ഇന്ത്യയുടെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തേക്ക് – I

ഇന്ത്യയുടെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തേക്ക് – I

ബംഗളൂരുവില്‍ നിന്നും രാത്രി 9.45നാണ് ഫ്‌ളൈറ്റ്. നേരെ കൊല്‍ക്കത്തയ്ക്ക്. അതെ, കൊല്‍ക്കത്ത തന്നെ, കഥകളില്‍ മാത്രം കേട്ടിട്ടുള്ള നാട്ടിലേക്ക്, കാറ്റ് നിറച്ച തുകല്‍ പന്തിനെ ആരാധികുന്നവരുടെ നാട്, കഥയുടെയും കവിതയുടെയും നാട്, സ്വാതന്ത്ര്യത്തിന്റെയും ചെങ്കൊടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും നാട്… സന്തോഷം കൊണ്ടെനിക്കിരാക്കാന്‍ വയ്യെ എന്ന അവസ്ഥയിലാണ് രണ്ട് ദിവസം മുമ്പ് തന്നെ ഞാനുണ്ടായിരുന്നത്.

രണ്ട് വര്‍ഷത്തിലധികമായിട്ടുള്ള പ്ലാനാണ് കൊല്‍ക്കത്ത വഴി ഐസ്വാളിലേക്ക്. മോഹം നടക്കാന്‍ പോവുകയാണ്. പക്ഷെ, ഐസ്വാളിലേക്കല്ല പകരം ഷില്ലോങിലേക്കാണെന്ന് മാത്രം. ഡിസംബര്‍ എട്ടിന് രാത്രി കോഴിക്കോട് നിന്നുള്ള ബസിലാണ് ബംഗളൂരുവിലേക്ക് പോകുന്നത്. ബസ് രാവിലെ അവിടെ എത്തും. ഒരു ദിവസരം ബംഗളൂരു, വൈകീട്ട് നേരെ കൊല്‍ക്കത്ത. മെജസ്റ്റിക് മെട്രോ സ്‌റ്റേഷന് സമീപത്ത് ബസിറങ്ങി മെട്രോയില്‍ കയറി. കബൂണ്‍ പാര്‍ക്ക് സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഇഖ്ബാല്‍ക്ക ഞങ്ങളെ കാത്ത് അവിടെ ഇരിക്കുന്നുണ്ട്. ഏഴ് മണിക്ക് എത്തും എന്ന പ്രതീക്ഷയിലാണ് മൂപ്പരുള്ളത്. ഞങ്ങള്‍ എത്തിയപ്പോഴേക്കും സമയം ഒമ്പത് മണിയോടടുത്തിരുന്നു.

പകല്‍ ബംഗളൂരുവില്‍ ചെറുതായൊന്ന് കറങ്ങി. ശ്രീ കണ്ഠീരവ സ്റ്റേഡിയം, കബൂണ്‍ പാര്‍ക്ക്, ബംഗളൂരു ഹൈകോടതി, നിയമസഭാ മന്ദിരം ഇതൊക്കെ കണ്ടെന്ന് വരുത്തി തീര്‍ത്ത് ഉച്ച ഭക്ഷണം കഴിക്കാനിറങ്ങി. പിന്നെ ചെറുതായൊരു ഷോപിങും. തണുപ്പുള്ള സ്ഥലത്ത് പോകുകയല്ലേ, ഒരു മുന്‍ കരുതലിന് വേണ്ടി ജാക്കറ്റ് വാങ്ങണം, അത് മാത്രമാണ് ലക്ഷ്യം. ഷോപിങ് കഴിഞ്ഞ് ഇഖ്ബാല്‍ക്കാനോട് യാത്ര പറഞ്ഞ് നേരെ എയര്‍പോര്‍ട്ടിലേക്ക്. ലോ ഫ്‌ളോര്‍ ബസ് ഉണ്ട്. തലേ ദിവസത്തെ ഉറക്കം പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും കണ്ണടച്ച് തുറന്നപ്പോഴേക്കും വണ്ടി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അല്‍പ്പം പേടിയിലാണ് എയര്‍പോര്‍ട്ടിലേക്ക് നടന്നത്. അതിന് കാരണവുമുണ്ട്. ഷഹബാസ് എം എന്ന ഷഹബാസിനെ ഞാന്‍ ഷഹബാസ് അമനാക്കി മാറ്റിയിരുന്നു. ടിക്കറ്റില്‍ അങ്ങനെയാണുള്ളത്. കയ്യിലുള്ള ഐ ഡികാര്‍ഡില്‍ ഷഹബാസ് എം എന്നും. പേടിക്കാനില്ലെന്ന ഉപദേശം ആദ്യമേ ലഭിച്ചിരുന്നെങ്കിലും ചെറിയൊരു ഭയം ഇല്ലാതില്ലാതിരുന്നില്ല. പക്ഷെ, ഒന്നും സംഭവിച്ചില്ല. യുദ്ധം ജയിച്ച ഭാവത്തില്‍ ഞങ്ങളെ പിന്നിലാക്കി ഷഹബാസ് നടന്നു.

