അബു വി കെ
ബാംഗ്ലൂർ മുതൽ കോയമ്പത്തൂർ വരെയുള്ള ഹൈവേയിൽ നിന്ന് മാറി ഹൊസൂറിലെയും മേട്ടൂരിലെയും അടിപൊളി ഡാം കാഴ്ചകളിലേക്ക്… കൂടെ കാനന പാതയിലൂടെ ചരിത്രനഗരങ്ങളും പിന്നിട്ടു ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങിയുള്ള ഒരു യാത്ര.
നാഗരികതയുടെ തിരക്കിൽ നിന്നും വീർപ്പുമുട്ടലിൽ നിന്നും ഒരൊളിച്ചോട്ടം ആയിരുന്നു ഈ യാത്ര. സുഹൃത്ത് അഞ്ചൂമിന്റെ കൂടെ ഫാമിലായി ഒരു യാത്ര. ഊട്ടിയുടെ തണുപ്പിലേക്ക് നീങ്ങേണ്ടിയിരുന്ന യാത്ര അവസാനം ബന്ദിപ്പൂർ കാനന യാത്രയും കഴിഞ്ഞു ഗുണ്ടല്പേട്ടയിലെ ഹിമവദ് ഗോപാൽ സ്വാമി പേട്ടയും പിന്നിട്ടു മൈസൂർ നഗരത്തിലെത്തി.
ചാമുണ്ടി ഹിൽസും പാലസും ഒരു ദിവസത്തെ മൈസൂർ ചുറ്റിത്തിരിച്ചിലും കഴിഞ്ഞു വണ്ടി ബാംഗ്ലൂരിലേക്ക് വിട്ടു. അന്ന് രാത്രി തന്നെ ബാംഗ്ലൂരിൽ നിന്ന് സേലം ഈറോഡ് കോയമ്പത്തൂർ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.
യാത്ര ചെന്നവസാനിച്ചത് കർണാടകയുടെയും തമിഴ്‌നാടിന്റെയും അവസാന നഗരമായ ഹൊസൂരിൽ. ഹൊസൂരിലെ രാത്രി മയക്കത്തിനു ശേഷം നഗരം തിരക്കുകളിലേക്ക് പ്രവേശിച്ചിരുന്നു. ഹൊസൂരിലെ ഗ്രാമങ്ങൾ ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു.
ആദ്യം പോയത് അവലപ്പള്ളിയിലേക്ക് ശബ്ദകോലാഹലങ്ങളിൽ നിന്നും മുക്തിനേടാൻ ഈ റൂട്ട് വളരെ നല്ലതാണ്. കഴിവതും പകൽ സമയത്ത് ഇതുവഴി പോകുവാൻ നല്ല കൃഷിയിടങ്ങൾ കാണാം.
🌅 കെളവരപ്പള്ളി ഡാം.
തിരക്കേറിയ ബാംഗ്ലൂർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ കർണ്ണാടക തമിഴ്നാട് ബോർഡർ ആയ ഹൊസൂർ ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെയുമാണ് കെളവരപ്പള്ളി റിസർവോയർ സ്ഥിതി ചെയ്യുന്നത് . നന്ദി കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് ബംഗാളിന്റെ ഉൾക്കടലിൽ അവസാനിക്കുന്ന തെപ്പെന്നൈ നദിയിലാണ് 1995 ൽ നിർമ്മിച്ച ഹൊസൂരിലെ പ്രശസ്തമായ ഈ റിസർവോയർ നിലനിക്കുന്നത്.
വണ്ടി ചെന്നു നിന്നത് കെളവരപ്പള്ളി ഡാമിന്റെ പ്രവേശന കവാടത്തിൽ ആയിരുന്നു.
പ്രവേശന ഫീസ് 5 രൂപ ഒരാൾക്ക് പാർക്കിംഗ് 10 രൂപയും അടച്ചു ഡാമിന്റെ കാഴ്ചകളിലേക്ക് ഇറങ്ങി ചെന്നു. ഡാമിന്റെ മുഴുവൻ സംഭരണ ശേഷി എന്നു പറയാവുന്നത് 44.28 അടിയാണ്.
കാഴ്ച്ചയിൽ തന്നെ വെള്ളം അത്ര ശുദ്ധിയുള്ളതായി തോന്നിയില്ല … കാരണം ബാംഗ്ലൂർ ബാഗരത്തിന്റ മാലിന്യമെല്ലാം കലർന്ന് വരുന്ന ഈ വെള്ളത്തിന്റെ സ്മെൽ ഇവിടെ നിന്ന് നന്നായി അനുഭവിച്ചറിയാൻ കഴിയും…. പക്ഷെ ഇവടുത്തുകാർക്ക് കൃഷി ആവിശ്യങ്ങൾക്ക് ഈ വെള്ളമല്ലാതെ മറ്റൊരു ജലസ്രോദസും ഇല്ല.
