ഉദയാസ്തമയ ദൃശ്യങ്ങൾ വളരെ മനോഹരമായി കാണാൻ കഴിയുന്ന ആൻഡമാൻ ദ്വീപ് സമൂഹത്തിലെ ഒരു കൊച്ചു തുരുത്താണ് നീൽ ഐലൻഡ്. പോർട്ട്ബ്ലെയറിൽ നിന്ന് അകലെയാണെങ്കിൽ പോലും വളരെ എളുപ്പത്തിൽ എത്തി ചേരാൻ കഴിയുന്ന രണ്ടു ദ്വീപുകൾ ആണ് ഒന്ന് ഹാവ്ലോക് ഐലൻഡും, മറ്റൊന്ന് നീൽ ഐലൻഡും.
ഉച്ചയോട് കൂടെ വെസലിൽ ഹാവ്ലോക്ക് ഐലൻഡിൽ നിന്നും നീൽ ഐലൻഡിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു . നീൽ ഐലൻഡ് എത്തുമ്പോൾ തന്നെ കടൽ നീല നിറമായി കണ്ടു തുടങ്ങി.
ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ നീൽ ഐലൻഡ് ജെട്ടിയിൽ ഞങ്ങൾ കാല്കുത്തി.
തെളിമയാർന്ന ആൻഡമാൻ കടൽ തീരത്തെ നീൽ ജെട്ടിയുടെ പണികൾ തകൃതിയായി നടക്കുന്നു. പകുതി പാലങ്ങൾ ഇപ്പോഴും പണിതു കൊണ്ടിരിക്കുകയാണ് . വളരെ മനോഹരമായ നീൽ തീരത്തിലെ ജലത്തിലൂടെ നീന്തി തുടിക്കുന്ന വർണ്ണ മത്സ്യങ്ങൾ കണ്ണിനെ വിരുന്നൂട്ടി കൊണ്ടിരുന്നു ….മനസ്സ് മന്ത്രിക്കുകയാണ് ഇതു തന്നെയാകും ആൻഡമാനിലെ കൊച്ചു സ്വർഗമെന്ന് !!.
തെക്കൻ ആന്ഡമാനിന്റെ ഭാഗമായ നീൽ ദ്വീപ് സമൂഹത്തിന്റെ ഒരു ഭാഗം റോസ് ദ്വീപിൽ നിന്നും, ഹാവ്ലോക്ക് ദ്വീപിൽ നിന്നും വേർതിരിക്കുന്നു, ഹാവ്ലോക്ക് സന്ദർശിക്കുന്ന സഞ്ചാരികളിൽ പലരും നീൽ ദ്വീപിലേക്ക് ഒരു ദിവസം യാത്ര ചെയ്യാറുണ്ട് . അതിനു മാത്രം നീലിന് എന്ത് പ്രത്യേകതയാണെന്ന് ഉള്ളതെന്ന് നോക്കാം.
ഭരത്പൂർ ബീച്ച്, സീതാപൂർ ബീച്ച്, ലക്ഷ്മൺപൂർ ബീച്ച് എന്നീ മൂന്ന് മണൽ ബീച്ചുകളാണ് ഈ ദ്വീപിന്റെ ഏറ്റവും ആകർഷകമായ സവിശേഷത. നെൽകൃഷി മൂലം വനമേഖല ഗണ്യമായി കുറഞ്ഞുവെങ്കിലും ദ്വീപിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തെ ഒരു ഭാഗം ഇന്നും സജീവമായി സംരക്ഷിക്കപ്പെടുന്നുണ്ട്
വനമേഖല നഷ്ടപ്പെട്ടിടത്തോക്കെ ഇന്ന് കൃഷിയിടങ്ങൾ കാണാം… ആൻഡമാൻ ദ്വീപുകളിലെ മിക്ക പ്രദേശങ്ങളിലേക്കും പച്ചക്കറി വിതരണം ചെയ്യുന്ന പ്രധാന ദ്വീപ് ആയതിനാൽ “ആന്ഡമാനിന്റെ പച്ചക്കറി തോട്ടമെന്നു നീലിനെ വിശേഷിപ്പിക്കാം. രാത്രി ചന്തയിൽ വരെ പച്ചക്കറി വിപണി പൊടി പൊടിക്കുന്നത് കാണാം.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഏറ്റവും മികച്ച പവിഴങ്ങളുള്ളതും ഇവിടെയാണ്. വൈവിധ്യമാർന്ന മത്സ്യങ്ങൾ,…വർണ്ണാഭമായ പവിഴങ്ങൾ…. നീല ജലം… വ്യക്തമായ ദൃശ്യപരത…
വൃത്തിയുള്ള ബീച്ചുകളൊക്കെ ഉള്ള നീലിലെ ജലത്തിൽ സ്കൂബ ഡൈവിങ് പ്രേമികളെ ആകർഷിക്കാതിരിക്കില്ല. സ്കൂബ ഡൈവിംഗിൽ ഒരു കോഴ്സ് ചെയ്യാൻ പോലും സഹായിക്കുന്ന നിരവധി ഷോപ്പുകളും ഇവിടെ ഉണ്ട്.
