ആന്‍ഡമാന്‍ കാടുകളിലൂടെ

ആന്‍ഡമാന്‍ കാടുകളിലൂടെ

കുറെ അധികം ജറാവകളെയും കണ്ടു കൊണ്ട് കിലോമീറ്ററുകള്‍ കാട്ടിലൂടെയുള്ള യാത്ര ചെന്നെത്തിയത് ആന്‍ഡമാനിന്റെ ഏകദേശം മധ്യഭാഗത്ത് ഉള്ള മിഡില്‍ സ്‌ട്രൈറ്റ് ജെട്ടിയിലേക്ക് . ഇനി ഇവിടുന്ന് നിലമ്പൂര്‍ ജെട്ടിയിലേക്ക് ഫെറി പിടിക്കണം കോണ്‍വെയ് വന്നിറങ്ങുന്ന സമയമായത് കൊണ്ട് ജെട്ടിയില്‍ നല്ല ആള്‍ തിരക്കുണ്ട്.
അങ്ങിനെ ഫെറി കയറി നിലമ്പൂര്‍ ജെട്ടിയില്‍ എത്തി.

– ആന്‍ഡമാന്‍ യാത്ര – ഭാഗം III

ആന്‍ഡമാനെക്കുറിച്ച് പലരും ധരിച്ചിരിക്കുന്നത് നഗ്‌നരും നരഭോജികളുമായ ആദിവാസികളുടെ നാട് എന്നായിരിക്കാം . എന്നാല്‍ ആദിവാസികളേക്കാള്‍ ഉപരി ഒട്ടനവധി കാഴ്ചകള്‍ ഉള്‍കൊള്ളുന്ന ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിലേക്ക് സഞ്ചരികളായി എത്തുന്നവരില്‍ അധികപേരും ഒഴിവാകാത്ത ഒരു കിടിലന്‍ യാത്രയുണ്ട്. ബാരാടന്‍ യാത്ര.

പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് ദിഗ്‌ലിപൂര്‍ വരെ നീളുന്ന ഒരു ഹൈവേയുണ്ട് ( ഗ്രാന്റ് ട്രങ്ക് റോഡ് ), ഈ റോഡ് കടന്നു പോകുന്നത് ജറാവകളുടെ വാസസ്ഥലമായ നിബിഢ വനത്തിലൂടെയാണ്. അതുകൊണ്ട് തന്നെ പ്രത്യേക അനുമതിയോടെ വേണം ഇതുവഴി സഞ്ചരിക്കാന്‍ .ദിവസത്തില്‍ മൂന്ന് പ്രാവശ്യം കോണ്‍വോയ് ആയി മാത്രമേ വാഹനങ്ങള്‍ ഇതു വഴി കടത്തിവിടുകയൊള്ളൂ . ഭാഗ്യമുണ്ടെങ്കില്‍ ആ യാത്രയ്ക്കിടെ ജറാവകളെയും കാണാം.

മിഡില്‍ സ്‌ട്രൈറ്റ് ജെട്ടി വരെ നീണ്ടു കിടക്കുന്ന കാടും ആ കാട്ടിലെ ജാറാവകളെയും കാണാന്‍ ആകാംഷയോടെ കാലത്ത് നാല് മണിക്ക് ഞങ്ങള്‍ റെഡിയായി ഇരുന്നു. അധികം വൈകാതെ തന്നെ തലേന്ന് പറഞ്ഞുറപ്പിച്ച റേറ്റിന് ഡ്രൈവര്‍ റഫീക്ക് ഇക്ക അവരുടെ കാറുമായി എത്തി. റോഡിന്റെ ശോചനീയാവസ്ഥ കാരണമാണ് നേരത്തെ യാത്ര തിരിച്ചത് . ഞങ്ങള്‍ നാല് പേരെയും കൂടാതെ വണ്ടിയില്‍ ഇക്കയും ഇക്കയുടെ മോനും ഈ യാത്രയില്‍ ഞങ്ങള്‍ക്ക് കൂട്ടുണ്ട് .

