കനത്ത ഒരു മഴയുടെ സാന്നിധ്യം വിളിച്ചോതിക്കൊണ്ടു ആകാശം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. ലോനാവലയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നായ ബുഷി ഡാമിന്റെ പരിസരത്താണു ഞങ്ങള്‍ നില്‍ക്കുന്നത്. മുംബൈ പൂനൈ എക്‌സ്പ്രസ് ഹൈവേയില്‍ നിന്നും ഒരല്‍പം അകത്തേക്ക് നീങ്ങിയാല്‍ ലോനാവല എത്താം. മഴക്കാല കാഴ്ചകള്‍ ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ ലൊക്കേഷനാണു മഞ്ഞു മൂടിയ ഈ ഹൈറേഞ്ച്.
– മുനീര്‍ ഹുസൈന്‍ എഴുതുന്നു
വ്രഷ്ടി പ്രദേശങ്ങളില്‍ നിന്നും സമൃദ്ദമായി ഒഴുകിയെത്തി ഡാമിനു മുകളിലൂടെ കവിഞ്ഞൊഴുകുന്ന ജലധാരയെ പടിപടിയായുള്ള സ്റ്റെപ്പിലൂടെ ഒഴുക്കി കളയുന്നു എന്നത് കൊണ്ട് ഓവര്‍ഫ്‌ലോ ഡാം എന്നാണു ഇതിനെ വിളിക്കുന്നത്. സഞ്ചാരികള്‍ക്ക് ഈ ജലപടികളില്‍ ഇരിക്കാം. വേണമെങ്കില്‍ കിടക്കാനും കുളിക്കാനും പറ്റും. ഡാമിലേക്കുള്ള പ്രവേശന കവാടത്തിലെല്ലാം കച്ചവടക്കാര്‍ സ്ഥലം പിടിച്ചിരുന്നു. ചെറിയ ഒരു തോട് കടകളുടെ പിന്നിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഈ തോട് മുറിച്ചു കടന്നു വേണം ജലപടികളിലെത്താന്‍.
മുട്ടോളം വെള്ളത്തില്‍ നനഞ്ഞു നടക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ആദ്യമാദ്യം എല്ലാരും ഒന്ന് മടിച്ചെങ്കിലും പിന്നീട് വരിവരിയായി ഇറങ്ങി നനഞ്ഞു നടന്നു.ജലപടികള്‍ കേറി മുകളില്‍ എത്തിയാല്‍ ഡാമിന്റെ കാഴ്ചകള്‍ കാണാം.ഒരു ഇരുമ്പു ഗ്രില്ലിനപ്പുറം മീറ്ററുകളോളം ആഴമുള്ള വെള്ളക്കെട്ടാണ്. നല്ല തെളിഞ്ഞ വെള്ളം, നല്ല സുന്ദരന്‍ കാഴ്ചകള്‍, കൂട്ടിനു ചെറിയ ചാറ്റല്‍ മഴയും കൂടി കിട്ടിയത് വല്ലാത്ത ഒരു അനുഭൂതിയായി. മനസും ശരീരവും ഒരേപോലെ കുളിരില്‍ മുങ്ങിയ പ്രതീതി. ആകാശത്ത് നിന്നും കോടമഞ്ഞും ചാറ്റല്‍ മഴക്ക് അകമ്പടി സേവിച്ചിരുന്നു.
നല്ല സുഖമുള്ള കാലാവസ്ഥ..!
ബുഷി ഡാം ടിക്കറ്റ് ഒന്നും വാങ്ങാത്ത ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആണ്. ലോനവലയിലെ മറ്റെല്ലാ പ്രദേശങ്ങളും ഇങ്ങിനെ തന്നെ. നിറഞ്ഞു തുളുമ്പുന്ന ഡാമിന്റെ പാശ്ചാത്തലത്തില്‍ മൂന്നു ഭാഗവും മലനിരകളാണ്. സീസണ്‍ ആയതിനാല്‍ കാലു കുത്താന്‍ ഇടമില്ലാത്തത്ര തിരക്ക്. അങ്ങിങ്ങായി വഴിയോര കച്ചവടക്കാര്‍ ധാരളമുണ്ട്. പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കിയും പാത്രങ്ങളില്‍ മുട്ടിയും സഞ്ചാരികളെ മാടി വിളിച്ചു കൊണ്ടിരിക്കുന്നു.തണുപ്പിനെ പ്രതിരോധിക്കാന്‍ നല്ല ചൂടുള്ള ചോളം ചുട്ടതും പുഴുങ്ങിയതുമെല്ലാം ഇവിടെ കിട്ടും. ഈ തണുപ്പില്‍ അതിനു പ്രത്യേക രുചിയാണ്. മസാലയും ഉപ്പും ചേര്‍ത്ത പൊടിയില്‍ ചെറുനാരങ്ങാ നീരു കൂടി ചേര്‍ക്കുമ്പോള്‍ വേറിട്ടൊരു രുചി..!
