ഖുബ്‌ലയ് മേഘാലയ

രാവിലെ ഏഴ് മണിക്ക് തന്നെ ഞങ്ങള്‍ റെഡിയായി. അഞ്ജലിയില്‍ നിന്നും ദൗക്കിയിലേക്ക് ഷെയര്‍ ടാക്‌സി ലഭിക്കും. പോലീസ് ബസാറില്‍ നിന്നും നടക്കാനുള്ള ദൂരം മാത്രമാണ് അഞ്ജലി ബസാറിലേക്ക്. ഞങ്ങള്‍ നടക്കാനിറങ്ങി. ഷില്ലോങ് ടൗണ്‍ ഉണര്‍ന്ന് തുടങ്ങിയിട്ടെയൊള്ളു. ചോയ്ച്ച് ചോയ്ച്ചാണ് പോകുന്നത്. 15 മിനിറ്റിനുള്ളില്‍ സ്ഥലമെത്തി. ഷില്ലോങില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് ഷെയര്‍ ടാക്‌സി ലഭിക്കുന്നത് അഞ്ജലിയില്‍ നിന്നാണ്.

കാറിനാണെങ്കില്‍ 300 രൂപയും സുമോ പോലുള്ള വലിയ വാഹനങ്ങള്‍ക്ക് 150 രൂപയുമാണ് ഒരാളില്‍ നിന്നും ദൗക്കിയിലേക്ക് ഈടാക്കാറുള്ളത്. കാറില്‍ പോകാതെ സുമോയില്‍ തന്നെ പോകാനാണ് ഞങ്ങളുടെ തീരുമാനം. ഒരു സുമോ പുറപ്പെടാനൊരുങ്ങി നില്‍ക്കുന്നുണ്ട്. ഡ്രൈവര്‍ക്ക് തന്നെ സ്ഥലമില്ല, എന്നാലും വെറുതെ ഞങ്ങളും കയറട്ടെ എന്ന് ചോദിച്ചു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി. എവിടെ കയറും. മുകളില്‍ കയറിയാലോ, വെറുതെ ചോദിച്ചതും ഡ്രൈവര്‍ക്ക് വീണ്ടും സമ്മതം. റിയാസിനെ വണ്ടിയുടെ മുന്‍സീറ്റിലേക്ക് ‘കുത്തികയറ്റി’ ഞങ്ങള്‍ മുകളില്‍ കയറി. അവനടക്കം അഞ്ച് പേരുണ്ട് മുന്‍ സീറ്റില്‍.

ഭയത്തോടെയാണ് ഞാന്‍ വണ്ടിയുടെ മുകളില്‍ കയറിയത്. സമ്മേളനത്തിനൊക്കെ പോയി ഷഹബാസിന് പരിചയമുള്ളതിനാല്‍ അവന്റെ ദൈര്യത്തില്‍ നിന്നും പാതി കടംവാങ്ങിയാണ് ഞാന്‍ കയറിയത്. നല്ല സ്പീഡിലാണ് യാത്ര, ഞങ്ങള്‍ മുകളിലുള്ളത് മറന്ന് പോയെന്ന് തോന്നുന്നു, അത്യാവശ്യം വളവും തിരിവുമുള്ള റോഡ്. അല്‍പ്പസമയം കൊണ്ട് ഞങ്ങള്‍ക്ക് ശീലമായി. പക്ഷെ, തണുപ്പ് അടിച്ച് കയറുന്നുണ്ട്. ഷഹബാസാണെങ്കില്‍ ഷോര്‍ടാസാണ് വേഷം. ഡ്രൈവറുടെ കയ്യിലുള്ള പുതപ്പ് ലഭിച്ചതിനാല്‍ അല്‍പ്പം ആശ്വാസമുണ്ടെന്ന് പറയാം. ഒന്ന് പറഞ്ഞാല്‍ സാഹസികത അല്‍പ്പം കൂടിപ്പോയി. 81 കിലോമീറ്ററിനടുത്ത് സഞ്ചരിക്കണം. മലപ്പുറത്ത് നിന്നും പാലക്കാട് പോകുന്ന ദൂരം. പക്ഷെ, ആ യാത്ര ഒന്നൊന്നര യാത്ര തന്നെയായിരുന്നു. ഞമ്മളെ സുലൈമാന്‍ പറഞ്ഞപോലെ രണ്ട് ഭാഗത്തും ഭയങ്കര ‘കുയി’ ഉള്ള റോഡുകള്‍. മഴക്കാലത്തായിരുന്നെങ്കില്‍ യാത്ര ഇതിനേക്കാള്‍ കിടുക്കിയേനെ..

ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് സമയം കൊണ്ട് ഞങ്ങള്‍ ദൗക്കിയിലെത്തി. മുകളിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കണ്‍സഷനും കിട്ടി. 300 രൂപയാണ ഞങ്ങളില്‍ നിന്നും ഈടാക്കിയത്. മുകളിലുള്ളവര്‍ക്ക് പകുതി പൈസ മാത്രം. ദൗക്കിയെ കുറിച്ച് പലരും വിവരിച്ചതാണ് ഞാനായിട്ട് എന്ത് പറയാന്‍. ഞാന്‍ എത്ര വര്‍ണിച്ചാലും ദൗക്കിയിലെ ഉമനാഘട്ട് നദിയുടെ സൗന്ദര്യത്തിനടുത്തെത്തില്ല. ഒരു പക്ഷെ, അതിന്റെ ഭംഗി കുറയ്ക്കും. ചില്ലു ഗ്ലാസിലെന്ന പോലെ തെളിഞ്ഞ് കാണുന്ന നദിയെ പറ്റി സഹയാത്രികന്‍ റിയാസിന്റെ വരികള്‍ തന്നെ ഞാന്‍ കടമായെടുക്കുന്നു.

‘സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കൊഴുകിയ പോലൊരു പുഴ. മേഘാലയന്‍ ഗോത്രവര്‍ഗക്കാരുടെ മനസ്സോളം സുന്ദരം, സ്ഫടിക സമാനം. രാജ്യത്തെ ഏറ്റവും മാലിന്യമുക്തമായ നദിയാണത്രെ ഉമനാഘട്ട്. രണ്ടാള്‍പ്പൊക്കത്തില്‍ ആഴമുണ്ടെങ്കിലും പച്ച നിറത്തില്‍ ചാലിച്ച അടിത്തട്ടില്‍ കല്ലുകള്‍ ഗ്ലാസ് അക്വേറിയത്തിലെന്നപോലെ തെളിഞ്ഞുകാണാം. സൂര്യപ്രകാശത്തില്‍ അവ വെട്ടിത്തിളങ്ങുന്നു. ഇതിന് കുറുകെയുള്ള ദൗകി പാലത്തിന് മുകളില്‍ നിന്ന് നോക്കിയാല്‍ ഗ്ലാസിന് മുകളിലൂടെയോന്നോണം തെന്നി നീങ്ങുന്ന തോണികള്‍. ഒരു ത്രിമാനചിത്രം ആസ്വദിക്കുന്ന അനുഭവമായാണ് അനുഭവപ്പെടുക. ദൗകി പാലത്തിനടിയിലൂടെ മടങ്ങുമ്പോള്‍ പുഴയുടെ അങ്ങേക്കരയില്‍ കുറേപേര്‍ നില്‍ക്കുന്നു. ആരാണവരെന്ന ചോദ്യത്തിന് തോണിക്കാരന്‍ നല്‍കിയ മറുപടി അദ്ഭുതപ്പെടുത്തി, ‘ബംഗ്ലാദേശികള്‍!’ നമ്മെപ്പോലെ ദൗകിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയവര്‍. മുജീബുര്‍റഹ്മാെന്റയും ഷെയ്ഖ് ഹസീനയുടെയും മുഹമ്മദ് യൂനുസിെന്റയും നാട്ടുകാരതാ കൈയെത്തും ദൂരേ. കുറേ പിറകിലോട്ട് മാറി ബംഗ്ലാദേശി വീടുകള്‍ കാണാം.