12 മണിയോടെ ഞങ്ങള്‍ കൊല്‍ക്കത്തയില്‍ ഇറങ്ങി. യാത്ര തുടങ്ങുകയാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന സ്വപ്‌നം പൂവണിയുന്നു. ചെറിയ മഴയോടെയാണ് കൊല്‍ക്കത്ത ഞങ്ങളെ വരവേറ്റത്. തിങ്കളാഴ്ച രാവിലെ സിയാല്‍ദ സ്‌റ്റേഷനില്‍ നിന്നാണ് ഗുവാഹത്തിയിലേക്കുള്ള ട്രെയ്ന്‍. ഒരു ദിവസമാണ് കൊല്‍കത്തയിലുള്ളത്. ടാക്‌സി വിളിച്ച് ടൗണില്‍ പോകാം. ചുരുങ്ങിയ ചിലവില്‍ താമസിക്കാനൊരിടം വേണം, പുറത്തിറങ്ങിയതും ടാക്‌സിക്കാര്‍ ഞങ്ങളെ വളഞ്ഞു. അതിനിടെ കുറച്ച് പുറത്തേക്ക് നടന്നതും അല്‍പ്പം മാന്യനെന്ന് തോന്നുന്ന ഒരു ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ സമീപിച്ചു. എവിടെ പോകണം, ഞങ്ങളും പരസ്പരം നോക്കി, എവിടെ പോകണം. സിയാല്‍ദ സ്റ്റേഷനില്‍ നിന്നാണ് ട്രെയ്ന്‍ അപ്പോ പിന്നെ അതിനടുത്ത് ചെറിയ ചെലവിലൊരു റൂം ലഭിക്കുന്നിടത്ത് എത്തിച്ചാല്‍ മതി. നൂല്‍ മഴ പെയ്ത് കൊണ്ടിരിക്കുന്നു. തെരുവുകളെല്ലാം മറഡോണ കൈവശപ്പെടുത്തിയിട്ടുണ്ട്. സംഭവം ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീടാണ് അറിഞ്ഞത് അടുത്ത ദിവസം ഒരു ചാരിറ്റി മത്സരം നടക്കുന്നുണ്ട്. ഗാംഗുലിയും മറഡോണയും കളത്തിലിറങ്ങുന്നു. അതിനായാണ് അദ്ദേഹം വരുന്നത്.

വണ്ടിയില്‍ കയറുന്നതിന് മുമ്പ് നമ്മുടെ ഡ്രൈവര്‍ പറഞ്ഞത് അഞ്ഞൂറ് മുതല്‍ റൂം ലഭിക്കുമെന്നാണ്. പക്ഷെ, വണ്ടി ഓടി തുടങ്ങിയതും ആള്‍ പണി പറ്റിച്ചു. രണ്ടായിരം ആകുമത്രെ, പിന്നെ റെയില്‍വെ സ്റ്റേഷനില്‍ യാത്രി നിവാസുണ്ട്. അവിടെ ചിലപ്പോ ഒഴിവുണ്ടാകും. ഇനി റൂം ഇല്ലെങ്കിലും അവിടെ തന്നെ നില്‍ക്കണം, പുറത്തിറങ്ങരുതെന്ന ഉപദേശവും. റെയില്‍ വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ശരിക്കും പണി പാളിയത്. അവിടെ അങ്ങനെ റൂം ഇല്ല. സ്റ്റേഷനിലാണെങ്കില്‍ ഇരിക്കാന്‍ പോലും സ്ഥലമില്ല. എന്ത് ചെയ്യാം പുറത്തിറങ്ങി നടക്കുക വല്ല റൂമും കിട്ടിയാലോ. മഴ പെയ്യുന്ന സമയത്ത് ഒരു ഭംഗിയുമില്ലാത്ത സ്ഥലമാണ് കൊല്‍ക്കത്ത, പ്രത്യേകിച്ച് ഹൗറയും സിയാല്‍ദ സ്റ്റേഷനുമെല്ലാം ഉള്ള ഭാഗത്ത്. ഒന്നു രണ്ട് ലോഡ്ജുകള്‍ കണ്ടു, എവിടെയും തുറന്നിട്ടില്ല. നടന്ന് നടന്ന് അവസാനം കൊല്‍ക്കത്ത യൂത്ത് ഹോസ്റ്റലിന് മുന്‍വശത്തെത്തി. താഴ്മയോടെ സെക്യൂരിറ്റികാരനോട് റൂം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയിലെ. രാവിലെ 8.00 മണിക്ക് ശേഷമെ കൗണ്ടര്‍ തുറക്കു. കുറച്ചപ്പുറത്തൊരു ലോഡ്ജുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കാന്‍ പറഞ്ഞു. മൂന്ന് പേരും കൂടെ ബാഗുമെടുത്ത് നടന്നു. ഒരുപാട് സമയം ഒച്ചവെച്ചെങ്കിലും ഒരു രക്ഷയുമില്ല, ലോഡ്ജിന്റെ റിസപ്ഷനില്‍ നിന്നും കൂര്‍ക്കം വലി കേള്‍ക്കുന്നു. ആവുന്നത്രെ ശബ്ദത്തില്‍ ഒച്ചവച്ചെങ്കിലും അവര്‍ കേട്ടില്ല, അല്ലെങ്കില്‍ കേട്ടില്ലെന്ന് നടിക്കുന്നു.

