നാഫിഹ് റാസിം
കോഴിക്കോട് വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു പഴയ മരത്തിന്റെ ബെഞ്ചുണ്ട്.. അതായിരുന്നു എന്റെ ഹോട്ട് സീറ്റ്.. !
ഉപയോഗിച്ചു തഴക്കം വന്നു പ്രൗഢിയോടെ നില്ക്കുന്ന ഇരുമ്പു കാലില്‍ ഉറപ്പിച്ച ആ ബെഞ്ചിനോട് എനിക്കൊരു അഗാധമായ പ്രണയമുണ്ട്…
പഠന സംബന്ധമായി നടക്കാവില്‍ താമസം തുടങ്ങിയ
ഞാന്‍ ആദ്യം ചെയ്തത് ചുറ്റും നടന്നു കാണലാണ്.. റൂമിന്റെ അടുത്തുള്ള റയില്‍വെ ട്രാക്കിലൂടെ വടക്കോട്ടു നടന്നു…
‘വെസ്റ്റ് ഹില്‍’
മൊത്തത്തില്‍ ഒരു പഴമയാണ് , ഫുഡ് ഗ്രൈന്‍ഡ്സ് ഗോഡൗന്സ് ഉള്ളത് കൊണ്ട്… സൗന്ദര്യത്തിനു മേമ്പൊടി ഏകിക്കൊണ്ടു നൂറുകണക്കിന് പ്രാവുകളും…
ഒറ്റ നോട്ടത്തില്‍ വെസ്റ്റ് ഹില്‍ സ്റ്റേഷന് ഖല്ബില് സ്ഥാനം പിടിച്ചു… സ്റ്റേഷന്റെ ശാന്തതയെ ഭേദിക്കുന്നത് ഇടക്ക് പോകുന്ന ട്രെയിനുകളും ചിറകടിച്ചുയരുന്ന പ്രാവിന്‍കൂട്ടങ്ങളും പിന്നെ എപ്പോഴെങ്കിലും ഉള്ള സ്റ്റേഷനിലെ ബെല്ലടിയും മാത്രം!

അപ്പോഴാണ് രണ്ടാം പ്ലാറ്ഫോമില് മരത്തിന്റെ പലക കൊണ്ട് അടിച്ചുണ്ടാക്കിയ 2 ചാരു കസേരകള്‍ കണ്ടത്. പണ്ടേ പഴയ ഐറ്റംസ് നോട് പ്രേമം ആയതിനാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ അങ്ങിഷ്ടപ്പെട്ടു.!
പിന്നെ പിന്നെ പാഠ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങി ഇടക്ക് ഞാന്‍ വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷന് ലെ ബെഞ്ചിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങി..പിന്നെപ്പോഴോ അതൊരു ശീലമായി..
അങ്ങനെ എല്ലാ വൈകുന്നേരങ്ങളും ആ. ബെഞ്ചിലായി!!
വൈകുന്നേരത്തെ പുസ്തക വായന അങ്ങോട്ടേക്കു മാറ്റി!!!
മുന്നിലെ ബെഞ്ചില്‍ എന്നും മൂന്നു പഴയ സൗഹൃദങ്ങള്‍ ഒരുമിക്കാറുണ്ടായിരുന്നു.!! നല്ല പ്രായം ചെന്ന നരച്ചു കഷണ്ടിയായ, സംസാരത്തില്‍ നല്ല ചുറുചുറുക്കുള്ള ‘യുവാക്കള്‍! ‘ അതേ വയസ്സായ യുവാക്കള്‍!!! പിന്നിലെ ബെഞ്ചില്‍ ഇരുന്നു അവരുടെ കഥകളെല്ലാം ഞാന്‍ മോഷ്ടിച്ചുകൊണ്ടിരിന്നു…
പരീക്ഷകളും നൂലാമാലകളും കാരണം അടഞ്ഞു പെട്ടത് കാരണമായി യാത്ര ദാഹിയായ ഞാന്‍ തല്ക്കാലം യാത്രയെ മറന്നിരിക്കുന്നു.. !!! യാത്രകള്‍ കോഴിക്കോട് ടൗണിലെ പച്ചപ്പാട്ടകളില് മാത്രമായി ഒതുങ്ങിയിരിക്കുന്നു.. യാദൃശ്ചികമായി ആ സമയത്താണ് ചെ ഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയരീസ് വാങ്ങിക്കുന്നത്.. !!
വൈകുന്നേരം ബുക്കും എടുത്തു നേരെ ബെഞ്ചിലൊട്ടു പോകും… ഓരോ പേജ് മറിയും തോറും, ഉറങ്ങിക്കിടന്ന എന്നിലെ യാത്രാ മോഹി ഞെട്ടി ഉണര്‍ന്നു കൊണ്ടിരിക്കും..!