പള്ളികളില്‍ നിന്ന് ബാങ്കൊലിയും പ്രഭാഷണങ്ങളും കേള്‍ക്കുന്നു. വിളിച്ചാല്‍ കേള്‍ക്കുന്നത്രയും അകലത്തിലൂടെ കൊണ്ടുപോയ തോണിക്കാരന് മടങ്ങിപ്പോവാനുള്ള തിടുക്കം. കുറേപ്പേര്‍ പുഴയിലേക്ക് നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. തൊട്ടടുത്തെത്തിയിട്ടും ബംഗ്ലാ മണ്ണില്‍ കാലുകുത്താതെ, ഒരുകാലത്ത് ഇന്ത്യക്കാരായിരുന്നവരുടെ പിന്‍മുറക്കാരോട് ഒരുവാക്ക് മിണ്ടാതെ തിരികെപ്പോരുന്നതെങ്ങനെ. പുതിയ മലയാളത്തില്‍ പറഞ്ഞാല്‍ ‘കുമ്മനടി’ക്കാനൊരു ചെറിയ ശ്രമം. റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്താന്‍ പത്ത് കിലോ മീറ്റര്‍ കൂടി പോകണം. തമാബിലിലാണ് ചെക് പോസ്റ്റ്. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ദൗകി തൂക്കുപാലം കടന്ന് ഏകദേശം കാല്‍കിലോമീറ്റര്‍ മുന്നോട്ടു നടന്നാല്‍ പുഴയുടെ മറുകരയില്‍ ബംഗ്ലാദേശികള്‍ നില്‍ക്കുന്ന ഭാഗത്തേക്കിറങ്ങാം. ജാഫ് ലോങ് സീറോ പോയന്റെന്നറിയപ്പെടുന്ന ഇവിടം മുതല്‍ ബംഗ്ലാദേശാണ്. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ അയല്‍രാജ്യക്കാര്‍ പരസ്പരം കാണുന്നു. ജവാന്മാര്‍ കനിഞ്ഞാല്‍ അടുത്തുചെന്ന് ഹസ്തദാനം ചെയ്യാം, സൗഹൃദം പങ്കിടാം, ഫോട്ടോയെടുക്കാം. കലര്‍പ്പില്ലാത്ത സ്‌നേഹാന്തരീക്ഷം, ഉമനാഘട്ടിലെ വെള്ളംപോലെ.’ ഇതിനപ്പുറം ദൗക്കിയെ കുറിച്ചോ ഉമനാഘട്ടിനോ കുറിച്ചോ എനിക്ക് വിവരിക്കാനില്ല.

ദൗക്കിയിലെ തോണിയാത്രക്ക് അഞ്ഞൂറ് രൂപയാണ് ചാര്‍ജ്. ഏതാണ്ട് ഒരു മണിക്കൂറോളം യാത്ര ചെയ്യാം. ചെറു കല്ലുകള്‍ കൊണ്ട് മനോഹരമായ ദ്വീപുകള്‍ നദിയുടെ ആകര്‍ഷണമാണ്. ടെന്റടിച്ച് കിടക്കാനും ദ്വീപില്‍ സൗകര്യമുണ്ട്. ഞങ്ങളുടെ പ്രഭാത ഭക്ഷണം ദ്വീപിലെ കടയില്‍ നിന്നായിരുന്നു. മനോഹരമായൊരു ചായയും ബിസ്‌ക്കറ്റും പുഴുങ്ങിയ കോഴി മുട്ടയും. ദൗക്കിയില്‍ അല്‍പ്പ സമയം ചിലവഴിച്ച് ഞങ്ങള്‍ തിരിച്ച് നടന്നു. ഷെയര്‍ ടാക്‌സി ലഭിക്കുന്നിടത്തേക്കാണ് നടത്തം. ഒരു കാര്‍ വരുന്നുണ്ട് ഞങ്ങള്‍ കൈകാണിച്ചു. വണ്ടി ഷില്ലോങ്ങിലേക്കാണ്. കൂടെ ഒരാളുണ്ട്. ബംഗ്ലാദേശ് സ്വദേശിയാണ്. ബിസിനസ് ആവശ്യാര്‍ഥം ഷില്ലോങ്ങിലേക്കുള്ള യാത്രയിലാണ്. ഷില്ലോങില്‍ പോകാതെ തന്നെ ചിറാപുഞ്ചിയും ഡബ്ള്‍ ഡക്കര്‍ ബ്രിഡ്ജും കാണാം. അതാവും ലാഭം. തീരുമാനം ഡ്രൈവറെ അറിയിച്ചു. ചെറിയൊരു വിലപേശലിന് ശേഷം കക്ഷി ഞങ്ങളുടെ കൂടെ പോന്നു. വണ്ടിയിലുണ്ടായിരുന്ന ബംഗ്ലാദേശിയെ മറ്റൊരു വണ്ടിയില്‍ കയറ്റി. അങ്ങനെ രാം സിങ്ങിനൊപ്പമായി പിന്നെ ഞങ്ങളുടെ യാത്ര. പഞ്ചാബില്‍ നിന്നും പണ്ടെന്നോ ഷില്ലോങ്ങിലെത്തിയതാണ് നമ്മുടെ രാംസിങിന്റെ മുന്‍ഗാമികള്‍. വണ്ടി നേരെ ചിറാപുഞ്ചിയിലേക്ക്.