അത് കൊണ്ട് തന്നെ ഇടക്കിടക്ക് ചോളവും കടല വറുത്തതും അകത്താക്കി കൊണ്ടിരുന്നു.
നല്ല ഒഴുക്കുള്ളതുകൊണ്ട് ഇതിലൂടെ നടക്കുമ്പോള്‍ നന്നായി ബാലന്‍സ് ചെയ്യണം. ഇല്ലെങ്കില്‍ മൂടും കുത്തി താഴെ വീഴും. അനുഭവം ഗുരു..! ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ഈസിയായി നടന്നതായിരുന്നു. ദേ കിടക്കുന്നു പാറയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍.
ഫോട്ടോ എടുത്തും വെള്ളം നനച്ചും കാഴ്ചകള്‍ ആസ്വദിക്കവെ പെട്ടെന്നു ആകാശം കൂടുതല്‍ ഇരുണ്ടു തുടങ്ങി. മഴ പെയ്യാനുള്ള ഒരുക്കമാണ്. കുടയൊന്നും കയ്യിലില്ല. ഇനിയും വൈകിയാല്‍ പന്തിയല്ലെന്ന് മനസ്സിലാക്കി ഞങ്ങള്‍ പെട്ടെന്ന് ഇറങ്ങാന്‍ തുടങ്ങി.
മടങ്ങുന്ന വഴിയില്‍ ബോംബയിലെ കുറെ അനാഥ കുട്ടികളെ കണ്ടു. തെരുവിന്റെ സന്തതികള്‍..!
നല്ലൊരു കുപ്പായമോ ട്രൌസറോ ഇല്ല. കുളിച്ചിട്ടു ആഴ്ചകളായത് പോലെ തോന്നി. സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാത്തവര്‍. ഒരു പക്ഷെ ഉണ്ടായിരിക്കാം..!അതെല്ലാം പെറുക്കിക്കൂട്ടി ഭാണ്ഢത്തിലാക്കി തെണ്ടാനിറങ്ങുന്നു ചിലര്‍..! മുംബെയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇത് പതിവ് കാഴ്ചയാണ്. മറ്റു ചിലര്‍ തോട്ടിലും വെള്ളത്തിലുമായി കളിച്ചു കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ കച്ചവടക്കാരാണ്. വഴിയോര കടകളില്‍ നനക്കാവുന്ന തരത്തിലുള്ള ചെരിപ്പുകളും വസ്ത്രങ്ങളും റെയിന്‍ കോട്ടുകളുമൊക്കെ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്. മൂന്നിരട്ടി വിലയാണെന്ന് മാത്രം. കുറച്ചു നേരത്തെ ചുറ്റിത്തിരിയലിനു ശേഷം അടുത്ത ടെസ്ടിനെഷന്‍ ആയ ടൈഗര്‍ വ്യൂ പോയിന്റിലേക്കുള്ള യാത്രയാരംഭിച്ചു. പോകുന്ന വഴിയില്‍ ഉടനീളം മണ്‍സൂണ്‍ മഴ കൂട്ടിനുണ്ടായിരുന്നു. പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഞാനിരുന്നു. കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരു ഒളിച്ചോട്ടം. ഓര്‍മ്മകള്‍ക്ക് പോലും മഴയുടെ കുളിര്..!!
ബസ്സിന്റെ ജനാലക്കരികിലാണ് ഞാനിരുന്നത്. മലഞ്ചെരിവുകളില്‍ മഴക്കാഴ്ച്ചകള്‍ കൂടുതല്‍ മനോഹരമായി വന്നുകൊണ്ടിരുന്നു. സൈഡ് സീറ്റിനു മുകളില്‍ നിന്നും ഒരു ചെറിയ മഴത്തുള്ളി കവിളിലേക്ക് വീണു. ഒരു തണുത്ത അനുഭൂതി ശരീരമൊന്നാകെ പടര്‍ന്നു. ഞാന്‍ എന്റെ രണ്ടു കണ്ണുകളും അടച്ച് ആ നിമിഷത്തെ പൂര്‍ണ്ണമായും ആസ്വദിച്ചു…! ലോനാവലയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ് ടൈഗര്‍ പോയിന്റ്. ഇവിടെ നിന്നുള്ള കാഴ്ചകള്‍ സുന്ദരമാണ്.