ലോഡ്ജിന്റെ സ്‌റ്റെപ്പിലിരുന്ന് സമയം തീര്‍ക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. നല്ല കൊതുകുള്ളത് കൊണ്ട് ഭാഗ്യത്തിന് ആരും ഉറങ്ങിയില്ല. ഉറക്കമില്ലാത്ത തെരുവില്‍ ഉറക്കമില്ലാത്ത രാത്രിയായിരുന്നു ആദ്യ ദിവസം തന്നെ, ചെറിയൊരു ക്ഷീണമുണ്ടെങ്കിലും കൊല്‍കത്തയിലെ രാത്രി ജീവിതം ആസ്വദിക്കേണ്ടത് തന്നെയാണ്. റിയാസിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ അതിങ്ങനെ വായിക്കാം.. ‘ മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന റിക്ഷകള്‍,

കശാപ്പുശാലകളിലേക്ക് കൂട്ടത്തോടെ നടന്നു നീങ്ങുന്ന കാലികള്‍, നട്ടപ്പാതിരാക്കും വഴിയോരത്ത് പഴവും പച്ചക്കറികളും വില്‍ക്കുന്ന സ്ത്രീകള്‍…. കൊല്‍ക്കത്ത നഗരത്തിനൊപ്പം ഉറങ്ങാതെ ഒരു രാത്രി….

നേരം വെളുത്ത് തുടങ്ങുന്നു. അഞ്ച് മണിക്ക് മുമ്പ് തന്നെ കൊല്‍ക്കയില്‍ വെളിച്ചമെത്തി തുടങ്ങും. റൂം ആവശ്യപ്പെട്ടെങ്കിലും എട്ട് മണിക്ക് വരാനാണ് അവിടെ നിന്നുമുള്ള മറുപടി. എന്നാ പിന്നെ നമുക്ക് ആദ്യം വരുന്ന ബസില്‍ കയറിയാലോ. എവിടെയെങ്കിലും റൂം കിട്ടാതിരിക്കില്ല. ബസ് വരുന്നുണ്ട്, സാള്‍ട് ലൈക്ക് എന്നാണ് കാണുന്നത്. ഒന്നും നോക്കിയില്ല മൂന്നാളും ചാടി കയറി. ‘കഹാന്‍ ജാ രഹാ…’ നല്ല സ്‌റ്റൈലില്‍ തൊപ്പിയൊക്കെ വച്ച കണ്ടക്ടര്‍ ചോദിച്ചു. സാള്‍ട് ലൈക്ക് എന്ന് പറഞ്ഞതും. അയാള്‍ ഒന്ന് ചിരിച്ചു, പിന്നെ മറ്റുള്ളവരോട് ബംഗാളിയില്‍ എന്തൊക്കെയോ പറഞ്ഞു. വണ്ടി മാറി പോയിരിക്കുന്നു. സാള്‍ട് ലൈക്കില്‍ നിന്നും വരുന്ന വണ്ടിയാണ്. എന്തായാലും അധികം ദൂരം പോകാതെ ഞങ്ങള്‍ ഇറങ്ങി, അടുത്ത ബസ് കാത്ത് നിന്നു. അടുത്ത ബസ് വന്നത് ഹൗറയിലേക്ക്.

ഹൗറ പാലത്തിന് ചേര്‍ന്ന് തന്നെയാണ് റെയില്‍വെ സ്റ്റേഷനും ബസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. റെയില്‍വെ സ്റ്റേഷിന് എതിര്‍ വശത്തായി ഒന്നു രണ്ട് ഹോട്ടലുകളുണ്ട്. പഴയ കെട്ടിടമാണ് അധികവും. അതിലൊന്നായിരുന്നു ഞങ്ങള്‍ എടുത്തത്. രണ്ട് മണിക്കൂര്‍ വിശ്രമിച്ച ശേഷം പുറത്തിറങ്ങാം എന്ന തീരുമാനത്തില്‍ റൂമില്‍ കിടന്നു.

പിക്ചര്‍ അബി ബെ ബാക്കി ഹെ ഭായ്….
(തുടരും)

COMMENTS

WORDPRESS: 0
DISQUS: 0