ചെലവ് ചുരുക്കിയുള്ള ആന്തമാന്‍ യാത്ര ഭാഗം II
ഭാഗം ഒന്ന് ഇവിടെ വായിക്കാം
ആന്‍ഡമാനില്‍ വന്നിറങ്ങി ആദ്യം സന്ദര്‍ശിച്ചത് റോസ് ഐലന്‍ഡായിരുന്നു. ബാംബൂ ഫ്ലാറ്റ് ഐലന്‍ഡിലുള്ള ഇക്കാന്റെ വീട്ടില്‍ ഉച്ചയൂണും കഴിച്ചിരിക്കെ ഞങ്ങടെ തേടി ആ സന്തോഷ വാര്‍ത്ത എത്തി. വൈകിട്ടത്തെ റോസ് ഐലന്‍ഡിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് ഉള്ള ടിക്കറ്റും ബോട്ടും ഞങ്ങള്‍ക്ക് ഫ്രീയായി കിട്ടിയിട്ടുണ്ടെന്ന്. ടിക്കറ്റ് കൗണ്ടറിലെ ജോലിക്കാരന് ഇക്കാന്റെ ഫ്രണ്ട് ആണ് ആള് മുഖാന്തരം റോസ് ഐലന്‍ഡിലെ എല്ലാ കാര്യങ്ങളും സെറ്റ് ആയിട്ടുണ്ട്. വൈകിട്ട് 3 മണിക്ക് ഞങ്ങളോട് റെഡിയായി ഇരിക്കാന്‍ പറഞ്ഞു.
ആന്‍ഡമാനില്‍ നല്ല മഴയുള്ള സമയത്ത് ആയിരുന്നു ഞങ്ങളുടെ യാത്രാ ഷെഡ്യൂള്‍ ഓണം വെക്കേഷനില്‍ മുന്‍ പ്ലാനിങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ ഇറങ്ങി തിരിച്ച ഞങ്ങള്‍ക്ക് മാക്സിമം കാണാന്‍ പറ്റിയ സഥലങ്ങള്‍ സാഹചര്യത്തിന് അനുസൃതമായി കാണുക എന്ന ലക്ഷ്യം മാത്രമം മനസ്സില്‍ കരുതി യാത്ര തിരിച്ചത് . അത് കൊണ്ടായിരിക്കും ലക്ഷ്യങ്ങള്‍ക്ക് പിറകെ പോവാതെ തേടി വരുന്ന കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ ഈ യാത്രയിലുടനീളം സാധിച്ചത്.
ബാംബൂ ഫ്ലാറ്റ് ഐലന്‍ഡിലെ ഇക്കാന്റെ വീട്ടില്‍ നിന്ന് 30രൂപ ഓട്ടോ ചാര്‍ജ് ഉണ്ട് ബാംബൂ ഫാറ്റ് ജെട്ടിയിലേക്ക്, അവിടുന്ന് ഫെറിയില്‍ 15 മിനുട്ട് യാത്ര ചെയ്തു ചാത്തം ചെട്ടിയിലെത്തി, ഇനി ഇവിടുന്ന് കുറച്ച് നടക്കാന്‍ തീരുമാനിച്ചു. വൈകിട്ട് 4 മണിക്ക് റോസ് ഐലന്‍ഡിലേക്കുള്ള ബോട്ട് പിടിക്കാന്‍ രാജീവ്ഗാന്ധി വാട്ടര്‍സ്പോര്‍ട്സ് കോംപ്ലക്സിലെ ബോട്ട് ജെട്ടിയിലേക്ക് നടന്നു
നോര്‍ത്ത് ബേ, റോസ്, വൈപ്പര്‍ തുടങ്ങിയ ഐലന്‍ഡിലേക്കുള്ള ബോട്ട് സര്‍വീസുകളാണ് ഈ ബോട്ട് ജെട്ടിയില്‍ നിന്നും പോവുന്നത് ഒട്ടുമിക്ക സര്‍വീസുകളും സ്വകാര്യ കമ്പനികളുടെയാണ്. ടൂറിസം ആന്ഡമാനിന്റെ പ്രധാന വരുമാനമാര്‍ഗം ആയത് കൊണ്ട് എങ്ങു നോക്കിയാലും ടൂറിസ്റ്റുകളുടെ തിരക്ക് ആണ്. പ്രത്യേകിച്ച് ഓണം വെക്കേഷന് ആയതിനാല്‍ മലയാളി ടൂറിസ്റ്റുകളെയാണ് കൂടുതലായി ഇവിടെ കാണാന്‍ കഴിഞ്ഞത് .