കോടമഞ്ഞിന്‍ വെള്ള പുതച്ച മലനിരകളില്‍ നിന്നും പ്രകൃതിസുന്ദരമായ താഴ്വാരക്കാഴ്ച്ചകള്‍ ആസ്വദിക്കാം.
സൂക്ഷിച്ചു നോക്കിയാല്‍ ഒരു കുതിച്ചു ചാട്ടത്തിനൊരുങ്ങി നില്‍ക്കുന്ന കടുവയുടെ ആകൃതിയില്‍ ഒരു കുന്നിന്‍പ്രദേശം കാണാം. ഇക്കാരണം കൊണ്ടാണ് ഈ ഹൈരെഞ്ചിനു ടൈഗര്‍ പോയിന്റ് എന്ന പേര് കിട്ടിയത്. ചെറിയൊരു വെള്ളച്ചാട്ടവും എക്കോ പോയിന്റും മറ്റു ചില ആകര്‍ഷണങ്ങളാണ്.
വ്യൂ പോയിന്റില്‍ കോടമഞ്ഞു മൂടിയത് കാരണം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. പോരാത്തതിന് തണുത്ത കാറ്റും. ഇവിടെയും ധാരാളം സഞ്ചാരികള്‍ സംഗമിച്ചിരിക്കുന്നു.
ചുവപ്പും മഞ്ഞയും പച്ചയും എന്ന് വേണ്ട വിവിധ നിറങ്ങളിലുള്ള വര്‍ണ്ണക്കുടകള്‍ നിവര്‍ത്തി ചെറിയ ചെറിയ നൃത്തച്ചുവടുകളിലാണ് അവര്‍.
തണുപ്പ് കൂടിക്കൂടി വന്നു. ഷാളും മഫ്‌ലറും ഒക്കെ വെച്ച് ചെറിയ കുട്ടികളെ മൂടി. ഞങ്ങള്‍ കാലാവസ്ഥയും ആസ്വദിച്ചു കാഴ്ചകളെ തേടിയിറങ്ങി. സമയം നാലര മണിയായിട്ടേ ഉള്ളുവെങ്കിലും ഒരു സന്ധ്യ മൂടിയ പോലെയാണ്. അസ്തമയ സൂര്യനെ പൂര്‍ണ്ണമായും കാര്‍മേഘങ്ങള്‍ പൊതിഞ്ഞു മൂടിയിരിക്കുന്നു. വെളിച്ചം മങ്ങിയ പകലില്‍ തൊട്ടടുത് നിക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.
സഹ്യ പര്‍വ്വതത്തിന്റെ ‘രത്‌നാഭരണം’ എന്നറിയപ്പെടുന്ന ലോണാവാല മലകയറ്റത്തിനും ദീര്‍ഘ ദൂര നടപ്പിനും പറ്റിയതാണ്. അത് കൂടാതെ ചരിത്ര പ്രാധാന്യമുള്ള കോട്ടകള്‍, പുരാതന ശിലാ ഗുഹകള്‍, തെളിഞ്ഞ തടാകങ്ങള്‍ തുടങ്ങിയവ കൊണ്ടും സമൃദ്ധമാണ് പ്രദേശം. ലോണാവാലയിലെ കാലാവസ്ഥ വര്‍ഷത്തിലുടനീളം പ്രസന്നമാണ്.തണുപ്പുള്ള കാലാവസ്ഥ, ശാന്തമായ അന്തരീക്ഷം, നേര്‍ത്ത കാറ്റ്, കോടമഞ്ഞിന്റെ കുളിര്‍മ്മ.. ഇവയെല്ലാം ചേര്‍ന്ന് ലോണാവാലയെ ഏറ്റവും യോജിച്ച ഒരു അവധിക്കാല സങ്കേതമാക്കുന്നു. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിനരികിലേക്ക് ഒരു നടത്തമാവാം.
