ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേര്‍ത്തലയില്‍ നിന്നും ഞങ്ങൾ അമ്പലപ്പുഴയിലേക്ക് തിരിച്ചു. ഏകദേശം 3.30ഓടെ അമ്പലപ്പുഴയിലെത്തി. സഞ്ചാരി സുഹൃത്ത് Roshan Offsetക്ക അവിടെ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. കുറച്ചു നേരം റോഷനിക്കയുമായി സംസാരിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ കുറേയധികം കാഴ്ചകളെക്കുറിച്ച് പറഞ്ഞ് തന്നു. കുറച്ചു സമയത്തിന് ശേഷം റോഷനിക്കയുടെ സുഹൃത്ത് സജിത്തേട്ടന്റെ വാഹനത്തിൽ അമ്പലപ്പുഴ ക്ഷേത്രവും, കരുമാടിക്കുട്ടനും, കൂട്ടനാടും, അലപ്പുഴ ബീച്ചും കാണാനിറങ്ങി.
നാലരയോടെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി. വാഹനത്തില്‍ നിന്നിറങ്ങി. മുസ്ലിംഗള്‍ക്ക് കയറാന്‍ പറ്റുമോ എന്ന് ചെറിയ പേടിയുണ്ടായിരുന്നു. കൂടെയുള്ള സജിത്തേട്ടനോട് ചോദിച്ചു. നമുക്ക് നോക്കാമെന്ന് പറഞ്ഞ് നേരെ ക്ഷേത്രക്കമ്മിറ്റിയിലെ ചേട്ടനെ കണ്ടു. അതിനെന്താ കുഴപ്പം നിങ്ങ കയറിക്കണ്ടോളൂ.. എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോള്‍ പേടിയൊക്കെ പമ്പ കടന്നു. പിന്നെ ഫോട്ടോയെടുപ്പ് തുടങ്ങി. കുറേപേര്‍ അങ്ങിങ്ങായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നു. കുഞ്ചന്‍ നമ്പ്യാരുടെ മിഴാവിനടുത്തായി കുറേപേര്‍ ഇരിക്കുന്നത് കണ്ടു. അവിടെ ഉണ്ടായിരുന്ന സ്വാമി അമ്പലപ്പുഴ ക്ഷേത്രത്തെ ക്കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു.
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ് . പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മിച്ചത്.
ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കര്‍ണാനന്ദകരമായ ഓടക്കുഴല്‍ഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാല്‍ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാര്‍ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യം.
അമ്പലപ്പുഴയുടെ പഴയ പേര് ചെമ്പകശ്ശേരി എന്നാണ്. ക്ഷേത്രത്തിന്റെ മിക്ക ഭാഗങ്ങളും കണ്ടു. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന പലരും ഞങ്ങളുടെ വിശേഷങ്ങൾ തിരക്കി. ഒപ്പം പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും കുടിച്ച് കൂടെ ഒരു സെൽഫിയുമെടുത്ത് സന്തോഷത്തോടെ അവിടെ നിന്ന് പുറത്തേക്കിറങ്ങി. അതിനിടക്ക് ക്ഷേത്രത്തിനടുത്ത് കടല വിൽക്കുന്ന സ്ത്രീയുടെ അടുത്തുനിന്നും രണ്ട് പാക്ക് കടല വാങ്ങി. കഴിക്കുന്നതിനിടക്ക് കടലക്കാരി നിങ്ങള്‍ എവിടെ നിന്നാണെന്ന് ചോദിച്ചു.