ടൂറിസത്തിന്റെ എല്ലാ മേഖലയിലും സ്വകാര്യ പങ്കാളിത്തം ആണ് കൂടുതല്‍ അതിനാന് ജല ഗതാഗതത്തിന്റെ കാര്യത്തില്‍ അല്പം യാത്രാ ചിലവ് കൂടും. ഗവണ്മെന്റ് ഫെറികള്‍ക്ക് ഒരാള്‍ക്ക് 10 രൂപ ടിക്കറ്റ് ഉള്ളിടത്തേക്ക് പ്രൈവറ്റിനെ ആശ്രയിക്കുമ്പോള്‍ 200/300 ഒക്കെ ചെലവാക്കേണ്ടി വരുമെന്ന് സാരം. അതൊക്കെ വഴിയേ പറയാം.
ഞങ്ങളുടെ ഭാഗ്യമെന്ന് തോന്നുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ റോസ് ഐലന്‍ഡിലേക്കുള്ള ബോട്ട് സര്‍വീസ് നേവി നിര്‍ത്തി വെച്ചിരുന്നു . ഇന്നലെയാണ് വീണ്ടും പ്രവേശനനാനുമതി പുറപ്പെടുവിച്ചത്.
റോസ് ഐലന്‍ഡ് ഇന്ത്യന്‍ നേവിയുടെ കീഴിലായത് കൊണ്ട് സന്ദര്‍ശകാരായി വരുന്ന സഞ്ചാരികള്‍ക്കും, മറ്റു സ്പെഷ്യല്‍ പെര്മിഷന് എടുത്തു വരുന്നവര്‍ക്കും മാത്രമേ പ്രവേശനനാനുമതി ഒള്ളൂ എന്നാണറിയാന്‍ കഴിഞ്ഞത്. ദ്വീപിന് ചുറ്റിലും നേവല്‍ ഫോഴ്സ് സ്ഥാനമുറപ്പിച്ചു കിടപ്പുണ്ട്. രാത്രി ആയാല്‍ ഈ ഐലന്‍ഡില്‍ നൈറ്റ് ഡ്യൂട്ടിക്കാര്‍ ഒഴികെ ആരെയും ഇവിടെ തങ്ങാന്‍ അനുവദിക്കില്ല. ഇടക്ക് ഐലന്‍ഡിലേക്ക് സന്ദര്‍ശകര്‍ക്കും പ്രവേശനം നിഷേധിക്കാറുണ്ടത്രെ .
സെല്ലുലാര്‍ ജയിലിന് അഭിമുഖമായാണ് റോസ് ഐലന്‍ഡ് നിലനില്‍ക്കുന്നത്. അതിനൊരു പ്രധാന കാരണവും കൂടിയുണ്ട് ( സെല്ലുലാര്‍ ജയിലിനെ കുറിച്ച് മറ്റൊരു ഭാഗത്തില്‍ വിശദമായി എഴുതാം അപ്പോള്‍ മനസ്സിലാകും സെല്ലുലാര്‍ ജയിലും റോസ് ഐലന്‍ഡ് തമ്മിലുള്ള ബന്ധമെന്തെന്ന് ) ബോട്ട് റോസ് ഐലന്‍ഡ് ലക്ഷമാക്കി നീങ്ങി…. ചെറിയ തോതില്‍ മഴയും കാറ്റും അടിക്കാന്‍ തുടങ്ങി… ഇക്ക പറയുന്നുണ്ടായിരുന്നു നല്ല മഴ ആണേല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കില്ലെന്ന്.. മഴ പെയ്യരുതെന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍…. !! പതിനഞ്ചു മിനുറ്റിനകം ബോട്ട് റോസ് ഐലന്‍ണ്ട് ജെട്ടിയോട് അടുത്തു. സുരക്ഷാപരിശോധനയ്ക്കു ശേഷം ദ്വീപിലേക്ക് പ്രവേശിച്ചു.