വിസ്തൃതി കുറഞ്ഞ പ്രദേശമായതിനാൽ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന കാഴ്ച്ചകളാണ് നീലിലുള്ളത്. ഞങ്ങൾക്ക് വേണ്ടി ഹാവ് ലോക്ക് ബീച്ചിൽ 700 രൂപയ്ക്ക് കാർ ബുക്ക് ചെയ്തിരുന്ന ഇക്ക ഇവിടെയും അതുപോലൊരു കാർ സെറ്റ് ചെയ്തിരുന്നു… ഞങ്ങളത് വേണ്ടാന്നു വെച്ചു.
അതിനൊരു കാരണവും കൂടിയുണ്ട്…നീൽ ഐലൻഡിനെ കുറിച്ച് ചുമ്മാ നെറ്റിലൊന്ന് പരതി നോക്കി . കിലോമീറ്ററുകൾ മാത്രം ചുറ്റളവുള്ള നീൽ ഐലൻഡിൽ ബാക്ക്പേക്കർ ആയി വന്ന ഞങ്ങൾക്ക് ഒരു കാർ എടുത്തു കറങ്ങേണ്ട ആവശ്യം ഇല്ലതാനും .
നീൽ ഐലൻഡിൽ പ്രധാനമായും അഞ്ചു ബീച്ച് തീരങ്ങൾ ആണ് കാണാൻ ഉള്ളത്…
അതിൽ രണ്ടെണ്ണം ഉദയാസ്തമതയങ്ങൾ കാണാൻ കഴിയുന്ന ലക്ഷ്മണൻ പൂർ ബീച്ചും, മറ്റൊന്ന് സീതാപൂർ ബീച്ചും ആണ്. ബാക്കി മൂന്നെണ്ണത്തിൽ ഒന്ന് ജെട്ടിയോട് അടുത്ത് കിടക്കുന്നതും എന്നാൽ നല്ല രീതിയിൽ വാട്ടർ ആക്ടിവിറ്റികൾ നടത്താൻ കഴിയുന്നതുമായ ഭരത്പൂർ ബീച്ചും. മറ്റൊന്ന്, കോറൽസ് കൊണ്ട് പ്രകൃതി തീർത്ത ബീച്ച് no 2. അഥവാ ( നാച്ചുറൽ ബ്രിഡ്ജ് / ഹൗറ ബീച്ച് ) ആണ്. അടുത്തത് സാദാരണ ബീച്ച് ആയ രാംനഗർ ബീച്ചുമാണ് നീൽ ഐലൻഡിൽ ഉള്ളത്.
നീൽ ഐലൻഡ് യാത്രക്ക് ഒരുങ്ങുന്നവർ ഓർത്തിരിക്കേണ്ട വളരെ പ്രധാനപ്പെട്ട
ഒരു കാര്യമെന്തെന്ന് വച്ചാൽ. ആൻഡമാനിൽ പൊതുവെ നാലര ആകുമ്പോഴേക്കും നേരം പുലരും ( ഉദയം ആരംഭിക്കും )…. അതുപോലെ വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും (അസ്തമയവും ) നേരം ഇരുട്ടുകയും ചെയ്യും. നീൽ ഐലൻഡിലെ മാസ്മരിക കാഴ്ചകൾ എന്നു പറയുന്നത് തന്നെ ഉദയാസ്തമയമാണ്. അത് മിസ് ചെയ്താൽ പിന്നെ ബീച്ച് no 2 വിലെ നാച്ചുറൽ കാഴ്ചകളും
ഭാരത്പൂറിലെ വാട്ടർ സ്പോർട്സും മാത്രമായി ഒതുങ്ങി പോകും.
