കാറ്റിന്റെ താളത്തിനൊപ്പം പൂവാറിലേക്ക്

കാറ്റിന്റെ താളത്തിനൊപ്പം പൂവാറിലേക്ക്


അഖില്‍ സുരേന്ദ്രന്‍ അഞ്ചല്‍

ജീവിത യാത്രകളില്‍ സമ്മാനങ്ങള്‍ ഒരു പാട് കിട്ടിയിട്ടുണ്ട് പക്ഷേ യാത്ര വിവരണത്തിന് അവാര്‍ഡ് അതും ക്യാഷ് പ്രൈസ് , എന്റെ കേരളം എത്ര സുന്ദരം ടീം വോവ്‌സ്‌റ്റേ നടത്തിയ യാത്ര വിവരണത്തില്‍ 2 പ്രൈസ് കിട്ടയ സന്തോഷം ഞാന്‍ എന്റെ പ്രിയപ്പെട്ട സഞ്ചാരികളിലേക്ക് പങ്ക് വെയ്ക്കുന്നു . സമ്മാനം എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് മാത്രം സ്വന്തം . അമ്മ വലിയ ഒരു യാത്രയിലാണ് അതിനാല്‍ എന്നോടൊപ്പം ഇല്ല പക്ഷേ ആ മനസ്സ് എന്നോടൊപ്പം ഉണ്ട് ഈ യാത്രയില്‍ . അതിനാല്‍ അല്ലിയോ എനിക്ക് ഈ സമ്മാനം പോലും കിട്ടാന്‍ ഞാന്‍ അര്‍ഹനായത് .ടീം വോവ്‌സ്‌റ്റേ ക്ക് ഹൃദയത്തില്‍ തൊട്ട നന്ദി , റഹിം ഇക്കക്ക് പ്രത്യേക നന്ദി

പൂവാര്‍ ബോട്ട് യാത്ര …….. നമ്മുടെ തലസ്ഥാന നഗരിയുടെ കിഴക്കേ അറ്റത്തെ ഗ്രാമാണ് പൂവാര്‍. നെയ്യാറിന്റെ ഓളങ്ങളും കടലും കണ്ടല്‍ നിറഞ്ഞ ഇടത്തോടുകളും സുന്ദരിയാക്കുന്ന നാട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 28 കിലോമീറ്റര്‍ മാറി നെയ്യാറിന്റെ കൈവഴികളിലൂടെ പൂവാര്‍ ശാന്തമായി ഒഴുകുന്നു. ആരാണ് യാത്രികരെ ബോട്ട് യാത്ര ഇഷ്ടപ്പെടാത്തവര്‍ ഞങ്ങള്‍ നാല് പേര്‍ കൊതിയാര്‍ന്ന മനവുമായി പൂവാറിന്റെ ഓളങ്ങള്‍ തേടി മുഹമ്മദ് അഷ്‌റഫ് ഇക്ക , ഷാഹിര്‍ ഷാന്‍ , ആസിഫ് ഇക്ക , രണ്ട് മണിക്കൂര്‍ ബോട്ട് യാത്ര ഇവിടെ ആരംഭിക്കുന്നു .

നിങ്ങളും വരൂ ഈ ബോട്ട് ആസ്വദിച്ചിട്ട് വരാം .സ്വപ്ന വനികയില്‍ വസന്തമാക്കാന്‍ ഞാന്‍ നിങ്ങളെയും ക്ഷണിക്കുന്നു .നെയ്യാറിന്റെ ഓളങ്ങളെ കീറി മുറിച്ച് ബോട്ട് കുതിച്ചു പാഞ്ഞു .ഇടത്തോടുകളും അഴിമുഖവും കടലും ഒറ്റയാത്രയില്‍ ആസ്വദിക്കാം ഇവിടെ . കൊതിയാര്‍ന്ന മനവുമായി പൂവാറിന്റെ ഓളങ്ങളെ തഴുകാനും നിന്നോടൊപ്പം ഒഴുകിടുവാനും ഞാന്‍ ഇതാ വരുന്നു . ഏത് നിമിഷവും എന്‍ നിനവുകള്‍ വിലോലമായി നിനക്കായി ഒഴികിടുമാം സ്വരം നീ അറിയുമോ?