ചെക്കിങ് കഴിഞ്ഞു അകത്തോട്ട് കയറിയാല്‍ ആദ്യം കാണാന്‍ കഴിയുന്നത് ജപ്പാനീസ് ബങ്കര്‍ ആണ്
1942 ലെ രണ്ടാം ലോക മഹായുദ്ധ സമയത്ത് ജപ്പാനീസ് സേന നിര്‍മിച്ച ബങ്കറാണിത് , ശത്രുവിന്റെ കണ്ണില്‍ പെടാതെ ഒളിച്ചിരുന്ന് വെടിവെക്കാനായി ചെറിയ ദ്വാരങ്ങളുണ്ട് ഈ ബങ്കറില്‍ . ഇതിനകത്ത് കയറിയാണ് ജപ്പാനീസ് സേന കടലിലൂടെ റോസ് ഐലന്‍ഡ്ലേക്ക് വരുന്ന മറ്റു ശക്തികളെ വെടി വെച്ചിട്ടിരുന്നത്.
വീണ്ടും മുമ്പോട്ട് നടക്കുമ്പോള്‍ റോസ് ഐലന്‍ഡിന്റെ ചരിത്രം എഴുതിവെച്ച ബോര്‍ഡുകള്‍ കാണാം . ‘പാരീസ് ഓഫ് ദ ഈസ്റ്റ്’ എന്നായിരുന്നു റോസ് ഐലന്‍ഡിന്റെ പഴയ വിളിപ്പേര് . ഒരു പാശ്ചാത്യന്‍ നഗരത്തിന്റെ തലയെടുപ്പ് റോസിനുണ്ടായിരുന്നു. ജനറേറ്ററുകള്‍ സ്ഥാപിച്ച് കൊണ്ട് രാത്രിയെ പ്രകാശപൂരിതമാക്കിയിരുന്ന ഈ നഗരം പോര്ട്ട്ബ്ലെയറില് നിന്ന് നോക്കുമ്പോള്‍ ഒരു വലിയ കപ്പല്‍ കടലില്‍ നങ്കൂരമിട്ടതായിട്ടേ തോന്നൂ.
മാനുകള്‍ യഥേഷ്ടം വിളയാടുന്ന റോസ് ഐലന്‍ഡ് ചുറ്റിക്കാണാന്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തോട് ഇണങ്ങി സ്വസ്ഥമായി റോസ് ഐലന്‍ഡ് കാഴ്ചകള്‍ കാണണമെങ്കില്‍ ഒരു ആറു മണിക്കൂര്‍ സമയം വേണ്ടി വരുമെന്ന് തോന്നുന്നു .. അത് കഴിഞ്ഞു രാത്രിയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൂടി കണ്ടിറങ്ങുമ്പോള്‍ മനസ്സിലാകും റോസ് ഐലന്‍ഡ്നെ ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തിയതെങ്ങനെ എന്ന്.
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടങ്ങാന്‍ ഒരുമണിക്കൂര്‍ കൂടെ സമയം ബാക്കി കിടപ്പുണ്ട് റോസ് ഐലന്‍ഡ് മൊത്തത്തിലൊന്ന് നടന്നു തന്നെ കാണാമെന്ന് തീരുമാനിച്ചു . ഇടതു വശത്തെ നടപ്പാതയിലൂടെ വീണ്ടും മുന്നോട്ടു നടന്നു, ഐലണ്ടിന്റെ മനോഹരമായ ഒരു ബീച്ച് കാണുന്നു, തൊട്ടടുത്തായി വേരുകള്‍ അള്ളിപ്പിടിച്ച ഒരു പഴയ ബില്‍ഡിങിന്റെ അവശിഷ്ടങ്ങള്‍ കടലെടുത്തു കൊണ്ടിരിക്കുന്നു……കുറച്ച് സമയം കടല്‍ വെള്ളത്തില്‍ കാല് നനച്ചു തിരികെ വന്ന വഴിയിലൂടെ റോസ് ഐലണ്ടിന്റെ കുന്നിന് മുകളിലേക്ക് നടപ്പ് തുടര്‍ന്നു….