ചിറാപുഞ്ചി യില്‍

ചെറുപ്പത്തില്‍ സ്‌കൂളില്‍ കേട്ട് പഠിച്ച പേരാണ് ചിറാപുഞ്ചി. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം. ഞങ്ങള്‍ എത്തിയ സമയം മഞ്ഞ് കാലമായിരുന്നു. പുല്ലുകള്‍ക്കെല്ലാം സ്വര്‍ണ നിറം വന്ന് തുടങ്ങിയ സമയം. ഏത് കാലവും മനോഹരം തന്നെയായിരിക്കും ഇവിടം. സൊഹ്‌റ എന്നാണ് ചിറാപൂഞ്ചിയുടെ വിളിപ്പേര്. മേഘങ്ങള്‍ക്ക് മുകളിലൂടെയാണ് നമ്മുടെ യാത്രയെന്ന് പലപ്പോഴും നമുക്ക് തോന്നിപ്പോവും. വഴിയരികിലെ കാഴ്ചകള്‍ ആസ്വദിച്ച് നിര്‍ത്തി നിര്‍ത്തിയാണ് യാത്ര. രാം സിങ് വെറും ഡ്രൈവര്‍ മാത്രമല്ല, ഞങ്ങളുടെ ഗൈഡ് കൂടിയായി മാറിയിട്ടുണ്ട്. രണ്ട് മലകള്‍ക്കിടയിലെ സിപ് ലൈനാണ് ആദ്യത്തെ പോയന്റ്. ഇത്രയും ഉയരത്തിലൂടെ തൂങ്ങി പോകുന്നതിന് ശരിക്കും അവര്‍ ഇങ്ങോട്ടാണ് കാശ് തരേണ്ടത്. നമ്മള്‍ വെറുതെ 400 രൂപ കളയണ്ട, എന്നും പറഞ്ഞ് ഞങ്ങള്‍ തിരിച്ച് നടന്നു. (അല്ലാതെ പേടി ആയിട്ടല്ല).

വഴിയരികിലെ ചെറു വെള്ളച്ചാട്ടങ്ങളും വ്യൂ പോയന്റുകളും കണ്ട് യാത്ര തുടര്‍ന്നു. മൗസ്മായ് ഗുഹയിലേക്കാണ് ഇനി പോകാനുള്ളത്. രാം സിങ് പറഞ്ഞു. കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും രാം സിങ് ഞങ്ങളിലൊരാള്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാനായിരുന്നു നമ്മുടെ രാം സിങിന്റെ അച്ചന്‍. ജോലിയുടെ ഭാഗമായി പഞ്ചാബില്‍ നിന്നും വന്നതാണ് അദ്ദേഹം. പിന്നീട് ഷില്ലോങില്‍ താമസമാക്കി. മക്കളെല്ലാവരും ഓരോ ജോലി ചെയ്യുന്നു. സംസാരത്തിനിടയില്‍ ഞങ്ങള്‍ ഗുഹയിലെത്തി. ഇടുങ്ങിയ വഴികളിലൂടെ വേണം മൗസ്മായില്‍ നടക്കാന്‍. ചില ഭാഗങ്ങളില്‍ കൈയ്യിലുള്ള വെളിച്ചം ഉപയോഗിച്ചെങ്കില്‍ മാത്രമേ മുന്നോട്ട് പോകനാകു. ഗുഹ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു.

 

വരുന്ന വഴിയില്‍ കണ്ട് റൂമിലാണ് രാത്രി താമസം. യാത്രയിലെ ഏറ്റവു മികച്ച താമസ സ്ഥലം. 19 കഴിഞ്ഞ ലാലുവാണ് നമ്മുടെ താമസ സ്ഥലത്തിന്റെ ഉടമ. കക്ഷി ബംഗളൂരുവില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയതാണ്. നല്ലൊരു കുക്ക് കൂടിയാണ് നമ്മുടെ ലാലു. കേരളത്തെ കുറിച്ചുള്ള അവന്റെ ഓര്‍മകളില്‍ ആദ്യം വന്നത് പൊറോട്ടയും ബീഫുമാണ്. ബംഗളൂരുവില്‍ കൂടെ പഠിച്ച മലയാളികള്‍ പറ്റിച്ച പണിയാണ്.