ഈരണ്ടു പേജ് കൂടുമ്പോള്‍ തെക്കോട്ടോ വടക്കോട്ടോ ഏതേലും തീവണ്ടി എന്നെ ആര്‍ത്തു വിളിച്ചുകൊണ്ടു. കടന്നു പോകും..
ചെയുടെയും അല്ബെര്ട്രോ യുടെയും ലാ പടറോസ പോലെ എന്റെ മനസ്സും ചീറിപ്പാഞ്ഞു കൊണ്ടിരുന്നു..
റൂമില്‍ ഒറ്റക്കായതുകൊണ്ടു രാത്രി അതുതന്നെ ആയിരുന്നു ചിന്താ…
ഒന്നു ഒളിച്ചോടണം ”’ ഒറ്റ ദിവസത്തേക്കെങ്കിലും.. ഈ പാഠ പുസ്തകക്കെട്ടുകള്ക്കിടയില് നിന്നും ,, ഈ ഒറ്റമുറിയില്‍ നിന്നും.. !!! മനസ്സു പറഞ്ഞുകൊണ്ടിരുന്നു… രാത്രിയുടെ നിശ്ശബ്ദദ ഭേദിച്ചുകൊണ്ടു തീവണ്ടികള്‍ എന്നെ വിളിച്ചുകൊണ്ടേ ഇരുന്നു.. !!!
ഇന്നെന്തോ വൈകുന്നേരം പതിവില്‍ അധികം തീവണ്ടികള്‍ എന്നെ കടന്നുപോയി , അല്ല പതിവില്‍ കൂടുതല്‍ നേരം ഞാന്‍ ബെഞ്ചില്‍ ഇരുന്നു… ഓരോ തീവണ്ടിയും നോക്കി!!!
തീവണ്ടിയുടെ പുറകിലുള്ള ഗുണന ചിഹ്നത്തോട് എനിക്ക് അസൂയ യായിരുന്നു.. എല്ലാ നാടും കാണാം.. എല്ലാ ദേശങ്ങളിലും ചെന്നെത്താം.. അതിന്റെ ഒരു ഭാഗ്യം. !

കയ്യില്‍ ആകെ അറുനൂറ്റമ്പത് രൂപയെ കാണു…
ഒന്നും നോക്കിയില്ല ബാഗും എടുത്തു നേരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോയി!!
‘ഒരു രത്നഗരി’
കൗണ്ടറില്‍ ഇരുന്ന പെണ്ണ് ഒരു നോട്ടം നോക്കിയിട്ട് പൈസ വാങ്ങി ടിക്കറ്റ് തന്നു..
270 രൂപ..
(രത്നഗിരി ( മഹാരാഷ്ട്ര) വരെ എത്തി തിരിച്ചുവരാന്‍ ഉള്ള പൈസയെ കയ്യില്‍ ഉണ്ടായിരുന്നുള്ളു… 200 രൂപകൂടി ഉണ്ടെങ്കില്‍ അന്ന് ഞാന്‍ മുംബൈ എത്തിയേനെ.. )
അങ്ങനെ 12 മണിക്ക് വന്ന ഒരു സ്പെഷ്യല്‍ വണ്ടിയില്‍ ഞാന്‍ കയറി##
കാസര്‍കോട് വരെ അത്യാവശ്യം തിരക്കുണ്ടായിരുന്നു… പിന്നീടെപ്പോഴോ ആളുകള്‍ ഒഴിഞ്ഞപ്പോള്‍ ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു…
സൂര്യന്റെ വെളിച്ചം കണ്ണില്‍ അടിച്ചപ്പോഴാണ് ഉണര്‍ന്നത്.,
2 മലകള്‍ക്കിടയിലൂടെ സൂര്യന് കണ്ണില്‍ ഇക്കിളിയിട്ട് .എന്നെ വിളിച്ചുണര്‍ത്തി… മംഗലാപുരം കഴിഞ്ഞു ഏതോ ചെറിയ സ്റ്റേഷനില്‍ വണ്ടി നിര്തി ഇട്ടിരിക്കുയകയാണ്.. ചുറ്റും നെല്‍പ്പാടം… കുറച്ചകലെ മലനിരകള്‍… പാടത്തിന്റെ ഇടയില്‍ ചെറിയ ചെറിയ കുടിലുകള്‍!!! പട്ടണത്തിന്റെ അടയാളങ്ങള്‍ തീരെ ഇല്ല.. ഇന്നലത്തെ പ്രാന്തിന് വണ്ടി കേറുമ്പോള്‍ ഇതൊന്നും പ്രതീക്ഷിച്ചതെ ഇല്ലായിരുന്നു..
