യമുനഘാട്ടിലെ പക്ഷികള്‍

യമുനഘാട്ടിലെ പക്ഷികള്‍

ഷഫീഖ് റഷീദ്

സഞ്ചാരികള്‍ അധികം എത്താത്ത സ്ഥലമാണ് ഡല്‍ഹിയില്‍ യമുന ഘാട്ട് . ഈ കടവിനെ മനോഹരമാക്കുന്നത് സൈബീരിയന്‍ സീഗള്‍ (Seagull) എന്ന ദേശാടന പക്ഷികളാണ്

ആദ്യമായി യമുനഘാട്ട് ശ്രദ്ധിക്കുന്നത് Abbas Baig എന്ന ഫോട്ടോഗ്രാഫറുടെ ഒരു ചിത്രത്തിലാണ് ആദ്യം ഒന്ന് സംശയിച്ചു ഇത് ഡല്‍ഹിയില്‍ തന്നെയാണോ എന്ന്.ഗൂഗിളില്‍ നിന്ന് സ്ഥലത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടി.സൂര്യോദയ സമയമാണ് പക്ഷികള്‍ കടവിലേക്ക് വരുന്നത്. തണുപ്പ് കാലത്ത് ഡല്‍ഹിയില്‍ സൂര്യോദയം 7.15 am ആണ് . 6.30 am താമസസ്ഥലത്ത് നിന്ന് Arun Gs ന്റെ ഒപ്പം പുറപ്പെട്ടു ഇരുപത് മിനിറ്റ് കൊണ്ട് യമുന ഘാട്ടില്‍ എത്തി.ചെറിയ ചാറ്റല്‍ മഴ തണുപ്പ് നല്ല ഇരുട്ടും .കടവില്‍ ആരും തന്നെ ഇല്ലായിരുന്നു. മലിനീകരണം കൊണ്ട് യമുന നദിയുടെ നിറം കറുപ്പായിട്ടുണ്ട്.

രാവിലെ തണുപ്പും കൊണ്ട് വന്നത് വെറുതേയായോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് രവീന്ദര്‍ ഭായി എന്ന വള്ളക്കാരന്‍ അങ്ങോട്ട് വന്നത്. ഭായി സ്ഥലത്തെക്കുറിച്ചുള്ള വിവരണം തുടങ്ങി. മൂന്ന് വര്‍ഷമായിട്ടേയുള്ളൂ സഞ്ചാരികള്‍ ഇവിടെ വരാന്‍ തുടങ്ങിട്ട് കൂടുതലും ഫോട്ടോഗ്രാഫേഴ്‌സും വിദേശികളുമാണ് എത്താറുള്ളത് .സൂര്യോദയ സമയത്ത് നംകീന്‍ എന്ന ഭക്ഷണം വള്ളത്തില്‍ പോയി യമുനയിലേക്ക് എറിയും ഇത് തിന്നാനായി പക്ഷികള്‍ വരുന്നത്. പൂജയായിട്ടാണ് അവര്‍ ഇത് ചെയ്യുന്നത്.

സമയം 7.15 കുറച്ച് പക്ഷികള്‍ വന്നു തുടങ്ങി വെളുത്ത നിറം ചിറകുകളില്‍ ചാരനിറം. ഇത്രയും പക്ഷികളെ ഉള്ളോ എന്ന ചോദ്യത്തിന് നിങ്ങള്‍ വള്ളത്തില്‍ കയറ് എന്ന് ചിരിച്ചു കൊണ്ട് ഭായി പറഞ്ഞു. അരമണിക്കൂര്‍ അമ്പത് രൂപ ഞങ്ങള്‍ വള്ളത്തില്‍ കയറി.നംകീനുമായി രണ്ട് പേര്‍ വന്നു അവരും ഞങ്ങളുടെ ഒപ്പം വള്ളത്തില്‍ കയറിപക്ഷികള്‍ കൂട്ടമായി വന്നു തുടങ്ങി ഒരു കൂട്ടം രണ്ട് കൂട്ടം മൂന്ന് കൂട്ടം ചറപറ …… . ഒരു പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കി കൊണ്ട് അവര്‍ നംകീന്‍ വെള്ളത്തിലേക്ക് എറിഞ്ഞ് കൊടുത്തു. ആയിരത്തോളം സീഗുള്‍ വള്ളത്തെ ചുറ്റി പറക്കാന്‍ തുടങ്ങി. മറ്റൊരു വള്ളം കൂടി വന്നു വള്ളക്കാരന്‍ ശബ്ദമുണ്ടാക്കുമ്പോള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് അവ കൂട്ടത്തോടെ പറക്കാന്‍ തുടങ്ങി. തൊട്ടടുത്ത് പക്ഷികളുടെ വളയം അവയുടെ ചിറകടി ശബ്ദം വിവരണാതീതമായ കാഴ്ചകളായിരുന്നു. സ്വപന ലോകത്ത് എത്തിയ പ്രതീതി എണ്ണമില്ലാത്ത പക്ഷികള്‍ ഒരേ ദിശയില്‍ പറക്കുന്നു.

സീഗള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലന്നും എപ്പോഴും ഒരു നിശ്ചചിത അകലം പാലിക്കുമെന്നും ചുറ്റും പറക്കുമെങ്കിലും ബോട്ടില്‍ വന്നിരിക്കാറില്ലെന്നും ഭായി പറഞ്ഞു . ഞങ്ങള്‍ ഫോട്ടോസും വീഡിയോസും എടുക്കാന്‍ തുടങ്ങി. ഒരു മണിക്കൂറോളം കാഴ്ചകള്‍ കണ്ട് ഇരുന്നു. മഴ കൂടിയതിനാല്‍ തിരിച്ച് കടവിലേക്ക് വന്നു. 8:30 ഓടേ എല്ലാ പക്ഷികളും പോയി.കാര്‍മേഘമായതിനാല്‍ സൂര്യോദയം കണാനായില്ല .അടുത്ത ദിവസം വീണ്ടും വരാമെന്ന് ഭായിയോട് പറഞ്ഞ് വീട്ടിലേക്ക് യാത്രയായി.
നവംബര്‍ മാര്‍ച്ച് മാസത്തിനിടയില്‍ ഡല്‍ഹിയില്‍ വരുന്നവര്‍ തീര്‍ച്ചയായും ഇവിടെ വരിക രാവിലെ ഒരു മണിക്കൂര്‍ ചിലവഴിച്ചാല്‍ മനോഹര കാഴ്ച അനുഭവേദ്യമാക്കാം . പുണ്യനദിയാണെങ്കിലും വെള്ളത്തില്‍ അവസ്ഥ പരിതാപകരമാണ്.അടുത്തുള്ള മെട്രോ സ്റ്റേഷന്‍ കാഷ്മീരി ഗേറ്റ് ആണ് അവിടുന്ന് 2കിലോ മീറ്റര്‍
Yamuna ghat delhi എന്ന് സെര്‍ച്ച് ചെയ്താല്‍ ഗൂഗില്‍ വഴികാട്ടും.

COMMENTS

WORDPRESS: 0
DISQUS: 0