മുമ്പോട്ട് നടക്കുമ്പോള്‍ നിറയെ മാനും, തെങ്ങുകളും, പനമരങ്ങളും ചെറിയ ചെറിയ കൂടാരങ്ങളും കാണാന്‍ കഴിയുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കുറേ കെട്ടിടങ്ങള്‍, ദ്രവിച്ചു കൊണ്ടിരിക്കുന്ന അവയുടെ അവശിഷ്ടങ്ങള്‍… പഴയ ഓരോ കെട്ടിടങ്ങളുടെ ചുവരിലൂടെയും വേരുകള്‍ ആലിംഗനം ചെയ്തു കിടക്കുന്ന വന്മരങ്ങള്. ഒരു സുവര്‍ണ്ണ കാലഘട്ടത്തെയാണ് ആ കെട്ടിടങ്ങളും മരങ്ങളും പ്രതിനിധാനം ചെയ്യുന്നത് ! .ചുരുക്കി പറഞ്ഞാല്‍ ഒരു പ്രേത ബംഗ്ലാവില്‍ എത്തിയ ഒരു പ്രതീതി ഉണ്ട് .
ഓരോ കെട്ടിടങ്ങള്‍ക്ക് അടുത്ത് അതെന്തായിരുന്നു വെന്ന് എഴുതി വെച്ചിട്ടുണ്ട്.. ബ്രിട്ടീഷുകാരുടെ അഡ്മിനിസ്ട്രേറ്റ് ഓഫീസ്, ഡാന്‍സ് ഹാള്‍, സ്വിമിങ് പൂള് അവരുടെ കോര്‍ട്ട്, ടെന്നീസ് ഹാള്‍, തുടങ്ങിയ ഒട്ടേറെ കാഴ്ചകള്‍ കണ്ടു കൊണ്ട് റോസ് ഐലന്‍ഡ്ന്റെ ഏറ്റവും ഉയര്‍ന്ന പ്രതലത്തിലെത്തി, ഇവിടെ കടലില്‍ കപ്പലുകള്‍ക്ക് നെങ്കൂരമിടാന് ഉപയോഗിക്കുന്ന ഒരു കൊളുത്തും വൃത്താകൃതിയിലുള്ള ഒരു മൈതാനവും കാണുന്നുണ്ട്, ഇവിടെയാണ് ബ്രിട്ടീഷുകാര്‍ ഹെലിപ്പാഡ് ആയി ഉപയോഗിച്ചിരുന്നത്. ഇനി അവിടുന്നങ്ങോട്ട് പടവുകള്‍ താണ്ടി താഴോട്ടു ഇറങ്ങി ചെന്നാല്‍ ബംഗാള്‍ കടലില്‍ സ്ഥാനമുറപ്പിച്ച ഒരു സായിപ്പിന്റെ പ്രതിമയും ലൈറ്റ് ഹൗസും ഇവിടെ കാണാം. ആ കാഴ്ചകളെല്ലാം കണ്ടു തീര്ത്തപ്പഴേക്കും സൂര്യന് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെന്നസ്തമിച്ചിരിക്കുന്നു..
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോക്ക് അരങ്ങൊരുങ്ങി കാണും. താണ്ടിയ പടവുകളിലൂടെയും പിന്നിട്ട നടവഴികളിലൂടെയും ശരവേഗത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സ്റ്റേജിലേക്ക് ഞങ്ങള്‍ കുതിച്ചു. ഷോ തുടങ്ങി മിനുട്ടുകള്‍ പിന്നിട്ടിരിക്കുന്നു എല്ലാവരും നിശബ്!ദതയോടെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആ സദസ്സിലേക്ക് ഞങ്ങള്‍ നാലു പേരും ഊളിയിട്ടു.