ഒരു ദ്വീപിലൂടെയാണ് സഞ്ചരിച്ചു പോകുന്നതെന്ന് തോന്നില്ല, ചുറ്റിലും ഇടതൂര്‍ന്ന മരങ്ങള്‍ അതിരിടുന്ന റോഡിലൂടെയാണ് ഇപ്പോള്‍ യാത്ര…. ഇടയ്ക്കിടെ കൃഷി ചെയ്യുന്ന വയലുകളും, കമുകിന്‍ തോട്ടങ്ങളും ഈ യാത്രയിലുടനീളം കാണാനാകും. ആന്‍ഡമാനിന്റെ പ്രധാന വൃക്ഷങ്ങളില്‍ ഒന്നായ പടോക്ക് മരങ്ങള്‍ വഴിയരികില്‍ നിന്നും മുറിച്ചു മാറ്റിയതിന്റെ ശിഷ്ട ഭാഗങ്ങള്‍ ഇന്നും കിടപ്പുണ്ട് . വേരോടെ പിഴുതെറിയാത്ത പടോക്ക് മരത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ വര്‍ഷങ്ങളോളം ചിതലരിച്ചു നശിക്കാതെ മണ്ണിലങ്ങനെ കിടക്കുമെത്ര. നമ്മുടെ നാട്ടില്‍ തേക്കിനും ഇരൂളിനും, പ്ലാവിനും, വാഗക്കുമൊക്കെ ഡിമാന്റ് ആണെങ്കില്‍ ആന്‍ഡമാനിന്‍ ഈ മരങ്ങള്‍ക്കൊന്നും ഡിമാന്റ് ഇല്ല, പകരം പടോക്ക് മരങ്ങളാണ് അവര്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

കയറ്റവും ഇറക്കവും വൃത്തി കുറഞ്ഞ റോഡുകളുമൊക്കെ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ യാത്ര ചെയ്യുന്ന അതെ അനുഭവമാണ് ഇവിടെയും ഫീല്‍ ചെയ്യുന്നത്. ചിലയിടത്തൊക്കെ ശരിയാവണ്ണം റോഡില്ലെന്ന് തന്നെ പറയാം. മുഴുനീളം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലെ ഓരോ ഗട്ടറും കട്ട്‌ചെയ്തു കൊണ്ടാണ് ഡ്രൈവര്‍ വണ്ടിയോടിക്കുന്നത് ഓരോ കുഴിയും സശൂക്ഷ്മം ചാടിച്ചു പോകുമ്പഴേക്കും ബാരാടണ്‌ലേക്കുള്ള ആദ്യ കോണ്‍വെയ് കടന്നു പോയിട്ടുണ്ടാകും. അതുകൊണ്ട് ആറുമണിക്ക് മുന്‍പേ ചെക്ക്‌പോസ്റ്റിലെത്താന്‍ വേണ്ടി ഡ്രൈവര്‍ നല്ല വേഗതയിലാണ് കുണ്ടും കുഴിയും ചാടിച്ചു പോകുന്നത്… ചെക്ക് പോസ്റ്റ് വരെയുള്ള കുറച്ചു കിലോമീറ്ററുകള്‍ യാത്ര വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു.

ഒന്നര മണിക്കൂര്‍ യാത്രക്കൊടുവില്‍ ബാരാടണ്‌ലേക്കുള്ള വഴിയിലെ ആദ്യത്തെ ചെക്ക്‌പോസ്റ്റില്‍ ഞങ്ങളെത്തി. അതിരാവിലെ തന്നെ ഒത്തിരി വാഹനങ്ങള്‍ ക്യുവില്‍ ഇടം പിടിച്ചിട്ടുണ്ട്, ഒരു ബസ്സിന് പിറകിലായി ഡ്രൈവര്‍ വണ്ടി ഒതുക്കി നിര്‍ത്തിയിട്ട് ഡാഷ് ബോര്‍ഡില്‍ നിന്ന് ഒരു ഫോം എടുത്തു തന്നു. യാത്രക്കാരുടെ പേരും നമ്പറും ആധാര്‍ / ഐഡി നമ്പറും ഫോമില്‍ ഫില്‍ ചെയ്തു കോണ്‍വെ കടന്നു പോകുന്ന ചെക്ക് പോസ്റ്റില്‍ ഈ ഫോം ഏല്‍പ്പിക്കണമത്രെ.