അല്ലെങ്കില്‍ പരവതാനി പാകിയ പോലെ പരന്നു കിടക്കുന്ന പുല്‍മൈതാനത്ത് വെറുതെയിരിക്കാം. അതുമല്ലെങ്കില്‍ ലോണാവാലക്ക് ചുറ്റും ട്രക്കിങ്ങുമാവാം. റായിവൂഡ് പാര്‍ക്ക് ലോണാവാലയിലെ വൃക്ഷസമൃദ്ധമായ വിശാലമായ ഒരു പൂന്തോട്ടമാണ്.കുഞ്ഞുങ്ങള്‍ ആ വലിയ മൈതാനത്ത് ഓടിക്കളിക്കാന്‍ ഇഷ്ടപ്പെടും. അതുപോലെ വിനോദത്തിനു പറ്റിയ സ്ഥലമാണ് ശിവജി ഉദ്യാനവും രാജ്മാച്ചി പാര്‍ക്കും. കണ്ണിനും മനസ്സിനും കൗതുകമേകുന്ന ഒരുപിടി കാഴ്ചകള്‍ അവിടെ നമ്മളെ വരവേല്‍ക്കും. കുറച്ചു നേരം കാഴ്ചകള്‍ ആസ്വദിച്ച ശേഷം അന്നത്തെ കാഴ്ചകള്‍ക്ക് വിരാമാമേകി ഞങ്ങള്‍ റൂമിലേക്ക് യാത്ര തിരിച്ചു.
മണ്‍സൂണ്‍ കാഴ്ചകള്‍ തേടി പിറ്റേന്ന് രാവിലെതന്നെ യാത്രയാരംഭിച്ചു. ലോനാവലയില്‍ മാത്രം കിട്ടുന്ന ഒരു പ്രധാന വിഭവമാണ് ‘ചിക്കി’ എന്ന മധുരം. ചിക്കികളില്‍ രാജാവാണ് ലോനാവല ചിക്കി. ലോണാവാലയുടെ പ്രത്യേകതയായ ഈ മധുര പലഹാരം രുചിച്ചു നോക്കാന്‍ മറക്കരുത്.
നമ്മുടെ കോഴിക്കോടന്‍ ഹലുവ പോലെ കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം, തൊലി കളഞ്ഞ എള്ള്, നിലക്കടല എന്നിവ വേറെ വേറെയായി ഉരുക്കി പാവു കാച്ചിയ ശര്‍ക്കരയും ചേര്‍ത്തു പരത്തിയെടുത്ത മിഠായിയ്ക്കാണു ചിക്കി എന്നു പറയുന്നത്.
ഹല്‍വ പോലെയും ജെല്ലിയായും സെമി ജെല്ലിയായും ഇത് കിട്ടും. ചില ചേരുവകള്‍ക്ക് അസാദ്യ രുചിയാണ്. ഒരു തരി നാവില്‍ വെച്ചാല്‍ തന്നെ വായില്‍ കപ്പലോടും..!പഞ്ചസാര തരികളാല്‍ പൊതിഞ്ഞ ജെല്ലി മിഠായികള്‍ രുചികരമാണു.. മധുരമൂറുന്നതാണു.. തണുപ്പില്‍ ഇതും നുണഞ്ഞി
അങ്ങാടിയിലേക്ക് പ്രവേശിക്കുന്നത് മുതല്‍ ഇതിന്റെ പരസ്യപ്പലകകള്‍ കാണാം. ‘മഗന്‍ലാല്‍ ചിക്കി’ എന്നതാണ് രുചികരമായ ചിക്കിയുടെ കച്ചവടക്കാര്‍. നൂറു കണക്കിനു മഗന്‍ലാല്‍ ഷോപ്പുകള്‍ കാണാം.
എല്ലാ കടകളിലും ആളുകള്‍ ക്യൂ നില്‍ക്കുന്നു. വിവിധ തരത്തിലുള്ള ഫഡ്ജിനും ഇവിടം പ്രസിദ്ധമാണു. ഇവിടത്തെ ചോക്കളേറ്റ് ഫഡ്ജ്, അംജീര്‍ ഫഡ്ജ്, ചിക്കു ഫഡ്ജ്, ബട്ടര്‍ സ്‌കോച് ഫഡ്ജ് എന്നിവയൊക്കെ വളരെ പ്രസിദ്ധവും സ്വാദിഷ്ടവുമാണ്. കയ്യിലുണ്ടായിരുന്ന കാശിനു മുഴുവന്‍ മധുരം വാങ്ങി ബസ്സില്‍ വെച്ചു. മടക്കമായിരുന്നു പനവേലിലെക്ക്. ബസ് ഹെയര്‍പിന്‍ വളവുകളിലൂടെ ചുരമിറങ്ങാന്‍ തുടങ്ങി. താഴേക്ക് പോകുവാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഡ്രൈവറുടെയും അവസ്ഥ അതുപോലെ തന്നെ.