മേഘാലയയെ കുറിച്ചും അവരുടെ സംസ്‌കാരത്തെ കുറിച്ചുമെല്ലാം പറഞ്ഞത് തന്നത് ലാലു തന്നെയാണ്. ഖാസി, ഗാരോ, ജൈന്തിയ എന്നിങ്ങനെ മൂന്ന് ഗോത്രവിഭാഗങ്ങളാണ് സംസ്ഥാനത്തെ പ്രധാന ജനത. ഇതേ പേരിലുള്ള മൂന്ന് കുന്നുകള്‍ക്കിടയിലാണ് അവരുടെ വാസവും. ഖാസിയാണ് പ്രധാന ഭാഷ. ഗാരോ വിഭാഗക്കാര്‍ ഗാരോ ഭാഷയും ഉപയോഗിക്കും. 90 ശതമാനം ആള്‍ക്കാര്‍ക്കും ഇംഗ്ലീഷ് അറിയാം. ഖാസി നമുക്കെല്ലാം വായിക്കാന്‍ കഴിയും. പക്ഷെ, പറയാന്‍ കഴിയില്ല. ലാറ്റിന്‍ ലിപിയാണ് ഖാസിയിലും ഉപയോഗിക്കുന്നത്. ഗാരോ എഴുതുന്നത് ബംഗാളിയിലും. ഖു്ബ് ലയ് ലാലു… ഖാസി ഞങ്ങളും പഠിച്ചു. ഖുബ്‌ലയ് എന്നാല്‍ നന്ദി എന്നര്‍ഥം. പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോഴും അവന്‍ നാളേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്റെ ഒരുക്കത്തിലാണ്. കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞങ്ങള്‍ കിടന്നു.

വെറും വാമൊഴിയായി മാത്രം ഉപയോഗിച്ചിരുന്ന ഭാഷയ്ക്ക് ലിപി നല്‍കിയത് ഇംഗ്ലീഷുകാരാണ്. മിഷനറി പ്രവര്‍ത്തനത്തിനെത്തിയ ബ്രിട്ടീഷുകാരനായ വില്ല്യം കാരി ബംഗാളിയില്‍ ചിലെ പുസ്തകങ്ങള്‍ എഴുതി. പിന്നീടെത്തിയ വെയ്ല്‍സു കാരനായ തോമസ് ജോണ്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ എഴുതുകയും നാട്ടുകാരെ പഠിപ്പിക്കുകയും ചെയ്തു. അധ്വാനികളാണ് മേഘാലയയിലെ ജനത. സ്ത്രീയും പുരുഷനും കഠിനാധ്വാനികള്‍. മടിയന്‍മാരെ കാണാനേ കഴിയില്ല. സുന്ദരികളും സുന്ദരന്‍മാരുമാണെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ.

പ്രഭാത ഭക്ഷണവും കഴിച്ച് ലാലുവിനോട് യാത്ര പറഞ്ഞു. ഞങ്ങള്‍ എത്തിയപ്പോഴേക്കും രാം സിങ് റെഡിയായിട്ടുണ്ടായിരുന്നു. ഡബ്ള്‍ ഡക്കര്‍ റൂട്ട് ബ്രിഡ്ജും റെയിന്‍ബോ ഫാള്‍സുമാണ് കാണാനുള്ളത്. ഷെഡ്യൂള്‍ പ്രകാരം മേഘാലയയിലെ അവസാന ദിവസമാണ് ഇന്ന്. ടിര്‍ന ഗ്രാമത്തില്‍ നിന്നാണ് ഡബ്ള്‍ ഡക്കര്‍ ബ്രിഡ്ജിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. 3500 പടികള്‍ ഇറങ്ങി നോങ്‌റിയാത് ഗ്രാമത്തിലാണ് വേരു പാലമുള്ളത്. വേണമെങ്കില്‍ ഗൈഡിനെ തെരഞ്ഞെടുക്കാം. ഞങ്ങള്‍ എന്തായാലും ഒരാളെ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. ഒറ്റക്ക് പോകാമെങ്കിലും മേഘാലയയുടെ സൗന്ദര്യം കേള്‍ക്കണമെങ്കില്‍ ഒരാള്‍ കൂടെയില്ലാതെ എങ്ങനെ. മംപയാണ് കൂടെയുള്ളത്. കക്ഷി ഷില്ലോങില്‍ പഠിക്കുകയാണ്. സമീപ വാസിയാണ്. പഠനത്തിനുള്ള പണം കണ്ടെത്തുന്നത് ഗൈഡായിട്ടാണ്. മേഘാലയ ടൂറിസത്തിന്റെ ലൈസന്‍സ് നേടിയിട്ടുണ്ട്. മംപയെ പോലെ കുറെയധികം പേരുണ്ട്. ഓരോ ദിവസങ്ങളിലും വ്യത്യസ്ത ഗ്രൂപ്പുകളാണ് ഗൈഡായിട്ടുണ്ടാവുക