” പ്രകൃതി വിരിയിക്കുന്ന ക്യാൻവാസിലെ വർണ്ണ ചിത്രങ്ങൾ കാണാതെ നീൽ ഐലൻഡിലെ കാഴ്ചകൾ ഒരിക്കലും പൂർണ്ണമാവില്ല “. അതിനാൽ ഒരു ദിവസം ഷഹീദ് ദ്വീപെന്ന് പുനർ നാമകരണം ചെയ്തിട്ടുള്ള നീൽ ദ്വീപിൽ താമസിച്ചാൽ മാത്രമേ മേൽ പറഞ്ഞ കാര്യങ്ങൾ ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിയുക.
ജെട്ടിയിൽ വന്നിറങ്ങിയപ്പോൾ കണ്ട റെന്റൽ ലോബിയിൽ നിന്നും വിലപേശലുകൾക്കൊടുവിൽ 900 രൂപക്ക് 3 സ്കൂട്ടി വാടകക്കെടുത്തു. നേരെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന റൂമിലേക്ക് വണ്ടി വിട്ടു. ബാഗ് എല്ലാം റൂമിൽ ഇറക്കി വെച്ചു ലക്ഷ്മണൻ പൂർ ബീച്ചിലേക്ക് അസ്തമയം കാണാൻ വിട്ടു. ആകാശ ചെരുവുകളിൽ അന്തി ചുമപ്പിന്റെ ചെഞ്ചായം തെളിഞ്ഞു കിടക്കുന്നുണ്ട്… അസ്തമയ സൂര്യന്റെ പോക്കുവെയിലേറ്റ് തളർന്ന വൃക്ഷങ്ങൾക്കിടയിലൂടെ കണ്ണുപൊത്തി ഒളിക്കുന്ന ഒരു തരം പ്രകാശം വഴിയരികിലെങ്ങും ചിരിതൂകി നിൽക്കുകയാണ്.
ലക്ഷ്മൺപൂർ ബീച്ച്
നീൽ ഐലൻഡിലെ സുന്ദരിയാണ് ലക്ഷ്മൺപൂർ ബീച്ച്. ” V ആകൃതിയിലുള്ള ” ബീച്ചിലെ അസ്തമയ ദൃശ്യം വിവരണങ്ങൾക്ക് പോലും എഴുതി മുഴുവിപ്പിക്കാൻ കഴിയില്ല, അത്രയും മനോഹരം.
തെളിമയാർന്ന കടലിനു മുകളിൽ ഉദിച്ചുയർന്ന സൂര്യൻ കത്തിജ്വലിച്ച ഒരിടവേളക്ക് ശേഷം പടിഞ്ഞാറൻ സീമയിലോട്ട് വിശ്രമമേകാൻ തിടുക്കം കൂട്ടുമ്പോൾ ആകാശവും, കടലും ഒരുക്കിവെച്ച ദ്വിദീയ കാഴ്ചകളിൽ മുഴുകിയിരിക്കേ നാം കാണാതെ പോകുന്ന ഒന്നുണ്ട്, മേഘക്കീറുകളിൽ ഒളിപ്പിച്ചു വെച്ച ആ മാസ്മരിക കാഴ്ചകൾ നേരിൽ കണ്ടാസ്വദിക്കണം ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ തീരത്തിരുന്നു കൊണ്ട്.
ലക്ഷ്മൺപൂർ ബീച്ചിലെ വെള്ള മണലിൽ കുത്തിയിരുന്നു നല്ലൊരു അസ്തമയവും കണ്ട് കടലിൽ തിരമാലയോടൊപ്പം ആർത്തുല്ലസിച്ചും , സന്ധ്യ മയങ്ങുന്ന തീരത്തെ മനോഹാരിത നുകർന്നും ഞങ്ങൾ റൂമിലേക്ക് മടങ്ങി..
