നൗഫല്‍ കാരാട്ട്
അതെ , എല്ലാ യാത്രയും ഒരു നിയോഗമാണ്.. യാത്രകള്ക്കിടയിലുള്ള അന്തരം ആദ്യമായി കൂടിയപ്പോള്‍ , അല്ലെങ്കില്‍ ജോലിത്തിരക്കിനാല്‍ യാത്രകള്‍ പറ്റാതിരുന്നപ്പോള്‍ മനസ്സ് കൈവിട്ട അവസ്ഥ. പിന്നെ ഒരു ഉള്‍വിളിയായിരുന്നു.. വഴികള്‍ തേടിയുള്ള അലച്ചിലുകള്‍ അവസാനിക്കുന്നത് മഹയശി നിരത്തിയ സ്ഥലങ്ങളുടെ പേരുകള്‍ കേട്ടപ്പോഴാണ്.

ഇലവീഴാപൂഞ്ചിറയിലെ ആ കുന്നിന് മുകളില്‍ നിന്ന് സമീപ ജില്ലകളിലെ പ്രധാന പോലീസ് സ്റ്റേഷനുകളിലേക്ക് സിഗ്നല്‍ കൊടുക്കുന്ന ആ കേന്ദ്രത്തിന് അടുത്തായി ഇരുന്ന് ഇതെല്ലാം ആലോചിച്ചപ്പോള്‍ യാത്ര എന്ന വികാരത്തിന് ഞാന്‍ എത്രമേല്‍ അടിമപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിവുണ്ടായി.
കയറി വന്ന വഴികള്‍.. 6 കിലോമീറ്റര്‍ ഓഫ് റോഡ് കയറി ചങ്ക് റശീ അടുത്തിരുന്ന് കിതക്കുന്നുണ്ടായിരുന്നു.. അവനും തോന്നിയിട്ടുണ്ടാവും എനിക്ക് ഭ്രാന്താണോ എന്ന്.
ഉദായസൂര്യന്റെ പൂര്‍ണ സൗന്ദര്യവും വേണ്ടുവോളം ആസ്വദിച്ചുള്ള ആ 2 മണിക്കൂറിന് ശേഷം മലയിറങ്ങാന്‍
സമയമായിരിക്കുന്നു… സ്വര്ണക്കളറുകളുള്ള ആ തളിരിലകള്‍ക്ക് മേല്‍ വെളിച്ചം വീശി തുടങ്ങിയിരിക്കുന്നു.. കോടയും തണുപ്പും വീശിയിരുന്ന ആ മലഞ്ചെരുവില്‍ നിന്ന് താഴേക്ക്… ഇനി കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്കുള്ള യാത്ര…
ഇലവീഴാപൂഞ്ചിറയില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ തന്നെ ഇല്ലിക്കല്‍ കല്ലിലേക്ക് പോകാന്‍ നല്ല വഴി ഉണ്ട്. അല്പനേരത്തെ യാത്രക്ക് ശേഷം വിശാലമായ പാര്‍ക്കിങ് ഉള്ള ഇല്ലിക്കല്‍ കല്ലിന്റെ താഴ്ഭാഗത്ത് എത്തി. പാര്‍ക്കിങ് ഫീ 10 രൂപയും 20 രൂപ ജീപ്പിന് മുകളില്‍ പോകാനും കൊടുത്ത് ജീപ്പിന്റെ മുന്‍ സീറ്റില്‍ തന്നെ ഇരുന്ന് മുകളിലേക്ക്…
ഇല്ലിക്കല്‍ കല്ലിന്റെ മനോഹര കാഴ്ചയും നീലക്കൊടുവേലി ഇപ്പോഴും ഉള്ള സ്ഥലം എന്നും ചിലര്‍ വിശ്വസിക്കുന്ന ആ സ്ഥലവും നേരില്‍ കണ്ട് താഴേക്ക്. ചെവിയില്‍ തിരുകിയ ഹെഡ്സെറ്റില് ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി ഗൂഗിള്‍ അമ്മച്ചി കൃത്യമായി പറഞ്ഞ് തരുന്നുണ്ട്.. എന്നിരുന്നാലും ഒരുപാട് പണികള്‍ ഈ വഴിക്ക് കിട്ടിയതിനാല്‍ ചില സ്ഥലങ്ങളില്‍ നാട്ടുകാരോട് കൂടി ചോദിച്ചാണ് ഇപ്പോള്‍ യാത്ര…