ഏകദേശം മൂന്ന് മണിക്കൂറില്‍ അധികം എടുക്കും താഴെ എത്താന്‍. മംപ പറഞ്ഞ് തുടങ്ങി. അല്‍പ്പം ഇറങ്ങിയപ്പോളാണ് മൂന്നല്ല ഒന്നൊന്നര മൂന്ന് മണിക്കൂര്‍ എടുക്കുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. ഗ്രാമ വാസികള്‍ പടികള്‍ കയറുന്നുണ്ട്. ദിവസവും കയറിയിറങ്ങുന്നവരാണവര്‍. ആലോചിക്കുമ്പോള്‍ തന്നെ നമ്മള്‍ അലിഞ്ഞില്ലാതാവും. മുകളില്‍ നിന്നും ചുമടേറ്റി വേണം താഴേക്ക് എത്തിക്കാന്‍. നോങ്‌റിയത്ത് ഗ്രാമത്തിലാണ് ലിവിങ് റൂട്ട് ബ്രിഡ് സ്ഥിതി ചെയ്യുന്നത്. വേരുപാലത്തിനടുത്ത് ഗ്രാമവാസികളുടെ ഹോം സ്‌റ്റേകളുണ്ട്. 500 രൂപ മുതലാണ് ദിവസ വാടകയായി ഈടാക്കുന്നത്. രണ്ടു നിലയുണ്ട് നോങ്‌റിയാത്തിലെ പാലത്തിന്. ചിറിപുഞ്ചിയിലെ ഇതുപോലെ ചെറിയ പാലങ്ങള്‍ വേറെയുമുണ്ട്. മുന്നൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട് പാലത്തിന്. റബര്‍ ഇനത്തില്‍ പെട്ട ഒരു തരം മരത്തിന്റെ വേരുകള്‍ ചേര്‍ത്താണ് പാലം നിര്‍മിക്കുന്നത്. രണ്ട് കരകളിലുമായി സ്ഥിതി ചെയ്യുന്ന മരങ്ങളുടെ വേരുകള്‍ ഇതിനായി ഉപയോഗിക്കുന്നു. കനത്ത മലവെള്ളപാച്ചിലിലും പാലം അവിടെ തന്നെയുണ്ടാവും. കൃത്യമായി തന്നെ ഗ്രാമവാസികള്‍ അതിനെ പരിപാലിക്കുന്നുമുണ്ട്.