കടൽ വെള്ളത്തിൽ കുളിച്ച ഉപ്പിന്റെ സാന്ദ്രത കുറക്കാൻ വീണ്ടും റൂമിൽ ചെന്ന് ഒന്നൂടെ ഫ്രഷ് ആയി… അന്തിപ്പഷ്ണി മാറ്റാൻ ബൈക്ക് എടുത്തു ഒരു ഹോട്ടൽ തപ്പി ഇറങ്ങി… ഭക്ഷണമൊക്കെ കഴിച്ചു നേരെ… വിട്ടത് ബീച്ച് no 2 വിലേക്ക്. സ്വസ്ഥമായി ഈ രാത്രിയിൽ കുറച്ചു സമയം ബീച്ചിൽ ചെലവഴിക്കണം അതായിരുന്നു ഉദ്ദേശം !.
ഓടി ഓടി ബീച്ചിൽ എത്തിയപ്പഴാ അറിഞ്ഞത്, ഈ ബീച്ചിലേക്ക് രാത്രി പ്രവേശനമില്ലെന്ന്…
നിറയെ പാറക്കൂട്ടങ്ങളും , പവിഴങ്ങളും ധാരാളം ഉള്ള ബീച്ചിന്റെ ഓരം അത്ര സേഫ് അല്ലെന്ന് തോന്നുന്നു, അതായിരിക്കാം രാത്രിയിൽ പ്രവേശനം നിരോധിച്ചുള്ള ബോർഡ് വെച്ചിട്ടുള്ളതെന്ന് തോന്നുന്നു.
നേരെ റൂമിലേക്ക് തിരിച്ചു. പുറത്തു ലോഡ്ജ് നടത്തിപ്പുകാരൻ ഞങ്ങളെയും കാത്ത് നിൽക്കുന്നുണ്ട്.
സമയം ഒൻപതു മണി ആകുന്നു 9മണിക്ക് ലോഡ്ജിന്റെ ഫ്രണ്ട് ഗേറ്റ് പൂട്ടുമെന്ന് നടത്തിപ്പുകാരൻ ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നു.. കേട്ട പാതി റൂം ബോയെ വിളിച്ചു അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു സെറ്റാക്കി . 12 മണിക്ക് എത്താമെന്നും ഞങ്ങൾ വരുമ്പോൾ ഗേറ്റ് തുറന്നു തരണമെന്നും പറഞ്ഞു അവന്റെ നമ്പറും വാങ്ങി വെച്ചു. കൂടെ കുറച്ചു സ്നാക്ക്സും കയ്യിൽ കരുതി.
വണ്ടി അടുത്ത ലക്ഷ്യസ്ഥാനമായ സീതാപൂർ ബീച്ചിലേക്ക് കുതിച്ചു.
നഗരം കണ്ണടച്ചു തുടങ്ങി.. എങ്ങും ഇരുട്ട് വീണ വഴികൾ..പശുക്കളും, പട്ടികളും നടു റോഡിൽ കിടന്നുറങ്ങുന്ന വീഥികൾ . ഹോൺ അടിച്ചാലും വഴി മാറിതരാതെ ശാഠ്യം പിടിച്ചു കിടക്കുന്ന ഈ വഴിയിലൂടെ രാത്രിയിൽ അധികമാരും കടന്നു പോകില്ലെന്ന് തോന്നുന്നു. അങ്ങിനെ 7 കിലോമീറ്റർ സഞ്ചരിച്ചു സീതാപൂർ ബീച്ചിലെത്തി.
ഇരുട്ട് വീണു കിടക്കുന്ന ഇന്നീ നിശബ്ദതയിലും ആർത്തിരമ്പുന്ന തിരമാലകൾക്ക് എന്തെന്നില്ലാത്ത രൗദ്രഭാവമുണ്ട് !. ആളനക്കമില്ലാതെ ഈ തീരത്തിരുന്ന് പാതിരാ ചന്ദ്രനെയും കൂട്ട് പിടിച്ചു ചങ്കുകൾ ഓരോന്ന് തള്ളിമറിക്കുന്നത് സഹിക്കെട്ടിട്ടാണെന്ന് തോന്നുന്നു മിണ്ടാതിരുന്ന ഈ തീരത്തിന്റെ കാവൽക്കാരായ പട്ടികൾ വരെ ഓരിയിടാൻ തുടങ്ങി….