1858 വരെ കാടുപിടിച്ചു കിടന്ന റോസ് ഐലന്‍ഡ്, സെല്ലുലാര്‍ ജയില്‍ നിര്‍മ്മിക്കപ്പെട്ടതോടെ റോസ് ഐലന്‍ഡിനെ ആന്‍ഡമാനിലെ തങ്ങളുടെ ആസ്ഥാനമാക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. അങ്ങനെയാണ് ഒരു നഗരത്തിന്റെ പിറവി എടുക്കുന്നത്. !!!
റോസ് ഐലന്‍ഡ് ആന്‍ഡമാനിലെ ബ്രിടീഷുകാരുടെ സ്വപ്ന നഗരിയായി.
1941 വരെ ആരും കൊതിച്ചു പോകുന്ന ഒരു സ്വപ്ന നഗരമായിരുന്നു, റോസ് ഐലന്‍ഡ്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് പരിപാലിച്ച ഒരു സ്വപ്നനഗരം. ഇവിടെ ഇല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റ്, ആശുപത്രി, ഗവണ്മെന്റ് ഹൗസ് , ഉദ്യാനങ്ങള്‍ , സൈനികത്താവളം, ലൈറ്റ്ഹൗസ്, പ്രിന്റിങ്പ്രസ്, കമ്മീഷണര്‍ സായ്വിന്റെ ബംഗ്ലാവ്, മാര്‍ക്കറ്റ്, ഷോപ്പുകള്‍, കാഴ്ചബംഗ്ലാവ്, ബേക്കറി, ബാര്‍, ഡാന്‍സ് റൂമുകള്‍, കോര്‍ട്ട്, കാരാഗൃഹം , കഴുമരം, ക്ലബ് ഹൗസ്, പള്ളി , സെമിത്തേരി, വാട്ടര്‍ ട്രീറ്റ്മെന്റ് ഹൗസ്, നീന്തല്‍ക്കുളം, ടെന്നീസ് കോര്‍ട്ട്, ക്രിക്കറ്റ് പിച്ച്,……മറ്റനേകം ചെറിയ ബംഗ്ലാവുകള്‍, ഇങ്ങനെ സ്വയം പര്യാപ്തമായ ഒരു സിറ്റിയായിരുന്നു റോസ് ഐലന്‍ഡ്.
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ റോസ് ഐലന്‍ഡ്ന്റെ എല്ലാ ചരിത്രവും നിശബ്ദതയോടെ വീക്ഷിക്കുകായാണ് ആളുകള്‍. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം കൊണ്ട് പുളകിതമായ സദസ്സില്‍ തെല്ല് ഭയവുമില്ലാതെ നമ്മളൊക്കെ ഇതെത്ര കേട്ടതാ എന്ന മട്ടില്‍ ശ്രോദ്ധാക്കളിരിക്കുന്ന സദസ്സിലേക്ക് ഈ രാത്രിയിലും ഇതിനിടയിലേക്ക് മാനും, മുയലും കയറിവരുന്നുണ്ട്…. ആളുകള്‍ അതൊന്നും വകവെക്കാതെ ഷോയില്‍ മുഴുകിയിരിക്കുകയാണ്.