ആ കമ്പാര്‍ട്ട്മെന്റില്‍ ഞാനടക്കം 3 പേര്.. മൂകാംബികാ റോഡില്‍ നിന്നും പുഞ്ചിരിച്ച മുഖവുമായി ഒരു സ്വാമി കയറി , എനിക്ക് അഭിമുഖമായി ഇരുന്നു.. ! കന്നടക്കാരനായ അദ്ദേഹവും മലയാളിയായ ഞാനും അര മണിക്കൂറോളം നിര്‍ത്താതെ സംസാരിച്ചു.. ! ആരാ , എവിടുന്ന എന്നല്ലാതെ എനിക്കൊന്നും മനസ്സിലായില്ല.. സ്വാമിജി നല്ല കട്ട കന്നടയും ഞാന്‍ അസ്സല് മലപ്പുറം മലയാളവും!!!
മൂകാംബിക റോഡില്‍ നിന്നും ആണ് കൊങ്കന്‍ റെയില്‍വേ യിലെ ആദ്യ തുരങ്കം തുടങ്ങുന്നത്!!! ആദ്യമായിട്ടാണ് ഞാന്‍ കൊങ്കന്‍ പാതയില്‍ യാത്ര ചെയ്യുന്നത്, അതിന്റെ ആവേശമായിരുന്നു മനസ്സു മുഴുവന്‍ ,
മാമുക്കോയ പറഞ്ഞ പോലെ , ”അള്ള!! തുരങ്കം എന്നു വെച്ചാല്‍. ഇജ്ജാതി തുരങ്കം!!”
അങ്ങനെ കൊങ്കന്‍ പാതയിലൂടെ ഞമ്മളെ തീവണ്ടി കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു…
വാതിലില്‍ പുറത്തേക്കും നോക്കി ചിരിച്ച മുഖവുമായി ഞാനും..!!!
കൊങ്കന്‍ പാത ഒരു അത്ഭുതമാണ് , നേരെ പോകുമ്പോള്‍ മുന്നില്‍ അതാ ഒരു കുന്ന്, ഒന്നും നോക്കിയില്ല.. അതങ്ങോട്ട് തുരന്നു, തുരന്നു ചെന്നപ്പോള്‍ ദേ വലിയ കൊക്കയാണ്.. 2 മലകള്ക്കടയിലെ താഴ്ന്നു കിടക്കുന്ന താഴ്വര… ഒന്നും നോക്കിയില്ല നേരെ അടുത്ത കുന്നിലേക്ക് പണിതു നല്ല ആടാര്‍ പാലം… ഇതാണ് കൊങ്കന്‍ റെയില്‍വേ..

ഗോവ എത്തിയപ്പോള്‍ ഇറങ്ങാന്‍ ശരീരം സീറ്റില്‍ നിന്നും എണീറ്റെങ്കിലും കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ല എന്നും പറഞ്ഞു മനസ്സ് ബോഡിയെ സീറ്റില്‍ തന്നെ ഇരുത്തി, വെള്ളച്ചാട്ടങ്ങളും വലിയ വെള്ളക്കെട്ടുകളും പിന്നിട്ട് ഏകദേശം മൂന്നര മണിയോടെ രത്നഗിരി എത്തി
സ്റ്റേഷനില്‍ നിറയെ മാങ്ങകള്‍ നിരത്തി വെച്ചിരിക്കുന്നു..
രത്നഗിരി മംഗോസ്. !!!! സൂപ്പരാണ്!!
പുറത്തിറങ്ങിയപ്പോഴാണ് ട്രെയിന്‍ സമയം നോക്കിയത് , 4 മണിക്കാണ് മംഗള , തിരിച്ചു കോഴിക്കോടെക്ക്.!!!!!
ട്രെയിന്‍ വന്നപ്പോള്‍ പിന്നിലെ ജനറല്‍ ബര്‍ത്തില്‍ കയറ്റിപ്പറ്റി.. കാലുകുത്താന്‍ സ്ഥലമില്ല.. !!! എങ്ങനെയോ മുകളിലെ ലഗേജ് ബര്‍ത്തില്‍ കയറി ഇരുന്നു.. വിശപ്പുകൊണ്ടാകണം… ചെറുതായി മയങ്ങി..!!! എണീറ്റപ്പോള്‍ രാത്രയായിരിക്കുന്നു , നിറയെ കേരളത്തിലേക്ക് പണിക്കു വരുന്ന ഉത്തരേന്ത്യക്കാരാണ്.. അച്ഛാദിന്‍ സംസ്കാരങ്ങള്‍ കൗതുകപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരുന്നു.. കയ്യില്‍ ബാക്കിയുള്ള പൈസകൊണ്ടു ഗോവ എത്തിയപ്പോള്‍ സമൂസ എന്നു പേരുള്ള, നമ്മുടെ സമൂസയോട് കുലബന്ധംപോലും ഇല്ലാത്ത ഒരു സാധനം കഴിച്ചു… !!! അരമണിക്കൂറിന് ഉള്ളില്‍ പണികിട്ടിത്തുടങ്ങി… മനസ്സില്ലാ മനസ്സോടെ ബര്‍ത്തില്‍ നിന്നും ഇറങ്ങി!!! ടോയ്ലറ്റിലിന് മുമ്പില്‍ സുഖ നിദ്രയില്‍ ആണ്ട 2 പേരുടെ ഉറക്കം കെടുത്താതെ ഡോര്‍ തുറന്നു..