ഒരു ചെറിയ അണക്കെട്ടിൻ മുകളിലൂടെ നടന്ന് റിസർവോയറും വാട്ടർഡിസ്ചാർജ് ഏരിയയും കണ്ടു കെളവരപ്പള്ളിയോട് ഞങ്ങൾ വിടവാങ്ങി . അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന വഴിയിൽ ധാരാളം നെൽവയലുകളും കൃഷിയിടങ്ങളും കാണാനിടയായി….. അടുത്ത യാത്ര മേട്ടൂറിലേക്ക് വെച്ചു പിടിച്ചു.
🌅 മേട്ടൂർ ഡാം
സേലത്തിൻ അടുത്തുള്ള ഒരു ചെറിയ ഗ്രാമമായ മേട്ടൂരിൽ സ്ഥിതി ചെയ്യുന്ന മേട്ടൂർ ഡാം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാമുകളിൽ ഒന്നാണ്. കാവേരി നദിക്ക് കുറുകെ മലയിടുക്കുകളായി 1943 ൽ നിർമ്മിച്ച മേട്ടൂർ ഡാം രാജ്യത്തെ എഞ്ചിനീയറിംഗ് പ്രതിഭയുടെ തെളിവാണ് 1700 മീറ്റർ നീളത്തിൽ പരന്നുകിടക്കുന്ന
മനുഷ്യനിർമ്മിതമായ ഈ വലിയ ഡാം.
നേരത്തെ സ്റ്റാൻലി റിസർവോയർ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം 240 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഒരു പ്രധാന ജലവൈദ്യുത നിലയങ്ങൾക്ക് സമീപമാണ്. മലയോരമേഖലകളാൽ ചുറ്റപ്പെട്ട ഈ ജലസംഭരണി ഒരു ടൂറിസ്റ്റ് സ്ഥലം എന്നതിനപ്പുറം ഇവിടത്തെ ജലവൈദ്യുതി ഉൽപാദനത്തിന് മാത്രമുള്ളതല്ല, ഡാമിന് ചുറ്റുമുള്ള ഏക്കർ കണക്കിന് കാർഷിക ഭൂമിക്കും ആ പ്രദേശത്തെ ജലസേചന സൗകര്യത്തിനും ഉപയോഗപ്രദവുമാണ്.
വിവിധതരം പ്രാദേശിക മത്സ്യങ്ങളും ഇവിടെയുണ്ട്. മേട്ടൂർ ഡാമിലെ മത്സ്യമാണ് ഒട്ടുമിക്ക ഭക്ഷണ ശാലകളിലും ഇന്ന് ലഭിക്കുന്നത്. ഞങ്ങൾ ഉച്ചയൂണ് കഴിച്ച ഹോട്ടൽ സെൽവത്തിൽ പോലും ഈ ഡാമിലെ കട്ട്ല മത്സ്യമാണ് തീന്മേശയിൽ ലഭിച്ചത്.
പ്രകൃതി സൗന്ദര്യം നിറഞ്ഞ മനോഹരമായ കുന്നുകൾ ഉൾപ്പെടുന്ന ഈ അണക്കെട്ട് എല്ലിസ് പാർക്കും, ജലവൈദ്യുത നിലയവും ചേർന്ന് വിനോദ സഞ്ചാരികൾക്ക് അടിപൊളി കാഴ്ചകളേകുന്നുണ്ട്. ഡാമിന്റെ മുകളിലൂടെ സന്ദർശിക്കാൻ കഴിയില്ല, അതിനു അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വങ്ങേണ്ടതുണ്ട്.
സാധാരണ ആളുകൾക്ക് ഡാമിന്റെ വ്യൂ കാണാൻ വ്യൂ ലൈറ്റ് ഹൗസ് ഉണ്ട്, പടികൾ കയറി മുകളിലെത്താൻ ഒരാൾക്ക് 5 രൂപയും, ലിഫ്റ്റിൽ കയറാൻ 15 രൂപയുമാണ് ടിക്കറ്റ്. വാഹനപാർക്കിങ്ങിന് 20 രൂപയും.
മലമടക്കുകൾ തീർത്ത ജലസംഭരണികളും… മണ്ണിന്റെ ഗന്ധമുള്ള കൃഷിയിടങ്ങളും നൽകിയ അനുഭൂതികളിലൂടെ ഇരുളടഞ്ഞ വഴികളെ ശരവേഗം പിന്നിലാക്കി വണ്ടി കുതിച്ചപ്പോൾ
ഓരോ മൈൽ കുറ്റികൾക്കും ഓരോ ദേശത്തിന്റെ കഥപറയാനുണ്ടായിരുന്ന…… ഇരുളടഞ്ഞ വഴികളിലെ ചിതറിയോടുന്ന വെള്ളിവെളിച്ചങ്ങൾ കീറിമുറിച്ചൊഴുകിയപ്പോഴും ആയിരം മൈലുകൾ താണ്ടി വീടെത്തിച്ചേർന്നതറിഞ്ഞില്ല.
Rout
Nilambur – bandipur – mysure – banglore – hosur – mettur – bavani – coimbatore – palakkad.
COMMENTS