ബ്രിട്ടീഷ് നേവിയുടെ ക്യാപ്റ്റന്‍ ഡാനിയേല്‍ റോസിന്റെ പേരിട്ട ഈ റോസ് ദ്വീപിലേക്ക് ആദ്യത്തെ കമ്മീഷണറും ആന്‍ഡമാന്റെ ഭരണാധികാരിയുമായ ബ്രിട്ടീഷ് രാജ്ഞിയുടെ ഉദ്യോഗസ്ഥന് എത്തിയത് 1872 ലാണ്. അന്നു തൊട്ട് രണ്ടാം ലോക യുദ്ധം വരെ 24 ഓളം കമ്മീഷണര്‍മാര്‍ ഈ ദ്വീപില്‍ കൊന്നും കൊലവിളിച്ചും, ക്രൂരതകാട്ടിയും സുഖലോലുപതയിലൂടെ രാജകീയ ജീവിതം നയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രഡുകളും, ബേക്കറികളും ഇവിടെ ഉണ്ടാക്കിയിരുന്നു . നീന്തല്‍കുളത്തില്‍ വെള്ളക്കാര്‍ നീന്തിത്തുടിച്ചും, ഡാന്‍സ് ക്ലബ്ബില്‍ ആടിത്തിമിര്‍ത്തും, ക്ലബ്ബ് ഹൗസില്‍ ബെര്‍ത്ത്ഡേ പാര്‍ട്ടികളും മദ്യസല്‍ക്കാരങ്ങളും അരങ്ങേറി…. ബ്രിട്ടനിലെ ആഡംബര മന്ദിരങ്ങളെ പോലും തോല്‍പ്പിക്കുന്ന വിധത്തിലാണ് റോസ് ഐലന്‍ഡിലെ കെട്ടിടങ്ങള്‍ പോലും രൂപകല്പന ചെയ്തതും നിര്‍മ്മിച്ചതും. സര്‍വ്വ സുഖസൗകര്യങ്ങളോട് കൂടെ അവര്‍ നാളുകള്‍ തള്ളിനീക്കി.
അങ്ങിനെ 1941ല്‍ ജാപ്പനീസ് പട്ടാളം ആന്‍ഡമാനെ കീഴടക്കിയപ്പോള്‍ അവസാന കമ്മീഷണറായിരുന്ന ഫ്രാന്‍സിസ് വാട്ടര്ഫോളിന് രക്ഷപ്പെടാനായില്ല. വാട്ടര്ഫോളിനെ ജപ്പാന്‍കാര്‍ പിടികൂടി പോര്‍ട്ട്ബ്ലെയര്‍ മാര്‍ക്കറ്റിലെ ക്ലോക്ക് ടവറിനു മുന്നില്‍ വെച്ച് തലയറുത്തു . പോര്ട്ട്ബ്ലെയറില് ബ്രിഷുകാര്‍ നിര്‍മിച്ച എഛ് എം ടി ക്ളോക്ക് ടവര്‍ ഇന്നും അവിടെ കാണാനാകും. മുന്‍സിപ്പല്‍ ഇന്നും അതിനെ പരിപാലിച്ചു പോകുന്നു .
വീണ്ടും മൂന്ന് വര്‍ഷക്കാലം ജാപ്പനീസ് പട്ടാളക്കാരും ഉദ്യോഗസ്ഥരും റോസ് ഐലന്‍ഡില്‍ സുഖ ജീവിതം ആഘോഷിച്ചു. ഗവര്‍മെന്റ് ഹൗസ് ജാപ്പനീസ് അഡ്മിറലിന്റെ ഓഫീസായി പ്രവര്‍ത്തിച്ചു . ഇക്കാലയളവില്‍ ആന്‍ഡമാനില്‍ വന്നിറങ്ങിയ നേതാജി സുഭാഷ്ചന്ദ്രബോസ് റോസ് ഐലന്‍ഡില്‍ ഒരു ദിവസം തങ്ങുകയും ഗവര്‍മെന്റ് ഹൗസിനു മുന്നില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുകയും ചെയ്തു .സുഭാഷ്ചന്ദ്രബോസ് വന്നിറങ്ങിയ പോര്‍ട്ട്ബ്ലെയറിലെ ആ മൈതാനം സുഭാഷ്പാര്‍ക്ക് എന്നാണറിയപ്പെടുന്നത്.
ബ്രിട്ടീഷുകാരുടെ പ്രത്യാക്രമണം ഏതു നിമിഷവും ഉണ്ടാവുമെന്ന ഭയത്താല്‍ ജപ്പാന്‍കാര്‍ റോസ് ഐലന്‍ഡിനു ചുറ്റും ഭൂഗര്‍ഭ ബങ്കറുകള്‍ തീര്‍ത്ത് സുരക്ഷയൊരുക്കി . ജപ്പാന് പിടിച്ചടക്കിയിട്ട് മാസങ്ങള്‍ തികയാത്ത റോസ് ഐലന്‍ഡിനെ പ്രകൃതി മറ്റൊരു വിധത്തില്‍ പരീക്ഷിക്കുകയായിരുന്നു.