ഫോമെല്ലാം ഫില്‍ ചെയ്തു, ഡ്രൈവര്‍ ചെക്ക് പോസ്റ്റിലേക്ക് നടന്നു, ചെക്ക് പോസ്റ്റ് വിട്ടു കഴിഞ്ഞാല്‍ കടകമ്പോളങ്ങള്‍ ഒന്നും തന്നെ ഇല്ല. പുലര്‍ച്ചെ ഇറങ്ങിയതിനാല്‍ വിശപ്പിന്റെ ഉള്‍വിളി കേട്ടു തുടങ്ങി. തൊട്ടടുത്ത ഷീറ്റ് മേഞ്ഞ ചായക്കടയില്‍ കയറി ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റും കഴിച്ചു .കൂടെ കുറച്ചു സ്‌നാക്ക്‌സും കയ്യില്‍ കരുതി. കുറച്ചു സമയങ്ങള്‍ക്കു ശേഷം ചെക്ക് പോസ്റ്റ് തുറന്നു.. പതിയെ ഓരോ വാഹനങ്ങളും നിരനിരയായി മുമ്പോട്ട് നീങ്ങി കൊണ്ടിരിന്നു.

പൊതുവെ ജാറാവകള്‍ ഒഴികെയുള്ള ആദിവാസികള്‍ നരഭോജികളാണെന്നാണ് എല്ലാവരും കരുതുന്നത്. സത്യത്തില്‍ ആദിവാസി ഗോത്രങ്ങള്‍ നിരവധി ഉണ്ടെങ്കിലും അവരാരും ഇതുവരെ മനുഷ്യമാംസം ഭക്ഷിക്കുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല . എന്നാല്‍, തങ്ങളുടെ അധീനതയിലേക്ക് കടന്നു വരുന്ന അപരിചിതരെ കണ്ടാല്‍ വിഷം പുരട്ടിയ അമ്പെയ്തു കൊല്ലാന്‍ മിക്ക ഗോത്രക്കാര്‍ക്കും അന്നും ഇന്നും ഒരു മടിയുമില്ല,

പരിഷ്‌കൃത ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിവാസി സമൂഹം ഇന്നും ആന്‍ഡമാന്‍ ദ്വീപുകളിലുണ്ട്. സെന്റിനല്‍ എന്ന ഗോത്രത്തില്‍പ്പെടുന്ന ആദിവാസികളാണ് അവര്‍. നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞ ഈ ആദിമ മനുഷ്യര്‍ പുറം ലോകത്തിനു മുന്നില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത അവര്‍ സെന്റിനല്‍ എന്ന ദ്വീപില്‍ മൃഗങ്ങളെ വേട്ടയാടിയും മീന്‍പിടിച്ചും കഴിഞ്ഞു കൂടുന്നു, ഇക്കൂട്ടരാണ് ആദിവാസികള്‍ക്കിടയിലെ അപകടകാരികള്‍ എന്ന് പറയാവുന്നത്.

സെന്റിനല്‍സ് ഒഴിച്ച് നീഗ്രിറ്റോ വിഭാഗത്തില്‍ പെടുന്ന ജറാവകള്‍ ഇന്ന് ഏറെക്കുറേ പരിഷ്‌കൃത ലോകവുമായി ഇണങ്ങിക്കഴിഞ്ഞു. ആന്‍ഡമാന്‍ ദീപ് സമൂഹത്തിലെ ആദിവാസികള്‍ പ്രധാനമായും രണ്ട് വിഭാഗക്കാരാണ് ഒന്ന് നെഗ്രിറ്റോ വര്‍ഗ്ഗക്കാരും രണ്ട് മംഗളോയിഡ് വര്‍ഗ്ഗക്കാരുമാണ്. .

ഗ്രേറ്റ് ആന്‍ഡമാനീസ്, ഓങ്‌ഗേ, ജറാവ, സെന്റിനലീസ് എന്നീ ആദിവാസികളാണ് നെഗ്രിറ്റോ വംശത്തില്‍ പെടുന്നത്. ഇവര്‍ 60,000 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്ന് കുടിയേറിയതാണെന്നു കരുതപ്പെടുന്നു. ഷോംപെന്‍, നിക്കോബാറീസ് എന്നീ വര്‍ഗ്ഗക്കാര്‍ മംഗളോയിഡ് വംശത്തിലും പെടുന്നു. ഇവര്‍ മലേഷ്യ, മ്യാന്‍മാര്‍ തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായിരിക്കണം എത്തിയത്.