പ്രണയം തളിര്‍ക്കുന്ന നാട്ടുവഴികള്‍… അകലെ അവളുടെ പൊട്ടിച്ചിരിയുടെ ശബ്ദം കാതില്‍ പതിയുന്നു… ആളൊഴിഞ്ഞ ഇടവഴിയിലൂടെ ഉള്ള നടത്തം എന്തിനോവേണ്ടി കൊതിക്കുന്നുണ്ട്… ഒരു വലിയ പാറയില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ചവിട്ടു പടികള്‍ കയറിയാല്‍ കാണാം അവളുടെ മുഴുവന്‍ സൗന്ദര്യവും…
സഞ്ചാരികള്‍ക്ക് ഇവിടേക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിന് നാട്ടുകാര്‍ സംഭാവന വാങ്ങുന്നുണ്ട്.
20 , 50 , 100 തുടങ്ങിയത് കൂപ്പണുകള്‍ നീട്ടിയതില്‍ 20 രൂപയുടെ ഒരു സംഭാവന കൂപ്പണ്‍ എടുത്ത് താഴേക്കിറങ്ങി…
അവിടെ തന്നെ ചെറിയ ഒരു ഷോപ്പും ഉണ്ട്. ചെറിയ രീതിയില്‍ ഭക്ഷണം വേണമെങ്കില്‍ ഇവിടുന്ന് കഴിക്കാം…
മൂന്ന് ഭാഗങ്ങളായി താഴോട്ട് പതിക്കുന്ന ആ വെള്ളച്ചാട്ടത്തില്‍ ഒരു മണിക്കൂര്‍ നേരം മതിമറന്ന് നീരാടി..
ഒരു ഉണര്‍വ് കൈവന്നിരിക്കുന്നു , പക്ഷെ മനസ്സ് ഇനിയും മുന്നോട്ടുള്ള വഴികള്‍ക്ക് വേണ്ടി ദാഹിക്കുന്നുണ്ട്… തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം ഇതിനടുത്തു തന്നെയാണ്. 3 കിലോമീറ്റര്‍ അപ്പുറത്തുള്ള ആ പ്രണയത്തെയും കാണാന്‍ ഞങ്ങള്‍ യാത്ര തിരിച്ചു…

പ്രവേശന ടിക്കറ്റ് എടുത്ത് ഇരുട്ടുമൂടിയ ആ വഴികളിലൂടെ നടന്നു… തികച്ചും ശാന്തത നിറഞ്ഞ ആ വഴികളിലൂടെ നീങ്ങുമ്പോള്‍ അരികിലൂടെ ഒഴുകുന്ന അരുവിയുടെയും മരക്കൊമ്പിലെ പക്ഷികളുടെയും ശബ്ദങ്ങള്‍ വീണ്ടും ഒരു അനുഭൂതി നിറച്ചു..
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടവും അവിടെ ഉണ്ടാക്കിയിട്ടുള്ള ഏറുമാടവും കണ്ട് തിരിച്ചു നടക്കാന്‍ തുടങ്ങി ഒറ്റക്ക് നടന്ന് നീങ്ങുമ്പോള്‍ കാഴ്ചകള്‍ എത്രമാത്രം സുന്ദരമാണ്.
ഇന്നത്തെ ഉദയം എനിക്ക് വേണ്ടിയുള്ളതായിരുന്നു… കാഴ്ചകളും അനുഭവങ്ങളും ഒരുപാട് സമ്മാനിച്ച ആ ദിവസത്തിന്റെ ആസ്തമയും എനിക്കുവേണ്ടി തന്നെയാകണം.ഇനി ലക്ഷ്യം കാറ്റാടികടവ് ആണ്. ഇലവീഴാപ്പൂഞ്ചിറയില്‍ നിന്നും ഇന്നത്തെ കാഴ്ചകള്‍ക്ക് വെളിച്ചമേകിയ പൊന്കിരണങ്ങള് വിടപറയാന്‍ സമയമായിരിക്കുന്നു. കുത്തനെയുള്ള ഇടുങ്ങിയ വഴികളും താണ്ടി മുകളിലെത്തിയപ്പോള്‍ നന്നേ ക്ഷീണിച്ചിരുന്നു.

ആദ്യത്തെ വ്യൂ പോയിന്റ് കഴിഞ്ഞ് കുറച്ച് താഴേക്കിറങ്ങിയാല്‍ ചെറിയ കാട്ടിലൂടെ നടന്ന് നേരെ മുകളില്‍ കാണുന്ന കുന്നിന് മുകളില്‍ എത്താം..
ഒരു 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന മനോഹരമായ അവിടെ ഞാന്‍ ഒരാള്‍ മാത്രം. യാത്രയിലെ ഏറ്റവും സന്തോഷകരമായ നിമിഷം… ഒന്നുറക്കെ കൂകി വിളിക്കണം എന്നുണ്ടെങ്കിലും അതിനു മുതിരാതെ കുറച്ചുനേരം ആ പാറപ്പുറത്ത് മലര്‍ന്ന് കിടന്നു.പിന്നീട് എപ്പോഴോ പിറകില്‍ നിന്ന് കേട്ട ശബ്ദം അടുത്തെത്തിയപ്പോഴാണ് കണ്ണ് തുറന്നത്. അസ്തമയും കണ്ട് ഇരുട്ട് വീണ വഴികളിലൂടെ തിരിച്ചിറങ്ങുമ്പോള്‍ നിമിഷനേരം കൊണ്ട് സൗഹൃദത്തിലായ ആ മൂന്ന് പേരുമുണ്ടായിരുന്നു…
COMMENTS