ഒത്തിരി ഓർമ്മകൾ സമ്മാനിച്ചു കൊണ്ട് അതിവേഗം സമയം ഞങ്ങളെയും കടന്നുപോയി …. സുന്ദരമായ ഈ നിമിഷവും കടന്നു പോയി. ഒന്ന് തല ചായ്ച്ചില്ലെങ്കിൽ നാളത്തെ സൂരോദ്യയം നഷ്ടമാകുമെന്ന് കരുതി സീതാപൂർ ബീച്ചിൽ നിന്നും ഞങ്ങൾ വിടവാങ്ങി…
ശേഷം ബാക്കി സ്ക്രീനിലെന്ന പോലെ തളളുകൾക്ക് റൂമിലെത്തിയിട്ടും ഒരു കുറവും ഉണ്ടായിരുന്നില്ല…തളളുകൾ കേട്ട് കൊണ്ടിരിക്കെ ഇതിനിടെ എപ്പഴാ ഒന്ന് മയങ്ങിയതെന്ന് ഓർമയില്ല. പിറ്റേന്ന് അതി രാവിലെ 4:15ന് തന്നെ എല്ലാവരും റെഡിയായി സീതാപൂർ ബീച്ചിലേക്ക് പോയി.
സീതാപൂർ ബീച്ച്
—————————–
സീതാപൂർ ബീച്ചിലെത്തി.. ചെറിയൊരു ചായക്കട തുറന്നിട്ടുണ്ട് ആളെണ്ണം ഓരോ കോഫിയും വാങ്ങി സൂര്യോദയത്തിനു വേണ്ടി കാത്തിരുപ്പായി.
നിർഭാഗ്യവശാൽ മഴ മേഘങ്ങൾ മൂടുപടമേന്തിയ ആൻഡമാൻ കടലിടുക്കിലൂടെ ഉദയസൂര്യനിന്ന് ഉദിച്ചുയർന്നില്ല….. ഉദയം പിറവി എടുക്കാത്ത ഒരു പ്രഭാതം പൊട്ടി വിടർന്നപ്പോൾ വളരെയധികം നിരാശ തോന്നി !!. നിരാശകളെല്ലാം കൈവെടിഞ്ഞോണ്ട് ഞങ്ങൾ സീതാപൂർ ബീച്ചിന്റെ ഓരങ്ങളിലൂടെ മുന്നോട്ട് നീങ്ങി… നല്ല മണലും ഉയരമുള്ള പാറകളും ഉള്ള മനോഹരമായ തീരം.
മനോഹരമായ കാഴ്ചകൾക്കൊപ്പം ഒരു പട്ടി ഞങ്ങളോടൊപ്പം കൂട്ട് കൂടി. ഫോട്ടോ പോസിങ്ങിനെല്ലാം അനുസരണയോടെ അവനിരുന്നു തന്നു. ഹാവ് ലോക്കിൽ നിന്ന് നീലിലേക്കുള്ള വെസൽ യാത്രയിൽ പരിചയപ്പെട്ട രണ്ടു ജർമൻ ബാക്ക്പാക്കേഴ്സിനെ ഈ തീരത്ത് വെച്ചു വീണ്ടും കണ്ടു മുട്ടി അവരോടൊപ്പം രണ്ടു പിക്കും കാച്ചി. കുറേയധികം സമയം സീതാപൂർ തീരത്ത് ചിലവിട്ടു. അടുത്ത സന്ദർശന സ്ഥലമായ ബീച്ച് no 2ലേക്ക് സ്കൂട്ടി കുതിച്ചു.
നാച്ചുറൽ ബ്രിഡ്ജ്
ബീച്ച് no 2.