മംഗളോയിഡ് വംശത്തില്‍ പെട്ട നിക്കോബാറികളാണ് കാടുവിട്ട് നാട്ടിലെത്തിയവരില്‍ മുന്‍പന്തിയില്‍. പോര്‍ട്ട്ബ്‌ളയര്‍ ടൗണിലൊക്കെ ഇവരെ കാണാം . ഇവരെ നമ്മുക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയും മംഗോളിയന്‍ ഛായ മാത്രമല്ല ഇവരുടെ പ്രത്യേകത, സാമാന്യത്തിലധികം വലിയ താടിയെല്ലുകളും മൂക്കുമൊക്കെയുണ്ടാകും ഇക്കൂട്ടര്‍ക്ക്. പരിഷ്‌കൃതരായത് കൊണ്ട് പോര്‍ട്ട്‌ബ്ലെയറിലെ ഗവര്‍മെന്റ് സര്‍വീസില്‍ വരെ ഇന്ന് ഇവരുണ്ട്.

ബ്രിട്ടീഷുകാര്‍ ആന്‍ഡമാനിലെത്തും വരെ ഗ്രേറ്റ് ആന്‍ഡമാനി ഗോത്രക്കാരുടെ ആധിപത്യം ആയിരുന്നു ദീപ് മുഴുക്കെയും പിന്നീടുള്ള ഇവരുടെ കഥ വളരെ പരിതാപകരമായിരുന്നു. ആന്‍ഡമാനിന്റെ തനത് സംസ്‌കാരം മുറുകെപ്പിടിച്ച് നൂറ്റാണ്ടുകളോളം ഇവര്‍ ജീവിച്ചു. ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ ദ്വീപുകള്‍ പിടിച്ചടക്കാന്‍ വന്നപ്പോള്‍ തുരത്തിയോടിച്ചതും ഈ ആന്‍ഡമാനികള്‍ തന്നെ ആയിരുന്നു .

നീണ്ട അറുപത് വര്‍ഷക്കാലം ആന്‍ഡമാനികള്‍ പോര്‍ട്ട്‌ബ്ലെയറിനെ ബ്രിട്ടീഷ് സ്പര്‍ശമേല്‍ക്കാതെ കാത്തുസൂക്ഷിച്ചു. പക്ഷെ 1858 ല്‍ ബ്രിട്ടീഷ് പട്ടാളം സര്‍വസന്നാഹങ്ങളോടെയും ആഞ്ഞടിച്ചു. വിഷം പുരട്ടിയ അമ്പുകളും കുന്തങ്ങളുമേന്തി അവര്‍ ബ്രിട്ടീഷുകാരുടെ തോക്കിനു മുമ്പില്‍ പോരാടി.

കൃത്യമായ ആസൂത്രണത്തോടെയാണ് ആന്‍ഡമാനികള്‍ യുദ്ധം ആരംഭിച്ചത്, ചതിയും ചാരപ്പണിയുമായിരുന്നു ഏതൊരു സാമ്രാജ്യത്തിന്റെയും വീഴ്ചക്ക് ആധാരമായിരുന്നതെങ്കില്‍ അത് ഇവിടെയും ആവര്‍ത്തിച്ചു. യുദ്ധത്തിന് മുന്‍പ് ദുധന്ത് തിവാരിയെ പോലുള്ള ചാരന്മാര്‍ ആന്‍ഡമാനികള്‍ക്കിടയില്‍ സൗഹൃദം നടിച്ച് കടന്നുകൂടിയിരുന്നു. യുദ്ധം കനക്കവേ, ചാരന്മാര്‍ ഗ്രിയേറ്റ് ആന്‍ഡമാനികളുടെ എല്ലാ യുദ്ധരഹസ്യങ്ങളും ബ്രിട്ടീഷുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തു. യുദ്ധത്തില്‍ കാടിന്റെ മക്കള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. യുവാക്കളെല്ലാം തോക്കുകള്‍ക്കിരയായി.അങ്ങിനെ പോര്‍ട്ട്‌ബ്ലെയറില്‍ ബ്രിട്ടീഷ് പതാക ഉയരുകയും ആന്ഡമാനെന്ന ദ്വീപ് സമൂഹം സൂര്യനസ്തമിക്കാത്ത സാമ്രാജത്വത്തിന്റെ കാല്‍ ചുവട്ടിലുമായി .