അതിശക്തമായ ഭൂകമ്പത്തില്‍ റോസ് ഐലന്‍ഡിനു പിടിച്ചു നില്ക്കാനായില്ല റോസ് ഐലന്‍ഡ് പാടെ തകര്‍ന്നടിഞ്ഞു. ഒന്നോ രണ്ടോ കെട്ടിടങ്ങളൊഴികെ ബാക്കിയെല്ലാം നിലംപരിശായി. അങ്ങനെ കോട്ട കൊത്തളങ്ങള്‍ നിലം പൊത്തിയ റോസ് ഐലന്‍ഡ് ഒരു പ്രേതഭൂമിക്ക് സമാനമായി മാറി.
ഇന്ത്യന്‍ സ്വതന്ത്രത്തിനു ശേഷം 1979ല്‍ ഇന്ത്യന്‍ നേവി റോസ് ഐലന്‍ഡിനെ ഏറ്റെടുത്തു. മാനുകളെയും മയിലുകളെയും ദ്വീപിലേക്ക് തുറന്നുവിട്ടു. ആര്‍ക്കും പ്രവേശനാനുമതി ഇല്ലാതിരുന്ന ദ്വീപിലേക്ക് 90 കള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു.
രണ്ടു വൈദേശിക ആധിപത്യം നിലയുറിപ്പിച്ച ദ്വീപിലെ ചരിത്രസ്മരണകള്‍ ഓരോന്നും കണ്ണിനും കാതിനും കുളിര്മയേകുന്ന രീതിയിലുള്ള ഷോ അവസാനിക്കാറായപ്പോള്‍ ഒരു നിമിഷം ആ കിരാതകരെ തുരുത്തിയ ജാപ്പനീസുകാരോട് ഒരിഷ്ടം തോന്നി.. പിന്നീട്, കുറഞ്ഞ സമയം മാത്രം പിടിച്ചടിക്കിയ ജാപ്പാനീസുകാര്‍ വെള്ളക്കാരേക്കാള്‍ എത്രയോ ഭീകരരായിരുന്നു വെന്നത് മറ്റൊരു വശം.
റോസ് ഐലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും ഇവിടുത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മിസ്സ് ചെയ്യരുത്…. ഐലന്‍ഡ്ലെ മനോഹര കാഴ്ചകള്‍ക്കപ്പുറം റോസ് എന്തായിരുന്നുവെന്ന് ആ ഷോയിലൂടെ കാണുമ്പോള്‍ മനസ്സിലാകും. ചരിത്രം പിറന്ന മണ്ണില്‍ ചരിത്രത്തോട് ഇഴകിയിരിക്കുമ്പോള് ഒരു കഥ പറഞ്ഞു തരുന്ന മുത്തശ്ശിയുടെ കഥ കേള്‍ക്കാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ലാഘവത്തോടെ നമ്മള് ഇരുന്നു പോകും.
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കഴിഞ്ഞു, തിരികെ രാജീവ് ഗാന്ധി ജെട്ടിയിലേക്ക് ബോട്ട് കയറി. ഇനി തിരികെ വീട് പിടിക്കണം, നാന്നായൊന്ന് മയങ്ങേണ്ടതുണ്ട്….പുലര്‍ച്ചെ റഫീഖ് ഇക്കാ വണ്ടി കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്. നാളെത്തെ യാത്ര കുറച്ച് ദുര്‍ഘടം പിടിച്ചതാണ്. ദ്വീപ് സമൂഹത്തിലെ കാടകങ്ങളിലൂടെയുള്ള ഒരു യാത്രയ്ക്കു വേണ്ടിയുള്ള തെയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞു സ്വസ്ഥമായൊന്ന് മയങ്ങി.
COMMENTS