റൂട്ട് ബ്രിഡ്ജില്‍ നിന്നം വീണ്ടും രണ്ട് മണിക്കൂറിനടുത്ത് നടന്ന് വേണം റെയിന്‍ബോ ഫാള്‍സില്‍ എത്താന്‍. താഴേക്ക് പതിക്കുന്ന വെള്ളത്തില്‍ മഴവില്ല് കാണാം. അങ്ങിനെയാണ് വെള്ളച്ചാട്ടത്തിന് പേര് വീഴുന്നത്. കാണുമ്പോള്‍ ഇറങ്ങാന്‍ തോന്നുമെങ്കിലും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് നമ്മുടെ മംപ. കുളിക്കാനായി മറ്റൊരിടമുണ്ടെന്ന് അദ്ദേഹം വരുന്ന വഴിയേ പറഞ്ഞിരുന്നു. തിരിച്ച് വരവില്‍ ചാടി കുളിച്ചാണ് ഞങ്ങള്‍ കയറിയത്. മുകളിലെത്താന്‍ സ്റ്റെപ്പല്ലാതെയും വഴിയുണ്ട്. വെള്ളച്ചാട്ടത്തിനടുത്ത് നിന്നും കുത്തനെയുള്ള മല കയറണം. ചിറാപുഞ്ചിയുടെ മറ്റൊരു ഭാഗത്തെത്താം. ഞങ്ങള്‍ പരീക്ഷണത്തിന് നിന്നില്ല. പതിയെ കയറാന്‍ തുടങ്ങി. മുകളിലേക്കെത്തിയപ്പോഴേക്കും മൂന്ന് മണി കഴിഞ്ഞിരുന്നു. രാവിലെ കണ്ട ഗ്രാമവാസികള്‍ തിരിച്ചിറങ്ങുന്നുണ്ട്.എല്ലാവരുടെയും പുറത്ത് വലിയ സഞ്ചികളുണ്ട്. അഞ്ചും പത്തും വയസ്സുള്ള കുട്ടികള്‍ വരെ ഭാരം ചുമക്കുന്നു. പ്രായത്തിനനുസരിച്ച് തൂക്കം കുറയുമെന്ന് മാത്രം.

മംപയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. നേരെ ഷില്ലോങിലേക്ക്, അവിടെ നിന്നും ഗുവാഹത്തിയിലേക്ക്. അവിടെ ഒരു ദിവസം പിന്നെ നേരെ ബംഗളൂരുവിലേക്ക് അതാണ് പ്ലാന്‍. യാത്രയുടെ നല്ല ദിവസങ്ങള്‍ അവസാനിക്കുകയാണ്. ഗുവാഹത്തിയില്‍ എത്തിയപ്പോഴേക്കും സമയം എട്ട് മണിയോടടുത്തിരുന്നു. അന്നവിടെ തങ്ങി. ഉമാനന്ദ ക്ഷേത്രവും ആസാം സ്‌റ്റേറ്റ് മ്യൂസിയവും മാത്രമാണ് ഗുവാഹത്തിയില്‍ സന്ദര്‍ശിച്ചത്. അതിനാണ് സമയമുണ്ടായിരുന്നത്. ബ്രഹ്മപുത്രയിലെ ചെറുദ്വീപില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഉമാനന്ദ. ബോട്ടില്‍ വേണം ക്ഷേത്രത്തില്‍ എത്താന്‍. ബോട്ടില്‍ ഞങ്ങളുടെ സംസാരം കേട്ട് മുന്നിലുണ്ടായിരുന്നു അമ്മാവന്‍ ചോദിച്ചു. ‘നാട്ടില്‍ എവിടെയാണ്’ കണ്ണൂര്‍ കാരനാണ് അദ്ദേഹം. സൈന്യത്തില്‍ ജോലി ചെയ്യുന്ന മകന്റെ അടുത്ത് എത്തിയതാണ്. മലയാളം കേട്ട സന്തോഷം സെല്‍ഫിയില്‍ ആഘോഷിക്കുകയും ചെയ്തു. ആസാമിന്റെയും നോര്‍ത്ത് ഈസ്റ്റിന്റെയും ചരിത്രം പറയുന്നതാണ് സ്റ്റേറ്റ് മ്യൂസിയം. അത് കണ്ട് ഉച്ചഭക്ഷണവും കഴിച്ച് എയര്‍പോര്‍ട്ടിലേക്ക് ഒല ടാക്‌സി വിളിച്ചു. ഗുവാഹത്തി എയര്‍പോര്‍ട്ട് നമ്മുടെ നാട്ടിലാണെന്ന് തോന്നി പോകും നിറയെ മലയാളികള്‍. സൈന്യത്തില്‍ ജോലി ചെയ്യുന്നവരും അവരുടെ ബന്ധുക്കളുമാണ് കൂടുതലും. നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ് എല്ലാവരും. കാഴ്ചകള്‍ കണ്ട് തീര്‍ക്കാന്‍ ഒരിക്കല്‍ കൂടി വരണമെന്ന് ആഗ്രഹിച്ച് ഞങ്ങള്‍ യാത്ര തിരിച്ചു….

ഭാഗം ഒന്ന്‌

ഇന്ത്യയുടെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തേക്ക്

ഭാഗം രണ്ട്‌

സിറ്റി ഓഫ് ജോയ്‌


COMMENTS

WORDPRESS: 0
DISQUS: 0