തേക്കിന്റെ നാട്ടില്‍ നിന്നും മലബാറിന്റെ ഊട്ടിയിലേക്ക്

തേക്കിന്റെ നാട്ടില്‍ നിന്നും മലബാറിന്റെ ഊട്ടിയിലേക്ക്

നൗഫല്‍ കാരാട്ട്‌

പുലര്‍ക്കാല കോടയില്‍ അലിയാന്‍ ഒരു ചെറിയ മോണിംഗ് യാത്ര…
ആരേലും കൂടുന്നോ ????
രണ്ട് ദിവസം മുമ്പ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍ മനസ്സില്‍ ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളൂ…
ജൂണ്‍ 13 ലെ പുലരി… അത് എന്റേതാണ്.. എന്റെ മാത്രമാണ്.. അത് എനിക്ക് ആസ്വദിക്കണം.. കോടയെ പുല്‍കി എന്റെ 24 ആമത്തെ വയസ്സിലേക്ക് കാലെടുത്ത് വെക്കണം….

സ്റ്റാറ്റസ് കണ്ടും , അടുത്ത യാത്രയില്‍ വിളിക്കണം എന്ന് പറഞ്ഞവരും എല്ലാമായി ഒരുപാട് പേര് യാത്രക്ക് താല്പര്യം അറിയിച്ചെങ്കിലും ഇന്ന് എന്നോടൊപ്പം എന്റെ ബര്‍ത്‌ഡേ അറിയാതെ 8 പേരും ഈ ദിവസം നോക്കിയിരുന്ന ചങ്ക് ഫൈറൂസും പിന്നെ ഞാന്‍ അറിയാതെ എനിക്ക് അവിടെ വെച്ച് സര്‍പ്രൈസ് വിസിറ്റ് തന്ന അങ്കമാലിയിലെ ദീപു , അവന്റെ ഫ്രണ്ടും കൂടി 11 പേര് ഇന്നത്തെ പുലരിയില്‍ എന്നോടൊപ്പം കോടമഞ്ഞില്‍ ലയിച്ചു…

രാവിലെ എണീറ്റ് ഇങ്ങനെ ഉദയ സൂര്യനെ കാണാന്‍ , കോടയെ പുല്‍കാന്‍ അടുത്തുള്ള മലബാറിന്റെ ഊട്ടിയായ കൊടികുത്തി മല യിലേക്ക് പോകാനായിരുന്നു പ്ലാന്‍..

കൊടികുത്തിമല

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ യില്‍ സ്ഥിതി ചെയ്യുന്ന 1500 അടി ഉയരമുള്ള ഒരു മലയാണ് കൊടികുത്തി. അതിരാവിലെ കോട നിറഞ്ഞ ഇവിടം ഞങ്ങളുടെ മീശപ്പുലിമലയും ഊട്ടിയും എല്ലാമാണ്… രാവിലെ മാത്രമല്ല , ചില ദിവസങ്ങളില്‍ പകല്‍ മിക്ക സമയത്തും കോട നിറഞ്ഞിരിക്കും ഇവിടെ..
വൈകുന്നേരം ആസ്തമയും ഇവിടെ നിന്ന് കാണേണ്ട ഒരു കാഴ്ച തന്നെയാണ്…

മുമ്പ് 2 തവണ വന്നപ്പോഴും മെയിന്‍ റോട്ടില്‍ നിന്ന് അമ്മിണിക്കാട് എന്ന സ്ഥലത്ത് നിന്ന് കൊടികുത്തി റോട്ടിലൂടെ ആണ് വന്നിട്ടുള്ളത്.. ഇത്തവണ ഈ റൂട്ട് മാറ്റി പട്ടിക്കാട് വഴി 10 കിലോമീറ്ററിലേറെ ഓഫ് റോഡ് കയറി കൊടികുത്തി മലയുടെ മുകളില്‍ എത്തിയപ്പോള്‍ ജീവിതത്തില്‍ കിട്ടിയിട്ടുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം തന്നെ ആയിരുന്നു ഇത്…
വഴിയിലെ വെള്ളച്ചാട്ടങ്ങളും കണ്ട് , കോടയില്‍ കുളിര്‍ന്ന് മുകളില്‍ എത്തിയപ്പോള്‍ സമയം 6.30 ആയിരുന്നു..

അവിടെ നിന്ന് 9 മണിക്ക് ഇറങ്ങി പിന്നെയും യാത്ര തേക്കിന്റെ നാടായ നിലമ്പൂരിലേക്ക്….
ദീപുവിന്റെ കാറില്‍ അവന്റെ ഫ്രണ്ടും ഞാനും ഫൈറും പിന്നെ ഞങ്ങളെ ഫ്രണ്ട് കുഞ്ഞിപ്പും കൂടി ഒരുപാട് നാളായി ആഗ്രഹിച്ചിരുന്ന നിലമ്പൂരിലെ ആ ഒറ്റവരി റെയില്‍ പാതയിലൂടെ ട്രെയിന്‍ വരുന്നത് കാണാന്‍….

നിലമ്പൂര്‍ ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്ര ചെയ്ത അന്ന് സ്വപ്നം കണ്ടതായിരുന്നു ഈ കാഴ്ച…
സമയം ഏറെ കാത്തിരിക്കേണ്ടി വന്നില്ല… ഒരുപാട് നാളായി ആഗ്രഹിച്ച ആ സ്വപ്ന ഫ്രെയിം ഇന്ത്യന്‍ റയില്‍വേ സമ്മാനിച്ചു..
ശേഷം ഓള്‍ഡ് DFOബംഗ്ലാവും കണ്ട് തിരിച്ച് വീട്ടിലേക്ക്….

COMMENTS

WORDPRESS: 0
DISQUS: 0