ആന്‍ഡമാനികള്‍ വീണ്ടും ആഞ്ഞടിക്കുമോ എന്ന ഭയം ബ്രിട്ടീഷുകാരെ ആസ്വസ്ഥരാക്കി അവര്‍ പുതിയ കരുക്കള്‍ നീക്കി. മദ്യവും കറുപ്പും സ്ഥിരമായി നല്‍കികൊണ്ടിരുന്നു, കൂട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ കടത്തിവിട്ടു ആന്‍ഡമാനികളെ ഓരോന്നായി കൊന്നൊടുക്കി. ആന്‍ഡമാനികളുടെ അംഗ സംഘ്യ നാള്‍ക്കു നാള്‍ കുറഞ്ഞു കൊണ്ടിരുന്നു. അതോടെ മുഖ്യ ദ്വീപായ പോര്‍ട്ട്‌ബ്ലെയര്‍ വിട്ട് അവര്‍ സ്‌ട്രെയ്റ്റ് ഐലന്‍ഡിലേക്ക് താമസം മാറ്റി. നാമമാത്രമായ ജനസംഖ്യയുമായി അവര്‍ ഇന്നും സ്‌ട്രെയ്റ്റ് ഐലന്‍ഡില്‍ കഴിയുന്നുണ്ട്.
ബാരാടന്‍ലേക്കുള്ള യാത്രക്കിടെ അവരുടെ ഫോട്ടോ എടുക്കാനോ അവര്‍ക്ക് ആഹാരമോ മറ്റെന്തെങ്കിലും നല്‍കാനോ ഒന്നും പാടില്ല എന്നാണ് വ്യവസ്ഥ. അഥവാ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷത്തെ തടവും പിഴയും ഒടുക്കേണ്ടി വരും.

ചെക്ക് പോസ്റ്റ് കഴിഞ്ഞ ഉടനെ വീണ്ടും കാട് കണ്ടു തുടങ്ങി. ഇനി ഇവിടന്നങ്ങോട്ട് ഏതു നിമിഷവും ജാറാവകളെ കാണാമെന്ന പ്രതീക്ഷയോടെ ഞങ്ങളിരുന്നു. ക്ഷമയോടെ വഴിയരികിലേക്ക് കണ്ണും നട്ടിരിക്കുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഡ്രൈവര്‍ അവരുടെ കഴിഞ്ഞ തവണത്തെ ബാരാടണ്‍ ട്രിപ്പിലെ ജറാവകളെ കണ്ട തള്ള് തുടങ്ങി…തള്ളി തള്ളി ജറാവകളുടെ അമ്പ് കഴുത്തില്‍ വെച്ച കഥ വരെ എത്തി.

കഥ തീര്‍ന്നില്ല അതിനു മുമ്പേ റോഡ്‌സൈഡിലായി കുറച്ച് ജറാവകകള്‍ അമ്പും വില്ലുമായി ഇരിക്കുന്നത് കണ്ടു. നല്ല കറുകറുത്ത നിറം, ഉയരം കൂടിയ ശരീരം.പക്ഷെ ഡ്രസ്സ് ധരിച്ചിരിക്കുന്നു. എനിക്ക് കൗതുകം തോന്നി. നമ്മുടെ വയനാട്ടിലും ഇടുക്കിയിലും നിലമ്പൂര്‍ ഏരിയകളിലൊക്കെ പരിഷ്‌കൃതരായ ആദിവാകളെ കണ്ടിട്ടുണ്ട് . മുമ്പൊക്കെ ആന്തമാനെ കുറിച്ചറിഞ്ഞിടത്തോളം നഗ്‌നരായ ആദിവാസികളെയാണ് ഓര്‍മ്മവന്നത്. ഇതെന്ത് ആദിവാസികള്‍ നിറവ്യത്യാസവും കാട്ടിലെ ജീവിതവുമാണ് അവരും നമ്മളും തമ്മില്‍ പ്രഥമദൃഷ്ടിയില്‍ കാണുന്ന വിത്യാസം.