പൂവാറിന്റെ പേരിനു പിന്നില്‍ ഒരു കഥയുണ്ട് അപ്പോള്‍ ഒരു കഥ സൊല്ലുട്ടു മാ പണ്ട് ഇവിടെ പോക്കു മൂസാപുരം എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ഓടിയ മാര്‍ത്താണ്ഡവര്‍മ ഇളയരാജാവിന്റെ പ്രയാണം അവസാനിച്ചത് ഇവിടെയായിരുന്നു. അന്ന് കല്ലറയ്ക്കല്‍ വീട്ടിലെ ഉമ്മച്ചിയമ്മ രാജാവിന് അഭയം നല്‍കി. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെട്ട രാജാവ് പിറ്റേന്ന് രാവിലെ കുളിക്കാനായി ആറിലെത്തി. ജലോപരിതലത്തില്‍ നിറയെ കൂവളത്തിന്റെ പൂക്കള്‍ കണ്ട അദ്ദേഹം വിസ്മയഭരിതനായി പറഞ്ഞു, പുഷ്പനദി. ഒരുപാടു കാലം കഴിഞ്ഞപ്പോള്‍ ‘പൂക്കള്‍ നിറഞ്ഞ നദിയുള്ള നാട് പൂവാര്‍ എന്ന് അറിയപ്പെട്ടു . കേട്ടറിഞ്ഞ കഥയാണ്. കഥയാണ് ആരും എന്നോട് ചോദ്യം ചോദിക്കരുത് ചോദിച്ചാല്‍ ഞാന്‍ പറയും പൂവാര്‍ ബോട്ട് യാത്ര ചെയ്യാന്‍. ഇടത്തോടുകളെ ഇക്കിളിപ്പെടുത്തി ബോട്ട് നീങ്ങി, പൂര്‍ണ്ണമായും കണ്ടല്‍ കാടുകളെ നമ്മുക്ക് ഇവിടെ കാണാന്‍ കഴിയില്ല . ചതുപ്പുകളിലും പുഴയോരങ്ങളിലും സാധാരണ വളരുന്ന കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞതാണ് കാട്.കൊക്കുകളും കൃഷ്ണപ്പരുന്തും പൊന്മാനും മരങ്ങള്‍ക്കു മേല്‍ വസന്തം തീര്‍ത്തിട്ടുണ്ട്. പക്ഷികളുടെ ചെറിയ ഒരു ഈറ്റല്ലം എന്ന് വേണമെങ്കില്‍ വിളിക്കാം.

പെട്ടെന്നാണ് അന കോണ്ട സിനിമ ഓര്‍മ്മപ്പെടത്തലുമായി അഷറഫ് ഇക്ക വന്നത് സിനിമ ചിത്രീകരണവുമായി ബന്ധമുള്ള യാത്ര എന്ന് വേണെങ്കില്‍ പറയാം ബോട്ട് , കാടുകള്‍ പക്ഷേ ആ ഭീകരന്‍ പാമ്പ് ഇല്ല കേട്ടോ ഹ ഹ …. പക്ഷേ ഞാന്‍ ഒരു നീര്‍ക്കോലി പാമ്പിനെ പോലും കണ്ടതുമില്ല . തീരത്തോടു ചേര്‍ന്ന് അങ്ങു ദൂരെ മനോഹരമായ റിസോര്‍ട്ടുകളും വെള്ളത്തിനു മേല്‍ നിരന്നു നില്‍ക്കുന്ന ഫ്‌ലോട്ടിങ് റിസോട്ടുകളും കണ്ടു .വിദൂര ദൃശ്യത്തില്‍ പൊഴിമുഖത്തിന് പ്രകൃതിയുടെ ക്യാന്‍വാസില്‍ വരച്ചുവച്ചൊരു ചിത്രത്തിന്റെ സൗന്ദര്യം. ഇവിടുത്തെ കുതിര സവാരിയെ പറ്റിയാണ് എടുത്ത് പറയേണ്ടത്. മനുഷ്യ പറ്റില്ലാത്ത മനുഷ്യമൃഗങ്ങള്‍ ഈ പാവം കുതിരകള്‍ക്ക് തീറ്റ പോലും കൊടുക്കുന്നില്ല നമ്മള്‍ ഉള്ള സമയം പോലീസ് ഉദ്യോഗസ്ഥര്‍ ഇവന്‍മാരെ കൈകാര്യം ചെയ്യുന്ന ദൃശ്യമാണ് കണ്ടത് . മിണ്ടാ പ്രാണികള്‍ കഷ്ടം . ഇവന്‍മാര്‍ക്ക് നല്ല വരുമാനം കുതിര സവാരിയില്‍ നിന്ന് കിട്ടുന്നുണ്ട് എന്നിട്ടാണ് ഈ ക്രൂരത മനസ്സനെ വേദനിപ്പിച്ച നിമിഷങ്ങള്‍ അതിനാല്‍ ഞാന്‍ കുതിര സവാരി ഒഴുവാക്കി .

