വെയില്‍ കൊണ്ടൊരു മഴറൈഡ്

വെയില്‍ കൊണ്ടൊരു മഴറൈഡ്

ഫാറൂഖ് രണ്ടത്താണി

പെരുന്നാളിന് പോകാന്‍ വിചാരിച്ച ട്രിപ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. ഒരു ട്രിപ്പ് അടിക്കാനുള്ള നല്ല മൂടിലായിരുന്നപ്പോഴാണ് ജാബിറിന്റെ മെസേജ്

ഫാറൂഖൂ….
കുറേ ആയല്ലോ..കണ്ടിട്ട്…
ഞമ്മക്കൊരു മഴ റൈഡ് പോയാലോ..

ഞാന്‍ ചാടിക്കേരി ഏറ്റു. ഓ കെ അടിക്കാം.. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വണ്‍ ഡേ ട്രിപ്പ് മാത്രമേ നടക്കൂ. ഇവിടെ അടുത്ത് എവിടേലും പോകാമെന്നും പറഞ്ഞു.

അങ്ങനെ ആദ്യം പല സ്ഥലവും പറഞ്ഞെങ്കിലും ലാസ്റ്റ് വയലട ഉറപ്പിച്ചു. അങ്ങനെ ഫാറൂഖ് എടത്തറയോട് വയലട റൂട്ടില്‍ പോകുമ്പോള്‍ കാണാനുള്ള വേറെ ഏതൊക്കെ സ്ഥലമുണ്ടെന്ന് ചോദിച്ചു. അവിടെ കക്കയവും,കരിയത്തും പാറയും ഉണ്ടെന്ന് അവന്‍ പറഞ്ഞു. അങ്ങനെ ഇന്ന് ലീവായത് കൊണ്ട് തന്നെ രാവിലെ വീട്ടില്‍ കുറച്ച് പണിയുണ്ടായിരുന്നത് പെട്ടെന്ന് തീര്‍ത്ത് ഒരു 11 മണി ആയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി.

മനസ്സില്‍ നിറയെ മഴയത്ത് യാത്ര ചെയ്യുന്ന ഒരു ത്രില്ലായിരുന്നു….! ജാബിറിനെ രാമാനാട്ടുകരയില്‍ നിന്ന് പിക്ക് ചെയ്ത് ഞങ്ങള്‍ ആദ്യ ലക്ഷ്യ സ്ഥാനമായ കരിയത്തും പാറയിലേക്ക് കുതിച്ചു. അതിന് തൊട്ടപ്പുറത്ത് തന്നെ തോണിക്കടവ് എന്ന സ്ഥലമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടെയാണ് ആദ്യം വണ്ടി നിര്‍ത്തിയത്.

അവിടെ പ്രത്യേകിച്ച് കാണാനൊന്നും ഇല്ലായിരുന്നു. കരിയത്തും പാറയുടെ ബാക്കി ഭാഗമായിരുന്നു അത്. അതുകൊണ്ട് വണ്ടി നേരെ കരിയത്തും പാറയിലേക്ക് തന്നെ തിരിച്ചു. അവിടെ ചെറിയ കടയില്‍ കയറി ഒരു സോഡ സര്‍ബത്ത് കുടിക്കുന്നതിനിടയില്‍ അവിടെയുള്ള കാക്കയോട് കുറച്ച് സംസാരിച്ചു.

ആ പ്രദേശത്ത് ആദ്യം ഒരു പുഴയായിരുന്നു വെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. അവിടെ ഒരു പുഴയായിരുന്നെന്ന് ഇപ്പോള്‍ കണ്ടാല്‍ പറയുകയേ ഇല്ല. പുല്ലുകള്‍ നിറഞ്ഞ് നില്‍ക്കുന്നിടത്ത് പഴയ തോണികളുടെ അവശിഷ്ടങ്ങളൊക്കെ കണ്ടു. അങ്ങനെ ഞങ്ങള്‍ പുഴയുണ്ടായിരുന്ന ആ ഭാഗത്തേക്ക് ഇറങ്ങി.

എന്ത് മനോഹരമായ സ്ഥലം..! അതിന്റെ ആ മനോഹരിത എഴുതി പ്രതിഫലിപ്പിക്കാന്‍ എനിക്കറിയില്ല. ഒരു പുഴ ഇത്രക്ക് മനോഹരമായി മാറിയ അപാരമായ മേക്ക് ഓവര്‍ കണ്ട് അത്ഭുതമായി..!പണ്ടുണ്ടായിരുന്ന മണല്‍പരപ്പുകളൊക്കെ പുല്ലുകള്‍,മരങ്ങളൊക്കെ വളര്‍ന്ന് പച്ചപ്പായിരിക്കുന്നു. അതിന് നടുവില്‍ നിറയെ വെളുവെളുത്ത കല്ലുകള്‍ അതിനിടയിലൂടെ ഒലിച്ചു വരുന്ന അരുവി…

അരുവിയില്‍ ഫാമിലിയായും,കൂട്ടുകാരുമായും,വന്ന് സഞ്ചാരികള്‍ കുളിച്ച്,ആഹ്ലാദിക്കുന്നു.പച്ചപ്പില്‍ മേയുന്ന പശുക്കളും,അതിനിടക്ക് ഒരു കുതിരയും. ആകെ മൊത്തം വേറെയൊരു ഫീലിംങ് തന്നെ ആയിരുന്നു അവിടെ.

മഴ പ്രതീക്ഷിച്ച് യാത്രക്കിറങ്ങിയ ഞങ്ങളെ പോയവഴികളിലൊന്നും ഒരു മഴ തുള്ളി പോലും വരവേറ്റില്ല. പൊരിഞ്ഞ വെയ്‌ലായിരുന്നു. മഴകൂടെ ഉണ്ടായിരുന്നെങ്കില്‍ കരിയത്തും പാറ കുളിച്ച് അണിഞ്ഞൊരുങ്ങി നിന്നാല്‍ മൊഞ്ച് ഇതൊന്നുമായിരിക്കില്ല…വേറെ ലെവലായിരിക്കും. കുറച്ച് ഫോട്ടോസ് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ക്ലിക്ക് ചെയ്ത് ഞങ്ങളവിടെ നിന്ന് തിരിച്ചു..

ഞങ്ങള്‍ പോയ റൂട്ട്: രണ്ടത്താണിരാമനാട്ടുകരകുറ്റിക്കാട്ടൂര്‍പരപ്പന്‍ പൊയ്ല്‍ എസ്റ്റേറ്റ് മുക്ക് കരിയത്തും പാറ

പോകുന്നവര്‍ സ്വയം നിയന്ത്രിതരാകുക..
പ്ലാസ്റ്റിക് അതു പോലെ മറ്റു വേസ്റ്റുകള്‍ എന്നിവയിട്ട് ആ സൗന്ദര്യത്തെ നശിപ്പിക്കരുത്..

സൗന്ദര്യം ആസ്വദിക്കുക..തിരിച്ച് പോരുക..
വേദനിപ്പിക്കരുതേ….

COMMENTS

WORDPRESS: 0
DISQUS: 0