കാലത്തു 4.55 ന് വണ്ടി കായംകുളം സ്റ്റേഷൻ പിടിച്ചു… ബെർത്തിൽ സുഖനിദ്രയും…..

ഞായർ പോയി ബുധൻ രാവിലെ വീടത്തി… എങ്ങനെ ഹരിച്ചു ഗുണിച്ചിട്ടും ചിലവെല്ലാം ഉൾപ്പടെ Rs..1184/- Only

Kayamkulm-kannur= 130
Kannur (local include auto-80)
Cnr-Udupi = 95
Uduppi – malpe= 18
Malpe- uduppi = 10
Udupi- mangalore= 66
Mangalore- Kayamkulm=135
Petrol= 100
Food+other = 550/-

COMMENTS

WORDPRESS: 0
DISQUS: 0