മലപ്പുറത്ത് നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് മലപ്പുറമോ എന്നൊരു ചോദ്യം. അവിടെ എപ്പോഴും വെട്ടും കൊലയുമൊക്കെയല്ലേ?കൂടെയുള്ള സജിത്തേട്ടൻ ചിരിച്ചോണ്ട് അതൊക്കെ ചുമ്മാ വെറുതേ പറഞ്ഞുണ്ടാക്കുകയാണ് ചേച്ചീ എന്ന് പറഞ്ഞു. എനിക്കും ചിരി വന്നു. ഒരു കോഴിനേപ്പോലും ഇതുവരെ അറുത്തിട്ടില്ല. പിന്നല്ലേ, വെട്ടും കൊലയും😂😜. വിഷയം ഞാൻ റോഷനിക്കായെ ധരിപ്പിച്ചു. ചിലർക്കൊക്കെ അങ്ങനെയൊരു ധാരണയാണെന്നും, പലർക്കും ആ തെറ്റിദ്ധാരണ മാറിയിട്ടുണ്ടെന്നും പറഞ്ഞു. സജിത്തേട്ടന്റെയും, എന്റെയും പറച്ചിൽ കേട്ടപ്പോൾ പുള്ളിക്കാരി ചിരിച്ച് തലയാട്ടി. കട്ടക്ക് കൂടെ നിൽക്കുന്ന എന്റെ സുഹൃത്തുക്കളിൽ പലരും നല്ല ക്ഷേത്ര വിശ്വാസികളാണ്. ഓണത്തിന് സദ്യയുണ്ണാൻ പോകും, പൂരത്തിന് പോകും. അവർക്ക് തോന്നാത്ത എന്ത് വർഗീയത. അല്ലേലും നല്ല വിശ്വാസികൾക്ക് ( ഏത് മതമായാലും) അങ്ങനെ ചിന്തിക്കാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം. അവിടെ നിന്നും നേരെ കരുമാടിക്കുട്ടനിലേക്ക് തിരിച്ചു.
കരുമാടിക്കുട്ടന്‍ ബുദ്ധപ്രതിമ
അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും മൂന്ന് കിലോ മീറ്റർ സഞ്ചരിച്ച് കരു മാടിക്കുട്ടൻ (ബുദ്ധ പ്രതിമ )ക്ക് അടുത്തെത്തി. അധികം ആളുകളൊന്നുമില്ല. കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടന്‍. കരുമാടി തോട്ടുവക്കത്ത് ഇരിക്കുന്ന ( ചിത്രത്തിലുള്ളത് പോലെ ) പാതിപ്രതിമയാണ് കുട്ടന്‍. ബുദ്ധപ്രതിമയെന്ന് ചരിത്രം പറയുന്നു. ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമത കേന്ദ്രം അമ്പലപ്പുഴക്ക് തെക്കുമാറിയുള്ള പുറക്കാടായിരുന്നത്രേ. അങ്ങനെയായിരിക്കണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധവിഗ്രഹം ഇവിടെ വന്നത്.
ധ്യാനനിമഗ്‌നനായി ഇരിക്കുന്ന രൂപത്തിലാണ് കുട്ടന്റെ പ്രതിമ. പണ്ട് കുട്ടനെ ആനകുത്തി. കുത്തേറ്റ് ശരീരത്തിന്റെ പകുതി ഭാഗം അടര്‍ന്നുപോയി. ശരീരം പകുത്തുപോയെങ്കിലും മുഖത്തിന് ഒരു കുഴപ്പവുമില്ല. ശിലയിലും ശാന്തി നിറയുന്ന മുഖം. കുട്ടന് നാട്ടുകാരേയും നാട്ടുകാര്‍ക്ക് കുട്ടനേയും കാണാം. ആനകുത്തിയ ശേഷം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കൂടാരവും മതിലുമൊക്കെ കെട്ടി. അങ്ങനെ ചരിത്രത്തിന്റെ സംരക്ഷണം കിട്ടി കുട്ടനായ ഈ ബുദ്ധന്. കരുമാടിക്കുട്ടന്‍ സ്മാരകത്തിന്റെ അയല്‍ വാസിയായ രാജപ്പന്‍ പിള്ള, തന്റെ കുടുംബത്തില്‍ തലമുറകളായി കൈമാറിവന്ന ഒടിഞ്ഞു പോയ കൈയ്യുടെ കഷണം 2014മെയ്14ന് പുരാവസ്തുവകുപ്പിന് കൈമാറിട്ടുണ്ട്. ഇത് കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. കുട്ടന് 12 നൂറ്റാണ്ടു പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. കുട്ടനെയും കണ്ട് സജിത്തേട്ടന്റെ കൂടെ നേരെ കുട്ടനാട്ടേക്ക് തിരിച്ചു…..
COMMENTS