———————-
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചെറിയൊരു ദ്വീപ് ആയ നീൽ ഐലൻഡിലെ മനോഹരമായ മറ്റൊരു തീരമാണ് ബീച്ച് no 2.നാച്ചുറൽ ബ്രിഡ്ജ് / ഹൗറ ബീച്ച് എന്നൊക്കെ അറിയപ്പെടുന്ന ഈ ബീച്ച്
ഒരു പാലം പോലെ രൂപംകൊണ്ട രണ്ട് പ്രകൃതിദത്ത കാഴ്ചകളാണ് ഇവിടെയുള്ളത്. ആദ്യകാലങ്ങളിൽ ദ്വീപിൽ സ്ഥിര താമസമാക്കിയ ബംഗാളികളാണ് പാറയ്ക്ക് രബീന്ദ്ര സേതു എന്നും പിന്നീട് ഹൗറ ബ്രിഡ്ജ് എന്നും വിളിച്ചിരുന്നത്. അവധിക്കാലം ആഘോഷിക്കാർ അനുയോജ്യമായ സ്ഥലമാണിത്. വേലിയേറ്റ സമയത്താണ് പാറക്ക് അടുത്തു വരെ പോയി കാണാൻ കഴിയും.
കോറൽസ്..ചെറിയ ചെറിയ കുഴികളിൽ നിറയെ പല വർണങ്ങളിൽ ഉള്ള മീനുകൾ, എവിടേക്ക് തിരിഞ്ഞാലും പുതിയ കാഴ്ചകൾ, കണ്ട കാഴ്ചകൾ വിവരിക്കാൻ പറ്റാത്തത്ര മനോഹരമായിരുന്നു. മതി വരുവോളം ആസ്വദിച്ചു തിരികെ നടന്നു
ആൻഡമാൻ സ്പെഷ്യൽ മിക്സഡ് പഴങ്ങൾ കഷ്ണങ്ങളായി മുറിച്ചു വിൽക്കുന്ന സ്റ്റാളുകൾ തുറന്നു തുടങ്ങുന്നതേ ഉള്ളൂ. വഴിയരികിൽ പ്രത്യേകം ബോർഡ് എഴുതി വെച്ചിട്ടുണ്ട്
നിങ്ങൾ കാഴ്ചകൾ കണ്ടു മടങ്ങുക ഓർമ്മകൾക്ക് വേണ്ടി ഈ തീരത്ത് നിന്നും ഒന്നും എടുത്തു പോകരുതെന്ന്.
വെയിലടിച്ചു തുടങ്ങിയിട്ടുണ്ട്…. 10 മണിക്കുള്ള പോർട്ട്ബ്ലയർ വെസൽ തീരത്തോട് അടുക്കും മുൻപ് ഭരത്പൂർ ബീച്ചും കൂടി സന്ദർശിക്കണം. കാലത്തെ ബ്രൈക് ഫാസ്റ്റും കഴിഞ്ഞു വണ്ടി നേരെ ജെട്ടിയുടെ അടുത്തുള്ള ഭരത്പൂർ ബീച്ചിലെത്തി.
ഭരത്പൂർ ബീച്ച്
—————————
ജെട്ടിയുടെ അടുത്താണ്..പല തരത്തിലുള്ള വാട്ടർ ആക്ടിവിറ്റീസ് ഭരത്പൂർ ബീച്ചിൽ നടക്കുന്നുണ്ട്.. രാവിലെ ഏഴു മുപ്പത് മുതൽ വൈകുന്നേരം മൂന്നു മുപ്പത് വരെ..അത് കൊണ്ട് തന്നെ അത്യാവശ്യം ആൾകാർ ഇവിടെ ഉണ്ടാകും. അതിലൊന്നും താല്പര്യമില്ലാത്തത് കൊണ്ട് ഈ തീരത്തിലെ കാഴ്ചകളിലേക്ക് നടന്നകന്നു .. ഹാൻഡി ക്രാഫ്റ്റ് സ്റ്റാളുകളിൽ നിന്ന് കുറച്ചു സാധാനങ്ങൾ വാങ്ങിച്ചു തിരികെ ജെട്ടിയിലേക്ക് വന്നു.. അരമണിക്കൂർ കൂടെ ബാക്കി കിടപ്പുണ്ട് വേഗം ബൈക്ക് തിരിച്ചേൽപ്പിച്ചു വന്നപ്പഴേക്കും പോർട്ട്- ബ്ലയറിലേക്കുള്ള വെസൽ എത്തിയിരുന്നു .
വെസലിൽ കയറിയപ്പഴാണ് ജുനൈദിന്റ അയൽവാസി ഇക്കയാണ് വെസലിന്റെ ക്യാപ്റ്റൻ.