ഹൗ…. !!!! അച്ഛാ ദിന് ആയാ.. ടോയ്ലറ്റ് സകല രൗദ്ര ഭാവവും പൂണ്ട് നിറഞ്ഞു നില്ക്കുന്നു.. എന്നാലും ഓപ്പണ്‍ ടോയ്ലറ്റിന് ഈ ഗതി എങ്ങനെ വന്നു എന്ന് അന്വേഷിച്ചപ്പോഴാണ് റെയില്‍വേ യുടെ ബയോ ടോയ്ലറ്റ് സെറ്റപ്പ് കണ്ടത്… കക്കൂസ് ടാങ്ക്.. !!! കൊണ്ടു നടക്കാന്‍ അറിയില്ലെങ്കില്‍ പിന്നെ എന്തിനാണ്… എന്നൊക്കെ ശപിച്ചുകൊണ്ട് മുകളില്‍ കയറി ഇരുന്ന്… 4 മണിക്ക് എത്തേണ്ട ട്രെയിന്‍ പിടിച്ചിടലും മറ്റും കഴിഞ്ഞു രാവിലെ 9 മണിക്ക് കോഴിക്കോടെത്തി.. നേരെ കാര്യം സാധിച്ചു റൂമില്‍ പോയി…
വൈകുന്നേരം പതിവുപോലെ ബെഞ്ചില്‍ പോയിരുന്നു.. കയ്യില്‍ മോട്ടോര്‍സൈക്കിള്‍ ഡയരീസ് ഉണ്ടായിരുന്നു.. ചെയുടെ ലാ പടറോസ ഒക്കെ തകര്‍ന്നു തരിപ്പണമായി..
എന്നാല്‍ വീണ്ടും 2 പേരും യാത്ര തുടരുന്നു.. യാത്രയുടെ മാരക വേര്‍ഷന്‍ അവിടെയാണ് ഞാന്‍ കണ്ടു തുടങ്ങിയത്..
വീണ്ടും നോര്‍ത്തിലേക്കുള്ള ഒരു ട്രെയിന്‍ കടന്നുപോയി..
”പോരു .. രത്നഗിരിക്കപ്പുറവും ഭൂമിയുണ്ട്.. ജീവിതമുണ്ട്… സമൂഹങ്ങളും സംസ്കാരങ്ങളുമുണ്ട്… കാണണ്ടേ , ആസ്വദിക്കണ്ടേ , അനുഭവിക്കണ്ടേ.. ” അസൂയ തോന്നിച്ചിരുന്ന ഗുണനചിഹ്നം എന്നോട് പറഞ്ഞു… മറുപടി നല്‍കാതെ പുഞ്ചിരിച്ചു തിരികെ നടന്നു!!!

ഏകദേശം ഒരു കൊല്ലത്തിനു ശേഷം ഇന്ന് വീണ്ടും ഈ ബെഞ്ചില്‍ ഇരിക്കുന്നത് വലിയ ഒരു യാത്രക്ക് കോപ്പുകൂട്ടാനാണ്.. കയ്യില്‍ പോള്‍ തെറോക്സ് ന്റെ ‘ഗ്രേറ്റ് റയില്‍വെ ബസാര്‍’ ഉണ്ട്.!
മുന്നിലെ ബെഞ്ചിനെയും അതിന്റെ കൂട്ടുകാരായ വയസ്സന്മാരായ മൂന്നു ‘യുവാക്കളെയും’ കാണാനില്ല..
ബെഞ്ചിന്റെ ബാക് റെസ്റ്റില്‍ 2 കൈയ്യും നീട്ടി വെച്ചു , കടന്നു പോയ ട്രെയിനിലെ ഗുണനചിഹ്നത്തിന് ഒരു കൊല്ലത്തിനു ശേഷം ഞാന്‍ മറുപടി നല്കി..
‘വരാം’ നിന്റെ കൂടെ മാത്രമല്ല…. ഇന്ത്യയിലെ മുഴുവന്‍ തീവണ്ടികളുടെ കൂടെയും… അല്ല., ലോകത്തിലെ തന്നെ!!
COMMENTS