സംശയം തോന്നി ഡ്രൈവറോട് ചോദിച്ചു ?. ആന്‍ഡമാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കി ഇവരുടെ കാര്യങ്ങള്‍ അറിയാനും മറ്റും ആളുകളെ ഏല്‍പ്പിച്ചിട്ടുണ്ടെത്രെ. ഇതിനിടെ ഒരു ബൈക്കുകാരന്‍ ഞങ്ങളുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തു പോയി. ഇതുവഴി ബൈക്ക് കടത്തി വിടില്ലത്രെ ഇക്ക പറയുന്നുണ്ട് അവന്‍ ആദിവാസികളുടെ ആളായിരിക്കുമെന്ന്, അല്ലാതെ ജറാവകള്‍ക്ക് പരിചിതരായ ഫോറെസ്റ്റുകാരോ പോലീസുകാരോ അല്ലാതെ ബൈക്കുമായി ആരും ഇതു വഴി കടന്നു പോകില്ലന്ന് .

യാത്ര ഏറെ ദൂരം പിന്നിട്ടപ്പോള്‍ റോഡ് ബ്ലോക്കില്‍ കുരുങ്ങി, എല്ലാ വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ഒഴികെ ആരും വണ്ടിയില്‍ നിന്ന് ഇറങ്ങുന്നത് കാണുന്നില്ല. ജറാവകള്‍ ആക്രമിക്കുമെന്ന ഭയം കൊണ്ടായിരിക്കും !. രണ്ടു മണിക്കൂറിലധികം സമയം ബ്ലോക്കില്‍ കുടുങ്ങിയ വണ്ടിയിലെ ഇരുപ്പ് സഹികെട്ടു കുറച്ചു സമയം ഞാന്‍ പുറത്തിറങ്ങി നിന്നു. വണ്ടി വിട്ടുപോയ ഡ്രൈവര്‍ തിരികെ എത്തി. ഒത്തിരി മുമ്പിലായി വഴിയില്‍ വലിയൊരു മരം വീണു കിടപ്പുണ്ടത്രെ അതാണ് വണ്ടികളൊക്കെ ബ്ലോക്ക് ആവാനുള്ള കാരണം, ഇനി യാത്ര തുടരണമെങ്കില്‍ ഫോറെസ്റ്റ് കാര്‍ എത്തി വീണുകിടക്കുന്ന മരം മുറിച്ചു മാറ്റിയാലെ രക്ഷയൊള്ളൂ. കാത്തിരുപ്പ് തുടങ്ങി വേറെ രക്ഷയില്ലല്ലോ.

റഫീഖ് ഇക്ക പറഞ്ഞു വേഗം വണ്ടിയില്‍ കയറി ഇരിന്നോ കുറേ ഒരുപാട് ജറാവകള്‍ പുറകില്‍ നിന്ന് വരുന്നുണ്ട് .കേട്ട പാതി ഞാന്‍ പെട്ടൊന്ന് വണ്ടിയില്‍ കയറി ഡോറടച്ചു. ഞങ്ങളുടെ കാറിന്‍ പിറകിലായി കിടക്കുന്ന നാലഞ്ച് വാഹനങ്ങള്‍ക്ക് പിറകില്‍ ഒരു ലോറി കിടപ്പുണ്ട്, ആ ലോറിയില്‍ ജറാവകളെല്ലാം കയറിക്കൂടി പാട്ടും ബഹളവുമായി അടിച്ചു പൊളിക്കുവാണ് …. ഒരു നിമിഷം ബാംബൂ ബോയ്‌സ് സിനിമയാണ് ഓര്‍മ്മ വന്നത് . പക്ഷെ അവരുടെ ആഘോഷം കാണാന്‍ നമ്മുക്ക് ആര്‍ക്കും അടുത്ത് ചെല്ലാന്‍ കഴിയില്ല. പരിചിതരല്ലാത്തവര്‍ അവരുടെ മുമ്പിലെത്തിയാല്‍ അവരെങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ചിലപ്പോള്‍ അമ്പെയ്ത് കൊന്നു കളഞ്ഞെന്നും വരും. സമയം വീണ്ടും കടന്നു പോയി…