എലഫന്റ് റോക്ക് അഥവാ ആനപ്പാറയാണ് മറ്റൊരു കാഴ്ച. മണല്‍തിട്ടയ്ക്ക് തൊട്ടടുത്ത് വെള്ളത്തില്‍പാതി മുങ്ങി നില്‍ക്കുന്ന ആനയുടെ ആകൃതിയിലുള്ള പാറ. ശരിക്കും ആനയെ കൊത്തിവച്ച പോലെ. ബീച്ചിലെ കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങിയെത്തുമ്പോഴേക്കും ബോട്ട് റെഡി യാത്ര വീണ്ടും തുടര്‍ന്നു കടല്‍ കാറ്റ് ആഞ്ഞ് വീശി കൊണ്ടേ ഇരുന്നു .പട്ടണക്കാട് എന്നു വിളിക്കുന്ന കണ്ടല്‍ നിറഞ്ഞ ഇടത്തോടുകളാണ് അടുത്ത ലക്ഷ്യം . ഇവിടെ സഹനത്തിന്റെ സ്‌നേഹത്തിന്റെ പ്രതീകമായ മേരി മാതാ പ്രതിമ കാണാം . ഞാന്‍ മാതാവിനോട് പറഞ്ഞു എന്റെ അമ്മേ കണ്ടാല്‍ അന്വേഷണം പറയണം എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചു . ജലയാത്രയുടെ വഴിയേ പലയിടങ്ങളിലായി തോണിയില്‍ ഇളനീര് വില്‍ക്കുന്ന കച്ചവടക്കാരെ കാണാം.ബോട്ട് മുന്നോട്ടു നീങ്ങുന്നതനുസരിച്ച് തെങ്ങിന്‍തോപ്പുകള്‍ കടന്ന് പോകുമ്പോള്‍ വിദേശികളെ കാണാം റിസോട്ടുകള്ളില്‍ . വള്ളങ്ങളിലും ബോട്ടുകളിലും സഞ്ചാരികള്‍ പൂവാറില്‍ ഒഴുകി നടന്ന് ആഹ്ലാദിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു ഭാഗത്ത് …….. എന്റെ കേരളം എത്ര സുന്ദരം യാത്രകള്‍ക്ക് അവസാനമില്ല .പുഴയിലവസാനിക്കുന്ന സുന്ദരമായൊരു യാത്ര ഇവിടെ ശുഭം . പൂവാര്‍ ബോട്ട് യാത്ര ചെയ്യാന്‍ എത്തിച്ചേരണ്ട മാര്‍ഗ്ഗം തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അറ്റത്താണ് പൂവാര്‍. കോവളം– വിഴിഞ്ഞം വഴി 35 കിലോമീറ്ററുണ്ട് പൂവാറിലേക്ക്. കോവളം ബീച്ചില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍.നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

COMMENTS

WORDPRESS: 0
DISQUS: 0