മനസ്സിൽ ലഡ്ഡു പൊട്ടി. വെസൽ തീരം വിട്ടു കഴിഞ്ഞപ്പോൾ എന്നെ ക്യാപ്റ്റൻ പരിചയപ്പെടുത്തികൊടുക്കാൻ ജുനൈദ് ക്യാബിനിലേക്ക് കൂട്ടികൊണ്ടു പോയി.
പരിജയപെടലുകൾക്ക് ശേഷം ക്യാപ്റ്റനോടൊപ്പം ഓരോ കോഫിയും കുടിച്ചു. ക്യാബിൻ റൂമിൽ നിന്ന് ഫോട്ടോയും വീഡിയോസും എടുക്കരുതെന്ന് പ്രത്യേകം പറഞ്ഞു, ക്യാപ്റ്റൻ അവരുടെ റൂമിലേക്ക് പോയി. എനിക്കു ഒരുമണിക്കൂർ സമയം രണ്ടു മാസ്റ്റർ മാരുടെ കൂടെ ക്യാബിൻ റൂമിൽ ചിലവഴിക്കാൻ കഴിഞ്ഞു. വെസൽന്റെ ഓരോ പ്രവർത്തനങ്ങളും അവർ കാണിച്ചു തന്നു. ഇതിനിടെ എന്നെ കാണാതിരുന്ന ചങ്കുകൾ ക്യാബിൻ റൂമിലേക്ക് എത്തി…. അവർക്കും വൺ ബൈ വൺ ആയി കാണാനുള്ള ചാൻസ് കിട്ടി.
നീലിൽ നിന്ന് തിരികെ പോർട്ട് ബ്ലയർ തീരത്തേക്ക് യാത്ര തിരിക്കുമ്പോൾ…കടലിലെ അൽഫകളെ കീറിമുറിച്ചു കൊണ്ട് വെസൽ നീലെന്ന കൊച്ചു സുന്ദരിയെ ബഹുദൂരം പിന്നിലാക്കി കുതിക്കുപ്പോൾ മനസ്സിന്റെ കോണിലെവിടെയോ നീലെന്ന സുന്ദരി
ചേക്കേറി കഴിഞ്ഞിരുന്നു.
( തുടരും ……. )
പ്രധാന ബീച്ചുകൾ
ഭരത്പൂർ ബീച്ച്,
സീതാപൂർ ബീച്ച്,
ലക്ഷ്മൺപൂർ ബീച്ച് നമ്പർ 1
നാച്ചുറൽ ബ്രിഡ്ജ് / ഹൗറ ബ്രിഡ്ജ് ബീച്ച് നമ്പർ 2.
ജെട്ടിയിൽ നിന്ന് ഭാരത്പൂർ ബീച്ചിലേക്ക് 1 km.
ജെട്ടിയിൽ നിന്ന് ലക്ഷ്മണൻപൂർ ബീച്ച് beach no1 ലേക്ക് 2.5 km.
ജെട്ടിയിൽ നിന്ന് നാച്ചുറൽ ബ്രിഡ്ജ് beach no 2 ലേക്ക് 3 km
ജെട്ടിയിൽ നിന്ന് സിതാപൂർ ബീച്ചിലേക്ക് 6 km.
Root
പോർട്ട്ബ്ലയർ ടു ഹാവ്ലോക്ക് , ടു നീൽ.
ഗവണ്മെന്റ് ഫെറി അതല്ലെങ്കിൽ പ്രൈവറ്റ് ഫെറിയിലൂടെ നീൽ ഐലൻഡിൽ എത്തിച്ചേരാം.
ഗവണ്മെന്റ് ഫെറിക്ക് വളരെ കുറഞ്ഞ ടിക്കറ്റ് മാത്രമേ ഉണ്ടാവുകയുള്ളൂ..non ഐലെൻഡേഴ്സിന് ഇതു കിട്ടാൻ ബുദ്ധിമുട്ടാണ്.
പോർട്ട്ബ്ലയർ ടു ഹാവ്ലോക്ക്
Sea link cruiz 1050 Rs.
ഹാവ്ലോക്ക് ടു നീൽ, വെസൽ 560 Rs.
നീൽ ടു പോർട്ട്ബ്ലയർ വെസൽ 560 Rs.
നീൽ സ്റ്റേ Jayanti ലോഡ്ജ് 1000 Rs.
3-scooty 1000.
COMMENTS