കാത്തിരിപ്പിന് വിരാമമെന്നോണം റോഡിലെ മരം ജറാവകളെയും കൂട്ട് പിടിച്ചു ഫോറെസ്റ്റുകാര്‍ മുറിച്ചു മാറ്റി യാത്ര സുഗമമായി മുന്നോട്ട് നീങ്ങി.
കുറെ അധികം ജറാവകളെയും കണ്ടു കൊണ്ട് കിലോമീറ്ററുകള്‍ കാട്ടിലൂടെയുള്ള യാത്ര ചെന്നെത്തിയത് ആന്‍ഡമാനിന്റെ ഏകദേശം മധ്യഭാഗത്ത് ഉള്ള മിഡില്‍ സ്‌ട്രൈറ്റ് ജെട്ടിയിലേക്ക് . ഇനി ഇവിടുന്ന് നിലമ്പൂര്‍ ജെട്ടിയിലേക്ക് ഫെറി പിടിക്കണം കോണ്‍വെയ് വന്നിറങ്ങുന്ന സമയമായത് കൊണ്ട് ജെട്ടിയില്‍ നല്ല ആള്‍ തിരക്കുണ്ട്. അങ്ങിനെ ഫെറി കയറി നിലമ്പൂര്‍ ജെട്ടിയില്‍ എത്തി.

ബാരാടന്‍ യാത്രയില്‍ കാടും, ജറാവകളും മാത്രമല്ല ഇനി ഇവിടന്നങ്ങോട്ടുള്ള യാത്രയിലുള്ളത്. മെയിന്‍ ജെട്ടിയായ നിലമ്പൂര്‍ ജെട്ടിയില്‍ നിന്ന് ബോട്ട് എടുത്തു Mangro Walk ( കണ്ടല്‍ തുരുത്ത്. ), Limestone cave ( ചുണ്ണാമ്പ് ഗുഹ ). Mud volcano . പാരറ്റ് ഐലന്‍ഡ് തുടങ്ങിയ സ്ഥലത്തേക്ക് പോകാം. പാരറ്റ് ഐലന്‍ഡില്‍ കണ്ടല്‍ കാടിന് മുകളില്‍ വൈകിട്ട് നിരനിരയായി നിറയെ തത്തകള്‍ വന്നിരിക്കുന്ന മനോഹരമായ കാഴ്ചയും , സണ്‍ സെറ്റ് കാണാവുന്ന മറ്റൊരു ബീച്ചും ഉണ്ട്. ഇവ രണ്ടിലൊട്ടും വൈകിട്ട് മാത്രമേ ബോട്ട് സര്‍വീസ് ഉള്ളൂ.

സമയക്കുറവ് കാരണം അത് രണ്ടും ഒഴിവാക്കി കണ്ടല്‍ തുരുത്തും ചുണ്ണാമ്പ് ഗുഹയും കാണാനായി തലക്ക് 700 രൂപ വെച്ച് ബോട്ടിന് ടിക്കറ്റ് എടുത്തു . അരമണിക്കൂര്‍ ബോട്ട് യാത്ര ചെന്നെത്തിയത് മനോഹരമായ ഒരു കണ്ടല്‍ തുരുത്തില്‍ ആയിരുന്നു. കണ്ടല്‍ കാടിനു മുകളിലൂടെ സഞ്ചാരികള്‍ക്ക് വേണ്ടി തടിയില്‍ തീര്‍ത്ത നടപ്പാത ഒരുക്കിയ ആന്‍ഡമാന്‍ ടൂറിസം നല്ലൊരു അനുഭവമേകി. കുറച്ചു മുമ്പോട്ട് നടന്നാല്‍ തടിപ്പാത അവസാനിക്കുന്നിടത് നിന്ന് ഒന്നര കിലോമീറ്റര്‍ കൂടി നടന്നാല്‍ ചുണ്ണാമ്പ് ഗുഹയിലെത്താം.