മലകളെല്ലാം നല്ല സ്റ്റീല്‍ പാളികളും ഉരുക്കിന്റെ വലകളും സോഇല്‍ നൈലിംഗ് എല്ലാം ചേര്‍ത്ത് അതി സേഫ്റ്റി ഉറപ്പിച്ചിരുന്നു. ചെറിയ മണ്ണിടിച്ചിലോ മറ്റോ ഉണ്ടായലും ഗതാഗതം തടസ്സപെടില്ല. കൊങ്കണ്‍ യാത്രയില്‍ ഇത്തരം ഇരുമ്പു വലകള്‍ കാണാവുന്നതാണ്. ചുരമിറങ്ങിതീരുന്ന വരെയുള്ള യാത്രയിലുടനീളം ഈ കാഴ്ച കാണാമായിരുന്നു. എക്‌സ്പ്രസ് ഹൈവേയിലൂടെ ബസ് ആവുന്ന സ്പീഡില്‍ കുതിച്ചു പായുകയാണ്. ‘ഠോ..!’. എന്നൊരു വലിയ ശബ്ദം. ഞങ്ങളെല്ലാവരും പേടിച്ചു പോയി. ടയര്‍ പഞ്ചറായതാണ്. ലോക്കട ബസ്സിനു കിട്ടിയ അടുത്ത പണി. ഡ്രൈവറുടെയും ക്ലീനരുടെയും മുഖം കടന്നല്‍ കുത്തിയ പോലെ വീര്‍ത്ത് ചുവന്നു. പുറത്ത് ശക്തമായ മഴ പെയ്തു കൊണ്ടേയിരിക്കുന്നു.
ജാക്കിയും ലിവറുമെടുത്ത് ക്ലീനര്‍ ബസ്സിനടിയിലെക്ക് നൂണ്ടു കയറി.ഡ്രൈവര്‍ സ്റ്റെപ്പിനി പുറത്തെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ‘ഇതിനു സ്റ്റെപ്പിനി ഒക്കെ ഉണ്ടോ ആവോ..?’. പിന്‍ സീറ്റില്‍ നിന്നൊരു ചോദ്യം. വണ്ടിക്കാരെ സഹായിക്കാന്‍ എന്ന വ്യാജേന ഞങ്ങളില്‍ കുറച്ചു പേര്‍ പുറത്തിറങ്ങി. ഹൈവേയിലെ മഴ ആസ്വദിക്കാനാണ്.. തിമര്‍ത്തു പെയ്യുന്ന മഴ. ഹൈവേയിലൂടെ വണ്ടികള്‍ പറ പറക്കുകയാണ്. മഴയെ വകഞ്ഞു മാറ്റിക്കൊണ്ട് വാഹനക്കൂട്ടങ്ങള്‍. ഹെഡ് ലൈറ്റ് ഒക്കെ കത്തിചിട്ടാണ് യാത്ര. ആ ഒരു കാഴ്ചകള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
മഴ തോരാതെ പെയ്തു കൊണ്ടേയിരുന്നു..!
അര മണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനു ശേഷം വണ്ടി യാത്രക്ക് സജ്ജമായി. കാളപ്പൂട്ടു കഴിഞ്ഞ പോലെയുണ്ടായിരുന്നു ബസ് ജീവനക്കാര്‍. രണ്ടു ദിവസം മഴക്കാഴ്ച്ചകള്‍ ആസ്വദിച്ച് ഈ മലഞ്ചെരുവില്‍ ചിലവഴിച്ചു. രാവും പകലും ഒരേപോലെ സുന്ദരം. കുളിര്‍മ്മയുള്ള ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച നിമിഷങ്ങള്‍..!! ലോനവലയോടും മഴയോടും കോടമഞ്ഞിനോടും വിടപറഞ്ഞു ഞങ്ങള്‍ പനവേലില്‍ എത്തി. രണ്ടു ദിവസത്തെ യാത്രയും ലോനവലയും മഞ്ഞും മഴയും കൂടി കണ്ണുകളെ നിദ്രയിലാഴ്ത്തി…
COMMENTS