തിമിര്‍ത്തു പെയ്യുന്ന മഴയോടൊപ്പം നടപ്പ് തുടര്‍ന്നു…. വയല്‍ വരമ്പിലൂടെ നടന്നു ആന്‍ഡമാനികളുടെ പരമ്പരാഗത കുടിലിനു അടുത്തുകൂടെ നടന്നു നടന്നു ചെറിയൊരു കാടിന്റെ പ്രതീതി ഉളവാക്കുന്ന കാനന വഴികളിലൂടെയായി പിന്നെ നടത്തം. മഴ വീണ്ടും ശക്തി പ്രാപിച്ചു. അല്പസമയം വഴിയോരത്തെ ഷെഡില്‍ കയറി നിന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള ഏഷ്യയിലെ ഏറ്റവും വലുതെന്ന് പറയാവുന്ന ബാരാടന്‍ലെ ചുണ്ണാമ്പ് ഗുഹ വിത്യസ്ഥാനുഭവം ആയിരുന്നു. കാഴ്ചകള്‍ കണ്ടു തിരികെ ബോട്ട് കയറി നിലമ്പൂര്‍ ജെട്ടിയിലേക്ക് അവിടുന്ന് ഫെറി പിടിച്ചു മിഡില്‍ സ്‌ട്രൈയ്റ്റ് ജെട്ടിയിലേക്ക്.

മിഡില്‍ സ്‌ട്രൈയ്റ്റ്‌ലെത്തിയപ്പോള്‍ ആണ് അറിയുന്നത് ഇനി അടുത്ത കോണ്‍വെയ് 3 മണിക്കാണെന്ന്. നിലമ്പൂര്‍ ജെട്ടിയില്‍ നിന്ന് പാര്‍സല്‍ വാങ്ങിച്ച ഊണും കഴിച്ചിരിക്കെ കുറച്ചു സമയം പോസ്റ്റായി ഇരിക്കുമ്പോഴാണ് ആ കാഴ്ച്ച കണ്ടത്. ദൂരെയായ് ഒത്തിരി ആദിവാസി കുടിലുകള്‍, അതിനടുത്തായി കണ്ടല്‍ കാടൊഴിഞ്ഞ മൈതാനത്ത് ജാറാവകള്‍ ഫുട്‌ബോള്‍ കളിക്കുന്നു. ജീവിതം കാട്ടിലാണെങ്കിലും സാധാരണ മനുഷ്യരെ പോലെ അവരും മാറിയിട്ടുണ്ട്.

ജാറാവകളും ആന്‍ഡമാന്‍ ടൂറിസത്തിന്റെ ഭാഗമായിട്ടുണ്ട്… അവരെ പൊതു സമൂഹത്തിനു മുമ്പില്‍ കാണിക്ക വെച്ചു നടത്തുന്ന ടൂറിസം ലോക വ്യാപകമായി എതിര്‍പ്പ് ഉയരുന്നുണ്ട് .പക്ഷെ അതിനേക്കാള്‍ വലിയ വിപത്തെന്തെന്നാല്‍ പരിഷ്‌കൃതരായ ജനങ്ങളുമായുള്ള ഇവരുടെ സഹവാസം മൂലം പകര്‍ച്ചവ്യാധി പിടിപെട്ട് ജറാവകളുടെ നാശത്തിനും കാരണമായി തീര്‍ന്നേക്കാം .

പടിഞ്ഞാറന്‍ ചക്രവാളത്തിലെ ആദിത്യന്‍ ചുവന്നു തുടുത്തു ബംഗാള്‍ കടലിലേക്ക് ഊളിയിട്ടു. ഇരുട്ടു വീണ വഴിയിലൂടെ മധ്യ ആന്‍ഡമാനില്‍ നിന്ന് കിഴക്കിന്റെ നഗരിയിലേക്ക് ശരവേഗം ഞങ്ങളെയും കൊണ്ട് കാര്‍ പാഞ്ഞു. നേരം ഒന്ന് ഇരുട്ടി വെളുത്തിട്ടു വേണം ആന്‍ഡമാനിലെ മനോഹരമായ മറ്റൊരു ദ്വീപിലെ ബീച്ചുകള്‍ക്കോരം ചെന്ന് ഒരുദിവസം ചിലവഴിക്കാന്‍.

തുടരും

COMMENTS

WORDPRESS: 0
DISQUS: 0